top of page

ഹൃദയരക്തത്തിന്‍റെ കൂട്ട്

Feb 5, 2022

3 min read

ജോയി മാത്യു
A couple sitting peacefully in a bench

(ഫെബ്രു. 13 ദമ്പതീദിനം)

ഒരു കൂട്ട് ആരാണ് ആഗ്രഹിക്കാത്തത്..! ഏറെ പറയാതെയും ഏറെ മനസ്സിലാക്കുന്ന ഒരാള്‍... ഏറ്റക്കുറച്ചിലുകളുണ്ടാകുമ്പോഴും ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തുന്ന ഒരാള്‍... ഒറ്റപ്പെടലുകള്‍ക്കും ഏകാന്തതയ്ക്കും വിട്ടുകൊടുക്കാതെ നിഴലായി ഒപ്പമൊരാള്‍... കുറവുകളെപ്പറ്റി പറഞ്ഞ് മാറ്റി നിര്‍ത്താത്തയാള്‍... ഒരാലിംഗനംകൊണ്ട്, ഒരു ചുംബനം കൊണ്ട് കണ്ണീര്‍ത്തിരയില്‍ നിന്ന് മഴവില്ല് വിരിയിക്കുന്നയാള്‍... ഏതു വേനലിലും തണലായി... ഏതു കുളിരിനും കമ്പളമായി... ഇണയും തുണയുമായി കൈ പിടിക്കേണ്ടയാളെക്കുറിച്ച് വെറുതെ ചോദിച്ചു നോക്കൂ, ഇതിനെക്കാള്‍ വലിയ മഹാകാവ്യങ്ങള്‍  ഒരു വീര്‍പ്പിലങ്ങ് എഴുതിക്കളയുമെന്നതു തീര്‍ച്ച.

എന്നിട്ടും  ഒന്നിച്ചു പ്രതിജ്ഞയെടുത്തു യാത്ര തുടങ്ങിയ ചുറ്റുവട്ടത്തെ ചില കൂട്ടുകള്‍ അതിന്‍റെ കലമ്പലുകള്‍ കൊണ്ടു നമ്മെ അമ്പരപ്പിക്കുന്നു. ചട്ടീം കലവുമാണെന്ന പ്രയോഗം കൊണ്ട്, പണ്ടേ ഒറ്റത്തുരുത്തുകളായി പോയ അവരെ നാം സാമാന്യ വല്‍ക്കരിക്കുന്നു. ഒരേ മേല്‍ക്കൂരയ്ക്കു കീഴിലെ അപരിചിത ഭൂഖണ്ഡങ്ങളായി വാഴുന്നവര്‍ വിഷാ ദഭ്രമങ്ങളിലുഴറുമ്പോള്‍, അവര്‍ക്കെന്തിന്‍റെ കുറവാണ് എന്നു നാം ആശ്ചര്യപ്പെടുന്നു. ദാമ്പത്യ ചരടിനു കുറുകെ ഉയരുന്ന ഇത്തിള്‍ക്കണ്ണികളുടെ തണ ലിടങ്ങള്‍ കണ്ടു സ്തോഭപ്പെടുന്നു. തിരികെയെടുക്കാനാവാത്ത വിധം കപ്പല്‍ച്ചേതങ്ങളില്‍ കുടുങ്ങിപ്പോയവരെക്കുറിച്ച് നെടുവീര്‍പ്പിടുന്നു. രണ്ടു പേര്‍ക്കിടയിലൊരു പുഴയുണ്ട് എന്ന് ആലങ്കാരികമായി പറയുമെങ്കിലും യഥാര്‍ത്ഥത്തില്‍  ഇടയിലുണ്ടായിരുന്നത് ഒരു മതിലായിരുന്നു എന്നു തിരിച്ചറിഞ്ഞ് നടുങ്ങുന്നു.

