top of page

ചില പുസ്തകങ്ങള്‍ അങ്ങനെയാണ്. എല്ലാ വായനയും മടക്കിവെച്ച് ഒന്ന് വിശ്രമിക്കാം എന്ന് കരുതുമ്പോഴാണ് അയാള്‍ വന്നു മൃദുലമായി തോണ്ടുന്നത്. 'എന്നെ വായിക്കുന്നില്ലേ?' അങ്ങനെയാണ് ആ പുസ്തകം എന്നെ തൊട്ടത്. ഒരു ഫേസ്ബുക്ക് പോസ്റ്റിലെ പ്രതികരണത്തില്‍ എഴുതിയിരിക്കുന്നു-- 'ഞാന്‍ ആ പുസ്തകം രണ്ടാം തവണ വായിക്കുന്നു, എത്ര വായിച്ചാലും കൊതി തീരാതെ.' പുസ്തകത്തിന്‍റെ പേര് കൊടുത്തിട്ടുണ്ട്. വിചിത്രമായി തോന്നിയ ഒന്ന ്. ഒരവി ശ്വാസത്തോടെ ഞാന്‍ ആ പേര് വീണ്ടും വീണ്ടും ഉരുവിട്ടു. ഞാന്‍ ഇന്നേവരെ കേട്ടിട്ടില്ല, കണ്ടിട്ടില്ല. വായിക്കണം, ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു. ഒരു ബുക്ക് ചെന്ന് മറ്റൊരു ബുക്കിനെ തൊടുമ്പോഴും ഒരാളെ തൊടു മ്പോഴും പുതിയ സാഹിത്യം വിരിയുന്നു എന്ന് ആരാ ണ് പറഞ്ഞത്?
1955ല്‍ മെക്സിക്കന്‍ എഴുത്തുകാരന്‍ ഹുവാന്‍ റുല്‍ഫോ (Juan Rulfo ) സ്പാനിഷ് ഭാഷയില്‍ എഴുതിയ നോവല്‍. സംസാരത്തില്‍ പിശുക്കനായ അയാള്‍ എഴുതിയ ഒരേയൊരു നോവല്‍. 20 വര്‍ഷക്കാലം എഴുതിയും തിരുത്തിയും വീണ്ടും വാക്കുകള്‍ക്കു മേല്‍ ഇനിയും അഴക് ചൊരിഞ്ഞ് നീണ്ട 20 വര്‍ഷങ്ങള്‍ കൊണ്ട് എഴുതിയ ആ പുസ്തകം. ഈ ഒരൊറ്റ നോവല്‍ കൊണ്ട് ലോകത്തിന്‍റെ അതിരുകള്‍ വരെ മെക്സി ക്കോയുടെ ശബ്ദം എത്തിച്ച എഴുത്തുകാരന്‍-- ഹുവാന്‍ റുല്‍ഫോ സാക്ഷാല്‍ ജോര്‍ജ് ബോര്‍ഹസ് ഏതു ഭാഷയിലെയും ഏറ്റവും ഉദാത്തമായ ക്ലാസിക് എന്ന് പുകഴ്ത്തിയ ആ പുസ്തകം. 1961ല്‍ Margaret Sayers Penden ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ആ പുസ്തകം. അതിനുശേഷം ഒരു മില്യന്‍ ആള്‍ക്കാര്‍ അമേരിക്കയില്‍ തന്നെ വായിച്ച ആ പുസ്തകം. പിന്നീട് മുപ്പതിലധികം ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയ, ഇതാണ് ജീവിതം എന്ന് വായനക്കാരെ പിടിച്ചിരുത്തുന്ന ആ പുസ്തകം. 1985ല്‍ വിലാസിനി (എം. കെ. മേനോന്‍)മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ആ പുസ്തകം വായിച്ചിട്ടുള്ളവര്‍ക്ക് പിടികിട്ടി കാണും. 'ആ പുസ്തകം പെട്രോ പരാമോ ആയിരുന്നു. ആ രാത്രി രണ്ട് തവണ വായിച്ചു തീരും വരെ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. പുസ്തകം മുഴുവന്‍ തന്നെ ഒരു തെറ്റും വരുത്താതെ തുടക്കം മുതല്‍ ഒടുക്കം വരെ ഓര്‍മ്മയില്‍നിന്ന് ഉദ്ധരിക്കാന്‍ എനിക്ക് കഴിയുമായിരുന്നു.' പെഡ്രോ പരാമോ എന്ന ഈ നോവലിനെ കുറിച്ച് വിഖ്യാത എഴുത്തുകാരന്‍ മാര്‍ക്കേസ് പറഞ്ഞ വരികള്‍ ആണിത്. പെഡ്രോ പരാമോ വായിച്ചിരുന്നില്ലെങ്കില്‍ ഏകാന്തതയുടെ 100 വര്‍ഷങ്ങള്‍ ഉണ്ടാകുമായിരുന്നില്ല എന്ന് സവിനയം പറഞ്ഞു മാര്‍ക്കേസ്..
