top of page

നിഷ അനില്‍കുമാറിന്‍റെ പുതിയ നോവലാണ് 'ഹോളോകോസ്റ്റ്'. ഈ ശീര്‍ഷകം വായിക്കുമ്പോള്‍ ആദ്യം ഓര്‍മവരുന്നത് ഹിറ്റ്ലര്‍ നടത്തിയ കൂട്ടക്കൊലകളാണ്. എന്നാല്‍ ആ അര്‍ത്ഥത്തിലല്ല എഴുത്തുകാരി ഈ വാക്കിനെ സമീപിക്കുന്നത്. സ്ത്രീകളുടെ ഉള്ളില്‍ നടക്കുന്ന, ജീവിതത്തില്‍ സംഭവിക്കുന്ന വിഭിന്നങ്ങളായ അനുഭവങ്ങളുമായി ബന്ധപ്പെട്ടാണ് നിഷ 'ഹോളോകോസ്റ്റിനെ' വിശദീകരിക്കുന്നത്. അവളുടെ മനസ്സിലും കുടുംബജീവിതത്തിലും ബന്ധങ്ങളിലും എല്ലാം നിരന്തരം നടക്കുന്ന കൊലയ്ക്കു സമാനമായ അനുഭവങ്ങളുടെ സംഘാടമാണ് 'ഹോളോകോസ്റ്റ്' എന്ന വാക്കില്‍ ഉള്ളടക്കിയിരിക്കുന്നത്. സ്ത്രീകഥാപാത്രങ്ങള്‍ അന്വേഷണത്തിനിറങ്ങുകയാണ്. സാത്താന്‍ സേവയ്ക്കും, നരബലിക്കും മയക്കുമരുന്നു മാഫിയയ്ക്കും ഇടയിലൂടെ കഥാപാത്രങ്ങള്‍ യാത്ര നടത്തുന്നു. സ്ത്രീകളുടെ പക്ഷത്തുനിന്ന് ലോകത്തെ അടയാളപ്പെടുത്താനാണ് നിഷ ശ്രമിക്കുന്നത്. സ്ത്രീകളുടെ സ്വത്വാവിഷ്കാരത്തിന്‍റെ സാധ്യതകള്‍ അന്വേഷിക്കുകയാണ് എഴുത്തുകാരി ചെയ്യുന്നത്.
പ്രതീക്ഷയോടെ യാത്ര തിരിക്കുന്ന സ്ത്രീകഥാപാത്രങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ നിരവധിയാണ്. എങ്കിലും അവര്‍ക്ക് മുന്നേറാതിരിക്കാനാവില്ല. അത് അവരുടെ നിയോഗമാണ്. "ജീവിതത്തിലെ സകല സാഹചര്യങ്ങളും പ്രതികൂലമായി നില്‍ക്കുമ്പോഴും ഏറ്റെടുത്ത ദൗത്യം പൂര്‍ത്തിയാക്കാന്‍ വിവേകിയായ ഒരാള്‍ക്കുള്ള അവശേഷിക്കുന്ന ആശ്രയമാണ് പ്രതീക്ഷ". ഈ ബലത്തിലാണ് അരുണയും തുഷാരയും ശ്രീപ്രിയയുമെല്ലാം സഞ്ചരിക്കുന്നത്. നമുക്കിടയിലുള്ള അനേകം സ്ത്രീകളെ മുന്നോട്ടു നയിക്കുന്നതും പ്രതീക്ഷയാണല്ലോ.
ഒരു വശത്ത് വലിയ പുരോഗതികള്‍ ഉണ്ടാകുന്ന കാലമാണിത്. എന്നാല്‍ നരബലിപോലുള ്ള പ്രാകൃതാചാരങ്ങള്‍ ഇപ്പോഴും നടക്കുന്നു. അടുത്തകാലത്ത് കാലം പിന്നോട്ടു സഞ്ചരിക്കുന്നുവോ എന്ന് സന്ദേഹം തോന്നുന്ന പലതും സമൂഹത്തില്‍ നടക്കുന്നു. ശാസ്ത്രത്തിന്‍റെ സൗകര്യങ്ങള്‍ ഉപയോഗിക്കുമ്പോഴും മനസ്സുകൊണ്ട് ഇരുണ്ട ലോകത്തില്‍ ജീവിക്കുന്നവര്‍ ധാരാളമുണ്ട്. വിശ്വാസത്തിന്‍റെ പേരില്‍ കാട്ടിക്കൂട്ടുന്നതെന്തെല്ലാമാണ്? കുടുംബത്തിനുള്ളിലും, ബന്ധങ്ങള്‍ക്കിടയിലുമെല്ലാം ഏതോ കാലത്തിന്‍റെ അവശേഷിപ്പുകള്‍ നിലനില്‍ക്കുന്നു. സ്ത്രീയുടെ ബലി ഇപ്പോഴും തുടരുന്നു.
