top of page
എന്‍റെ പിറന്നാളാഘോഷത്തിന്‍റെ തിരക്കിലാണ് നിങ്ങളെല്ലാവരുമല്ലേ? കൊള്ളാം, ആഘോഷം കൊള്ളാം. എന്‍റെ സംരക്ഷകരെന്നവകാശപ്പെട്ടുകൊണ്ട് അധികാരത്തിലേറിയവര്‍ക്കായി അന്ന് രാഷ്ട്രപിതാവു നല്കിയ ഉപദേശം നിങ്ങള്‍ക്കൊക്കെ മറക്കാം. പക്ഷേ, എനിക്കു മറക്കാനൊക്കില്ല. ഞാന്‍ കൂടി അതു മറന്നാല്‍ അതൊരു വലിയ വിപത്താകും. ഇതാ ആ വാക്കുകള്‍ അധികാരത്തെ സൂക്ഷിക്കുക, അധികാരം അഴിമതിക്കു കാരണമാകും... അതിന്‍റെ പകിട്ടും പത്രാസും കണ്ടു മയങ്ങരുത്. ഇന്‍ഡ്യയിലെ ഗ്രാമങ്ങളില്‍ വസിക്കുന്ന സാധുക്കളെ സേവിക്കാനാണ് നിങ്ങള്‍ അധികാരത്തില്‍ കേറിയതെന്ന വസ്തുത വിസ്മരിക്കാന്‍ പാടില്ല."
ഇത്തരം നല്ല കാര്യങ്ങളൊന്നും അതിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നിങ്ങളെടുക്കാറില്ലല്ലോ. അങ്ങനെയെടുത്താല്‍ കാര്യം നടക്കില്ല എന്ന തിരിച്ചറിവുള്ളവരാണു നിങ്ങള്‍. അതുകൊണ്ട് അധികാരത്തെ സൂക്ഷിക്കുക എന്നത് നിങ്ങള്‍ വളരെ കൃത്യമായി ചെയ്തുകൊണ്ടിരിക്കുന്നു. കിട്ടിയ അധികാരം യാതൊരു കാരണവശാലും കൈമോശം വരാതിരിക്കാനാണ് സൂക്ഷിക്കുന്നത് എന്നു മാത്രം. അധികാരികള്‍ എങ്ങനെയുള്ളവരായിരിക്കണമെന്നും അദ്ദേഹം മറ്റൊരു സന്ദര്‍ഭത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. 'എന്തെങ്കിലും സംശയം ഉണ്ടായാല്‍ അല്ലെങ്കില്‍ സ്വന്തം പ്രവൃത്തിയെക്കുറിച്ച് സന്ദേഹം ഉണ്ടായാല്‍, ഈയൊരു പരീക്ഷണത്തിനു വിധേയനാകുക. നിങ്ങള്‍ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും ദരിദ്രനും പരിക്ഷണനുമായ വ്യക്തിയുടെ മുഖം ഓര്‍ക്കുക. അയാള്‍ക്ക് ഏതെങ്കിലും വിധത്തില്‍ പ്രയോജനപ്പെടുന്നതാണോ എന്നു ചിന്തിക്കുക. അതുകൊണ്ടയാള്‍ക്ക് നേട്ടമുണ്ടാകുമോ? സ്വന്തം ജീവിതത്തെയും ഭാഗധേയത്തെയും നിയന്ത്രിക്കാനുള്ള ശക്തി അയാള്‍ക്കു ലഭിക്കുമോ? മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ വിശക്കുന്നവരും ആത്മീയമായ ദാരിദ്ര്യമനുഭവിക്കുന്നവരുമായ ജനകോടികള്‍ക്ക് സ്വരാജ്യം നേടാന്‍ അതു സഹായിക്കുമോ?
