top of page
അസഹിഷ്ണുതകളെപ്പറ്റി ഓര്‍ക്കാതെയും വിശകലനം ചെയ്യാതെയും സഹിഷ്ണുതയെപ്പറ്റി ചിന്തിക്കാന്‍ നമുക്കാവില്ല. കാരണം ഭീകരവാദിയെയും ഒറ്റുകാരനെയും രാജ്യദ്രോഹിയെയും ഉണ്ടാക്കുന്നത് ഈ അസഹിഷ്ണുതയാണ്.
ഒരുദാഹരണസംഭവത്തില്‍നിന്നു തുടങ്ങാം. മുംബൈ ആക്രമിച്ച കസബ്, ചെയ്ത കുറ്റങ്ങള്‍ ഇന്ത്യന്‍ കോടതിയില്‍ എണ്ണിയെണ്ണി സമ്മതിക്കുകയുണ്ടായി. താന്‍ പാക്കിസ്ഥാന്‍ പൗരനാണെന്നു പ്രസ്തുത രാഷ്ട്രം സമ്മതിക്കായ്കയാലാണ് അതുവരെ കുറ്റം സമ്മതിക്കാതിരുന്നതെന്നും അദ്ദേഹംപറഞ്ഞു. അക്രമികളായ 38പേരില്‍ 35പേരും പാക്കിസ്ഥാന്‍കാരാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഈ കലഹത്തിനു കാരണം കാഷ്മീരാണ്. വാഗാ അതിര്‍ത്തിയിലെ അയല്‍പക്ക ഉപചാരങ്ങള്‍ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും സാധാരണ മനുഷ്യരെ വികാരംകൊള്ളിക്കുമ്പോഴും ജന്മാന്തരസാഹോദര്യങ്ങള്‍ അവരെ വീര്‍പ്പുമുട്ടിക്കുമ്പോഴും തന്നെയാണു കാര്‍ഗിലില്‍ ഇരുവിഭാഗം പട്ടാളക്കാരും ചത്തുവീഴുന്നതും കസബുമാര്‍ അറബിക്കടലിലൂടെ ബോംബും തോക്കുമായെത്തി ഇന്ത്യയില്‍ തീ പടര്‍ത്തുന്നതും. സൗഹാര്‍ദ്ദത്തോടെ കൈകോര്‍ക്കേണ്ട അയല്‍നാടുകള്‍ക്കിടയില്‍ നാശകാരികളായ ഗൂഢാലോചനകള്‍ സാധ്യമാകുന്നതെങ്ങനെ എന്നാലോചിക്കുമ്പോഴാണു പലതരം അസഹിഷ്ണുതകളുടെ പ്രാതിനിധ്യംവഹിക്കുന്ന ഭീകരവാദിയും ഒറ്റുകാരനും രാജ്യദ്രോഹിയും ഉണ്ടായിവരുന്ന രാസപ്രക്രിയ നമുക്കു ബോധ്യമാവുക.
എല്ലാ അസഹിഷ്ണുതകളും സംഭവിക്കുന്നത് ഒരേ കാരണത്താലാണോ?
അതിരിലെ പ്ലാവിന്‍റെ ചോടുമാന്തി
അടിതെറ്റി വീണപ്പോള്‍ തര്‍ക്കമായി.
നാട്ടുമ്പുറത്തെ ഈ അതിര്‍ത്തിത്തര്‍ക്കവും അസഹിഷ്ണുതയില്‍ നിന്നുണ്ടാകുന്നതാണ്. കസബും ഇതേ അതിര്‍ത്തര്‍ക്കമാണോ പങ്കുവയ്ക്കുന്നത്? പണ്ടൊരിക്കല്‍ ആകാശംപോലെ ഭൂമിയും അതിരുകളില്ലാതെ വിശാലമായി പരന്നുകിടന്നു. സ്വതന്ത്രരായ മനുഷ്യര്‍ സ്വപരവ്യത്യാസങ്ങളില്ലാതെ ആനന്ദിച്ചു കഴിഞ്ഞകാലം. നീയും ഞാനും ഒന്നുതന്നെയായ അവസ്ഥ. അതിനിടയിലേക്കാണ് സ്വകാര്യസ്വത്തുമായി ബന്ധപ്പെട്ട ചിന്തകളും അദ്ധ്വാനങ്ങളും കടന്നുവന്നത്. അങ്ങനെ സ്വന്തംവീടും അയല്‍പക്കത്തെ വീടുമുണ്ടായി. നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുകയെന്ന ദൈവവചനങ്ങളുണ്ടായി. നൂറ്റാണ്ടുകള്‍ കഴിഞ്ഞു. 'ജീറാന്‍ ധഅയല്‍വാസിപ പട്ടിണി കിടക്കുമ്പോള്‍ വയറുനിറയെ ഭക്ഷണംകഴിക്കുന്നവന്‍ നമ്മുടെ കൂട്ടത്തില്‍പ്പെട്ടവനല്ല' എന്നുമുണ്ടായി വചനം. അങ്ങനെ ഭൂമിയിലുള്ളതിനെക്കാള്‍ മികച്ച അയല്‍ക്കാരനെ സ്വര്‍ഗ്ഗത്തില്‍ ലഭിക്കാനുള്ള മയ്യിത്ത് നമസ്കാരങ്ങളുണ്ടായി. ഭൂമിയിലെ മനുഷ്യര്‍ അയല്‍ക്കാരില്‍നിന്ന് സ്വന്തം സ്വത്തു വേര്‍തിരിക്കുകയും സംരക്ഷിക്കുകയുംചെയ്യുന്ന തത്രപ്പാടിലായി. അപ്പോഴുമുണ്ടായി വചനം, ഉടമസ്ഥന്‍റെ അഭിമാനം അയല്‍ക്കാരന്‍റെ അസൂയയാണെന്ന്. ഭൂവുടമസ്ഥതാ ബന്ധങ്ങളോടൊപ്പം വസ്തു ഉടമസ്ഥാവകാശങ്ങളും സ്ഥാപിക്കപ്പെടുന്ന പുതിയഘട്ടത്തിലാണു നമ്മളെത്തി നില്ക്കുന്നത്.
