top of page

ഉടലാല്‍ അപമാനിതമാകുമ്പോള്

Jan 11, 2022

4 min read

effect after body shaming and over thinking

"ആരെങ്കിലും എന്നെയൊന്നു കൊന്നുതരൂ... ദയവായി...ആരെങ്കിലും," ഓസ്ട്രേലിയക്കാരനായ ഒന്‍പതുവയസ്സുകാരന്‍ ക്വാഡെന്‍ ബേയ്ല്‍സിന്‍റെതാണ് ഈ നിലവിളി. പൊക്കം കുറഞ്ഞതിന്‍റെ പേരില്‍ സ്കൂളില്‍ നിരന്തരം പരിഹസിക്കപ്പെടുന്ന പാവം ക്വാഡെന്‍, അവനൊഴുക്കിയ കണ്ണീരും അവന്‍ ഏറ്റുവാങ്ങിയ വേദനയും എന്‍റെയുള്ളില്‍ സൃഷ്ടിച്ച കോളിളക്കത്തിന്‍റെ സൃഷ്ടിയാണ് ഈ കുറിപ്പ്. തൊലിയുടെ നിറത്തിലും ശരീരത്തിന്‍റെ അളവുകളിലും വടിവുകളിലും സൗന്ദര്യത്തിന്‍റെ അളവുകോല്‍ കണ്ടെത്തുന്നു നമ്മുടെ സമൂഹം. ആ അളവുകോലനുസരിച്ച് ഭാരതീയ സ്ത്രീയെന്നാല്‍, വെളുത്തുമെലിഞ്ഞിരിക്കണം. ചര്‍മ്മം മൃദുലമായിരിക്കണം. മുഖക്കുരു പാടില്ല. ശരീരം രോമരഹിതമാവണം. പുരുഷനോ, പൊക്കമുള്ള ദൃഢമായ പൗരുഷമുള്ള ശരീരമുള്ളവനും. പുരുഷനും സ്ത്രീയും ഉടലപമാനന(Body Shaming)-ത്തിന് ഇരയാകുന്നുണ്ട്. ശരീരത്തിന്‍റെ പേരില്‍ മനുഷ്യരെ പരിഹസിക്കുകയും ഇകഴ്ത്തുകയും ചെയ്യുന്ന നീചപ്രവൃത്തിയെയാണ് ഉടലപമാനനമെന്നു പറയുക. രണ്ടുപേര്‍ ഏറെക്കാലത്തിനുശേഷം കണ്ടുമുട്ടുമ്പോള്‍പോലു മുള്ള ആദ്യ അഭിവാദ്യം ശാരീരികസ്ഥിതിയെക്കുറിച്ചുള്ള ഒരു വിലയിരുത്തലിന്‍റെ അകമ്പടിയോടെയാകും: 'തടിച്ചല്ലോ?' 'ഏയ് വല്ലാതെ മെലിഞ്ഞുപോയി!', 'കെളവനായല്ലോ', 'ഓ നിന്‍റെ മുഖത്തിനിതെന്തുപറ്റി, നിറയെ കുരുവാണല്ലോ?' ഇങ്ങനെപോകും പരാമര്‍ശങ്ങള്‍. എന്തുകൊണ്ടാവാം 'ഉടലപമാനനം' നമ്മുടെ സമൂഹത്തില്‍ ഇത്രയധികം വ്യാപകമായിരിക്കുന്നത്?


