top of page

കറുപ്പ്: നിന്ദിതരുടെ പുനരുത്ഥാനം

Nov 1, 2011

5 min read

പ്രൊഫ. ടി. എം. യേശുദാസന്‍
Black paint pouring out from a bucket.

'മാനത്തു മഴവില്ലു കാണുമ്പോള്‍ എന്‍റെ ഹൃദയം തുള്ളുന്നു' എന്നു വേര്‍ഡ്സ്വര്‍ത് പാടിയിട്ടുണ്ടെങ്കിലും 'മനോഹരം' എന്ന് ഏകസ്വരത്തില്‍ ലോകം വാഴ്ത്തുന്ന മഴവില്ലിന്‍റെ ഘടനയില്‍ കറുപ്പു നിറത്തിനിടമില്ലെന്ന കാര്യം ആരെങ്കിലും ഓര്‍ക്കാറുണ്ടോ? VIBGYOR ല്‍ കറുപ്പില്ല. പ്രകൃതിയുടെ വര്‍ണനകളിലും കറുപ്പിനവഗണനയാണ്. 'ഇലകള്‍ പച്ച, പൂക്കള്‍ മഞ്ഞ' എന്നാണു കുട്ടികള്‍ പാടുന്നത്. നമ്മുടെ പേക്കിനാവുകളില്‍ പ്രത്യക്ഷപ്പെട്ടു പേടിപ്പെടുത്തുന്ന ആനയുടെയും പോത്തിന്‍റെയുമൊക്കെ നിറമാണ് കറുപ്പ്. കൃഷ്ണനിറമുള്ള ശ്രീകൃഷ്ണഭഗവാനെ കറുപ്പു നിറത്തില്‍ ചിത്രീകരിച്ചു കാണുന്നില്ല. ചിത്രങ്ങളിലൊക്കെ ഒന്നുകില്‍ നീല അല്ലെങ്കില്‍ വെള്ള നിറത്തിലാണ് ഭഗവാന്‍ പ്രത്യക്ഷപ്പെടുന്നത്.

ചിത്രകലയുമായി ബന്ധപ്പെട്ട നിറങ്ങളുടെ വര്‍ണ്ണത്തട്ടിലും കറുപ്പിനു രണ്ടാംനിരയിലാണു സ്ഥാനം. ചുവപ്പ്, പച്ച, നീല എന്നിവയാണ് പ്രാഥമിക നിറങ്ങള്‍. ചുവപ്പ്, മഞ്ഞ, നീല ഇവ ഒരേ തോതില്‍ കലര്‍ത്തുമ്പോള്‍ കിട്ടുന്ന സെക്കണ്ടറി നിറമാണ് കറുപ്പ്. നരവംശവിഭാഗങ്ങളുടെ തരംതിരിക്കലിലും കറുപ്പിന് ഏറ്റവും അടിയിലാണു സ്ഥാനം; മുകളില്‍ വെളുപ്പും (യൂറോപ്പ്) ഇടയ്ക്കു ചുമപ്പും (അമേരിക്ക) മഞ്ഞയും (ചൈന).

പ്രതിനിധാനത്തിന്‍റെ ലോകത്തു കറുപ്പിന്‍റെ സ്ഥാനം പരിശോധിക്കുന്നതു രസകരമാണ്. ഇവിടെ കറുപ്പിനെ ഒരു ചിഹ്നം എന്ന നിലയിലാണു സമീപിക്കുന്നത്. ഏതു സന്ദര്‍ഭത്തില്‍, ഏതു ചിഹ്നവ്യവസ്ഥയില്‍, ഏതുതരം വ്യവഹാരത്തില്‍ വിന്യസിക്കുന്നു എന്നതിന്‍റെ വെളിച്ചത്തിലാണ് ഒരു ചിഹ്നം അര്‍ത്ഥം ഉല്പാദിപ്പിക്കുന്നത്. ഉദാഹരണത്തിന്, കറുപ്പിനു സ്ഥാനമില്ലാത്ത ട്രാഫിക്സിഗ്നലുകളുടെ ഭാഷാക്രമത്തില്‍ 'സ്റ്റോപ്പ്' എന്ന നിര്‍ദ്ദേശം നല്‍കാന്‍ ചുവന്ന ലൈറ്റാണു തെളിയുന്നത്. രാഷ്ട്രീയത്തില്‍ നേരേമറിച്ച്, ജനങ്ങളുടെ വിപ്ലവകരമായ മുന്നേറ്റത്തെയാണു ചുവപ്പുനിറം സൂചിപ്പിക്കുന്നത്. ഒരേ ചിഹ്നം തന്നെ വ്യത്യസ്തമായ ചിഹ്നവ്യവസ്ഥകളില്‍ വ്യത്യസ്തങ്ങളായ അര്‍ത്ഥങ്ങളാണ് പുറപ്പെടുവിക്കുന്നത്.