ഈ സ്വരാജ് എന്നിടത്താണ് അതിന്‍റെ പൂര്‍ണത നിലനില്‍ക്കുന്നത്. സ്വരാജ് എന്നത് ഭൗതികതയില്‍ മാത്രം ഒതുങ്ങുന്നതുമല്ല. വിശപ്പകറ്റാനുള്ള എല്ലാ ക്രമീകരണങ്ങളുമുള്ളപ്പോഴും ആത്മീയമായ ദാരിദ്ര്യമുണ്ടാകാം. അന്യമതസ്ഥരുടെ ആരാധനാലയങ്ങളെ വിദ്വേഷത്തോടെ കാണുന്നതും ആത്മീയമായ ദാരിദ്ര്യം തന്നെ. ആത്മീയദാരിദ്ര്യത്തില്‍ നിന്ന് മോചിതനാകണമെങ്കില്‍ പ്രബുദ്ധതയെ തളര്‍ത്തിയിടുന്നതിനായി ആത്മീയതയെ ഉപയോഗിക്കുമ്പോള്‍ അവിടെ എനിക്കെങ്ങനെ നിലനില്‍ക്കാനൊക്കും. സമസ്ത മേഖലകളിലും നിന്ന് എന്നെ അകറ്റിനിര്‍ത്താനുള്ള പ്രവണതയാണിന്നെങ്ങും. എന്നിട്ടും നിങ്ങളെന്‍റെ പിറന്നാളാഘോഷിക്കുന്നു. എന്നെ ഇഷ്ടമാണെന്ന് പുറമെ ഭാവിക്കയും ഉള്ളിന്‍റെയുള്ളില്‍ എന്‍റെ സാന്നിദ്ധ്യത്തെ വെറുക്കുകയും ചെയ്യുന്നവരാണു നിങ്ങള്‍. അതുകൊണ്ടെന്തു പറ്റുന്നു. ആഘോഷിക്കുന്നത് എന്‍റെ പിറന്നാളാണെങ്കിലും അവിടെയൊക്കെ വിസ്മൃതിയിലാകുന്നത് ഞാന്‍ തന്നെയാണ്. കഴിഞ്ഞ അന്‍പത്തിമൂന്നു വര്‍ഷമായി ഞാനിതു കാണുന്നതല്ലേ!
എന്‍റെ ഓരോ പിറന്നാളോഘോഷം നടക്കുമ്പോഴും നിങ്ങള്‍ക്കുള്ള അത്ഭുതം എന്താണെന്ന് എനിക്കു നന്നായറിയാം. ഞാനിപ്പോഴും ജീവിച്ചിരിക്കുന്നു. എന്നാലൊന്നു പറഞ്ഞേക്കാം, ഞാനിപ്പോഴും ജീവിച്ചിരിക്കുന്നത് നിങ്ങളിലെ ഉന്നതന്മാരുടെയോ, അധികാരികളുടെയോ സാമര്‍ത്ഥ്യം കൊണ്ടൊന്നുമല്ല. അവരുടെയൊക്കെ സാമര്‍ത്ഥ്യം എത്രയോ വര്‍ഷങ്ങളായി ഞാന്‍ കാണുന്നു. ഇവിടത്തെ സാധാരണക്കാരായ ജനകോടികള്‍ക്ക് എന്നെ ഇഷ്ടമാണ്.