രാഷ്ട്രമെന്നപോലെ ആധുനിക വ്യക്തിയും നിര്‍മ്മിക്കപ്പെടുന്നതു മേല്പ്പറഞ്ഞപോലുള്ള ചില അതിരുകള്‍ക്കുള്ളിലാണ്. അതു കുടുംബമാകാം, മതമാകാം, ദേശമാകാം, രാഷ്ട്രമാകാം, ഗ്രഹം പോലുമാകാം. വ്യക്തിയുടെ സംരക്ഷണം ഭരണകൂടത്തിന്‍റെ ചുമതലയാണ്. അങ്ങനെ നിരവധി അതിരുകള്‍ ഒരു രാഷ്ട്രത്തിനകത്തു നിലനില്ക്കുന്നു. ഭാഷ, മതം, ജാതി, ലിംഗം, വര്‍ഗം, സംസ്ഥാനം, ജോലി എന്നിങ്ങനെ. ഈ അതിരുകള്‍ക്കുള്ളിലാണു ശരാശരി പൗരജീവിതം. അതിരുകള്‍ ഭേദിക്കുമ്പോള്‍ അസ്വസ്ഥതകള്‍ ആരംഭിക്കുകയായി.
ഈ അതിരുകളില്‍വച്ചാണ് അസഹിഷ്ണുതകള്‍ പ്രവര്‍ത്തനനിരതമാകാറ്. എങ്ങനെയെന്നതിന് ഏറ്റവും നല്ല സമീപകാല ഉദാഹരണങ്ങളിലൊന്ന് അധ്യാപകന്‍റെ കൈവെട്ടിയ സംഭവംതന്നെയാണ്. അവിടെ വിശ്വാസത്തിന്‍റെ അതിരുകളാണ് പ്രശ്നമായത്. ഭാഷയുടെ തുറവികളാണ് ഭാഷാധ്യാപകരുടെ അധ്യാപനസാധ്യതകളില്‍ ഏറ്റവും ശക്തമായത്. അങ്ങനെയാണവര്‍ സ്വന്തം ശിഷ്യര്‍ക്കു തങ്ങളെത്തന്നെ പകര്‍ന്നുകൊടുക്കുന്നത്. ഒരു ക്ലാസിന്‍റെ -അധ്യാപകവിദ്യാര്‍ത്ഥി സംവാദത്തിന്‍റെ- അതിരുകളെ ലംഘിച്ചുകൊണ്ടാണ് ഇത്തരമൊരതിക്രമം നടന്നതെന്നതു നിസ്സാരമല്ല. അക്കാദമികസമൂഹത്തിന്‍റെ പുറത്തുള്ള ഒരു സമൂഹത്തില്‍നിന്നാണ് അധ്യാപകനുനേരെ ആക്രമണമുണ്ടായതും. ദൈവനിന്ദ, മതനിന്ദ എന്നിവയായിരുന്നു ആരോപിക്കപ്പെട്ട കുറ്റങ്ങള്‍.
വാസ്തവത്തില്‍ എന്താണ് ദൈവം? മതം? ഏതെങ്കിലും ഒരുവിഭാഗത്തിനു ദൈവത്തിനുമേല്‍ കൂടുതല്‍ അവകാശമുണ്ടോ? മതം അവരുടെ തറവാട്ടുസ്വത്താണോ? തന്‍റേതെന്നു പറയപ്പെടുന്ന മതവും ദൈവവും തന്‍റേതാണ്. മറ്റുള്ളവര്‍ക്കതില്‍ ബാധ്യതയില്ലെന്നറിഞ്ഞിട്ടും സാംസ്കാരികമായി മുമ്പോട്ടുവയ്ക്കപ്പെടുന്ന ഇത്തരം അവകാശങ്ങള്‍തന്നെ ചില അസഹിഷ്ണുതകളുടെ തെളിവാണ്.