ദൈനംദിന രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ നമുക്കു സുപരിചിതമായ രണ്ടു പ്രതിഷേധരൂപങ്ങളാണ് കരിങ്കൊടി കാണിക്കലും കറുത്ത റിബണ്‍കൊണ്ടു വായ്മൂടിക്കെട്ടലും. ഭരണകൂടത്തിന്‍റെ ദുര്‍നയങ്ങള്‍ക്കും നീതിനിഷേധങ്ങള്‍ക്കുമെതിരായ കടുത്ത എതിര്‍പ്പു പ്രകടിപ്പിക്കുന്ന ധര്‍മ്മമാണ് മേല്പറഞ്ഞ രണ്ടു പ്രതിഷേധ രൂപങ്ങളിലും കറുപ്പുനിറം നിര്‍വഹിക്കുന്നത്. വ്യക്തികള്‍ക്കെതിരേ 'ഗോബായ്ക്' എന്നും നയങ്ങള്‍ക്കും നടപടികള്‍ക്കുമെതിരെ 'സ്റ്റോപ്പ്' എന്നുമാണ് കരിങ്കൊടി വിളിച്ചുപറയുന്നത്. അഭിപ്രായ സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള അവകാശനിഷേധങ്ങളെയാണ് വായ്മൂടിക്കെട്ടുന്ന കറുത്തറിബണ്‍ സൂചിപ്പിക്കുന്നത്. രാഷ്ട്രീയപ്രകാശനത്തിന്‍റെ ഭാഷയില്‍ കടുത്ത എതിര്‍പ്പിനെ കുറിക്കുന്നതെങ്കിലും, മരിച്ചവരോടുള്ള ഉപചാരത്തില്‍ കറുപ്പ് സഹതാപത്തിന്‍റെയും അനുശോചനത്തിന്‍റെയും ആര്‍ദ്രമായ ചിഹ്നമാണ്. ദുഃഖസൂചകമായി നാം കറുത്ത ബാഡ്ജ് ധരിക്കുക പതിവാണ്.

മിത്തുകളെയും ക്ലാസിക്കുകളെയും വിശകലനം ചെയ്യാന്‍ സഹായകമായ ആര്‍ക്കിടൈപ്പുകളുടെ വ്യവസ്ഥയില്‍ മരണത്തെയും തിന്മയെയുമാണ് കറുപ്പുനിറം പ്രധാനമായും സൂചിപ്പിക്കുന്നത്. ശൂന്യത, നിഗൂഢത, അജ്ഞാതം, അബോധം, ശോകം തുടങ്ങിയ നിഷേധാത്മകഗുണങ്ങളാണ് കറുപ്പുമായി ബന്ധപ്പെട്ട മറ്റു സവിശേഷതകള്‍. ചൈനീസ് സിംബലിസത്തില്‍ നമ്മുടെ ദൂരദര്‍ശന്‍റെ ലോഗോയെ അനുസ്മരിപ്പിക്കുന്ന യാങ്-യിന്‍ എന്ന ഒരു പ്രതീകമുണ്ട്. ഇതില്‍ കറുപ്പും വെളുപ്പും ഇടകലരാതെ ചേര്‍ത്തുവച്ചിരിക്കുന്നു. പുരുഷത്വത്തെയും പ്രകാശത്തെയും പ്രവര്‍ത്തനത്തെയും ബോധമനസ്സിനെയുമാണ് യാങ് എന്ന വെളുപ്പുനിറം സൂചിപ്പിക്കുന്നത്. യിന്‍ എന്ന കറുപ്പ് സ്ത്രീത്വത്തെയും ഇരുട്ടിനെയും നിഷ്ക്രിയതയെയും അബോധമനസ്സിനെയുമാണ് പ്രതിനിധീകരിക്കുന്നത്.

അനഭിമതരായ വ്യക്തികളെയും സ്ഥാപനങ്ങളെയും സംഘടനകളെയും നാം ബ്ലാക്ലിസ്റ്റില്‍ അഥവാ 'കരിംപട്ടിക'യിലാണു പെടുത്തുക. പ്രതിഷേധ ദിനാചരണത്തിനു നാം 'കരിദിനം' എന്നാണു പറയുക. കാലുവാരുന്നവരെ നാം കരിങ്കാലികളെന്നാണു വിളിക്കുക. മോഷ്ടാക്കളും കൊലയാളികളും ധരിക്കുന്ന മുഖംമൂടിയുടെ നിറം നിശ്ചയമായും കറുപ്പാണ്. വരുമാന നികുതി അടയ്ക്കാത്ത പണം കരിംപണമാണ്. സാത്താനും തിന്മയും ചിത്രീകരിക്കപ്പെടുന്നതും കറുപ്പുനിറത്തിലാണ്. ജലാശയത്തിലെ മത്സ്യംപോലെ നമ്മുടെയിടയില്‍ സുഖിച്ചു വാഴുന്ന ചതിയന്മാരെ തിരിച്ചറിയാന്‍ നമുക്കു കഴിയാതെ പോകുന്നതു തിന്മയുടെ നിറം കറുപ്പാണെന്ന നമ്മുടെ ഉറച്ച ധാരണമൂലമാണ്. മനം കവരുന്ന സുന്ദരരൂപത്തിലാണ് ചെകുത്താന്‍ നമ്മെ ചതിയില്‍പ്പെടുത്തുന്നത്. കറുത്ത നിറമുള്ള വിരൂപിയായി ഒരിക്കലും നമ്മള്‍ അവനെ കാണുകയില്ല.

ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് തിരുവല്ലയിലെ ഡൈനാമിക് ആക്ഷന്‍ സംഘത്തിനു ബാംഗ്ലൂരില്‍ വച്ചുണ്ടായ ഒരനുഭവം ഓര്‍മ്മവരുന്നു. അവിടെ അവര്‍ അതവരിപ്പിച്ച തെരുവുനാടകത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വം പ്രത്യക്ഷപ്പെട്ടത് ഒരു കറുത്തസത്വത്തിന്‍റെ രൂപത്തിലാണ്. നാടകം കണ്ടുകൊണ്ടിരുന്ന പ്രശസ്ത ബ്ലാക്തിയോളജിയന്‍ ജെയിംസ് കോണ്‍ ഇതുകണ്ട് ക്ഷുഭിതനായി. വെള്ളക്കാരുടെ സൃഷ്ടിയായ സാമ്രാജ്യത്വത്തിനു കറുത്ത നിറം നല്‍കിയതു ലോകത്തിലെ മുഴുവന്‍ കറുത്തവരോടുമുള്ള കടുത്ത അവഹേളനമായിട്ടാണ് അദ്ദേഹം കണ്ടത്. തെരുവുനാടക സംഘത്തിന്‍റെ കണ്ണുതള്ളിയ സംഭവമായിരുന്നു അത്. ഇതൊക്കെയാണെങ്കിലും, കറുപ്പിനെ തിന്മയുടെ പ്രതീകമായി ചിത്രീകരിക്കുന്ന രീതി നാം ഇപ്പോഴും തുടര്‍ന്നുപോരുന്നു. അമേരിക്കയിലെ വെള്ളക്കാരായ വര്‍ണ്ണവെറിയന്‍മാരുടെ വിജിലാന്‍റി സംഘടനയായ ക്ലു ക്ലക്സ് ക്ലാന്‍ അംഗങ്ങള്‍ വെളുത്ത യൂണിഫോമാണു ധരിക്കുന്നത്: ശിരസ്സും മുഖവും മറയ്ക്കുന്ന വെളുത്ത കൂമ്പന്‍ തൊപ്പിയും പാദംമുട്ടെ മറയ്ക്കുന്ന വെള്ളക്കുപ്പായവും. കണ്ണില്‍ക്കാണുന്ന ദൃഢഗാത്രരായ കറമ്പന്മാരെ വളഞ്ഞുപിടിച്ചു തൊട്ടടുത്ത മരത്തിന്‍റെ കൊമ്പില്‍ കെട്ടിത്തൂക്കി 'ലിഞ്ചിങ്ങ്' നടത്തുകയാണ് ഇവരുടെ മുഖ്യവിനോദം. ഹൃദയശൂന്യവും പ്രാകൃതവുമായ ഈ കൂട്ടക്കുരുതിയെ അപലപിച്ചുകൊണ്ട് പ്രശസ്ത ബ്ലൂസ് ഗായിക ബില്ലി ഹാളിഡേ 'സ്ട്രെയിഞ്ച് ഫ്രൂട്ട്' എന്ന പാട്ടു പുറത്തിറക്കി. വര്‍ണ്ണ വെറിയന്‍മാര്‍ കഴുവിലേറ്റിയ കരുത്തന്മാരെ ഓര്‍ത്തുകൊണ്ട് അമേരിക്കയുടെ തെക്കുഭാഗത്തെ മരങ്ങളില്‍ വിചിത്രമായ ഒരു പഴം കിടപ്പുണ്ടെന്ന് അവര്‍ പാടി.

കറുത്തവരും വെളുത്തവരും തമ്മിലുള്ള പ്രതിപക്ഷതയും സംഘര്‍ഷവും ലോകചരിത്രത്തില്‍ വഹിച്ചിട്ടുള്ള പങ്കിനുനേരെ കണ്ണടയ്ക്കുന്നവര്‍ക്കു മാത്രമേ വെളുപ്പിനെ നന്മയുടെയും കറുപ്പിനെ തിന്മയുടെയും ചിഹ്നങ്ങളായി അവതരിപ്പിക്കാന്‍ കഴിയൂ. വര്‍ഗ്ഗവൈരുദ്ധ്യവും വര്‍ണ (ജാതി) സംഘര്‍ഷവുമാണ് ചരിത്രത്തിന്‍റെ ചക്രംതിരിക്കുന്ന രണ്ടു ശക്തികള്‍. കറുത്തതും വെളുത്തതുമായ നരവംശങ്ങളും ജാതികളും തമ്മിലുള്ള പ്രതിപക്ഷത സാമ്രാജ്യത്വത്തിന്‍റെയും കൊളോണിയലിസത്തിന്‍റെയും ആഗോളീകരണത്തിന്‍റെയും മുഖമുദ്രയാണ്.