പെഡ്രോ പരാമോ കയ്യില്‍ കിട്ടാന്‍ വൈകിയ ദിനങ്ങളില്‍ നടത്തിയ അന്വേഷണങ്ങള്‍ എന്നെക്കൊണ്ടെത്തിച്ചത് ഈ പുസ്തകം എന്തൊക്കെയോ ഒളിപ്പിക്കുന്നുണ്ട് എന്നാണ്. അതിനാല്‍ മുന്‍ധാരണകള്‍ ഇല്ലാതെ വായിക്കണം എന്ന ഒരു ധാരണയില്‍ എത്തി ഞാന്‍.. 'ഒരു പുസ്തകം വായിക്കുമ്പോള്‍ ചിലപ്പോള്‍ നമ്മള്‍ കേള്‍ക്കുന്നത് ഒരു സഹസ്രാബ്ദം മുന്‍പ് മറഞ്ഞ മനുഷ്യന്‍റെ ശബ്ദമാകും. വായന കാലങ്ങള്‍ താണ്ടുന്ന മഹായാത്രയാണ്' (കാള്‍ സാഗന്‍ ) പെഡ്രോ പരാമോ എന്ന ഈ നോവല്‍ അതിന്‍റെ ഏറ്റവും നല്ല ഉദാഹ രണവും.
പ്രമേയം
അമേരിക്കന്‍ ആധിപത്യം ലാറ്റിനമേരിക്കന്‍ യുദ്ധ കാലത്ത് ഉണ്ടാക്കിയ മെക്സിക്കോയിലെ തരിശു ഭൂമികളാണ് റൂള്‍ഫോയുടെ പശ്ചാത്തല വിശദീകരണം. അന്നത്തെ മെക്സിക്കന്‍ ഗ്രാമീണജീവിതത്തിന്‍റെ സജീവ സാന്നിധ്യമാണ് റോള്‍ഫോയുടെ എഴുത്തിന്‍റെ അസംസ്കൃത വസ്തു. പ്രകൃതിയുടെ കാര്‍ക്കശ്യത്തിനും മനുഷ്യജീവിതത്തിന്‍റെ ജീര്‍ണ്ണതയ്ക്കും തികച്ചും നിദര്‍ശനമായിരുന്നു റുല്‍ഫോ ജനിച്ചു വളര്‍ന്ന പ്രദേശം. വരണ്ട, മഴ കാണാത്ത, അടുപ്പത്തുവച്ച ചട്ടിപോലെ ചുട്ടു പഴുത്ത വിശാലമായ താഴ്വരകളും, കരിമ്പാറ കൂട്ടങ്ങള്‍ മാത്രമുള്ള ചാഞ്ഞും ചരിഞ്ഞും നില്‍ക്കുന്ന പരുക്കന്‍ കുന്നുകളും അംഗങ്ങളായി ഒറ്റപ്പെട്ടു കിടക്കുന്ന ഇടിഞ്ഞു പൊളിഞ്ഞ മിക്കവാറും ഉപേക്ഷിക്കപ്പെട്ട ഗ്രാമങ്ങളും വികൃതമാക്കിയ ആ പ്രദേശം നരകത്തിന്‍റെ പര്യായമാണെന്ന് പറയാം. നരകത്തില്‍ പോയവര്‍ കമ്പിളി പുതപ്പെടുക്കുവാന്‍ കൊമാലയിലേക്ക് തിരിച്ചുവരും പോലും. റൂള്‍ ഫോയുടെ കൃതികളുടെ പശ്ചാത്തലം ഈ തരിശു ഭൂമിയാണ്. സമയത്തിനും കാലത്തിനും ഇവിടെ അര്‍ത്ഥമേ ഇല്ല. പലപ്പോഴും ഭൂതത്തെയും വര്‍ത്തമാനത്തെയും ബന്ധിപ്പിക്കുന്നത് ചില മിത്തുകള്‍ ആണ്.(മാജിക്കല്‍റിയലിസ്സം.) മനുഷ്യന്‍റെ പ്രതീക്ഷകളും സ്വപ്നങ്ങളും അത് സാധ്യമാക്കാന്‍ ഉപയോഗിക്കുന്ന പ്രേരക ശക്തികളുമാണ് നോവലിന്‍റെ പ്രധാന പ്രമേയം. അതിപ്രധാനമായ മറ്റൊരു പ്രമേയമാണ് പ്രതികാരവാഞ്ഛ. നിരാശയും കുറ്റബോധവും പാപബോധവും അവിടെ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളും മാറിമാറി നോവലിന്‍റെ പ്രമേയങ്ങള്‍ ആകുന്നുണ്ട്. ഒരാള്‍ ചെയ്യുന്ന പാപത്തിന്‍റെ ഫലം തലമുറകളുടെ മേല്‍ പതിക്കും എന്ന വിശ്വാസം അവരില്‍ ശക്തമാണ്. മരിച്ചവരുടെ ആത്മാക്കള്‍ സംസാരിക്കുമെന്ന വിശ്വാസമാണ് ഈ നോവലിന്‍റെ പ്രമേയത്തില്‍ ഏറ്റവും പ്രധാനമായത്.