മാധ്യമങ്ങള്‍

സ്ത്രീകള്‍ ഉള്‍പ്പെട്ട വിവാദങ്ങള്‍ക്ക് അഥവാ അപവാദങ്ങള്‍ക്ക് മാധ്യമങ്ങള്‍ പ്രത്യേകിച്ചൊരു എരുവും പുളിയും പകരുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകണം. വായനക്കാരെ അല്ലെങ്കില്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന കുടിലതന്ത്രമാണിത്. വാര്‍ത്തയില്‍ അല്പം 'മസാല' ചേര്‍ന്നാലേ ജനങ്ങള്‍ക്ക് പിടിക്കൂ എന്നവര്‍ കരുതുന്നു. ആദ്യമാദ്യം അതു വായനക്കാരന്‍റെ അഥവാ പ്രേക്ഷകന്‍റെ മനസ്സിനെ സ്വാധീനിച്ചെന്നുവരില്ല. പതിയെ അവര്‍ അത്തരം വാര്‍ത്തകള്‍ തേടിച്ചെല്ലും. വ്യക്തിയുടെ വ്യക്തിത്വത്തെയും സ്വഭാവത്തെയും പിന്തള്ളി ബാഹ്യരൂപം മേല്‍ക്കൈ നേടുന്ന ഒരു സമൂഹം അചിരേണ അങ്ങനെ സൃഷ്ടിക്കപ്പെടും. മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ച് അധമപരാമര്‍ശങ്ങള്‍ നടത്തുന്ന സാമൂഹികവിരുദ്ധര്‍ സത്യത്തില്‍ ഈ പ്രതിഭാസത്തിന്‍റെ  ഇരകള്‍ മാത്രമാണ്.


പരസ്യങ്ങള്‍

'ഉടലപമാനന'  സംസ്കാരം വളര്‍ത്തുന്നതില്‍ മര്‍മ്മപ്രധാന പങ്ക് 'പരസ്യ'ങ്ങള്‍ക്കുണ്ട്. സൗന്ദര്യവര്‍ധകവസ്തുക്കളുടെ പരസ്യങ്ങളുടെ പ്രധാനലക്ഷ്യം അവരുടെ ഉല്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനായി ഒരു 'അളവുകോല്‍' സൃഷ്ടിക്കുക എന്നതാണ്. ആളുകളുടെ മനസ്സില്‍ ഇടമുള്ള ഒരാളെ അതിനു 'മോഡലായി' തിരഞ്ഞെടുക്കുന്നു. പുരുഷന്‍റെയും സ്ത്രീയുടെയും സൗന്ദര്യത്തിന്‍റെ നിലവാരം നിര്‍വ്വചിക്കുന്ന ഒരു സൂത്രവാക്യം ഈ പരസ്യം കാണുന്ന പ്രേക്ഷകരുടെ തലച്ചോറില്‍ താനേ രൂപപ്പെടുന്നു. ആ മനോഭാവത്തില്‍ പെട്ടുപോകുന്ന ആള്‍ ആ 'നിലവാര'ത്തിന് യോജിക്കാത്ത ശരീരമുള്ളവരെ സ്വയമേവ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നു.


ചലച്ചിത്രങ്ങള്‍

ചലച്ചിത്രങ്ങള്‍ പൊതുവേ സമൂഹത്തിന്‍റെ കണ്ണാടിയായാണ് കരുതപ്പെടുക. തിരിച്ചും. മനുഷ്യരുടെ മനോഭാവത്തെ ആകമാനവും സമൂഹത്തെ പൊതുവെയും ചലച്ചിത്രങ്ങള്‍ സ്വാധീനിക്കുന്നു. തെന്നിന്ത്യന്‍ ചലച്ചിത്രങ്ങളില്‍ തടിയുള്ള മനുഷ്യന്‍ തമാശയ്ക്കുള്ള 'വിഭവ'മാണ്. സ്കൂള്‍കുട്ടികളുടെ ആരാധനയ്ക്കും അനുകരണത്തിനും പാത്രമാകുന്ന ചലച്ചിത്രങ്ങളിലെ സംഘട്ടനരംഗങ്ങളില്‍ ഇറുക്കമുള്ള കുപ്പായം ധരിച്ച പൊണ്ണത്തടിയനായ പ്രതിനായകനില്‍നിന്ന്, മെലിഞ്ഞുനീണ്ട ദൃഢഗാത്രനായ മെഴുകുപ്രതിമ പോലെ കുറ്റമറ്റ പൗരുഷത്തിന്‍റെ മൂര്‍ത്തിമദ്ഭാവമായ നായകന്‍ പേലവഗാത്രിയായ നായികയെയും മറ്റും രക്ഷിക്കുന്നു. ശരീരത്തിന്‍റെ ഉടലപമാനനത്തിന് അരങ്ങൊരുക്കുന്നതില്‍ മുഖ്യപങ്ക് ചലച്ചിത്രങ്ങള്‍ക്കുണ്ട്.  


