top of page

വൃശ്ചികം എന്ന മലയാള മാസത്തിന്‍റെ ഓര്‍മ്മയിലാവാം, പലരും, യാദൃച്ഛികം എന്ന പദത്തിന്‍റെ മൂന്നാമക്ഷരം 'ശ്ച' എന്നെഴുതാറുള്ളത്. 'നിശ്ചയം', 'ആശ്ചര്യം' തുടങ്ങിയ പദങ്ങളെഴുതുമ്പോഴും 'ശ്ച' യാണല്ലോ എന്നതും അതിനൊരു കാരണമാകാം.
അവിചാരിതമായി, എന്നര്‍ഥം വരുന്ന 'യദൃച്ഛയാ' എന്ന പദത്തില്‍നിന്നാണ് 'യാദൃച്ഛികം' എന്ന വാക്കുണ്ടായത്. ഈ 'ച്ഛ' ചേര്‍ന്നുവരുന്ന ഒട്ടേറെ പദങ്ങളുണ്ട്. 'പുച്ഛം' മറ്റൊരു പദം. നാനാര്‍ഥവാചിയായ പുച്ഛത്തിന് വാല്‍, അഗ്രഭാഗം, നിന്ദ, വെറുപ്പ് എന്നൊക്കെയാണര്‍ഥം. നിസ്സാരം എന്നയര്‍ഥത്തില്‍ ഏറെ ഉപയോഗിക്കാറുള്ള 'തുച്ഛം' എന്ന പദത്തിലും 'ച്ഛ' ഉണ്ട്.
(ലിപി പരിഷ്കരണത്തെത്തുടര്‍ന്ന്, 'ഛ' എന്ന അതിഖരാക്ഷരം മാത്രം ഉപയോഗിച്ചാലും മതി; 'യാദൃഛികം' എന്നിങ്ങനെ).
****
'നിന്ന്', 'നിന്നും'
പ്രയോഗ വ്യത്യാസമെന്ത്?
സര്‍വീസില്‍നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പു നല്‍കി. കോട്ടയത്തുനിന്നും പുറപ്പെട്ട ബസ് കണ്ണൂരെത്തി - ഇത്തരം വാക്യങ്ങള്‍ നാം ശ്രദ്ധിച്ചിട്ടുണ്ട്. വ്യാകരണശുദ്ധമല്ലാത്ത ഒന്ന് ഈ വാക്യങ്ങളിലുണ്ട്.
'നിന്നും' എന്നല്ല, 'നിന്ന്' എന്നാണിവിടെ ഉപയോഗിക്കേണ്ടിയിരുന്നത്:
സര്‍വീസില്‍നിന്നു വിരമിക്കുന്ന അധ്യാപകര്‍ക്കു യാത്രയയപ്പു നല്‍കി,
കോട്ടയത്തുനിന്നു പുറപ്പെട്ട ബസ് കണ്ണൂരെത്തി- എന്നിങ്ങനെ.
ഒന്നിലേറെക്കാര്യങ്ങളെ ചേര്‍ത്തുപയോഗിക്കേണ്ട സന്ദര്‍ഭങ്ങളില്‍ മാത്രമേ 'നിന്നും' ആകാവൂ.
കപ്പലില്ന ിന്നും വിമാനത്തില്‍നിന്നും ഒരേ സമയം മിസൈലാക്രമണം നടന്നു - ഈ വാക്യം ശുദ്ധമാണ്.
കോട്ടയത്തുനിന്നും പാലായില്‍നിന്നും കണ്ണൂര്‍ക്ക് ബസ് സര്‍വീസുണ്ട് - ഈ വാക്യം ശരിതന്നെ.
(ചില സന്ദര്‍ഭങ്ങളില്‍ 'നിന്ന്' വേണ്ടാ, 'നിന്നു' മതി).
ഉദാ: ഞാന്‍ ഇവിടെനിന്നു യാത്ര തിരിച്ചപ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു. നെടുമ്പാശ്ശേരിയില്‍നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിമാനത്തില്‍ പോകാം)
Featured Posts
bottom of page