അങ്ങനെയാണ് കഥ വിരിയുന്നതും കൊമാല എന്ന ഗ്രാമത്തിന്‍റെ പൂര്‍വചരിത്രം വായനക്കാര്‍ക്ക് വെളിപ്പെട്ടു കിട്ടുന്നതും. കഥാപാത്രങ്ങളുടെ മാനസിക ചലനങ്ങളെ നേരിട്ട് ആവിഷ്കരിക്കുന്നതിന് പകരം അവരുടെ പെരുമാറ്റത്തിലൂടെയും പ്രവൃത്തികളിലൂ ടെയും സൂചിപ്പിക്കുകയാണ് റുല്‍ഫോ ചെയ്യുന്നത്. ഉപയോഗിക്കുന്ന ഭാഷയാകട്ടെ അലങ്കാരങ്ങള്‍ ഇല്ലാതെ നേര്‍ത്തതും കൊച്ചുകൊച്ചു വാചകങ്ങളില്‍ മുഴുമിപ്പിക്കുന്നവയുമാണ്. മരണത്തിന്‍റെ നിരന്തരമായ സാന്നിധ്യം ഈ നോവലില്‍ ഉടനീളം ഉണ്ട്. ഒപ്പം വന്യമായി ഓടിക്കൊണ്ടിരിക്കുന്ന ഒരു കുതിരയുടെ കുളമ്പടി ശബ്ദവും. കൊമാലയില്‍ മരണത്തോടുകൂടി ജീവിതമവസാനിക്കുന്നില്ല. മരിച്ചവര്‍ ഗതി കിട്ടാത്ത പ്രേതങ്ങളായി അലയും എന്ന വിശ്വാസം ഒരു വസ്തു തയായി അവതരിപ്പിച്ചിരിക്കുകയാണ് ഗ്രന്ഥകര്‍ത്താവ് ഈ നോവലില്‍. നോവലിലെ ഒരു പ്രധാന കഥാ പാത്രമായ എഡ്വിഗസ് ആത്മഹത്യ ചെയ്യുകയാല്‍ അവളുടെ ആത്മാവും കൊമാലയില്‍ ഗതികിട്ടാതെ അലഞ്ഞുനടക്കുന്നുണ്ട്. മരിച്ചവര്‍ പരാതിപ്പെടാറില്ലല്ലോ? പക്ഷേ അവരുടെ സംസാരങ്ങളില്‍ പരദൂഷണം പോലും കടന്നുവരുന്നുണ്ട്. ഉദാഹരണത്തി നായി 'അയാള്‍ക്ക് അത് വരണം, ഇത്രയും പോരാ.. നീ എപ്പോഴും ചീത്ത വശമേ കാണൂ' എന്നിങ്ങനെ യുള്ള സംസാരങ്ങള്‍ ശൂന്യമായ വീടുകളുടെ ഭിത്തികള്‍ക്ക് ഇടയില്‍ നിന്നുപോലും കേള്‍ക്കാമായിരുന്നു. ഫാദര്‍ റൊന്താരിയോ പാപബോധം അതികഠിനമായി മനുഷ്യമനസ്സുകളില്‍ വിതച്ചു കൊണ്ടേയിരുന്ന കൊമാലയിലെ പാതിരി ആയിരുന്നു. പാപമോചനം കിട്ടുവാന്‍ വിലയേറിയ ദ്രവ്യങ്ങള്‍ കൈക്കൂലിയായി വാങ്ങുക സാധാരണമായിരുന്നു. നരകത്തിലെ യാതനകളോട് താരതമ്യപ്പെടുത്തുമ്പോള്‍ ഭൂമിയിലെ പീഡകള്‍ ഒന്നുമല്ല. പാപികള്‍ക്കെതിരെ ദൈവത്തിന്‍റെ വിധി യെഴുത്ത് കര്‍ക്കശമാണ് എന്ന വിശ്വാസവും ഫാദര്‍ റെന്ത്തൊരിയോ മനുഷ്യ മനസ്സുകളില്‍ ശക്തമാക്കു ന്നുണ്ട്. ഒരിക്കലും അസ്തമിക്കാത്ത പ്രണയമാണ് നോവലിന്‍റെ മറ്റൊരു ശക്തമായ പ്രമേയം. ഏറ്റവും ഒടുവില്‍ ഇതിലെ കഥാപാത്രങ്ങള്‍ അവരുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും സഫലീകരിക്കാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ ഒന്നുംതന്നെ ലക്ഷ്യം കാണു ന്നില്ല. ശൂന്യതയുടെ ബോധമുളവാക്കുന്ന ഒരു നോവല്‍ എന്നുവേണം ഇതിനെ വിശേഷിപ്പിക്കുവാന്‍ എന്ന് പ്രശസ്ത സാഹിത്യ നിരൂപകന്‍ എം കൃഷ്ണന്‍ നായര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഹുവാന്‍ പേഴ്സിയാദോ എന്ന യുവാവ് കൊളീമയില്‍ നിന്നും കൊമാലയിലേക്ക് അമ്മയുടെ മരണക്കിടക്കയിലെ നിര്‍ദ്ദേശം അനുസരിച്ച് പിതാവായ പെഡ്രോ പരോമയെ തേടി വരുന്നതോടെയാണ് നോവല്‍ ആരംഭിക്കുന്നത്. അച്ഛനെ കാണുവാനും അവര്‍ക്ക് നിയമപരമായി കിട്ടേണ്ടതു മാത്രം വാങ്ങിവരുവാനും ആണ് അമ്മയുടെ അന്ത്യശാസനം. അമ്മ ഡോളോറെസിന്‍റെ കൈകളില്‍ അരുമയോടെ തഴുകി കൊണ്ട് അമ്മ പറഞ്ഞത് അനുസരിക്കാമെന്ന് ഹുവാന്‍ വാക്കു കൊടുക്കുന്നു. അമ്മയുടെ ഓര്‍മ്മയില്‍ പച്ചതഴച്ചു നില്‍ക്കുന്ന ഗ്രാമമാണ് കൊമാല. കൊമാ ലയുടെ ഗൃഹാതുരതയില്‍ എന്നും ദീര്‍ഘനിശ്വാസം ചെയ്തിരുന്നു ഡോളോറസ്. എന്നാല്‍ മകന്‍ ഹുവാന്‍ കാണുന്നത് ചുട്ടുപഴുത്ത മരുഭൂമി പോലെ ഒരു പാഴ് പ്രദേശമാണ്. അയാള്‍ക്ക് അങ്ങോട്ടേക്കുള്ള വഴി കാണിച്ചു കൊടുക്കുന്ന അബുന്‍ ഡിയോവിന്‍റെ ഭാഷയില്‍ കൊമാല നരകത്തിന്‍റെ വായാണ്. അവിടെ ആരും ജീവിച്ചിരിപ്പില്ല. പെഡ്രോ പരാമോയും മരിച്ചുപോയി. ഗ്രാമത്തിലെത്തി പകുതി വഴിയിലാണ് ജുവാന്‍റെ പേര് പോലും വായനക്കാര്‍ക്ക് വെളിപ്പെട്ടു കിട്ടുന്നത്. തന്‍റെ തലനിറയെ മരിച്ചവരുടെ ശബ്ദങ്ങളുടെ മുഴക്കങ്ങളും കോലാഹലങ്ങളും എന്ന് അവന്‍ ഭയപ്പെട്ട് കഥാ മധ്യത്തില്‍ തന്നെ മരണപ്പെടുന്നു. ശേഷം ഡോരോത്തിയോ എന്ന പ്രേത ആത്മാവിന്‍റെ ശവക്കല്ലറയില്‍ ആണ് അവനും ഇടം കിട്ടുന്നത്. ഇങ്ങനെ മരിച്ച പലരുടെയും ആത്മാക്ക ളുമായി സംസാരിച്ച അവന്‍ പെഡ്രോ പരാമോയെ കുറിച്ചും അയാളുടെ ക്രൂരതകളെക്കുറിച്ചും പ്രണ യത്തെ ക്കുറിച്ചും മരണത്തെക്കുറിച്ചും അറിയുന്നു. പെഡ്രോ പരാമയുടെ മരണത്തിന്‍റെ അതിമനോഹരമായ ദൃശ്യ വിവരണത്തോടെ നോവല്‍ അവസാനിക്കുമ്പോള്‍ ഒരു മൂടല്‍മഞ്ഞിനുള്ളില്‍ ആവൃതമായി ഞാന്‍ സമാധാന നിശ്വാസത്തില്‍ മയങ്ങിപ്പോയി. "I came here with hope' എന്നാണ് ജുവാന്‍ പേര്‍സി യാദോ കൊമലയില്‍ പ്രവേശിക്കുമ്പോള്‍ തന്നെ പറയുന്നത്. എന്നാല്‍ അമ്മയ്ക്ക് കൊടുത്ത വാഗ്ദാനം പാലിക്കാന്‍ സാധിക്കാതെ ജീവിതത്തിന്‍റെ അര്‍ത്ഥമില്ലായ്മയും പ്രതീക്ഷ ഇല്ലായ്മയും നിരാ ശയും മനസ്സില്‍ ബാക്കി വെച്ചാണ് അയാള്‍ മരണ ത്തിലേക്ക് മടങ്ങിപോകുന്നത്.. അപ്പോളും അയാള്‍ പറയുന്നുണ്ട്,'"Hope brought me here.' മരിച്ചവര്‍ക്കിടയിലുള്ള സംസാരങ്ങളാകയാല്‍ ഈ നോവലില്‍ കാലബോധത്തിന് ഒട്ടുംതന്നെ പ്രാധാന്യം കൊടുക്കുന്നില്ല. അതുകൊണ്ടുതന്നെ അദ്ധ്യായങ്ങളോ തലക്കെട്ടുകളോ കാലഘട്ടങ്ങളോ ഈ നോവലില്‍ അടയാളപ്പെടുന്നില്ല. ഇതിലെ കഥാപാത്രങ്ങളുടെ പ്രായം പോലും വായനക്കാരന് ഗണിച്ചെടുക്കുവാന്‍ സാധിക്കുകയില്ല. മരിച്ചവര്‍ക്കിടയിലുള്ള സംഭാഷണങ്ങള്‍ ജീവിച്ചിരിക്കുന്നവരുടേതിനേക്കാള്‍ സജീവമാണിതില്‍. ഇതുപോലൊരു നോവല്‍ ലോക സാഹിത്യത്തില്‍ത്തന്നെ വേറെ കണ്ടേക്കില്ല.