തൊലിയുടെ നിറത്തിന്‍റെയും ശരീരത്തിന്‍റെ സവിശേഷതകളുടെയും അടിസ്ഥാനത്തില്‍ രൂപപ്പെട്ട ഉറച്ച മനോഭാവങ്ങള്‍ പ്രാചീനകാലം മുതല്‍ ഉണ്ടായിരുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. വ്യത്യസ്ത നരവംശവിഭാഗങ്ങള്‍ തമ്മിലുള്ള കണ്ടുമുട്ടലുകളുടെയും സഹവാസത്തിന്‍റെയും ഏറ്റുമുട്ടലുകളുടെയും ഫലമാണിത്. മഞ്ഞ/ വെള്ള നിറത്തില്‍പ്പെടാത്തവരെ ചൈനക്കാര്‍ ബാര്‍ബേറിയന്‍സായി കരുതിയിരുന്നു. ഇന്‍ഡ്യയില്‍, ആര്യ-ദ്രാവിഡ വിഭജനം വെറും ഭാഷാപരമാണെന്നും വംശശുദ്ധിയോ തൊലിയുടെ നിറമോ ഇക്കാര്യത്തില്‍ പ്രസക്തമല്ലെന്നും വാദിക്കുന്നവരുടെ എണ്ണം കൂടിവരികയാണെങ്കിലും വേദങ്ങളില്‍ കാണുന്ന വര്‍ണം അഥവാ ജാതി പരാമര്‍ശം നിറത്തെക്കുറിച്ചുള്ള സൂചനകള്‍ ഉള്‍ക്കൊള്ളുന്നുണ്ടെന്നു കരുതുന്നവരുടെ എണ്ണം കുറവൊന്നുമല്ല. ഇളംനിറമുള്ള ആര്യന്‍ കുടിയേറ്റക്കാര്‍ ഇരുണ്ടനിറമുള്ള തദ്ദേശീയഗോത്രങ്ങളെ കീഴടക്കി ദസ്യുക്കളായി ആര്യാവര്‍ത്തം സ്ഥാപിച്ചു എന്നൊരു വ്യാഖ്യാനം സാധാരണക്കാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. വെളുത്ത ആര്യന്‍മാരും കറുത്തദ്രാവിഡന്മാരും തമ്മിലുള്ള സംഘര്‍ഷമായി ഇന്‍ഡ്യന്‍ സംസ്കാരത്തെയും ചരിത്രത്തെയും വ്യാഖ്യാനിക്കുന്ന പ്രവണത കുറഞ്ഞുവരുന്നുണ്ടെങ്കിലും വെളുപ്പു സവര്‍ണതയുടെയും കറുപ്പ് അവര്‍ണതയുടെയും അടയാളങ്ങളായി ഇന്നും ശക്തമായി തുടരുന്നുണ്ട്.

