top of page

കാഴ്ചയ്ക്കുമപ്പുറം

Mar 10, 2024

2 min read

ജോയി മാത്യു
Two persons speaking

അടുക്കളപ്പാത്രങ്ങളോട് കലപില വര്‍ത്തമാനം പറയുന്ന ഫൊദേസ്യ എന്നൊരു സ്ത്രീയുണ്ട് പെരുമ്പടവത്തിന്‍റെ "ഒരു സങ്കീര്‍ത്തനം പോലെ" എന്ന നോവലില്‍. സ്ത്രീ സംസാരിച്ചു കൊണ്ടിരിക്കുന്നു എന്നതിനെക്കാള്‍ സ്ത്രീയ്ക്ക് ഒരു കേള്‍വിക്കാരനെയോ കേള്‍വിക്കാരിയെയോ ആവശ്യമുണ്ട് എന്ന് നിരീക്ഷിച്ചാല്‍ കാര്യങ്ങള്‍ കുറെ ക്കൂടി മനോഹരമാണ്. കേള്‍ക്കപ്പെടാന്‍ ആഗ്രഹിക്കുന്നവള്‍ എന്നയര്‍ത്ഥത്തിലാണ് പുരുഷന്‍ സ്ത്രീയെ മനസിലാക്കേണ്ടത് എന്നാണ് എന്‍റെ പക്ഷം. പല കലഹങ്ങളും ആരംഭിക്കുന്നത് അവളെ നന്നായി കേള്‍ക്കാത്തതിന്‍റെ പേരിലാണ്. കേള്‍ക്കുക എന്നതിന് ആഴത്തില്‍ മനസിലാക്കുക എന്നു കൂടിയാണല്ലോ അര്‍ത്ഥം. കേള്‍ക്കാന്‍ ആളില്ലാതെ മൗനത്തിലേക്കു പിന്‍വാങ്ങേണ്ടി വരുന്ന സ്ത്രീയോളം ഒറ്റപ്പെട്ടൊരു ആത്മാവ് ലോകത്തില്‍ വേറെയുണ്ടാകില്ല. പ്രണയവും വിവാഹവുമൊക്കെ ആദ്യകാലത്ത് അവള്‍ക്കു നേരെ തുറന്നുവയ്ക്കുന്ന കാതുകളാണ്. കാണെക്കാണെ അവ ബധിരമാകുമ്പോള്‍ അവള്‍ മൗനത്തിന്‍റെ തുരുത്തിലേക്കു യാത്ര തുടങ്ങും.

താന്‍ ആരുടെയെല്ലാം ഓര്‍മ്മകളിലുണ്ട് എന്ന തിനോളം സ്ത്രീയെ ആനന്ദിപ്പിക്കുന്ന മറ്റൊരു കാര്യമുണ്ടാകാനിടയില്ല. എല്ലാവരുടെയും വിശേഷ ദിനങ്ങള്‍ ഓര്‍ത്തുവയ്ക്കുന്നവളാണ് അവള്‍. (അക്കാര്യത്തില്‍ പുരുഷനോളം വലിയ തോല്‍വി ഉണ്ടകാനുമിടയില്ല). എല്ലാ കാലത്തെയും എല്ലായിടത്തെയും സുഹൃത്തുക്കളെയും അയല്പക്കങ്ങ ളെയും അവള്‍ ഓര്‍ത്തു വയ്ക്കാറുണ്ട്. കയ്പ്പുകളെ മാത്രമല്ല, നിങ്ങള്‍ എന്നേ മറന്നുപൊയ്ക്കഴിഞ്ഞ, അവള്‍ക്കു നല്കിയ ഓരോ നുള്ളു മധുരം നിറഞ്ഞ അനുഭവങ്ങളെയും അവള്‍ ഓര്‍ത്തുവയ്ക്കുന്നുണ്ട്. എന്നെ ഓര്‍ത്തില്ലല്ലോ, വരാന്‍ തോന്നിയില്ലല്ലോ, വിളിച്ചില്ലല്ലോ എന്നു തുടങ്ങിയ പരിഭവങ്ങള്‍ താന്‍ ഓര്‍മയില്‍ ഇല്ല എന്ന സങ്കടം പറച്ചിലാണ്. അതില്‍ പ്രായഭേദമില്ല. ഓര്‍മ്മയുടെ അവസാന വിനാഴി കയും അവസാനിക്കുമ്പോഴും ആ കണ്ണുകളും കാതുകളും തന്നെ ഓര്‍മ്മിച്ചു കടന്നുവരുന്ന ആരെയോ തിരയുകയാവും എന്നതു തീര്‍ച്ച. നിങ്ങള്‍ അവളെ മറന്നു തുടങ്ങുന്ന നിമിഷം മുതലാണ് ബന്ധങ്ങളൊക്കെ അവസാനിക്കുന്നത്. നിങ്ങളുടെ തിരക്കുകളെക്കുറിച്ച് അവള്‍ക്ക് അറിയാഞ്ഞിട്ടല്ല, എല്ലാ തിരക്കുകള്‍ക്കിടയിലും അവളെ ഓര്‍ത്തെടുത്തിരുന്നു എന്നതില്‍ നിന്നും നിങ്ങള്‍ പിന്‍വാങ്ങി എന്നതിലെ സങ്കടമാണ് അവളുടെ പരാതികള്‍. വീടു വിട്ട് അകലേക്കു പോകുന്ന മക്കളെക്കുറിച്ചുള്ള ഓര്‍മ്മകളിലാണ് അമ്മയെന്ന സ്ത്രീ ജീവിക്കുന്നത്. മക്കളുടെ ഓര്‍മ്മകളില്‍ എപ്പോഴെങ്കിലും താന്‍ ഉണ്ടാകണമെന്നതില്‍ കവിഞ്ഞൊരു പ്രാര്‍ത്ഥന അവര്‍ക്കില്ല.