ഇതിലെ കഥാപാത്രങ്ങള്‍ ആര്‍ക്കും തന്നെ ഹുവാന്‍ റുല്‍ഫോ അതിരുവിട്ട വാഴ്ത്തുകള്‍ ഒന്നും കൊടുക്കുന്നില്ല. എങ്കിലും ചില കഥാപാത്രങ്ങള്‍ കൂടുതല്‍ ആഴത്തില്‍ മനസ്സില്‍ വേര് പിടിക്കുന്നുണ്ട്. അതില്‍ പ്രധാനി ഇതിലെ പ്രധാന കഥാപാത്രം പെഡ്രോ പരാമോ തന്നെ. പകയും വിദ്വേഷവും പ്രതികാരവും പ്രണയവും കാമവും എല്ലാം ഒരേസമയം മനസ്സില്‍ചൂഴ്ന്നു നില്‍ക്കുന്ന ഒരാള്‍. തികഞ്ഞ കുല്‍സിതത്വം- അതാണ് പെഡ്രോ പരാമോ. തന്‍റെ പിതാവ് ഡോണ്‍ ലൂക്കാസ് പരാമോയേ ചതിച്ചവര്‍ക്കെ തിരെയെടുത്ത പ്രതികാര നടപടിയേ തുടര്‍ന്നാണ് പെഡ്രോ പരാമോ കൊമാല മുഴുവന്‍ കൈക്കലാക്കുന്നത്. അവിടെ ഇയാള്‍ ഒരു ഫ്യൂഡല്‍ പ്രഭുവായി തന്നെ വിലസുന്നു."Here onwards we are the law' എന്നി യാള്‍ നോവലില്‍ ഒരു ഘട്ടത്തില്‍ പറയുന്നു പോലും ഉണ്ട്. പേഡ്രോയുടെ ചെറുപ്പകാലത്തെ കളിക്കൂട്ടുകാരി യായിരുന്ന സൂസാനയെ ജീവിതസഖിയായി ഇയാള്‍ക്ക് കിട്ടുന്നില്ല. അതിന്‍റെ ദുഃഖം ജീവിതം മുഴുവന്‍ അയാളെ വേട്ടയാടി. അയാള്‍ സ്വത്തിന് വേണ്ടി ആദ്യ ഭാര്യ ഡോലൊരെസ് പേര്‍സിയാദോയെ വിവാഹം ചെയ്തു. ഈ വിവാഹം കൊണ്ട് അയാളുടെ അച്ഛന്‍ വരുത്തിവച്ച പകുതിയിലധികം കടങ്ങളും ഇല്ലാതാക്കുന്നു. അയാള്‍ ഭാര്യയെയും അതില്‍ ഉണ്ടായ മകന്‍ ജുവാനെയും അംഗീകരിക്കുക പോലും ചെയ്യുന്നില്ല . അവര്‍ കൊമാല ഉപേക്ഷിച്ച് ജന്മനാടായ കൊളീമയിലേക്ക് മടങ്ങുകയാണ്. പെഡ്രോ പരാമോയ്ക്ക് പിന്നെയും പല വിവാഹങ്ങള്‍, ബന്ധങ്ങള്‍... എല്ലാ സ്ത്രീകളെയും ഒന്നിനുപുറകെ ഒന്നായി അയാള്‍ പിച്ചിച്ചീന്തി, ഒരു സാഡിസ്റ്റിന്‍റേതാകുന്നു അയാളുടെ മാനസിക അവസ്ഥ.. Psychiatry യില്‍ ഇങ്ങനെയൊരു മാനസിക അവസ്ഥ പോലും ഉണ്ട്. ആദ്യ പ്രണയിനിയെ നഷ്ടപ്പെടുന്ന പുരുഷന്മാര്‍ ജീവിതത്തില്‍ ഉടനീളം സ്ത്രീകളെ ആകര്‍ഷിക്കുകയും അവരുമായി സമാഗമിക്കുകയും ഒടുവില്‍ വലിച്ചെറിയുകയും ചെയ്യും. സ്ത്രീകളെ ആകര്‍ഷിക്കാന്‍ ശാരീരിക പ്രത്യേകതകളോ വാചാലതയോ ഉള്ളവര്‍ ആയിരിക്കും ഇവര്‍ പലപ്പോഴും. അവരുടെ ഉപബോധമനസ്സ് കണ്ടെത്തുന്ന ഒരു പ്രതികാര നടപടിയാണിത്. പെഡ്രോ പരാമോയെ സ്വീകരിക്കുവാനായി കൊമാലയിലെ സ്ത്രീകള്‍ മത്സരിച്ച് രാത്രികാലങ്ങളില്‍ വാതിലുകള്‍ തുറന്നിട്ട് അയാള്‍ക്കുവേണ്ടി കാത്തിരുന്നു എന്നത് വായന ക്കാരെ അത്രയ്ക്ക് അത്ഭുതപ്പെടുത്തേണ്ടതില്ല. പെഡ്രോ പരാമോ അത്രയും ആകര്‍ഷണീയനായ ഒരു വില്ലന്‍ നായക കഥാപാത്രമാണ്. അയാള്‍ ഒരു വില്ലന്‍ മാത്രമല്ല കൊമാലക്കാര്‍ക്ക് അയാള്‍ രക്ഷകന്‍ കൂടി യാണ്.. ഒരു പക്ഷേ ഹുവാന്‍ റുള്‍ഫോയുടെ സങ്കല്‍പ്പത്തില്‍ മാത്രം പിറവിയെടുത്ത ഒരു കഥാപാത്രം. പാത്രസൃഷ്ടിയില്‍ റോള്‍ഫോ വരുത്തുന്ന പേരുകള്‍ പോലും എത്ര അര്‍ത്ഥവത്താണ്? പെഡ്രോ പരാമോ എന്നാല്‍ പാറകളുടെ ഒരു വേസ്റ്റ് ലാന്‍ഡ് എന്നാണ്. എന്നാല്‍ ജുവാന്‍ പേര്‍സിയാ ദോയിലെ പേര്‍സി യാദോ എന്ന വാക്കിനര്‍ത്ഥം 'വാല്യൂബിള്‍ ' എന്നാണ്.
ഈ നോവലിന്‍റെ അകത്തളങ്ങളിലൂടെ നിലയ്ക്കാതെ വന്യമായി ഓടിക്കൊണ്ടിരിക്കുന്ന ഒരു കുതിരയുടെ കുളമ്പടി ശബ്ദം കേള്‍ക്കാം. അത് മിഗുവേല്‍ പരോമ എന്ന പെഡ്രോ പരാമോയുടെ ഏക അംഗീകൃത മകന്‍റെ കുതിരയുടേതാണ്. അച്ഛന്‍റെ ചീഞ്ഞ വ്യക്തിത്വം അതിനേക്കാള്‍ വികൃതമായി തന്നിലേക്ക് ആവാഹിച്ച ഇയാള്‍ സ്പര്‍ശിക്കാത്ത സ്ത്രീകള്‍ കൊമാലയില്‍ ഇല്ലായിരുന്നു. യജമാനനെ താഴെ തെറിപ്പിച്ചു വീഴ്ത്തി കൊന്ന കുതിരയുടെ കുറ്റബോധത്താല്‍ നിലയ്ക്കാത്ത കുളമ്പടിയൊച്ച ആരുടെ ചെവിയിലാണ് പതിക്കാത്തത്?