യൂറോപ്യന്‍ ജ്ഞാനോദയവും നരവംശങ്ങളുടെ വര്‍ഗ്ഗീകരണവും തമ്മിലുള്ള ബന്ധം നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്തവിധത്തിലാണ് കറുത്തജനതകളെ ദോഷകരമായി ബാധിച്ചത്. ബൗദ്ധികമായ വ്യഗ്രതയുടെയും സാമൂഹ്യമാറ്റത്തിന്‍റെയും ശാസ്ത്രീയ ചിന്തയുടെയും യുക്തിബോധത്തിന്‍റെയും കാലഘട്ടത്തില്‍ത്തന്നെയാണ് ലോകത്തെ സംബന്ധിച്ച വിചിന്തനങ്ങളില്‍ വംശം/ വര്‍ണം എന്ന ആശയം കടന്നുവന്നത്. പ്രകൃതിയെ മനുഷ്യതാല്പര്യങ്ങള്‍ക്കനുകൂലമായി കീഴ്പ്പെടുത്തി 'പുരോഗതി' നേടുക എന്ന ആശയമാണ് ജ്ഞാനോദയം മുന്നോട്ടുവയ്ക്കുന്നത്. വര്‍ഗ്ഗീകരണത്വര പ്രകടിപ്പിക്കുന്നതായിരുന്നു ജ്ഞാനോദയത്തിന്‍റെ യുക്തിബോധം. സ്വീഡിഷ് സസ്യശാസ്ത്രജ്ഞനായ കാള്‍ വിന്നായേസിന്‍റെ ജന്തുവര്‍ഗ്ഗ വിഭജനരീതിയാണ് പതിനെട്ടാം നൂറ്റാണ്ടില്‍ സ്വാധീനംനേടിയത്. മനുഷ്യരാശിയെ അദ്ദേഹം ജന്തുവര്‍ഗ്ഗത്തില്‍പെടുത്തി നാലായി തരംതിരിച്ചു: ചുവന്നനിറവും ക്ഷിപ്രകോപവും നിവര്‍ന്ന ശരീരവടിവുമുള്ള അമേരിക്കാനസ്; വെളുത്തനിറവും ദൃഢപേശികളുമുള്ള യൂറോപ്പിയൂസ്; മഞ്ഞനിറവും ചിന്താകുലതയും പിടിവാശിയുമുള്ള ഏഷ്യാറ്റിക്കസ്; കറുത്തനിറവും ശാന്തശീലവും ഇംഗിതത്തിനു വഴങ്ങുന്നതുമായ ആഫര്‍. ആകൃതിയും ശീലഗുണവും തമ്മില്‍ ലിന്നായേസ് നടത്തുന്ന ബന്ധിപ്പിക്കല്‍ പതിനെട്ടാം നൂറ്റാണ്ടിലെ പ്രമുഖ ചിന്തകന്മാരായ ഡേവിഡ് ഹ്യൂമ്മും ഇമ്മാനുവല്‍ കാന്‍റും പിന്തുടരുന്നതായി കാണാം. അവരുടെ അഭിപ്രായത്തില്‍, നീഗ്രോകള്‍ ഉള്‍പ്പെടെയുള്ള ഇതര മനുഷ്യവംശങ്ങള്‍ വെള്ളക്കാരേക്കാള്‍ അധമരാണ്.

വില്യം ഷേക്സ്പിയര്‍ ജനിക്കുംമുന്‍പ്, കൃത്യമായിപ്പറഞ്ഞാല്‍ 1555 മുതല്‍, ലണ്ടനിലെ പ്രഭുഭവനങ്ങളിലെ സേവകരായി ആഫ്രിക്കയില്‍ നിന്നുള്ള കറുത്തവര്‍ ധാരാളമായി എത്തിച്ചേരുന്നുണ്ട്. കറുത്തവരെ ഇംഗ്ലണ്ടില്‍ നിന്നു പുറത്താക്കാന്‍ എലിസബത്ത് രാജ്ഞി നടത്തിയ ശ്രമം വിജയിച്ചില്ല. ഷേക്സ്പിയര്‍ കഥാപാത്രങ്ങളായ കാലിബനും ഒഥല്ലോയും കറുത്തവരെക്കുറിച്ചുള്ള വെള്ളക്കാരുടെ ഉല്‍ക്കണ്ഠയുടെ പ്രതിഫലനങ്ങളാണെന്ന പഠനങ്ങള്‍ ഇന്നു പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, തൊലിയുടെ നിറത്തിന്‍റെ അടിസ്ഥാനത്തില്‍ മനുഷ്യരാശിയെ പലവിഭാഗങ്ങളായി തരംതിരിച്ച് വെള്ളക്കാര്‍ ഏറ്റവും മുകളിലും കറുത്തവര്‍ ഏറ്റവും അടിയിലുമായി പ്രതിഭയുടെയും സൗന്ദര്യത്തിന്‍റെയും ഒരു അധികാരശ്രേണി നിലവില്‍ വന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ്, കേരള സര്‍ക്കാരിന്‍റെ മികച്ച ചലച്ചിത്രനടനുള്ള അവാര്‍ഡു നിര്‍ണയത്തില്‍ ഇതുപോലൊരു അധികാരശ്രേണി പ്രവര്‍ത്തനനിരതമാകുന്നതു നാം കണ്ടതാണ്. മോഹന്‍ലാലിന്‍റെ 'വേഷം' (വാനപ്രസ്ഥം) അഭിനയപ്രതിഭാവിലാസമായും കലാഭവന്‍ മണിയുടെ അഭിനയം (വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും) മിമിക്രി ആയും വിലയിരുത്തപ്പെട്ടു.