ഇരുപത്തിയഞ്ചുകൊല്ലം മുമ്പ് എന്നെപ്പിടിച്ച് തടവിലിട്ടത് ഓര്‍ക്കുന്നുണ്ടോ? എന്‍റെ നിലനില്പ് എപ്പോഴും കടുത്തഭീഷണിയുടെ മധ്യത്തിലാണ്. എന്നെ വേണ്ട വിധത്തില്‍ പരിരക്ഷിച്ചുകൊള്ളാമെന്ന വാഗ്ദാനവുമായി അധികാരത്തിലേറുന്നവര്‍ അധികം താമസിയാതെ എന്നെ വെറുക്കാന്‍ തുടങ്ങും. എന്‍റെ സാന്നിധ്യം അവരെ അലോസരപ്പെടുത്തും. ഞാനില്ലെങ്കില്‍ എന്തു സുഖമായിരുന്നു എന്നവര്‍ വിചാരിക്കും. അവര്‍ക്കെതിരെ എന്‍റെ സഹായത്തോടെ ആരെങ്കിലും നീങ്ങിയാല്‍ മുറിവേല്‍ക്കുന്നതെനിക്കായിരിക്കും. ഇത്രയും നാളത്തെ അനുഭവത്തില്‍നിന്ന് എനിക്ക് മനസ്സിലായ ഒരു പ്രധാനകാര്യമിതാണ്. ആര്‍ക്കും എന്‍റെ സാന്നിദ്ധ്യമാവിശ്യമില്ല. കൂടെക്കൂടെ എന്‍റെ പേര് ഉപയോഗിക്കാനൊത്താല്‍ മാത്രം മതി.
എന്നെ തടവിലിട്ട കാര്യം ഞാനോര്‍മ്മിപ്പിച്ചല്ലോ. രാജ്യത്തിന്‍റെ അഭിവൃദ്ധിക്കും ശ്രേയസിനും ഐശ്വര്യത്തിനുമൊക്കെ അത് അത്യന്താപേക്ഷിതമായിരുന്നു എന്നല്ലേ അന്ന് നിങ്ങള്‍ പാടി നടന്നത്. അപ്പോള്‍ എല്ലാത്തിനെയും തടഞ്ഞുനിര്‍ത്തുന്നത് ഞാനാണെന്നു പറയുമ്പോള്‍ പിന്നെന്തിനാണു എന്‍റെ സാന്നിദ്ധ്യമാഗ്രഹിക്കുന്നതും എന്‍റെ പിറന്നാളാഘോഷിക്കുന്നതും എന്നെ ഏതു കാര്യത്തിനുമുപയോഗിക്കാമെന്ന വ്യാമോഹം കൊണ്ടാണോ എനിക്കുവേണ്ടി ബ്രിട്ടീഷുകാരോടു സമരം ചെയ്തത്. എന്നെ തടവിലിട്ടപ്പോള്‍ കുറെയാളുകള്‍ സന്തോഷിച്ചത് അതുവരെ എന്നെ ദുരുപയോഗം ചെയ്യുന്നതു കണ്ടു മടുത്തിട്ടാണ്. പിന്നെ അന്നു സന്തോഷിച്ച വേറൊരു കൂട്ടരുണ്ട്. എന്‍റെ സാന്നിധ്യമില്ലെങ്കില്‍ അവര്‍ക്ക് യഥേഷ്ടം വിളയാടാമല്ലോ എന്നതായിരുന്നു അക്കൂട്ടരുടെ സന്തോഷത്തിനു കാരണം.
ഓരോ അനുഭവവും ഓരോ പുതിയ പാഠം പഠിപ്പിക്കുന്നു എന്നു പറയുന്നതെത്ര ശരിയാണ്. നിര്‍ഭയത്വം നിറഞ്ഞുനില്‍ക്കുന്ന മനസ്സിലേ എനിക്കു നിലനില്പ്പുള്ളൂ എന്നൊക്കെ പഠിച്ച നിങ്ങള്‍ എന്നെത്തന്നെ ഭയപ്പെടുന്നു എന്നെനിക്കു മനസ്സിലായത് ഞാന്‍ തടവിലായിരുന്ന ആ കാലത്താണ്. എന്‍റെ സാന്നിധ്യമുണ്ടായിരുന്നപ്പോള്‍ വലിയ ധീരത കാണിച്ചവരൊക്കെ എന്‍റെ തടവറ വാസമവസാനിപ്പിക്കുന്നതിന് ശ്രദ്ധേയമായ യാതൊരു സംഭാവനയും നല്കിയില്ല. വെളിച്ചം കാണുമ്പോള്‍ വെപ്രാളം തോന്നുന്ന മനസ്സാണോ നിങ്ങളുടേത്? എന്‍റെ സാന്നിദ്ധ്യത്തിനായി മോഹിക്കുകയും ആ മോഹസാക്ഷാത്ക്കാര ശ്രമത്തിനിടയില്‍ ഹോമിക്കപ്പെടുകയും ചെയ്തവരോട് യാതാരാദരവുമില്ലാതെ അനുനിമിഷം നിങ്ങളെന്നെ മുറിവേല്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ മറ്റെന്താണു കരുതേണ്ടത്!എന്തൊരു ഭാഗ്യംകെട്ട അവസ്ഥയാണ് എന്‍റേത്. ഓരോരുത്തരുടെയും വിചാരം ഞാനവരുടെ സ്വന്തമാണെന്നാണ്. എല്ലാവരും എന്‍റെ സ്വന്തമാണെന്നാണെന്‍റെ വിചാരം.