പെഡ്രോ പരാമോ തന്‍റെ ബാല്യകാലസഖിയും എക്കാലത്തെയും പ്രണയ മോഹവും ആയിരുന്ന സൂസാനയെ തന്റേതാക്കു വാന്‍ അവളുടെ അച്ഛനെ തന്ത്ര പൂര്‍വ്വം വലവീശുകയും കൊല്ലുകയും ഭര്‍ത്താവിനെ ഇല്ലാതാക്കുകയും ചെയ്തു. ഒടുവില്‍ അവള്‍ അയാളിലേക്ക് വരുന്നു എന്ന റിയുമ്പോഴുള്ള അയാളുടെ സന്തോഷം നോക്കൂ 'സ്വര്‍ഗ്ഗ വാതില്‍ തുറന്നതു പോലെയാണ് എനിക്ക് തോന്നിയത്.. നിന്‍റെ അടുക്കലേക്ക് ഓടിവരാന്‍ മനസ്സ് കുതി കുത്തി. നിറഞ്ഞ ആഹ്ലാദത്തില്‍ മുഴുകാന്‍. അതെ സൂസാനാ ഞാന്‍ കരയുക തന്നെ ചെയ്തു നീ തിരിച്ചു വരുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍.'
എന്നാല്‍ പെഡ്രോ പരാമോ സൂസാനയെ സ്വന്ത മാക്കുമ്പോള്‍ അവള്‍ സ്മൃതി നാശം വന്നവളെ പോലെ ഭ്രാന്തിന്‍റെ ലക്ഷണങ്ങള്‍ കാണിക്കുന്നവളായിരുന്നു. അവള്‍ക്ക് വിയര്‍ക്കുന്ന മുഖം, തുറിച്ച നോട്ടം തലയിണയില്‍ മാന്തുന്ന കൈകള്‍. പെഡ്രോ പരാമോ അപ്പോഴും പുതിയ പുതിയ പെണ്‍കുട്ടികളെ പ്രാപിച്ചു കൊണ്ടേയിരുന്നു. അപ്പോഴെല്ലാം ആ ശരീരങ്ങള്‍ അയാള്‍ സൂസാനാ സാന്‍ ഹുവാന്‍റെതായി മാറ്റാന്‍ ശ്രമിച്ചു. അപ്പോഴും കൊമാലയില്‍ കാറ്റു വീശിക്കൊണ്ടേയിരുന്നു, ദുര്‍ഗന്ധം പരത്തി കൊണ്ട്. മരിച്ചവരുടെ ആത്മാക്കള്‍ സംസാരിച്ചുകൊണ്ടുമി രുന്നു, അവരെ കാലം മറക്കാതിരിക്കുവാന്‍.. സൂസാന സാന്‍ ഹുവാന്‍ പക്ഷേ വാതില്‍ അടച്ചിട്ട് എല്ലാവരെയും പുറത്താക്കി തനിയെ തന്‍റെ മുറിയില്‍ ആഹാരം കഴിക്കാതെ മരണത്തിനായി ഒരുങ്ങിക്കൊണ്ടിരുന്നു. തന്‍റെ സ്നേഹമയനായ ഫ്ലോറെന്‍സിയോ എന്ന ആദ്യ ഭര്‍ത്താവിനെ വകവരുത്തിയ പെഡ്രോ പരാമോയെ അകറ്റി നിര്‍ത്തുവാനുള്ള സൂസനയുടെ പ്രതികാര തന്ത്രമായിരുന്നു ഇതെന്ന് മനസ്സിലാക്കിയെടുക്കുവാന്‍ വായനക്കാര്‍ക്ക് അധികം ചിന്തിക്കേണ്ടി വരുന്നില്ല. പേഡ്രോ പരാമോ പക്ഷെ ഉള്ള് ഉറകുത്തി തുടങ്ങിയ മരക്കുറ്റി പോലെ ഒറ്റയ്ക്കായിരുന്നു. സൂസാനയുടെ അന്ത്യനിമിഷം പെഡ്രോ പരാമോ ഫാദര്‍ റൊന്താരിയോയുടെ അടുത്ത് മാറത്ത് കൈകെട്ടി വാതുക്കല്‍ നിന്ന് കാണുന്നുണ്ടായിരുന്നു. സൂസാന മരിച്ച പുലരി തീരെ തണുപ്പില്ലാത്ത ഒരു പ്രഭാതം ആയിരുന്നു. കൊമാലയിലെ എല്ലാ പള്ളികളിലെയും പള്ളിമണികള്‍ ഒരുമിച്ച് ശബ്ദം ഉണ്ടാക്കി. മണികളുടെ ശബ്ദത്തില്‍ ലയിച്ച് കൊമാലയില്‍ ഒരു ബാന്‍ഡ് സെറ്റ് ചന്ത സ്ഥലത്ത് കച്ചേരി ആരംഭിച്ചു. എല്ലാം കൂടി ഒരു ഉത്സവമായി വികസിച്ചു. ഇതിനിടയില്‍ സൂസനായുടെ ശവസംസ്കാരം ആരും അറിയുന്നില്ല. ഇതിനാല്‍ ഞാന്‍ കൊമാലയോട് പ്രതികാരം ചെയ്യുമെന്ന് പെഡ്രോ പരമോ ആണയിട്ടു...അയാള്‍ അതുതന്നെ ചെയ്തു..സൂസനയുടെ മരണശേഷം പെഡ്രോ പരാമോ മൗനം ഭജ്ജിച്ചില്ല, മുറിവിട്ട് ഇറങ്ങിയതുമില്ല. അയാള്‍ കൈ കെട്ടിയിരുന്നു. അതോടെ കൊമാല പട്ടിണി കിടന്നു. യുവാക്കള്‍ കൊമാല വിട്ടുപോയി. ബാക്കിയുള്ളവര്‍ പട്ടിണി കിടന്നു ചത്തു.