"ഒരു കുടുംബത്തിനുള്ളില്‍ നിയമമുണ്ടാക്കുന്നത് വ്യക്തികള്‍ക്കു സന്തോഷമുണ്ടാകുവാന്‍ വേണ്ടിയാണ്. സന്തോഷം കിട്ടുന്നില്ലെങ്കില്‍ നിയമം പ്രായോഗികമല്ലെന്നാണ് അര്‍ത്ഥം" എന്ന് അരുണ പറയുന്നുണ്ട്. എല്ലാ പാരമ്പര്യങ്ങളുടെയും അലിഖിതനിയമങ്ങളും സ്ത്രീയ്ക്കെതിരാകുന്ന വൈപരീത്യം അവരുടെ ജീവിതത്തില്‍ അസ്വസ്ഥതകള്‍ നിറയ്ക്കുന്നു. അതുകൊണ്ടാണ് സ്ത്രീകള്‍ ഒന്നുചേര്‍ന്ന് അന്വേഷണത്തിനിറങ്ങുന്നത്. ജീവിതത്തെ സ്വയം നിര്‍വ്വചിക്കാന്‍, പൊരുള്‍ കണ്ടെത്താന്‍ അവര്‍ ശ്രമിക്കുന്നത്. അസാധിതമായ ഒരപരലോകം സൃഷ്ടിക്കാന്‍ അവര്‍ പരിശ്രമിക്കുന്നു! 'അഭിമാനത്തെക്കാള്‍ സ്നേഹത്തെ പുല്‍കുന്ന പുരുഷനുമാത്രമേ സ്ത്രീയെ മനസ്സിലാക്കാനാവൂ' എന്ന അരുണയുടെ കാഴ്ചപ്പാട് എന്നും പ്രസക്തമായി മാറുന്നു. 'ബലിക്കല്ലുകള്‍ പെണ്ണിനുവേണ്ടി മാത്രം നിര്‍വ്വചിക്കപ്പെടുന്നത് എന്തുകൊണ്ടാവുമെന്ന് ഏതെങ്കിലും സ്ത്രീ ചിന്തിച്ചിട്ടുണ്ടാകുമോ? എന്ന ചോദ്യവും മുഴക്കമുള്ളതാണ്.
ആചാരങ്ങളാല്‍ ബദ്ധമാണ് നമ്മുടെ ജീവിതം. ആചാരലംഘനങ്ങളുടെ ചരിത്രവും നമുക്കുണ്ട് എന്നാല്‍ ഏതാണ് തെറ്റ്, ഏതാണ് ശരി എന്ന് നിര്‍ണ്ണയിക്കുക അത്ര എളുപ്പമല്ല. നിയമംകൊണ്ട് അവസാനിപ്പിക്കാന്‍ പറ്റാത്ത ചില ആചാരങ്ങള്‍ ഏതുകാലത്തും മനുഷ്യകുലത്തില്‍ അവശേഷിക്കും എന്നതാണ് വസ്തുത. ധര്‍മ്മത്തെ അലക്കിവെളുപ്പിക്കാന്‍ കടന്നുവരുന്നവര്‍ പലതും തിരുത്താന്‍ ശ്രമിക്കുന്നു. ചരിത്രത്തിന്‍റെ താളുകള്‍ സമ്പന്നമാക്കുന്ന ചില ബലികള്‍ അനിവാര്യവുമാണ്. ചോരവീഴ്ത്താത്ത ബലികളുടെ തുടര്‍ച്ചയും ചരിത്രത്തില്‍ കാണാം.