വെള്ളക്കാര്‍ക്ക് ആധിപത്യമുള്ള പാശ്ചാത്യ സമൂഹങ്ങളില്‍ കറുത്തവര്‍ഗ്ഗക്കാര്‍ നേരിടുന്ന സാംസ്കാരിക പ്രതിസന്ധിയെ 'ഇരട്ടബോധം' എന്നാണ് ഡബ്ള്യൂ. ഇ. ബി. ദുബ്വാ വിശേഷിപ്പിച്ചത്. വെള്ളക്കാരുടെ അംഗീകാരം നേടാനുള്ള വ്യഗ്രതയും തങ്ങള്‍ കറുത്തവരാണെന്ന യാഥാര്‍ത്ഥ്യവും തമ്മിലുള്ള കറുത്തവരുടെ ഉള്ളില്‍ നടക്കുന്ന പിടിവലിയാണ് ഈ പ്രതിഭാസത്തിന്‍റെ ഉള്ളടക്കം. വെള്ളക്കാര്‍ അധികാരം കയ്യാളുന്ന കൊളോണിയല്‍ സമൂഹങ്ങളിലെ കറുത്തവര്‍ അതിജീവനത്തിനായി തങ്ങളുടെ നിസ്സഹായരാക്കപ്പെട്ട ഗോത്രദൈവങ്ങളുടെയും പിതൃക്കളുടെയും തെയ്യങ്ങള്‍ക്കു പകരം പാശ്ചാത്യസംസ്കാരത്തിന്‍റെ മാസ്കുകള്‍ എടുത്തണിയാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യവും അതു സൃഷ്ടിക്കുന്ന മാനസികാരോഗ്യപ്രശ്നങ്ങളുമാണ് Black Skin, White masks എന്ന ഗ്രന്ഥത്തില്‍ ഫാനന്‍ വിവരിക്കുന്നത്. ഫാനന്‍ പറയുന്നു, "വെള്ളക്കാരന്‍ അവന്‍റെ വെളുപ്പിനുള്ളില്‍ അടയ്ക്കപ്പെട്ടിരിക്കുന്നു; കറുത്തവന്‍ അവന്‍റെ കറുപ്പിനുള്ളിലും."

കറുപ്പിന്‍റെ പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ വെളുപ്പു നേടുകയാണു പോംവഴി എന്നു കരുതുന്നവരാണു നമ്മള്‍. ഫെയര്‍ ആന്‍ഡ് ലവ്ലി പോലെയുള്ള ഫെയര്‍നസ് ക്രീമുകള്‍, വെളുപ്പു കുറഞ്ഞാല്‍ ആപത്താകുമെന്ന നമ്മുടെ അരക്ഷിതാബോധം മുതലെടുത്തുകൊണ്ടാണ് വിറ്റഴിയുന്നത്. ടോണി മോറിസന്‍റെ The Bluest Eye എന്ന നോവല്‍ നീലക്കണ്ണുകള്‍ക്കായി ദൈവത്തോടു പ്രാര്‍ത്ഥിച്ച പെകോല ബ്രീഡ്ലവ് എന്ന കറുത്തപെണ്‍കുട്ടിയുടെ കഥയാണു പറയുന്നത്. ഒടുവില്‍ സോപ്ഹെഡ് ചര്‍ച്ച് എന്ന 'ആത്മീയോപദേശകന്‍' അവളുടെ ആഗ്രഹം സാധിച്ചതായി അവളെ വിശ്വസിപ്പിക്കുന്നു. തനിക്കു നീലക്കണ്ണുകള്‍ ലഭിച്ചെന്ന മതിഭ്രമത്തില്‍ ഒഴുകി വായുവില്‍ ചിറകുവിരിച്ചു പറക്കുന്ന പക്ഷിയെ അനുസ്മരിപ്പിക്കും മട്ടില്‍ ഇരുവശങ്ങളിലേക്കും കൈകള്‍ വിടര്‍ത്തി 'പറന്നു' നടക്കുന്ന പെണ്‍കുട്ടിയെയാണ് നോവലിന്‍റെ ഒടുവില്‍ നാം കാണുന്നത്. വെളുപ്പിന്‍റെ സമ്മര്‍ദ്ദം പലപ്പോഴും കറുത്തവര്‍ക്കും താങ്ങാനാവാത്ത കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ നല്‍കുന്നു. ഇതേ നോവലില്‍ മറ്റൊരു കറുത്ത പെണ്‍കുട്ടി വെളുത്ത സുന്ദരികളുടെ ചിത്രങ്ങളും രൂപങ്ങളും അവരുടെ മാതൃകയിലുള്ള പാവകളും തകര്‍ത്തുടച്ചു കൊണ്ടാണ് അവളുടെ അന്തര്‍സംഘര്‍ഷത്തിനു അയവുവരുത്തുന്നത്. ഫാനന്‍റെ വെളുത്ത മാസ്കുകളും മോറിസന്‍റെ നീലക്കണ്ണുകളും കറുത്തവരില്‍ / ദളിതരില്‍ വെളുപ്പിന്‍റെ/ സവര്‍ണതയുടെ സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിക്കുന്ന സാംസ്കാരികമായ പ്രതിസന്ധികളെയും മനശ്ശാസ്ത്രപരമായ പ്രശ്നങ്ങളെയുമാണ് പ്രതിനിധാനം ചെയ്യുന്നത്.

