top of page

സംബോധന

Oct 2, 2024

1 min read

ചാക്കോ സി. പൊരിയത്ത്

malayalam alphabets
credit. wikipedia

ദീര്‍ഘസ്വരാന്തമായ പദങ്ങളില്‍, സംബോധനയ്ക്ക് (to address) പ്രധാനമായ സ്ഥാനമാണുള്ളത്. പക്ഷേ, എഴുതുകയോ അച്ചടിപ്പിക്കുകയോ ചെയ്യുമ്പോള്‍ ഇക്കാര്യം മിക്കവരും ശ്രദ്ധിക്കാറില്ല. വ്യക്തമാക്കാം:

ഈശ്വരാ, രക്ഷകാ, നാഥാ, നാഥേ, മാഷേ, ടീച്ചറേ, മാന്യരേ, സദസ്യരേ, പ്രിയപ്പെട്ടവരേ - എന്നിങ്ങനെയുള്ള സംബോധനാരൂപങ്ങള്‍ ദീര്‍ഘസ്വരത്തിലായിരിക്കും. (സാറെ, മാന്യരെ, മാഷെ, പ്രിയരെ - പോലുള്ളവ തെറ്റ്).

അല്ലേ, അതേ, ഇല്ലേ, പക്ഷേ, കേട്ടോ, കണ്ടോ, എടുത്തോ, കൊടുത്തോ - മുതലായ പദങ്ങളും ദീര്‍ഘസ്വരത്തിലേ അവസാനിക്കാവൂ. അന്തിമാക്ഷരം ഹ്വസ്വമാക്കുന്നതു തെറ്റാണ്.

ബസ്സ്റ്റാന്‍റുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ഇങ്ങനെയൊരറിയിപ്പ് ശ്രദ്ധിച്ചിട്ടുണ്ടാവും:

"പോക്കറ്റടിക്കാരെ സൂക്ഷിക്കുക".

യാത്രക്കാര്‍ക്കുള്ള മുന്നറിയിപ്പാണ്. അര്‍ഥം വ്യക്തം.

എവിടെയോ ഒരിടത്ത് പക്ഷേ ഈ ബോര്‍ഡിലെഴുത്ത് മറ്റൊരു തരത്തില്‍ വായിച്ചതോര്‍ക്കുന്നു. അതിങ്ങനെ:

"പോക്കറ്റടിക്കാരേ, സൂക്ഷിക്കുക".


ഹ്രസ്വചിഹ്നത്തിനുപകരം ദീര്‍ഘചിഹ്നമാണ് ഇവിടെ കുഴപ്പമുണ്ടാക്കാനിടയാകുന്നത്. ഈ മുന്നറിയിപ്പ് യാത്രക്കാരെയുദ്ദേശിച്ചല്ല, പോക്കറ്റടിക്കാരെയുദ്ദേശിച്ചാണ്! പോക്കറ്റടിക്കാര്‍ പോലീസിന്‍റെ പിടിയില്‍പ്പെടാതെ സൂക്ഷിച്ചുകൊള്ളണമെന്ന്!

സൂക്ഷ്മസംവേദനശേഷിയുള്ള, ജൈവികമായ ഒന്നാണ് ഭാഷ. നിസ്സാരമായ ഒരശ്രദ്ധ, ഉദ്ദിഷ്ടാര്‍ഥത്തിനാകെ മാറ്റം വരുത്തിയേക്കാം എന്നു നാമോര്‍ക്കണം.

ഭാഷയുടെ ശുദ്ധിയെക്കുറിച്ച് ആകുലപ്പെടുന്നവരുടെ കാലമല്ലല്ലോ ഇത്. ആശയവിനിമയം മാത്രം ഭാഷാധര്‍മ്മമായി കണക്കാക്കുന്നവരുടേതാണ് വര്‍ത്തമാനകാലം!

Featured Posts

Recent Posts

bottom of page