സാമൂഹികമാധ്യമങ്ങള്‍

ട്രോളിങ്ങും(Trolling) പാരഡീയിങ്ങും (Paradying) കുറച്ചുവര്‍ഷങ്ങളായി സമൂഹമാധ്യമങ്ങളിലെ  ഹരമാണ്. ഏറെ പ്രശസ്തരും ബഹുമാനിതരുമായ ആളുകള്‍പോലും ശരീരത്തെ സംബന്ധിച്ച അപമാനപ്രസ്താവനകളുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പരസ്പരം കടിച്ചുകീറുന്നതും കണ്ണീരൊഴുക്കുന്നതും നാം കാണുന്നു. അതേ സമയം അറിയപ്പെടാത്ത ആയിരങ്ങള്‍ ഉടലിന്‍റെ പേരില്‍ നിരന്തരം അപമാനിക്കപ്പെടുന്നത് ആരും അറിയാതെ പോകുന്നു. അവരുടെ അമര്‍ഷം അവരുടെയുള്ളില്‍ അടിച്ചമര്‍ത്തപ്പെടുന്നു. അവരുടെ കണ്ണീര്‍ ആരും കാണാത്ത മുറിവായി എരിയുന്നു.

ശരീരത്തെ ഇകഴ്ത്തുന്ന ഒരു വാചകമോ ഒരു വാക്കോ പോലും ഉണ്ടാക്കുന്ന ഉള്‍മുറിവ് ഉണങ്ങാന്‍ ഒരു ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന സാന്ത്വനചികിത്സയോ കൗണ്‍സിലിങ്ങോ വേണ്ടിവന്നേക്കാം. ഒരു മനുഷ്യനെ അത്യന്തം അപകര്‍ഷതാബോധത്തിലേക്ക്, ആത്മവിശ്വാസമില്ലായ്മയിലേക്ക് തള്ളിവിടാന്‍ തക്കവിധം ശക്തമാണ് ഉടലപമാനനം. അത് വ്യക്തിബന്ധങ്ങളില്‍ വിള്ളലുകള്‍ സൃഷ്ടിച്ചേക്കാം. അപമാനത്തിന് ഇരയാകുന്ന വ്യക്തി കൂടിച്ചേരലുകള്‍, വിവാഹങ്ങള്‍, പാര്‍ട്ടികള്‍ മുതലായ സാമൂഹികസാഹചര്യങ്ങളില്‍നിന്ന് പിന്മാറിയെന്നു വരാം.