കറുപ്പിന്‍റെ ശബ്ദവും സൗന്ദര്യവും ആജ്ഞാശക്തിയും വീണ്ടെടുത്തുകൊണ്ടേ ഇരട്ടബോധത്തിന്‍റെയും വെളുത്ത മാസ്കുകളുടെയും പ്രശ്നങ്ങള്‍ മറികടക്കാന്‍ കഴിയൂ. ഈ ദിശയില്‍ വായിക്കാന്‍ പറ്റുന്നവയാണ് സി. അയ്യപ്പന്‍റെ കഥകള്‍. കറുപ്പും സവര്‍ണതയും തമ്മിലുള്ള പ്രതിപക്ഷത മുന്‍നിര്‍ത്തി സവര്‍ണരോടു കണക്കു പറയുന്നതാണ് 'പ്രസ്താവന' എന്ന കഥ. "എനിക്കുവേണ്ടി ജനിച്ച ഞാന്‍ ജീവിച്ചതും മരിച്ചതും നിങ്ങള്‍ക്കുവേണ്ടിയാണ്. എന്‍റെ രക്തമാണ് നിങ്ങളുടെ ചോരക്കുഴലുകളില്‍ നിങ്ങളുടെ പതിനാറുകാരി പെണ്‍കിടാവിനെപ്പോലെ തിളച്ചു മറിയുന്നത്. നിങ്ങളുടെ തുടുത്ത സുന്ദരികളുടെ ചുണ്ടിലെ ചെമപ്പും ശരീരത്തിലെ സുവര്‍ണ്ണ മാര്‍ദ്ദവവും എന്‍റെ വിയര്‍ത്ത ശരീരത്തിന്‍റെ കറുപ്പും എന്‍റെ തഴമ്പിച്ച കൈകളുടെ കവിതയുമാണ്. നിങ്ങളുടെ ബുദ്ധിശക്തിയും സംസ്കാരവും എന്‍റെ വിഡ്ഢിത്തവും കാടത്തവുമത്രെ. ചുരുക്കത്തില്‍, നിങ്ങള്‍ എന്‍റെ 'വഹ'യാണ് " (പുറം. 118).

ജാതിനിന്ദ ദളിതരുടെ ആത്മാവില്‍ സൃഷ്ടിക്കുന്ന ഉണങ്ങാത്ത മുറിവാണ് ആത്മനിന്ദ. സ്വാഭിമാനത്തെ ഇതു നിരായുധീകരിക്കുന്നു. സ്വത്വബോധത്തിന്‍റെ വില ഇടിക്കുന്നു. സ്വന്തം ജനങ്ങളില്‍നിന്ന് അകലാന്‍ പ്രേരിപ്പിക്കുന്നു. കറുപ്പ് ദളിതരില്‍ സൃഷ്ടിക്കുന്ന ആത്മനിന്ദയുടെ രോഗലക്ഷണങ്ങള്‍ 'ഭ്രാന്ത്' എന്ന കഥയില്‍ അയ്യപ്പന്‍ തുറന്നു ചര്‍ച്ചചെയ്യുന്നുണ്ട്. "എന്‍റെ ഭാര്യ ഭര്‍ത്താവിന്‍റെ അസ്മാദികളെയൊക്കെ പരക്കെ വെറുക്കുന്ന ഒരുത്തിയാണ്... അധഃകൃതയെന്ന് ഒരിക്കലും തോന്നിപ്പിക്കാത്ത നിറവും സൗന്ദര്യവുമുള്ള അവര്‍ കടവായും പൊട്ടി ചത്ത പശുവിനെയും തിന്ന് കഴിഞ്ഞിരുന്നവരുടെ പിന്‍മുറക്കാരെ അറപ്പോടെ നോക്കുന്നതില്‍ വലിയ അനൗചിത്യമൊന്നുമില്ലല്ലോ... മകളുടെ കാര്യമാണെങ്കില്‍ കുറച്ചുകൂടി സങ്കീര്‍ണമാണ്. അവള്‍ ജനിച്ചതും വളര്‍ന്നുവരുന്നതും അപ്പര്‍ മിഡില്‍ ക്ലാസ്സുകാരുടെ ഈ ക്വാര്‍ട്ടേഴ്സിലാണല്ലോ. ഇവിടെ കറുത്തവരും മുഷിഞ്ഞ വസ്ത്രമുടുക്കുന്നവരുമായി അവള്‍ കണ്ടിട്ടുള്ളത് കൂലിവേലക്കാരായ തമിഴന്മാരെയും പിച്ചക്കാരെയുമാണ്. കഷ്ടകാലത്തിന് അവരുടെ നിറമായിപ്പോയി എന്‍റെ ആളുകള്‍ക്കും" (പുറം. 36-37).