ഒരാള്‍ ഉന്നതനായതുകൊണ്ട് എനിക്കയാളോട് പ്രത്യേക മമതയൊന്നുമില്ലെന്നതാണു സത്യം. എന്‍റെ മുമ്പില്‍ വലിയവനും ചെറിയവനുമൊന്നുമില്ല. ധനവാനും ദരിദ്രനുമില്ല. പണ്ഡിതനും പാമരനുമില്ല. സവര്‍ണ്ണനും അവര്‍ണ്ണനുമില്ല. ഈ ഭേദചിന്തയില്ലാത്ത മനസ്സുകളാണ് യഥാര്‍ത്ഥത്തില്‍ എന്‍റെ ആവാസസ്ഥാനങ്ങള്‍ എന്നിട്ടും ഇതൊന്നുമില്ലാത്തവരെപ്പോലെ പലരും പലതിന്‍റെയും പേരില്‍ ഞാനവര്‍ക്കു മാത്രമുള്ളതാണെന്നഹങ്കരിക്കുന്നു. ഈ അഹങ്കാരികള്‍ അല്പന്മാരാണ്. എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നത് ഇത്തരക്കാരാണ്. അധികാരസ്ഥാനത്തിലിരിക്കുന്നവരുടേതു മാത്രമാണ് ഞാനെങ്കില്‍ അതില്ലാത്ത ജനകോടികള്‍ എന്നെ വെറുക്കും. പണ്ഡിതന്മാരോടൊത്തു മാത്രമേ ഞാന്‍ സഹവസിക്കുകയുള്ളുവെങ്കില്‍ ഞാന്‍ മൂകലക്ഷങ്ങളോടെ ശത്രുതന്നെ. അവര്‍ണ്ണരെയകറ്റി നിര്‍ത്തുവാന്‍ സവര്‍ണ്ണര്‍ എന്നെ ദുരുപയോഗം ചെയ്യുമ്പോള്‍ എനിക്കേല്ക്കേണ്ടി വരുന്ന ക്ഷതങ്ങള്‍ എത്ര വേദനാജനകമാണെന്നോ!