ഒരു ദിവസം ശരാശരി 28 കൗമാരപ്രായക്കാര്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് 'ഹിന്ദു' ദിനപത്രം റിപ്പോര്‍ട്ടു ചെയ്യുന്നു. നമ്മുടെ പുതുതലമുറക്ക് എന്തു സംഭവിച്ചു? ആരാണ് ഇക്കാര്യത്തില്‍ യഥാര്‍ത്ഥ കുറ്റവാളി? സ്വഭാവരൂപവത്കരണത്തില്‍ കുടുംബങ്ങള്‍ക്ക് പ്രധാന പങ്കുണ്ട്. സ്നേഹം, ബഹുമാനം, ആദരവ്, ഉത്തരവാദിത്തം, വിനയം, ആത്മീയത തുടങ്ങിയ ഉത്തമമൂല്യങ്ങള്‍ കുട്ടികള്‍ പരിശീലിക്കുന്നത് കുടുംബത്തില്‍ നിന്നാണ്. അണുകുടുംബസങ്കല്പം ബന്ധങ്ങളെ വലിയൊരളവോളം തകര്‍ത്തു. ആളുകള്‍ അധികമധികം അവനവന് മാത്രം പ്രാധാന്യം കല്‍പ്പിക്കുന്നു. കുടുംബാംഗങ്ങള്‍ ഒരുമിച്ച് ചേരുന്ന സമയം കുറഞ്ഞുവരുന്നു. സ്മാര്‍ട്ഫോണ്‍ കമ്പനി വിവോ(Vivo)യും സൈബര്‍ മീഡിയ റിസേര്‍ച്ചും (Cybermedia Research)ചേര്‍ന്ന് ഇന്ത്യയില്‍ നടത്തിയ സര്‍വ്വേ* അനുസരിച്ച് ഒരു ഇന്ത്യക്കാരന്‍ ഒരു വര്‍ഷം ശരാശരി 1800 മണിക്കൂര്‍ സ്മാര്‍ട്ഫോണില്‍ ചെലവിടുന്നുവെന്ന് തെളിഞ്ഞു. അനിയന്ത്രിതമായ 'ഓണ്‍ലൈന്‍' ജീവിതം വ്യക്തിയുടെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിക്കുന്ന ജനശ്രദ്ധ അവരുടെ മനസ്സിനെ പൂര്‍ണമായി മാറ്റിമറിച്ചേക്കാം. ശ്രദ്ധ പിടിച്ചുപറ്റാന്‍ കണ്ഠക്ഷോഭം നടക്കുന്ന വഴിവാണിഭമേളകളില്‍ പ്രസാദാത്മകവും ക്രിയാത്മകവുമായ ചിന്തകളേക്കാള്‍ ഇരുണ്ടവികാരങ്ങളാകും കൂടുതല്‍ ആകര്‍ഷകമാകുക. 'ഇരുളു' മായുള്ള നിരന്തരസമ്പര്‍ക്കം അമിതമായി ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരെ 'ഇരുളില്‍' തന്നെ തളച്ചിടുന്നു. അവര്‍ എല്ലാറ്റിന്‍റെയും ഇരുണ്ടവശം മാത്രം കാണുന്നു. 'കണക്ട്വിറ്റി'യുടെ യഥാര്‍ത്ഥ വില അവര്‍ അങ്ങനെ ഒടുക്കുന്നു.

'ഡിജിറ്റല്‍ മിനിമലിസം' എന്ന (Digital Minimalism) പുസ്തകത്തില്‍ കാള്‍ ന്യൂപോര്‍ട്ട് (Carl Newport) ഒരു സംഭവം ചൂണ്ടിക്കാട്ടുന്നു. യു.എസ്. ലെ അറിയപ്പെടുന്ന സര്‍വകലാശാലയിലെ മാനസികാരോഗ്യ സേവനവിഭാഗത്തിന്‍റെ മേധാവിയുമായി അദ്ദേഹം ഒരിക്കല്‍ സംസാരിക്കുകയുണ്ടായി. വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യത്തില്‍ ഗുരുതരമായ വൈകല്യങ്ങള്‍ കാണുന്നതായി അവര്‍ അദ്ദേഹത്തോട് പറഞ്ഞു. കാമ്പസിലെ മാനസികാരോഗ്യകേന്ദ്രത്തില്‍ അടുത്തിടെ വരെ എത്തുന്ന കേസുകളെല്ലാം തന്നെ ദശകങ്ങളായി കൗമാരക്കാരില്‍ കാണുന്ന 'വീടുവിട്ടു നില്‍ക്കുന്നതുമൂലമുള്ള വിഷമം(Homesickness), ഭക്ഷണപ്രശ്നങ്ങള്‍, വിഷാദം(depression), അപൂര്‍വ്വം ചിലരില്‍ അനിയന്ത്രിതമായ ഉല്‍കണ്ഠ(Obsessive Compulsory disorder OCD) എന്നിവ മാത്രമായിരുന്നു. പിന്നീട് എല്ലാം മാറിമറിഞ്ഞു. മാനസികാരോഗ്യ പ്രശ്നങ്ങളുമായി കൗണ്‍സിലിംഗിന് എത്തുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞകാലം കൊണ്ട് കുത്തനെ കൂടി. അപൂര്‍വ്വം ചിലരില്‍ മാത്രം കണ്ടിരുന്ന കടുത്ത ഉല്‍കണ്ഠയുമായാണ് അവരിലേറെപ്പേരും എത്തുന്നത്.  ആളുകള്‍ അവരുടെ രൂപത്തിലും പഠനത്തിലും തൊഴിലിലും സാമൂഹിക സാമ്പത്തിക സ്ഥിതിയിലും ആവശ്യത്തിലധികം ഉല്‍കണ്ഠാകുലരായി. അവരുടെ മനസ്സ് അതീവദുര്‍ബലമായി. മേല്‍പ്പറഞ്ഞ 'ഉല്‍കണ്ഠകളില്‍' എവിടെയെങ്കിലുമൊന്ന് തൊട്ടാല്‍ പൊട്ടിത്തെറിക്കും വിധം ദുര്‍ബലം. സ്മാര്‍ട്ട്ഫോണിലും സാമൂഹികമാധ്യമങ്ങളിലും വളര്‍ന്ന വിദ്യാര്‍ത്ഥികളുടെ വരവോടെയാണ് ഉല്‍കണ്ഠയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വര്‍ധിച്ചത്.