സവര്‍ണസംസ്കാരത്തിന്‍റെ സൗന്ദര്യശാസ്ത്രത്തെയും നീതിശാസ്ത്രത്തെയും ഉത്തരം മുട്ടിക്കുന്നതാണ് അയ്യപ്പന്‍റെ 'അജഗരകബളിതം' എന്ന കഥ. "കാട്ടില്‍ അപകടത്തില്‍പ്പെട്ടു കിടന്ന ഒരു പെണ്ണിനെ കാട്ടാളന്‍ സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ച് മരണത്തില്‍നിന്നും രക്ഷിച്ചു. അവളല്പം സുന്ദരിയും അവനൊരു പുരുഷനും പരിസരം വിജനവുമായിരുന്നതു കൊണ്ട് അവനൊരുന്മിഷിതമുണ്ടായിപ്പോയി. അതിനവനെ കൊല്ലണോ?... ശരീരം മുക്കാലും വിഴുങ്ങി മരണത്തിന്‍റെ തിരനോട്ടം കാട്ടിക്കൊടുത്ത പെരുമ്പാമ്പിനെ കൊല്ലാന്‍ ദമയന്തിക്കായില്ല. പക്ഷേ, തന്നെ മരണത്തില്‍നിന്നും രക്ഷിച്ച കാട്ടാളനെ ഭസ്മമാക്കാന്‍ അവള്‍ക്കൊരു നിമിഷാര്‍ദ്ധംപോലും വേണ്ടിവന്നില്ല. അവള്‍ പാമ്പിനെ തനിക്കു കിട്ടിയ വരംകൊണ്ടു കൊന്നിരുന്നെങ്കില്‍ കാട്ടാളനെ നേരിടേണ്ടിവരില്ലായിരുന്നു. ഇനി, കാട്ടാളനെ കൊല്ലാന്‍ വേണ്ടിയാണോ അവള്‍ പെരുമ്പാമ്പിനെ വെറുതെ വിട്ടത്?" (പുറം. 62-63). ജാതിമേലാളന്മാരെ ഉത്തരം മുട്ടിക്കുന്ന റെട്ടറിക്കല്‍ ചോദ്യങ്ങള്‍ സി. അയ്യപ്പന്‍റെ കഥകളുടെ സവിശേഷതകളിലൊന്നാണ്. അതുപോലെ, കറുപ്പിന്‍റെ പതോളജി ഇതുപോലെ തുറന്നു ചര്‍ച്ചചെയ്യുന്ന വേറെ കഥകള്‍ മലയാളത്തിലില്ല.

കറുപ്പു വെറുമൊരു നിറമല്ല. എം. ആര്‍. രേണുകുമാര്‍ പറയുംപോലെ, 'കറുപ്പ് തൊലിയുടെ നിറത്തിനപ്പുറം (ഒരു) സമൂഹത്തിന്‍റെ നിറമാണ്' (കെണിനിലങ്ങളില്‍, പുറം. 15). അതു തകര്‍ക്കപ്പെട്ട ഒരു ജനതയാണ്. കല്ലേലിട്ട കലംപോലെ ഉടഞ്ഞ ജീവിതങ്ങളാണ്. ശബ്ദിക്കരുതെന്ന കല്പനകേട്ടു മൂകരായവര്‍. വഴിയേ നടക്കരുതെന്ന വിലക്കുമൂലം മുടന്തരായവര്‍. പിന്നാക്കര്‍. ഏഴെഴുപതുവട്ടം ആട്ടിയോടിക്കപ്പെട്ടവര്‍. കറുപ്പിന്‍റെ ശബ്ദവും ആജ്ഞാശക്തിയും വീണ്ടെടുക്കുകയല്ലാതെ വേറെ പോംവഴിയില്ല. അയ്യപ്പന്‍റെ 'പ്രസ്താവന' എന്ന കഥയില്‍ തന്ത്രപരമായ ഈ മാറ്റത്തിനു നാന്ദി കുറിക്കുന്നുണ്ട്: "ഞാന്‍ വീണ്ടും പറയുന്നു. ഒച്ചയുണ്ടാക്കരുത്. ഇനിയും വാക്കുകള്‍കൊണ്ടെ ന്നെ അപകര്‍ഷതാബോധത്തിന്‍റെ നരകത്തിലേക്കു തള്ളിയിടാനോ പലവട്ടം ചത്ത എന്നെ കൊന്നുവളമാക്കാനോ നിങ്ങള്‍ക്കു കഴിയില്ല" (പുറം. 118).

കറുപ്പ് സവര്‍ണതയുടെ/ വെളുപ്പിന്‍റെ ഇരയായിമാത്രം ഒതുങ്ങിക്കഴിഞ്ഞ നിന്ദയുടെ നാളുകള്‍ അവസാനിക്കുകയാണ്. കറുത്തവരുടെ 'നേരം വെളുക്കുകയാണ്.'


1. സി. അയ്യപ്പന്‍റെ കഥകള്‍, 2. എം. ആര്‍ രേണുകുമാര്‍, കെണിനിലങ്ങളില്‍, 3. Toni morrison, The Bluest Eye, 4. W.E.B. DuBois, The Souls of Black Folk, 5. Fanon, Black Skin, White Masks, 6. W.L. Guerin, etal, A Handbook of critical Approaches to Literature, 7. AliRattansi, Racism: A very short introduction.

Featured Posts

Recent Posts

bottom of page