കൂടെയല്ലാത്ത, കൂടെയില്ലാത്ത വെറും പ്രദര്‍ശന കൂട്ടുകള്‍...! താലിച്ചരടിന്‍റെ ബന്ധനം കൊണ്ടു നോവുന്നവര്‍...! കുട്ടികളെപ്രതി സമരസപ്പെടുന്നവര്‍..! കൂട്ടിലകപ്പെട്ടു പോയെന്നു വിലപിക്കുന്നവര്‍.

കൂട്ടിന്‍റെ ഇമ്പമാണ് കുടുംബമെന്നു ധ്യാനഗുരുക്കള്‍. കൂടെയുള്ളതിനെയും, ഒപ്പം കൊണ്ടുനടക്കുന്നതിനെയും വിട്ടകന്നാലേ, മറ്റൊന്നിനോടു കൂടാന്‍ കഴിയൂ. അതു കൊണ്ടാകണം സീറോ മലബാര്‍ സഭയുടെ വിവാഹ ചടങ്ങില്‍ 'എന്‍റെ പുത്രീ, ശ്രദ്ധിച്ചു കേള്‍ക്കുക, നിന്‍റെ ജനത്തെയും പിതൃ ഗൃഹത്തെയും മറന്നുകളയുക...' എന്ന സങ്കീര്‍ ത്തനം പാടുന്നത്. അതുമല്ലെങ്കില്‍, 'അനന്തരം പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട് ഭാര്യയോട് ചേരു'മെന്ന പൗലോസിയന്‍ ദര്‍ശനം വായിക്കുന്നത്. ഇതുവരെ നടന്ന വഴിയല്ല, ഇനി നമുക്കൊരു വഴി നടക്കാനുണ്ട്. സുഖത്തിലും ദുഃഖത്തിലും ആരോഗ്യത്തിലും രോഗത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും ഒരേ മനസ്സു പങ്കിടുന്ന വഴി. സ്നേഹത്തിന്‍റെ വഴി. പുതുതായി ഒരു ശരീരമായി മാറുന്ന, നമ്മുടേതു മാത്രമായ വഴി. എനിക്കു നിന്നേക്കാള്‍ വലുതായി മറ്റാരുമില്ല, നിനക്ക് എന്നെക്കാളും വലുതായും.

കുടുംബം നടത്തുന്നതിനെ 'നയിപ്പ്' എന്നു വിളിക്കുന്ന ഒരു ഗ്രാമ്യശൈലിയുണ്ട്. പുതുവഴി വെട്ടി നടക്കാനിറങ്ങുന്നവരുടെ നയിപ്പിനെ അപകടത്തിലാക്കാന്‍ കഴിയുന്ന ചിലരുണ്ട്. ആരും പുറമേയുള്ളവരല്ല. എല്ലാരും അകമേ തന്നെയാണ്. ഏതു വണ്ടി വാങ്ങണമെന്നും, കുഞ്ഞിനേതു പേരിടണമെന്നതും തുടങ്ങി അത്താഴത്തിന്‍റെ മെനുവരെ 'ഡിക്ടേറ്റ്' ചെയ്യുന്ന ചില അകം പ്രതിഷ്ഠകള്‍. ചിലപ്പോ അതു ചെക്കന്‍റെ കൂട്ടരാകാം. മറ്റു ചിലപ്പോ പെണ്ണിന്‍റെയും. മൂന്നു വര്‍ഷമായി പിരിഞ്ഞു താമസിച്ചിരുന്ന യുവദമ്പതികളുടെ ഒത്തൊരുമിപ്പ് ചര്‍ച്ച നടക്കുകയാണ് അരമനയില്‍. വാതില്‍ തുറന്ന്  ഇറങ്ങി വന്ന വൈദികന്‍ ഇരു കുടുംബത്തെയും ബന്ധുക്കളോട് കൈ കൂപ്പി അപേക്ഷിച്ചു - 'ഒരു വലിയ സഹായം വേണം.'

' എന്താ ...' എന്നായി ബന്ധുക്കള്‍.