ഒരു മുറിയുടെ നാല് ചുവര് അല്ലെങ്കില്‍ മനസ്സിന്‍റെ ഇരുണ്ട മൂല നല്‍കുന്ന ആത്മവിശ്വാസം മാത്രം മതി സമൂഹമാധ്യമത്തില്‍ എന്ത് പരാമര്‍ശവും 'പോസറ്റ്' ചെയ്യാന്‍ എന്ന അവസ്ഥ സമൂഹമാധ്യമ 'കാലം' സൃഷ്ടിച്ചു. നിങ്ങള്‍ പോസ്റ്റുചെയ്യുന്ന അവഹേളനാംശമുള്ള ഓരോ പരാമര്‍ശവും ആരോ ഒരാളെ മുറിവേല്പ്പിക്കുന്നുണ്ട്. ചിലപ്പോള്‍ വാക്കുകള്‍ വാളുകളേക്കാള്‍ മൂര്‍ച്ചയുള്ളതായി മാറുന്നു. ഒരാളുടെ ശരീരത്തെക്കുറിച്ച് നാം നടത്തുന്ന ഒരൊറ്റ പരാമര്‍ശം അയാളെ അത്യധികം ഗുരുതരമായി ബാധിച്ചേക്കാം. അതവരെ വിഷാദത്തിലേക്കോ അത്യധികം അപകര്‍ഷതയിലേക്കോ നയിച്ചേക്കാം.

ആളുകളെ നമ്മുടെ അളവുകോല്‍ വച്ച് അളക്കുന്നതിനുപകരം കുറച്ചൊരു പക്വത നാം പുലര്‍ത്തേണ്ടതുണ്ട്. ഉള്‍ക്കൊള്ളലിന്‍റെ സഹാനുഭൂതിയുടെ തലത്തിലേക്ക് നാം ഉയരേണ്ടതുണ്ട്. ആരെയും പരിഹസിക്കരുത്. ആരുടെയും പരിഹാസത്തില്‍ തകരുകയുമരുത്. മറ്റുള്ളവരുടെ വിമര്‍ശനത്തിന് കാതുകൊടുക്കാതെ ആത്മവിശ്വാസത്തോടെ ആരോഗ്യകരമായ ജീവിതരീതി സ്വയം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ശരിയാണ,് തടി ഒരു ശാരീരികപ്രശ്നമാണ്. അത് ആരോഗ്യത്തിനു ഹാനികരമാണ്. ശാരീരികക്ഷമത ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യവുമാണ്. പക്ഷേ തടിയുടെ പേരില്‍ ആരെയെങ്കിലും അവഹേളിക്കാന്‍ അതൊന്നും കാരണമാകുന്നില്ല. ഒരാളുടെ സ്വഭാവമാണ് ശരീരത്തിലെ കൊഴുപ്പല്ല അയാളുടെ ജീവിതത്തെയും പ്രവൃത്തിയെയും അടയാളപ്പെടുത്തുന്നതെന്ന് നമുക്ക് മറക്കാതിരിക്കാം. ഒരാളുടെ കഴിവിനെയും സ്വഭാവത്തെയും അളക്കാന്‍ ശരീരത്തിന്‍റെ ആകൃതിയോ പ്രകൃതിയോ നിറമോ വലുപ്പമോ, ശാരീരികക്ഷമതയോ അളവുകോലായിക്കൂടാ. വംശീയ അവമതിപ്പുകളെ പ്രോത്സാഹിപ്പിക്കുന്നു വെന്നതിന്‍റെ പേരില്‍ വര്‍ഷങ്ങളായുള്ള വിമര്‍ശനങ്ങളുടെ ഒടുവിലാണ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് അവരുടെ ഫെയര്‍ ആന്‍ഡ് ലൗലി എന്ന ഉല്‍പന്നത്തിന്‍റെ പേര് ഗ്ലോവ് ആന്‍ഡ് ലൗലി എന്നാക്കി മാറ്റിയത്. ശരീരത്തില്‍ മെലാനിന്‍ എന്ന രാസവസ്തുവിന്‍റെ അളവാണ് തൊലിയുടെ നിറം നിശ്ചയിക്കുക. മാതാപിതാക്കളില്‍ നിന്ന് ലഭിച്ച 'ജീനുകള്‍' ശരീരത്തിന്‍റെ വണ്ണം നിശ്ചയിക്കുന്നതില്‍ 50 മുതല്‍ 70 വരെ ശതമാനം പങ്കുവഹിക്കുന്നു. നമ്മില്‍ പലര്‍ക്കും ഇക്കാര്യമൊക്കെ നന്നായി അറിയാം. എങ്കിലും 'സുന്ദരി'കള്‍ക്കിഷ്ടമായ 'പുരുഷ' ശരീരങ്ങളെക്കുറിച്ചും തിരിച്ചുമുള്ള പരസ്യക്കമ്പനികളുടെ 'വാചക'ത്തില്‍ നാം വീണുപോകുന്നു.

