

എന്നാണ് ഞാന്‍ പുസ്തകങ്ങളുമായി പ്രണയത്തിലായതെന്ന് അറിഞ്ഞുകൂടാ. ഓര്‍മ്മയിലെ ആദ്യ പുസ്തകം അമ്മ എനിക്കായി വായിച്ചുതന്ന, പിന്നീട് ഞാന്‍ പലയാവൃത്തി വായിച്ച, 'വിക്രമാദിത്യ കഥകളാണ്'. ഞാന്‍ ആദ്യം വായിച്ച ഇംഗ്ലീഷ് നോവല്‍ നാലോ അഞ്ചോ ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് വായിച്ച അഗത്ത ക്രിസ്റ്റിയുടെ 'പത്ത് കൊച്ചു കറുമ്പന്മാരും' (Ten little Niggers). ആ പുസ്തകത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇന്നും എന്നെ രോമാഞ്ചഭരിതനാക്കുന്നു.
നിങ്ങളുടെ മാതാപിതാക്കള്‍ പുസ്തകങ്ങള്‍ വായിക്കുന്നവരും ശേഖരിക്കുന്നവരുമാണെങ്കില്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍! എന്നാല്‍ കുഞ്ഞുങ്ങള്‍ ആ ശീലം മാതാപിതാക്കന്മാരില്‍ നിന്ന് സ്വായത്തമാക്കിക്കൊള്ളണമെന്നില്ല. ചില കുഞ്ഞുങ്ങള്‍ ആ ശീലത്തെ ആവേശപൂര്‍വ്വം ഉള്‍ക്കൊള്ളുന്നു, ചിലരാകട്ടെ അതില്‍ തത്പരരല്ല. പ്രകൃത്യാതന്നെ ഒരാള്‍ അന്തര്‍മുഖിയും അല്പം ഏകാകിയുമായിരിക്കുന്നത് വായനയുടെ മനുഷ്യനായി രൂപപ്പെടുത്തുന്നതില്‍ സഹായകരമാണ്. ഞാന്‍ ചെറുപ്പത്തില്‍ പ്രസരിപ്പുള്ള വാചകനിപുണനായ ഒരു കുട്ടി ആയിരുന്നില്ല. അതേ സമയം എനിക്ക് സുഹൃത്തുക്കളുണ്ടായിരുന്നു. അവരോടൊപ്പം ഞാന്‍ ഫുട്ബോളും ബാറ്റ്മിന്‍റനും കളിച്ചിരുന്നു. അപ്പായുടെ ജോലിമാറ്റത്തോടൊപ്പമുള്ള ഞങ്ങളുടെ താമസംമാറ്റം എന്‍റെ സ്കൂള്‍ ജീവിതം കേരളത്തിന്‍റെ പല ഭാഗത്തുള്ള ആറ് സ്കൂളുകളിലായി പൂര്‍ത്തിയാക്കേണ്ട സാഹചര്യമുണ്ടാക്കി. അസ്ഥിരമായ താമസസ്ഥലങ്ങള്‍ അസ്ഥിരമായ ഒരു മനസ്സുകൂടി എനിക്ക് സമ്മാനിച്ചു. അരക്ഷിതത്വത്തില്‍ എനിക്ക് സുരക്ഷിതത്വവും സൗഹൃദവും നല്കിയത് എന്‍റെ പുസ്തകങ്ങളായിരുന്നു. പുസ്തകങ്ങളുടേത് ഒരു മാന്ത്രിക ലോകമാണ്; ഓരോ വായനയും ആലീസിന്‍റെ മാന്ത്രികക്കണ്ണാടിപ്പൂന്തോട്ടത്തിലേക്കുള്ള ഒരു യാത്രയായി മാറി. വായന സുഖദായകവും സൗമ്യവുമായിത്തീരാന്‍ നമുക്കാവശ്യം അല്പം ഭാവനയും വിട്ടുനില്ക്കാനുള്ള അല്പം നൈപുണ്യവുമാണ്.
കൗമാരക്കാലത്ത് വല്ലപ്പോഴും പുസ്തകങ്ങള്‍ വാങ്ങിയിരുന്നത് അമ്മയുടെ പേഴ്സില്‍ നിന്ന് അടിച്ച് മാറ്റിയ കൊച്ചു തുകകള്‍ കൊണ്ടോ, സൂക്ഷിച്ചുവെച്ച പോക്കറ്റ് മണി കൊണ്ടോ ആയിരുന്നു. ജോലി സമ്മാനിച്ച സാമ്പത്തിക സ്വാതന്ത്ര്യത്തില്‍ പുസ്തകങ്ങള്‍ വാങ്ങുന്നത്, എന്‍റെ വലിയൊരാവേശമായിത്തീര്‍ന്നു. ഞാന്‍ പുസ്തക വില്പനക്കാരെക്കുറിച്ച് അസൂയാലുവാകുമായിരുന്നു - പുസ്തകങ്ങളുടെ ഇടയില്‍ ജീവിക്കുക എത്ര ഭാഗ്യം! ഒരിക്കല്‍ പുസ്തകശാല സൂക്ഷിപ്പുകാരനാകാനുള്ള ഒരു പരീക്ഷ ഞാന്‍ എഴുതിയതാണ്, പക്ഷേ പ്രവേശന പരീക്ഷ എനിക്ക് വിജയിക്കാനായില്ല. പുസ്തകപ്രേമികള്‍ക്ക് വായനശാലകളുടെ നഗരമായ തിരുവനന്തപുരം ഒരു സ്വര്‍ഗ്ഗമാണ്. (അവിടെ യൂണിവേഴ്സിറ്റി ലൈബ്രറിയിലെ സുന്ദരിയായ വായനശാലസൂക്ഷിപ്പുകാരിയുടെ സാന്നിധ്യം പോലെ ചില അഡീഷ്ണല്‍ നേട്ടങ്ങളുമുണ്ട്).