'മേലാല്‍... നിങ്ങടെ തലതിരിഞ്ഞ ഉപദേശങ്ങളും കൊണ്ട് ഈ കുട്ട്യോള്‍ടെ മുറ്റത്തു കയറരുത്. അവരെങ്ങനെയെങ്കിലും ഒന്ന് ജീവിച്ചോട്ടെ.' അന്ന് ഒരു കുടുംബം ഒന്നായി. കുഞ്ഞിന് അപ്പനെ തിരികെ കിട്ടി. അപ്പനു കുഞ്ഞിനെയും. 

നയിപ്പിനു പണം വേണം. തല ചായ്ക്കാന്‍ സുരക്ഷിതത്വമുള്ള ഇടം. പട്ടിണിയില്ലാത്ത വയര്‍. പുറത്തിറങ്ങുമ്പോള്‍ ഇത്തിരി വൃത്തിയുള്ള വസ്ത്രം. മക്കള്‍ക്ക് വിദ്യാഭ്യാസം - ഇതിനെല്ലാം പണം തന്നെ വേണം. എല്ലാം കരുതി, ബാങ്കു ബാലന്‍സും ബാക്കി വച്ചിട്ടു ജീവിതം ആരംഭിക്കുക എളുപ്പമല്ല. രണ്ടു ശരീരമാണെങ്കിലും ഒരു മനസ്സുണ്ടായിരുന്നാല്‍ മതി. ബാക്കിയൊക്കെ താനേ ഉണ്ടായി വന്നോളും. രണ്ടു പേരുടെ കൂട്ടുകെട്ടുകൊണ്ട് നേടാന്‍ കഴിയാത്തതൊന്നും ഈ ലോകത്തില്ല.  കറന്‍സിയുടെയും പൊന്നിന്‍റെയും കണക്കു പുസ്തകങ്ങള്‍ പലപ്പോഴും ഒരു മനസാകാന്‍ അനുവദിക്കാത്ത വിധം ഞാനും നീയുമെന്ന്, എന്‍റേതും നിന്‍റേതുമെന്ന് രണ്ടുപേരെയും യുദ്ധഭൂമിയുടെ രണ്ടറ്റത്തു നിര്‍ ത്തുന്നു. ലാഭനഷ്ടങ്ങളുടെ കണക്കു വായനകള്‍ക്കിടയില്‍ സ്നേഹം ചോര്‍ന്നുപോകുന്നു. സ്വയം നഷ്ടപ്പെടുത്തുന്ന കളിയുടെ പേരാണു സ്നേഹമെന്ന് എവിടെയോ വായിച്ചത് ഓര്‍മ്മിക്കുന്നു.

സ്നേഹം മാത്രമേയുള്ളു പോം വഴി. എന്‍റേത് എന്നു പറഞ്ഞ് ഒന്നും റിസര്‍വ് ചെയ്യാത്തവിധം തോറ്റുകൊണ്ടു മാത്രമേ പരസ്പരം നേടാനാവുകയുള്ളു. പരസ്പരം കുമ്പസാരക്കൂടുകള്‍ ആകുകയാണ് നന്ന്. ചതിക്കപ്പെടുമെന്ന ഭയമില്ലാതെ, അപമാനിക്കപ്പെടില്ല എന്ന ഉറപ്പോടെ, തന്‍റെ മോഹ ഭംഗങ്ങളും വേദനകളും ബലഹീനതകളും വീഴ്ചകളും ഏറ്റു പറയുന്ന ഇടമാണ് കുമ്പസാരക്കൂടിന്‍റെ ഒരു പാതി. അയാള്‍ക്കു പൊറുത്തു നല്‍കുന്ന, ബലം പകരുന്ന, സ്വപ്നം കാണാന്‍ ആകാശം തുറന്നു നല്‍കുന്ന ഇടമാണ് കുമ്പസാരക്കൂടിന്‍റെ മറുപാതി. അവിടെ നിന്നു ലഭിക്കുന്ന മനോബല ത്തിനും സന്തോഷത്തിനും പകരംവയ്ക്കാന്‍ ലോകത്ത് മറ്റൊന്നില്ല. ഇങ്ങനെ സന്തോഷം കൊണ്ടും മനോബലം കൊണ്ടും മറ്റെയാളെ ശക്തിപ്പെടുത്തുന്നയാളെയാണ് Better hal എന്നു വിളിക്കുക, ഒരവസരം കിട്ടിയാല്‍ എവിടെയും അക്കമിട്ടു കുറ്റപത്രം നിരത്തി വായിക്കുന്നവരെയല്ല. ചില വാക്കുകള്‍ പറയാതിരുന്നെങ്കില്‍ എത്രയോ ദാമ്പത്യങ്ങളിന്നും പൂവിട്ടു നില്‍ക്കുമായിരുന്നു.