നമ്മുടെ രാജ്യത്ത് വിദ്യാബാലനെയും നിത്യാമേനോനെയും സൊണാക്ഷി സിന്‍ഹയെയും പോലുള്ള ചലച്ചിത്രനടിമാര്‍ ശരീരത്തിന് സവിശേഷപ്രാധാന്യം നല്‍കുന്ന റോളുകള്‍ നിരാകരിച്ച് മാതൃക കാട്ടുകയുണ്ടായി. ഉടലിന്‍റെ പേരില്‍ അപമാനിക്കുന്ന ലോകത്തില്‍ 'നാണക്കേട്' കൂടാതെ ജീവിക്കാന്‍ സമൂഹത്തിനു ആത്മവിശ്വാസം നല്‍കുന്നു, യുട്യൂബര്‍ പ്രജാക്താകോഹ്ലിയുടെ 'ഷെയിംലെസ്സ്' എന്ന ഗാനം. ഇത്തരം പ്രസാദാത്മകമായ മാറ്റങ്ങള്‍ പ്രകടമെങ്കിലും നാം ഒരുപാടു ദൂരം മുന്നോട്ടു പോകേണ്ടതുണ്ട്. എല്ലാ യാത്രകളും ഒരു ചുവടുവയ്പില്‍ നിന്നാണ് ആരംഭിക്കുക. നമ്മുടെ ശരീരത്തില്‍ നമുക്ക് സ്വസ്ഥരും സ്വതന്ത്രരുമായിരിക്കാം. അപരരെ അതിന് അനുവദിക്കുകയും ചെയ്യാം. ഇതു നിങ്ങളുടെ ശരീരമാണ്. മറ്റുള്ളവര്‍ക്ക് അതിനെ വിലയിരുത്താന്‍ അവകാശമില്ല, നിങ്ങള്‍ക്കല്ലാതെ.

ഉള്‍ക്കൊള്ളലിന്‍റെ, സ്നേഹത്തിന്‍റെ സഹിഷ്ണുതയുടെ പാഠം നമുക്ക് പരിശീലിക്കാം. ആത്മാഭിമാനത്തോടെ ജീവിക്കാം. ജീവിക്കാന്‍ അനുവദിക്കാം.

അടിക്കുറിപ്പ് :-* ഇന്ത്യയിലെ എട്ടു വന്‍കിട നഗരങ്ങളില്‍ 18 നും 45നും ഇടയില്‍ പ്രായമുള്ള രണ്ടായിരം പേരില്‍ നടത്തിയ സര്‍വ്വേയില്‍ 36% സ്ത്രീകളും 64% പുരുഷന്മാരുമായിരുന്നു.


മൊഴിമാറ്റം: ടോം മാത്യു

Featured Posts

bottom of page