top of page

കറുത്തവന്‍റെ ചോരയ്ക്ക് ഇന്നും വിലയില്ല

Dec 1, 2015

1 min read

Assisi Magazine
A local riot scene in Nigeria.

പാരീസിലെ കൂട്ടക്കുരുതിയില്‍ ലോകം ഒരുമിച്ച് നിന്ന് അവര്‍ക്കുവേണ്ടി കണ്ണീര്‍ വാര്‍ത്തു. എന്നാല്‍ ഈ ക്രൂരത അരങ്ങേറുന്നതിന് വെറും ഒരാഴ്ചമുമ്പ് ബൊക്കഹൊറം തീവ്രവാദികള്‍ നൈജീരിയായില്‍ നടത്തിയ കൂട്ടക്കുരുതിയില്‍ നഷ്ടപ്പെട്ട 2000 ത്തോളം വരുന്ന ജീവനെപ്പറ്റി എവിടെയും സംസാരം ഉണ്ടായില്ല. എന്തേ ഇന്നും കറുത്തവന്‍റെ ജീവന് വെളുത്തവന്‍റെ ജീവന്‍റെ അത്രയും വിലയില്ലാത്തത്?


"അവിടെ കൊലചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ്. കാരണം മുന്നറിയിപ്പ് ലഭിച്ചിട്ടും അവര്‍ക്ക് ഓടി രക്ഷപെടുവാന്‍ ആകുമായിരുന്നില്ല. ബാഗാറിലെ ഗ്രാമങ്ങളില്‍ കണ്ണെത്താദൂരത്തേയ്ക്ക് മൃതദേഹങ്ങള്‍ ചിന്നിചിതറിക്കിടക്കുകയായിരുന്നു". - അംനേസ്റ്റി ഇന്‍റര്‍നാഷണല്‍.


ബൊക്കഹൊറം തീവ്രവാദികള്‍ നടത്തിയ ഏറ്റവും വലിയ കൂട്ടക്കുരുതിയില്‍ ഒന്നാണിത്. കൂട്ടകുരുതിക്കു പുറമേ അംഗവിഹീനരായവരും അനാഥരാക്കപ്പെട്ടവരും അനവധി. മുപ്പതിനായിരത്തോളം ആളുകള്‍ തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് 'ചാഡ്' എന്ന രാജ്യത്തും മറ്റ് കേന്ദ്രങ്ങളിലുമായി അഭയം തേടിയിരിക്കുകയാണ്. ഇത്രയൊക്കെയായിട്ടും ഒരു ബ്രേക്കിങ്ങ് ന്യൂസോ ഒരു ലൈവ് റിപ്പോര്‍ട്ടോ ഒരു അന്തര്‍ദേശീയ ചര്‍ച്ചയോ ഈ കൂട്ടക്കുരിതിയെപ്പറ്റി ഉണ്ടായിട്ടില്ല. മനുഷ്യാവകാശപ്രവര്‍ത്തകയായ മിയാ ഫറോയ്ക്കും പറയാനുള്ളത് ഇതുതന്നെയാണ്.


നൈജീരിയയിലെ ജോസ് എന്ന അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പും നൈജീരിയന്‍ ബിഷപ്പ് കോണ്‍ഫറന്‍സിന്‍റെ പ്രസിഡന്‍റും ആയ ഇഗ്നേഷ്യസ് കൈഗമ പറയുന്നത് ശ്രദ്ധിക്കുക. "അന്തര്‍ദേശീയസമൂഹം ഇത്തരത്തിലുള്ള കൂട്ടക്കുരുതികള്‍ ഉണ്ടാകുമ്പോള്‍ അവരുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാറുണ്ട്. ലോകസമൂഹം എന്തെങ്കിലും കുറച്ചുകൂടി കാര്യക്ഷമമായി ഞങ്ങള്‍ക്കുവേണ്ടി ചെയ്യേണ്ടിയിരിക്കുന്നു. പാരീസില്‍ അരങ്ങേറിയതിലും എത്രയോ ഭീകരമാണ് ഇവിടെ നടമാടുന്ന ക്രൂരതാണ്ഡവങ്ങള്‍. നൈജീരിയന്‍ കൂട്ടക്കൊലയെപ്പറ്റി ഇവിടെ ആരും ശബ്ദിക്കുന്നില്ല.

ബൊക്കഹൊറം ഒരു നൈജീരിയന്‍ പ്രശ്നം മാത്രമായി കരുതേണ്ട ഒന്നല്ല. അത് ലോകത്തില്‍ മുഴുവന്‍ വ്യാപിക്കാന്‍ പോകുന്ന ഒന്നാണ്. ജനാധിപത്യത്തെയും അതിന്‍റെ സ്വപ്നങ്ങളെയും വ്യാപനത്തേയും എതിര്‍ക്കുന്ന ബൊക്കഹൊറം തീവ്രവാദികള്‍ വരാന്‍പോകുന്ന പ്രസിഡന്‍റ് ഇലക്ഷനെയും അട്ടിമറിക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

Featured Posts

bottom of page