സമ്മാനിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവളാണ് അവള്‍ എന്നു പറയുമ്പോള്‍ അതിനെ ആഗ്രഹങ്ങളോടോ അത്യാഗ്രഹങ്ങളോടോ ചേര്‍ത്തു വായിക്കരുത്. നിറഞ്ഞ മനസോടെയും സന്തോഷത്തോടെയും ലഭിക്കുന്ന എന്തും, അതൊരു ഫോണ്‍ മെസേജു പോലുമാകട്ടെ, എത്ര സന്തോഷത്തോടെയവള്‍ കൊണ്ടാടുമെന്നോ.! സമ്മാനങ്ങളുടെ പണ പരമായ മൂല്യത്തെക്കാള്‍ അതു സമ്മാനിക്കുന്ന ഹൃദയത്തിന്‍റെ മൂല്യത്തെ തിരിച്ചറിയാന്‍ സ്ത്രീയോളം വലിയ മനസ് മറ്റാര്‍ക്കുമില്ല. ഇതൊരു പക്ഷേ ഒരു ദൗര്‍ബല്യമായി മാറാം എന്നു മാത്രം. സമ്മാനങ്ങളുടെയും സഹായങ്ങളുടെയും ഔദാര്യങ്ങളുടെയും തടവില്‍ സ്ത്രീയെ കുടുക്കിയിടാമെന്നും മുതലെടുക്കാമെന്നും കരുതുന്നത്രയും നീചമായി സ്ത്രീമനസിന്‍റെ നിഷ്കളങ്കതയെ ചൂഷണം ചെയ്യാനില്ല.

സ്ത്രീയെന്ന വാക്കിന് നന്ദിയെന്ന ഒരു അര്‍ത്ഥം കൂടിയുണ്ട് ഞാനറിയുന്ന സ്ത്രീകളില്‍. ഒരു ഫോണ്‍ കോളിലൂടെ, ഒരു മെസേജിലൂടെ, ഒരു ആശ്വാസവാക്കിലൂടെ, ഒരു ധൈര്യപ്പെടുത്തലിലൂടെ, ഒരു നേരത്തെ ഭക്ഷണത്തിലൂടെ, ഒരു കൂട്ടു പോകലിലൂടെ നിങ്ങള്‍ എന്നെങ്കിലും ഒരു സ്ത്രീക്ക് അഭയമായിട്ടുണ്ടെങ്കില്‍ അവളുടെ നന്ദി ജീവിത കാലം മുഴുവന്‍ നിങ്ങളെ പിന്‍തുടരുമെന്നതില്‍ തര്‍ക്കമില്ല. ഞാന്‍ മറക്കില്ലെന്നത്, ഓര്‍ത്തു പ്രാര്‍ത്ഥിക്കുമെന്നത് അവളുടെയൊരു വെറും വാക്കല്ല. എന്നു കരുതി നിങ്ങള്‍ക്കുള്ള ഒരു ഉപകാരസ്മരണയെഴുതി അവള്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യും എന്നൊന്നും പ്രതീക്ഷിച്ചു പോകരുത്. അവളുടെ അമൂല്യമായ ഓര്‍മകളുടെ ശേഖരത്തില്‍ നിങ്ങളൊരു നിധിയായി സ്വകാര്യമായി സംരക്ഷിക്കപ്പെടും എന്നു തന്നെയാണ് അനുഭവം.