ദാമ്പത്യജീവിതത്തിന്‍റെ ദിനതലങ്ങള്‍ ഇവിടെ ഇഴവിടര്‍ത്തുന്നുണ്ട്. വീര്‍പ്പുമുട്ടുന്ന സ്ത്രീജന്മങ്ങള്‍ ഒരു തുടര്‍ച്ചയാണ്. ആരൊക്കെയോ നിശ്ചയിക്കുന്നതുപോലെ യാന്ത്രികമായി ജീവിക്കാന്‍ വിധിക്കപ്പെടുന്നവര്‍ക്കിടയില്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങുന്നു. അപ്പോള്‍ പുതിയ ചിന്തകള്‍, കാഴ്ചപ്പാടുകള്‍ വികസിക്കുന്നു. "ഓരോ വീട്ടിനുള്ളിലെ തീരുമാനങ്ങളും ബന്ധുക്കളുടെയും സമൂഹത്തിന്‍റെയും ചിട്ടവട്ടങ്ങള്‍ക്കനുസരിച്ചാണ് നടപ്പിലാക്കപ്പെടുന്നത്. അതിനുള്ളിലെ മനുഷ്യരുടെ വികാരങ്ങള്‍ക്കോ മനസ്സിലെ ആഗ്രഹങ്ങള്‍ക്കോ അവിടെ സ്ഥാനമില്ല" എന്ന സത്യത്തിനുമുന്നില്‍ നിസ്സഹായരാകുന്നവരുടെ ജീവിതത്തിലെ വെളിച്ചം മങ്ങുന്നു.
ഭൂപടത്തില്‍ ഇപ്പോഴും അവശേഷിക്കുന്ന ജാതിമേല്‍ക്കോയ്മയുടെ അടയാളങ്ങള്‍ നാം തിരിച്ചറിയുന്നു. ജാതിവ്യവസ്ഥ അത്രയും സങ്കീര്‍ണ്ണമാണ്. നമ്മുടെ സമൂഹത്തിനെ ഒരു കാലത്ത് ശ്വാസം മുട്ടിച്ചിരുന്നതാണത്. ഇപ്പോഴും ജാതിയുടെ പിടി പൂര്‍ണ്ണമായും അയഞ്ഞിട്ടില്ല. അതിനിടയില്‍പ്പെട്ട് ചതഞ്ഞരയുന്ന നിസ്സഹായജന്മങ്ങള്‍ സത്യത്തിന്‍റെ മറ്റൊരു മുഖമാണ് വെളിപ്പെടുത്തുന്നത്. നവോത്ഥാനത്തിന്‍റെ പരിമിതികള്‍ 'അടിമകേരളത്തിന്‍റെ ചരിത്രം' അന്വേഷിക്കുന്നവള്‍ വ്യക്തമാക്കുന്നു. അവളുടെ ചിത്രം 'വര്‍ത്തമാനകാലത്തുനിന്നു ചരിത്രത്തിലേക്കും ചരിത്രത്തില്‍ നിന്നും ഭാവിയിലേക്കും ഉറ്റുനോക്കുന്നതാണ്.
'ഓരോ അവഗണനയും സ്നേഹരാഹിത്യത്തില്‍ നിന്നാണ് ഉത്ഭവിക്കുന്നത്' എന്ന് നാം മനസ്സിലാക്കുന്നു. സ്നേഹം പലപല തട്ടുകള്‍ വീതിച്ചു വിതരണം ചെയ്യപ്പെടുന്ന ക്രയവിക്രയത്തെക്കുറിച്ച് ചിന്തിക്കുന്നതുകൊണ്ടാണ് അതു ചെയ്യുന്നവര്‍ ദൈവത്തെയും തട്ടുകളിലാക്കി ചര്‍ച്ചുകളാക്കിയത് എന്ന സത്യം വിളിച ്ചുപറയുന്നവര് വിചാരണ ചെയ്യുന്നത് വലിയൊരു വ്യവസ്ഥിതിയെയാണ്. ആചാരങ്ങളെ വെല്ലുവിളിച്ചവര്‍ക്ക് ചരിത്രത്തില്‍ ഒരു സ്ഥാനമുണ്ട്. "നമ്മള്‍ ഒരുമിച്ച് ചെന്നെത്തേണ്ടത് സവര്‍ണാധിപത്യത്തിന്‍റെ കഴുമരത്തില്‍ പിടഞ്ഞുമരിച്ച കീഴാളന്‍റെ വീട്ടുമുറ്റത്താ"ണ് എന്ന തിരിച്ചറിവ് ഏറെ പ്രധാനമാണ്. ചരിത്രത്തെ മറ്റൊരുവിധത്തില്‍ അടയാളപ്പെടുത്താവുന്ന ചിന്തയാണ് എഴുത്തുകാരിയെ നയിക്കുന്നത്.