എന്നെ ഏറ്റവും കൂടുതലായി ദുരുപയോഗിക്കുന്നത് മതത്തിന്‍റെ മേഖലയിലാണ്. വിശ്വാസമെന്നത് ഓരോ മനുഷ്യന്‍റെയും ജന്മാവകാശമാണ്. ആ അവകാശത്തെ നിഷേധിക്കുകയും അതിനെ ചോദ്യം ചെയ്യുകയും ചെയ്യുമ്പോള്‍ അവിടെയെനിക്ക് പ്രസക്തിയേയില്ലാതെയാകുന്നു. എന്‍റെ സാന്നിദ്ധ്യം കൊണ്ട് മിക്ക ജനവിഭാഗങ്ങളും കൂടുതല്‍ പ്രബുദ്ധതയും ഉത്തിഷ്ഠതയും സ്വന്തമാക്കുമ്പോള്‍ ഇവിടെ മാത്രം ഇതൊന്നുമുണ്ടാവുന്നില്ല. പലതിന്‍റെ പേരിലും സങ്കുചിതമായിക്കൊണ്ടിരിക്കുന്ന മനസ്സുകളില്‍ പ്രബുദ്ധതയ്ക്കെവിടെയാണ് സ്ഥാനം? പ്രബുദ്ധതയില്ലാത്തിടത്ത് എന്‍റെ ആവശ്യംപോലുമില്ല. ഒരു തീനാളത്തിന് പ്രകാശം പരത്തണമെങ്കില്‍ അതിനു നിലനില്‍ക്കുവാനൊരു തിരി വേണം. എന്‍റെ നിലനില്പിന് ആ തിരിയുടെ സ്ഥാനത്ത് നില്‍ക്കേണ്ടത് പ്രബുദ്ധതയാണ്.
ഇതുവരെ സഞ്ചരിച്ച വഴികളില്‍നിന്ന് മാറി സഞ്ചരിക്കാനുള്ള പ്രതിജ്ഞയെടുക്കാനാണ് നിങ്ങള്‍ എന്‍റെ പിറന്നാള്‍ ദിനത്തെയുപയോഗിക്കുന്നത്. അതുതന്നെയാണ് ഞാന്‍ എന്നു പറയുന്നതാവും കൂടുതല്‍ ശരി. എന്നോളം ഭീഷണികള്‍ നേരിടേണ്ടി വന്നിട്ടുള്ള ഒന്നും ഈ പ്രപഞ്ചത്തിനില്ല. എനിക്കെതിരെ എന്നും എവിടെയും ഗൂഢാലോചനകളാണ്. എനിക്കെതിരെയുള്ള ഗൂഢാലോചനയ്ക്ക് നേതൃത്വം കൊടുക്കുന്നവരില്‍ പ്രധാനി എന്‍റെ സഹായത്തോടെ അധികാരത്തിലെത്തിയവരാണ് എന്നത് രസകരമായ ഒരു കാര്യമാണ്.
എനിക്കു തോന്നുന്നു ഞാന്‍ സര്‍വ്വവ്യാപിയാണ്. അതുകൊണ്ടുതന്നെ എന്നെ ഒഴിവാക്കുവാന്‍ ശ്രമിക്കുന്നത് സൂര്യനെ മറയ്ക്കുവാന്‍ ശ്രമിക്കുന്നതിനു തുല്യമായിരിക്കും. ലാളിത്യമാണ് എന്‍റെ സിംഹാസനം. സമത്വമാണ് എന്‍റെ കിരീടം. നിര്‍ഭയത്വമാണ് എന്‍റെ ആദര്‍ശം. സാഹോദര്യമാണ് എന്‍റെ സന്ദേശം. സ്നേഹമാണ് എന്‍റെ പതാക. അഹിംസയാണെന്‍റെ മുദ്രാവക്യം. എന്‍റെ സാന്നിദ്ധ്യത്തിന്‍റെ പൂര്‍ണ്ണസുഖമറിയണമെങ്കില്‍ വിശ്വത്തോളം വിശാലമായ ഒരു മനസ്സ് നിങ്ങള്‍ക്കുണ്ടാവണം. അവിടെ ജാതിയും മതവും ഭാഷയുമൊന്നും ഒരു പ്രതിബന്ധവും സൃഷ്ടിക്കരുത്. അങ്ങനെ ഈ പ്രപഞ്ചത്തോളം വിശാലമായ ഒരു മനസ്സുണ്ടാകുവാനുള്ള ശ്രമം ഇനിയെങ്കിലും നിങ്ങളാരംഭിച്ചില്ലെങ്കില്‍ കാലം നിങ്ങള്‍ക്കു മാപ്പു നല്കില്ല.
Featured Posts
bottom of page