സൂസനായുടെ മരണം ഈ നോവലിലെ വല്ലാ ത്തൊരു ട്വിസ്റ്റ് ആണ്. അതിനുശേഷം പെഡ്രോ പരാമോ ജീവിച്ചിട്ടില്ല. മരണം കണക്ക് കുറച്ച് നാള്‍ കൂടി. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും സൂസനായെ കൊണ്ടുപോയ വഴിയിലേക്ക് കണ്ണുംനട്ട് നോക്കിയിരുന്ന ആ ഫ്യൂഡല്‍ പ്രഭു വിലപിക്കുന്നു. നീ എന്നെ വിട്ടു പിരിഞ്ഞിട്ട് ഒരുപാട് കാലങ്ങളായി അയാള്‍ കണ്ണടച്ചു....തിരിച്ചുവരാന്‍ ഞാന്‍ നിന്നോട് യാചിച്ചു.. ഞാന്‍ കുടിച്ചു വശം കെട്ടിരിക്കുന്നു. ക്രമേണ അയാള്‍ മരണത്തിലേക്ക് ആണ്ട് പോകുന്നു. സത്യത്തില്‍ അയാളുടെ ജാരസന്തതിയായ അബുന്‍ ദിയോ അയാളെ പുറകില്‍ നിന്ന് കുത്തി കൊലപ്പെടുത്തുകയായിരുന്നു.
പെഡ്രോ പരാമോയുടെ മരണ വിവരണ ദൃശ്യങ്ങള്‍ അതീവ ഹൃദയസ്പര്‍ശിയും ഒപ്പം കാല്പനിക മനോഹാരിത നിറഞ്ഞതുമാണ്. അയാളുടെ ശരീരഭാഗങ്ങള്‍ ഓരോന്നായി നിര്‍ജീവമാകുന്നു. സ്വര്‍ഗലോക വൃക്ഷങ്ങള്‍ ഇലപൊഴിച്ചുകൊണ്ട് ഉലയുന്നത് അയാള്‍ക്ക് കാണാമായിരുന്നു. 'എല്ലാവരും ഒരേ വഴി തിരഞ്ഞെടുക്കുന്നു, എല്ലാവരും പോകുകയും ചെയ്യുന്നു. നീയാകുന്ന ദിവ്യ ദൃശ്യം ഞാന്‍ കണ്ണിമ ക്കാതെ നോക്കിക്കൊണ്ട് നിന്നു. മഞ്ഞത്ത് സ്പടികം ആയിത്തീരുന്ന നിന്‍റെ ശരീരം.... സൂസന... സൂസനാ സാന്‍ ഹുവാന്‍... ' ഞാന്‍ മരിക്കുകയാണ് അയാള്‍ പറഞ്ഞു. ആ മരണത്തിന്‍റെ വിവരണം പോലും എത്ര ഹൃദ്യം.. അന്തരീക്ഷത്തിലെ ഉഷ്ണം അയാളുടെ ശരീരം ചൂടാക്കി. അയാളുടെ കണ്ണുകള്‍ ചലിച്ചതേ യില്ല. അവ ഓര്‍മ്മയില്‍ നിന്ന് ഓര്‍മ്മകളിലേക്ക് കുതിച്ചുചാടുകയായിരുന്നു, വര്‍ത്തമാനകാലത്തെ മായിച്ചുകൊണ്ട്. പെട്ടെന്ന് അയാളുടെ ഹൃദയം ഞൊടിയിടയില്‍ നിന്നു. കാലപ്രവാഹവും നിലച്ചതായി തോന്നി, പ്രാണനും. ഉള്ളില്‍ എന്തിനോ യാചിച്ചു കൊണ്ട് എന്നാല്‍ ഒറ്റ വാക്കും ഉരിയാടാതെ അയാള്‍ നിലത്ത് തീരെ ദുര്‍ബലനായി ഒന്നടിച്ചു..... പിന്നെ ഇടിയുന്ന കല്‍ക്കൂമ്പാരം പോലെ നുറുങ്ങി തകര്‍ന്നു പോയി. ഇത്ര മനോഹരമായ ഒരു മൃത്യു ദൃശ്യത്തോടെ ഒരു നോവലും ഇന്നേവരെ അവസാനിച്ചിട്ടില്ല. ഹുവാന്‍ റുല്‍ഫോ യ്ക്ക് മാത്രം സാധ്യമാകുന്ന ആഖ്യാന വിസ്മയം.. അവിസ്മരണീയമായ ഈ രണ്ടു മരണങ്ങള്‍ ഹുവാന്‍ റൂല്‍ഫോയുടെ മാന്ത്രിക വിരലു കളില്‍ നിന്നല്ലാതെ വേറെ എവിടെ നിന്ന് വരാന്‍....
മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും വ്യവഹാരമണ്ഡലത്തിലൂടെ സ്വപ്നസഞ്ചാരം നടത്തി സ്ഥലകാല വിവരണങ്ങള്‍ ഇല്ലാതെ കൊമാലയിലെ രാത്രികാല യക്ഷികളുടെ കുശു കുശുക്കലുകളിലൂടെ പെഡ്രോ പരാമോ എന്ന കൊമാലയുടെ ഫ്യൂഡല്‍ പ്രഭുവിന്‍റെ ദാരുണ അന്ത്യത്തിന്‍റെ കഥ പറയുന്നു ഹുവാന്‍ റൂള്‍ഫോ ഈ നോവലിലൂടെ. പെഡ്രോ പരാമോയ്ക്കും മിഗുവേല്‍ പരാമോയ്ക്കും അനേകം സന്തതികള്‍ ഉണ്ടായിരുന്നിട്ടും മരണശേഷം അയാ ളുടെ അളവറ്റ സ്വത്തുക്കള്‍ക്ക് അവകാശിയായി ആരേ യും ചൂണ്ടിക്കാണിക്കുവാന്‍ ആകുന്നില്ല.
ജീവിതവും മരണവും പരിഹാസ്യവും അര്‍ത്ഥ ശൂന്യവും എന്ന് ഹുവന്‍ റുല്‍ഫോ ആണയിട്ട് സ്ഥിരീക രിക്കുന്നു. അസമത്വം, അധികാരം, ഫ്യൂഡ ലിസം, ക്രൂരത എന്നിവക്കെതിരെ പെഡ്രോ പരാമോയേ മുന്നില്‍ നിര്‍ത്തി ഹുവാന്‍ റുല്‍ഫോ പ്രതിഷേധിക്കപ്രതിഷേധിക്കുകയാണ് ഈ നോവലിലൂടെ.
ഈ പുസ്തകത്തെ മാജിക്കല്‍ റിയലിസത്തിന്‍റെ ഉത്തമ ഉദാഹരണമായി നിരൂപകര്‍ ചിത്രീകരിക്കുന്നു. സ്വപ്നങ്ങളും, ആഗ്രഹങ്ങളും, നിരാശയും എല്ലാം കഥാപാത്രങ്ങള്‍ ആകുന്നതുപോലെ വായനക്കാരെ ഒരുതരം വിഭ്രാന്തിയില്‍ പോലും എത്തിക്കുന്നുണ്ട് ഈ അതുല്യ എഴുത്തുകാരന്‍. പലനിരൂപകരും ഇതിനെ ഒരുതരം Pshisophrenic hallucination ആയി ചിത്രീകരിക്കുന്നുണ്ട്. ലാറ്റിന്‍ അമേരിക്കന്‍ സാഹി ത്യത്തെ ഇത്രമാത്രം സ്വാധീനിച്ച മറ്റു നോവലുകള്‍ ഉണ്ടോ എന്ന് സംശയമാണ്. സ്പാനിഷ് അമേരിക്കന്‍ സാഹിത്യത്തിലെ ഏറ്റവും ഉത്കൃഷ്ടമായ കൃതികളില്‍ ഒന്നാണ് പെഡ്രോ പരാമോ എന്ന് നിരൂപകര്‍ അവകാശപ്പെടുന്നു. മാര്‍ക്കസിന്‍റെ ഏകാന്തതയുടെ നൂറുവര്‍ ഷവും അ സ്തൂറിയസ്സിന്‍റെ 'രാഷ്ട്രപതിക്കും' ഒപ്പമാണ് നിരൂപകര്‍ പെട്രോള്‍ പരാമോയ്ക്ക് സ്ഥാനം കല്‍പ്പിച്ചിട്ടുള്ളത്..
ആദ്യ വായനയില്‍ ഒന്നുംതന്നെ മനസ്സിലായേക്കില്ല എന്ന പരിഭാഷകന്‍ വിലാസിനിയുടെ ഏറ്റു പറച്ചില്‍ സത്യമായിതീരുന്നുണ്ട് പല വായനക്കാരിലും. പദാനുപദ വിവര്‍ത്തനമാണ് വിലാസിനി ചെയ്തിരിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, മലയാളം എന്ന രീതിയില്‍ മൂന്നു വായനയ്ക്കൊടുവിലാണ് ഞാനീ ആസ്വാദനം പൂര്‍ത്തിയാക്കുന്നത്.
പെട്രോള്‍ പരാമോയെ അസുലഭമായ അനുഭവമാക്കി മാറ്റുന്നത് അതിന്‍റെ ആവിഷ്കാര ശൈലിയാണ്. 'പോയറ്റിക് പ്രോസ്.' ഈ ആഖ്യാന തന്ത്രത്തിന്‍റെ സൗന്ദര്യത്തിലേക്ക് മരതക നീല നിറമുള്ള ഗലീലിയ കടലിന്‍റെ അടിത്തട്ടിലേക്ക് എന്നപോലെ വായനക്കാര്‍ മുങ്ങി നിവരുക തന്നെ ചെയ്യും. വായന പ്രിയമായവര്‍ എന്നെങ്കിലും ഈ നോവല്‍ വായിച്ചിരിക്കണം. ഇതൊരു ഔട്ട്ലൈന്‍ മാത്രമാണ്. ഓരോ വായനയിലും പത്തിരട്ടി വികസിച്ചു വികസിച്ചു വരുന്ന പെഡ്രോ പരാമോയ്ക്ക് മുന്‍പില്‍ ഞാന്‍ ഇനിയും കണ്ണുമിഴിച്ച് അന്തം വിട്ടിരുന്നു പോയേക്കാം.
ഹുവാന്‍ റുള്‍ഫോയ്ക്ക് മുന്‍പില്‍ ശിരസ്സ് നമിച്ചുകൊണ്ട്...
Featured Posts
Recent Posts
bottom of page