നാലു പെണ്‍ഹൃദയങ്ങള്‍ ജീവിതത്തിന്‍റെ നാലു മുഖങ്ങളാണ് കാണിച്ചുതരുന്നത്. 'ജീവിതത്തിന്‍റെ നാലു വഴികളിലൂടെ സഞ്ചരിച്ച് വിചിത്രമായ ഒരു പാതയോരത്തു കണ്ടുമുട്ടിയവരാണ് അവര്‍. അവര്‍ ഒത്തുചേര്‍ന്ന് ചരിത്രത്തിലൂടെ, കാലത്തിലൂടെ സഞ്ചരിക്കുന്നു, അന്വേഷിക്കുന്നു. ഈ പാതയില്‍ തെളിയുന്ന വ ൈവിധ്യപൂര്ണ്ണമായ ജീവിതങ്ങള്‍ എത്രയോ സ്ത്രീജന്മങ്ങളെയാണ് അടയാളപ്പെടുന്നത്. ചരിത്രം ഇപ്പോള്‍ വെറുമൊരു കാത്തിരിപ്പുകേന്ദ്രം മാത്രമായിരിക്കുന്നുവെന്ന് അവര്‍ തിരിച്ചറിയുന്നു.
വ്യവസ്ഥകള്‍ക്കപ്പുറം നിന്നുകൊണ്ട് ഒരാള്‍ മറ്റൊരാളോടു പ്രകടിപ്പിക്കുന്ന രീതിയാണ് സ്നേഹം എന്ന് ഒരു കഥാപാത്രം സ്നേഹത്തെ നിര്‍വചിക്കുന്നുണ്ട്. സ്നേഹവും നീതിയും പരിഗണനയും എല്ലാം അടങ്ങിയിരിക്കണം. നീതി കിട്ടാത്ത സ്ത്രീജന്മങ്ങളുടെ കഥകൂടിയാണ് എഴുത്തുകാരി പറയുന്നത്. നീതിക്കുവേണ്ടിയാണ് അവര്‍ അന്വേഷിക്കുന്നത്. ആ അന്വേഷണം സ്നേഹത്തിനുവേണ്ടിക്കൂടിയാണ് എന്നും നാം തിരിച്ചറിയുന്നു. നീതിക്കുവേണ്ടിയുള്ള പിടച്ചിലാണ് കഥാപാത്രങ്ങളുടെ ആത്മസംഘര്‍ഷത്തിനു നിദാനം. അനീതികള്‍ നിറഞ്ഞ സമൂഹത്തില്‍ നീതിക്കുവേണ്ടി ദാഹിക്കുന്നവരാണ് അ വര്.
മൂന്നുപെണ്ണുങ്ങള്‍ മാത്രമുള്ള ഒരു സ്വര്‍ഗം പണിയാന്‍ ആഗ്രഹിക്കുന്ന കഥാപാത്രങ്ങളെ നാം കാണുന്നു. പെണ്ണുങ്ങളില്ലാത്ത വീട് എങ്ങനെയാവുമെന്ന് ഏതെങ്കിലുമൊരു പുരുഷന് സങ്കല്‍പ്പിക്കാനാകുമോ? പക്ഷേ പുരുഷനില്ലാത്ത വീട് പണിയാന്‍ സ്വപ്നം കാണുന്ന എത്രയോ സ്ത്രീകളുണ്ടാവും എന്ന് എഴുത്തുകാരി കുറിക്കുന്നുണ്ട്. അതിന് ഒട്ടേറെ കാരണങ്ങളുണ്ട്. കുടുംബജീവിതത്തില്‍ കിട്ടാത്ത നീതിയില്‍ നിന്നാണ് പുതിയ ജീവിതത്തെക്കുറിച്ച് അവര്‍ ആലോചിക്കുന്നത്. നീതിയും സ്നേഹവും കരുതലും പുലരേണ്ടുന്ന വീടുകള്‍ വെറും കെട്ടിടങ്ങള്‍ മാത്രമാവുമ്പോള്‍ ചിലര്‍ ഇറങ്ങിനടക്കുന്നു. അങ്ങനെ നടക്കുന്നവര്‍ ഒത്തുചേരുമ്പോള്‍ അതൊരു വലിയ സഞ്ചാരമാകുന്നു. അവര്‍ പുതിയ ലക്ഷ്യങ്ങള്‍ കണ്ടെത്തുന്നു. അതില്‍ സന്തോഷം ഖനനം ചെയ്യുന്നു. അതാണ് അവയുടെ നിയോഗം.