സൗഹൃദങ്ങളുടെ ആകാശം കൊതിക്കുന്നവളാണ് സ്ത്രീ. എല്ലാവര്‍ക്കും അവരാഗ്രഹിക്കുന്ന കരുതല്‍ അവളുടെ കയ്യിലുണ്ട്. എന്നാല്‍ ചിലരെങ്കിലും ഒരു തുണ്ട് ആകാശത്തെ മുറിച്ചെടുക്കും പോലെ, സ്വാര്‍ത്ഥതയുടെ കയറുകൊണ്ട് അവളെ തങ്ങളുടെ പരിവൃത്തത്തില്‍ മാത്രമായി കെട്ടിയിടാനാഗ്രഹിക്കുന്നു. അവളുടെ സൗഹൃദം ഒരു പ്രണ യത്തിലേക്കുള്ള ക്ഷണക്കത്തായി കാണുന്നവരോട് ക്ഷമിക്കാന്‍ അവള്‍ക്കാവില്ല എന്നതാണ് സത്യം. സൗഹൃദമെന്നാല്‍ മാര്‍ജിനുകളില്ലാത്ത വഷള ത്തമാണെന്ന് ഒരു സ്ത്രീയും സമ്മതിച്ചു തരില്ല. അവളുടെ വ്യക്തിത്വത്തെയും ശരീരത്തെയും ബഹുമാനിക്കാത്ത ഒരാള്‍ക്ക് ആ ഹൃദയത്തിലിടമുണ്ടാകുമെന്നും കരുതുക വയ്യ.

നിശ്ചയദാര്‍ഢ്യത്തെയും അതിജീവനത്തെയും കുറിച്ചുകൂടി പറയാതെ സ്ത്രീയെക്കുറിച്ചുള്ള കുറിപ്പുകള്‍ അവസാനിപ്പിക്കുന്നതെങ്ങനെ! എങ്ങനെയെല്ലാം വലിച്ചെറിഞ്ഞിട്ടും, ചവിട്ടി മെതിച്ചിട്ടും, അവഗണിച്ചിട്ടും, വാക്കുകള്‍കൊണ്ട് കോറി വരഞ്ഞു മുറിവേല്‍പ്പിച്ചിട്ടും വീണ്ടും എണീറ്റു നില്ക്കാന്‍ ധൈര്യം കാട്ടുന്ന സ്ത്രീയോളം വലിയൊരു പോരാളി വേറെയില്ല. കുടുംബ ജീവിതത്തിന്‍റെ അകത്തളങ്ങളില്‍ ഇന്നും നഗ്നമായി മനുഷ്യാവകാശം ലംഘിക്കപ്പെടുന്ന സ്ത്രീകളുണ്ട് എന്നും അവയുടെ ശതമാനക്കണക്ക് നാം പുറമെ കാണുന്നതിലും എത്രയോ വലുതാണെന്നും കൂടി പറയുമ്പോള്‍ അതിശയോക്തിയാണെന്നു വിചാരിക്കരുത്. പല സ്ത്രീകളും പറയാതെ ബാക്കിവച്ചിരിക്കുന്ന മൗനങ്ങളിലാണ് പല കുടുംബങ്ങളുടെയും ആഭിജാത്യം തകരാതെ സംരക്ഷിക്കപ്പെടുന്നതു പോലും.! പുരുഷസഹജമായ അലസതകളും ദോഷങ്ങളും ഒരു കുടുംബത്തിന്‍റെ ഉയര്‍ച്ചയ്ക്കു വിഘാതമാകുമ്പോള്‍ അവയ്ക്കും കൂടിയുള്ള പരിഹാരം ചുമലിലേറ്റുന്നവളാണു സ്ത്രീ. ചില പേരുകളൊക്കെ എഴുതിത്തന്നെ അവര്‍ക്ക് ആദരവ് നേര്‍ന്നുകൊണ്ടു വേണം ഈ കുറിപ്പ് അവസാനിപ്പിക്കാന്‍ എന്ന് ആഗ്രഹിക്കുമ്പോഴും അവരുടെ സ്വകാര്യങ്ങളെ സംരക്ഷിച്ചോളാം എന്നു നല്കിയ ഉറപ്പിനോടുള്ള പ്രതിബദ്ധത ബാക്കി നില്ക്കുന്നു. ആയതിനാല്‍ പ്രിയപ്പെട്ടവരേ, നിങ്ങള്‍ക്കെന്‍റെ ഹൃദയം നിറഞ്ഞ സ്നേഹം മാത്രം അറിയിക്കുന്നു.

Featured Posts

Recent Posts

bottom of page