top of page

പക്ഷികളും ഞാനും

Feb 1, 2018

1 min read

ജോസ് സുരേഷ് കപ്പൂച്ചിൻ

birds are sitting in a branch

1

ഞാന്‍ പക്ഷികളെ സ്നേഹിക്കുന്നു.

അവരുടെ വിചാരരഹിതമായ മൗനത്തെ.

പക്ഷികളെപ്പോലെ,

പറക്കുമ്പോള്‍ ഭൂമിയെ ഓര്‍ക്കാനും

നടക്കുമ്പോള്‍ ആകാശത്തെ ഓര്‍ക്കാനും

എനിക്കാവുന്നില്ല.

പേടികളെ ഒരു മരച്ചില്ലയില്‍ മറന്നുവെയ്ക്കാന്‍

പ്രണയങ്ങളെ തൂവലുകളാക്കി പറത്തിവിടാന്‍

ഞാന്‍ പരാജയപ്പെടുന്നു.

പക്ഷികളെപ്പോലെ,

ഒരു തീരത്ത്

അലക്ഷ്യമായി

ആരുടെയും ശ്രദ്ധയില്‍പ്പെടാതെ

തികച്ചും നിരാലംബനായി

മരിച്ചുകിടക്കാന്‍ 

ഞാനാഗ്രഹിക്കുന്നു.


2

ദേശാടന പക്ഷികളെ പിന്‍തുടര്‍ന്നാണ് എന്‍റെ വഴികളെല്ലാം തെറ്റിയത്

മുറ്റത്തെ മൈനയെ തിരിഞ്ഞുനോക്കിയതുകൊണ്ടാണ് എനിക്ക് പേരുണ്ടായത്

കാക്കകളെ വെറുത്തതുകൊണ്ടാണ് ഞാന്‍ വിരൂപനായത്

കുരുവികളോട് കൂട്ടുകൂടിയതോടു കൂടി ഞാന്‍ ഏകാകിയുമായ്

എങ്കിലും,

ദൂരെക്കു പറക്കുമ്പോഴാണ് അടുത്തുള്ളവ

നമ്മുടേതാകുന്നതെന്ന് അവരെന്നെ പഠിപ്പിച്ചു

നമ്മുടേതല്ലാത്തതുകൊണ്ടാണ് ആകാശം

നമ്മളെ നിരസിക്കാത്തതെന്നു പറഞ്ഞു

പക്ഷേ,

മഴയെ, മഴയെ മാത്രം പേടിക്കുക

മഴയില്‍ പെയ്തിറങ്ങുന്ന തൂവലുകളെല്ലാം

ചിറകുകളെ തിരയുന്ന മരണമാണ്.

ജോസ് സുരേഷ് കപ്പൂച്ചിൻ

0

0

Featured Posts

Recent Posts

bottom of page