തീവ്രമായ ആന്തരികസൗന്ദര്യങ്ങള്‍ക്കു മാത്രമേ മനുഷ്യമനസ്സിന്‍റെ ക്ഷതങ്ങള്‍ തിരിച്ചറിയാനും പരിഹരിക്കാനും സാധിക്കൂ എന്നറിയുന്ന നാലു സ്ത്രീകളെ നാം ഈ നോവലില്‍ കണ്ടെത്തുന്നു. അവര്‍ പരസ്പരം തുറന്നിടുന്നു. അപ്പോള്‍ ഒരപരലോകം വികസിച്ചുവരുന്നു. അതൊരു വലിയ സാധ്യതയാണ്. പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ട മനുഷ്യര്‍ക്കു സംഭവിക്കുന്ന അതിഭീകരമായ നിര്‍മ്മതയെക്കുറിച്ചു എഴുത്തുകാരി ചിന്തിക്കുന്നുണ്ട്.
'ഹോളോകോസ്റ്റ്' പല വിഷയങ്ങളും ചര്‍ച്ച ചെയ്യുന്ന നോവലാണ്. എങ്കിലും കേന്ദ്രഭാഗമായി വര്‍ത്തിക്കുന്നത് നാലുസ്ത്രീകളുടെ അന്വേഷണമാണ്. ജീവിത്തിന്‍റെ സാധ്യതകള്‍ അ ന്വേഷിക്കുകയാണവര്. ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. പരിഗണിക്കപ്പെടുകയെന്നതാണ് ഭൂമിയിലെ ഏറ്റവും വലിയ സന്തോഷം എന്നറിയുന്നവരാണവര്‍. എത്ര ദൂരം താണ്ടിയാണ് ഒരു മനുഷ്യജീവിതം ആ മലയുടെ കീഴിലെത്തുന്നത് എന്നതാണ് പ്രധാനചിന്ത. സ്നേഹത്തെക്കാള്‍, പ്രണയത്തെക്കാള്‍ മൂല്യമാണ് കരുതലെന്ന് അറിയുന്നവര്‍ പരസ്പരം താങ്ങും തണലുമാകാന്‍ ആഗ്രഹിക്കുന്നു. അപ്പോള്‍ പുതിയൊരു ലോകം വളര്‍ന്നുവരുന്നത് നാം കാണുന്നു.
നിഷ അനില്‍കുമാറിന്‍റെ 'ഹോളോകോസ്റ്റ്' ഉന്നയിക്കുന്ന ചോദ്യങ്ങള്‍ അത്യന്തം പ്രസക്തമാണ്. നാലുസ്ത്രീകളുടെ ആരായലുകള്‍ വിവിധലോകങ്ങളിലൂടെയുള്ള സഞ്ചാരമാകുന്നു. സര്‍ഗ്ഗാത്മകമായ സന്തോഷകരമായ കരുതലും സ്നേഹവും നീതിയും പ ുലരുന്ന ലോകത്തിനായുള്ള സ്ത്രീയുടെ അന്വേഷണമാണ് നോവല്‍ ആവിഷ്ക്കരിക്കുന്നത്. വ്യവസ്ഥകള്‍ വീര്‍പ്പുമുട്ടിക്കുമ്പോള്‍ കുതറിമാറി, സ്വന്തം ജീവിതത്തെ കണ്ടെത്താന്‍ പരിശ്രമിക്കുന്ന കഥാപാത്രങ്ങള്‍.. ഇതൊരു സാധ്യതയാണ്, സര്‍ഗ്ഗാത്മകമായ സാധ്യത. എവിടെയോ നീതിയുടെ, സ്നേഹത്തിന്‍റെ, കരുതലിന്‍റെ തീരം കാത്തിരിക്കുന്നുണ്ടെന്ന പ്രതീക്ഷയില്‍ അവര്‍ യാത്ര തുടരുന്നു.
(ഹോളോ കോസ്റ്റ് - നിഷ അനില്‍കുമാര്‍, മനോരമ ബുക്സ്)
Featured Posts
Recent Posts
bottom of page