സ്വന്തം ഇണയെക്കാള്‍ മെച്ചമെന്നു തോന്നിക്കുന്ന ആരെയോ കാണുമ്പോള്‍ മനസ് ഇച്ഛാഭംഗപ്പെട്ടു തുടങ്ങുന്നത് അസംതൃപ്തിയുടെ ലക്ഷണമാണ്. അന്നുമുതല്‍ അയാളുടെ ചിരിക്കു ഭംഗി പോരെന്ന് അവള്‍ക്കു തോന്നാം. അവളുടെ ഭക്ഷണത്തിനു രുചി പോരെന്ന് അയാള്‍ക്കും. എനിക്കു തെറ്റിപ്പോയെന്ന നെടുവീര്‍പ്പുകളെ പ്രസവിക്കുന്ന ഇരുട്ടു മുറികളായി കിടപ്പറകള്‍ മാറിപ്പോകാം. തനിക്കുള്ളതില്‍ സംതൃപ്തി അണയുന്ന നിമിഷം സന്തോഷത്തിന്‍റെ താക്കോല്‍ കളഞ്ഞു പോകുന്നു. 'ഇറിറ്റേഷന്‍' നിറഞ്ഞ മൂളല്‍ ശബ്ദങ്ങളായി ഭക്ഷണ മേശകള്‍ രൂപാന്തരപ്പെടുന്നു. ശൂന്യതയ്ക്കു കൂട്ടായി എത്തുന്ന സൈബറിടങ്ങള്‍ എത്രയോ ബന്ധങ്ങളുടെ ചുടുരക്തമൂറ്റി കുടിച്ചിരിക്കുന്നു. വി.ഗ്രന്ഥ ത്തില്‍ വച്ച് പ്രതിജ്ഞയെടുത്ത കൈകള്‍ സ്മാര്‍ട്ടു സ്ക്രീനുകളിലെത്തുമ്പോള്‍ ചിലതെല്ലാം മറക്കുന്നു, വഴുതിവീണു പോകുന്നു.

'ഞാനെന്‍റെ ഹൃദയം കൊടുത്തു' എന്ന് ആത്മാഭിമാനത്തോടെ പറയുന്ന ചില അവാര്‍ഡു നിശകള്‍ കണ്ടിട്ടുണ്ട്. സത്യമാണ്, അവരുടെ സൃഷ്ടികളില്‍ ആ രക്തത്തിന്‍റെ തുടിപ്പും ജീവനും ഇറ്റു നില്‍ക്കുന്നതു കാണാം. ഞാനെന്‍റെ ഹൃദയം കൊടുത്തു എന്നു പറയാന്‍ കഴിയുവോളം എന്‍റെ രക്തം തുടിക്കുന്നുണ്ടോ, ഞാന്‍ പണിതുയര്‍ത്തുന്ന കുടുംബത്തില്‍...!

ആര് അധികം കൊടുക്കുന്നുവോ, അവര്‍ അധികം നേടുന്നുണ്ട്.


Featured Posts

bottom of page