പൂര്‍വാധുനികഘട്ടത്തില്‍ നിലനിന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജാത്യാടിസ്ഥാനത്തിലുള്ള വേര്‍തിരിവുകള്‍ക്കു കാരണമായി. എന്നാല്‍ ഉത്തരാധുനികഘട്ടത്തില്‍ മതാടിസ്ഥാനത്തിലുള്ള വേര്‍തിരിവുകള്‍ ശക്തമാകുന്നതാണു നാം കണ്ടത്. ബാബ്റിപ്പള്ളി പൊളിക്കുന്നതിലൂടെ ദേശീയതലത്തില്‍ ഈ അസഹിഷ്ണുത പരസ്യമായി പ്രഖ്യാപിക്കപ്പെടുകയായിരുന്നു. മതത്തിന്‍റെ പേരിലുള്ള ഈ കലാപങ്ങള്‍ക്ക് അധികാര രാഷ്ട്രീയത്തിന്‍റെയും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്‍റെയും ഒളി അജണ്ടകള്‍ കാരണമായിട്ടുണ്ട്. ഈ ഘട്ടത്തില്‍ വ്യക്തിപരം, മതപരം എന്നൊക്കെ പുറമേയ്ക്കു തോന്നുന്ന അസ്വാസ്ഥ്യങ്ങള്‍ അങ്ങനെയായിക്കൊള്ളണമെന്നില്ല. ദൈവത്തിനാകട്ടെ ഇതില്‍ ഒരു പങ്കുമില്ലാതാനും. വ്യക്തികള്‍ക്കും മതങ്ങള്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കുന്ന അന്യഘടകങ്ങള്‍ വ്യക്തികള്‍ക്കിടയിലും മതങ്ങള്‍ക്കിടയിലും അപരിചിതത്വവും ശത്രുതയും വേരുപിടിപ്പിക്കുന്നു. വിത്തിട്ടാല്‍ ഇത്തരം ശത്രുതകള്‍ തഴച്ചുവളര്‍ന്നുകൊള്ളും. ഒരാള്‍ എപ്പോഴും ഹിന്ദുവോ ഇസ്ലാമോ ക്രിസ്ത്യാനിയോ ആയി സ്വയം തിരിച്ചറിയാനും പ്രവര്‍ത്തിക്കാനും തുടങ്ങിയാല്‍ മറ്റു വ്യക്തികളെയും അത്തരത്തില്‍ തിരിച്ചറിയാനും അതല്ലെന്നു തോന്നുന്ന വ്യക്തികളോട് അകലാനും തുടങ്ങുന്നു. ഇത്തരം അകല്ചകളിലൊന്നാണു മതത്തിന്‍റെയും ദൈവത്തിന്‍റെയും പേരിലുള്ള കൈവെട്ടലിലെത്തിച്ചേരുന്നത്.
ഉത്തരേന്ത്യയിലെ മതതാല്പര്യങ്ങളോ സമവാക്യങ്ങളോ അല്ല കേരളത്തില്‍. നവോത്ഥാനങ്ങളില്‍ നിന്നാണു കേരളത്തിന്‍റെ ആധുനികീകരണപ്രക്രിയ ഊര്‍ജം സംഭരിച്ചത്. ശ്രീനാരായണഗുരു, അയ്യങ്കാളി, വി. ടി. ഭട്ടതിരിപ്പാട് എന്നിവര്‍ നയിച്ച പ്രസ്ഥാനങ്ങള്‍ ഇവിടത്തെ ഹിന്ദുസമുദായങ്ങളെ മാത്രമല്ല ഇസ്ലാം ക്രിസ്ത്യന്‍ സമുദായങ്ങളെയും നവീകരിക്കുകയായിരുന്നു. മലയാളിസ്വത്വം മറ്റു സംസ്ഥാനങ്ങളിലേതിനേക്കാള്‍ സമഭാവനയും സഹിഷ്ണുതയും ഉള്‍ക്കൊള്ളാന്‍ ഈ നവീകരണം ഇടയാക്കി.
ആഗോളീകരണത്തോടെ പണത്തിന്‍റെ വിതരണവുമായി ബന്ധപ്പെട്ടു രൂപപ്പെട്ട പുതിയ മൂല്യബോധം സംഗതികളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. നവമുതലാളിത്തവ്യവസ്ഥയിലെ വികസനസങ്കല്പങ്ങള്‍ സാമൂഹികതയും മാനവികതയും ചോര്‍ത്തിക്കളയുന്ന മട്ടിലായിരുന്നു. അതോടെ മനുഷ്യര്‍ കൂടുതല്‍ മത്സരബുദ്ധിയുള്ളവരും സ്വാര്‍ത്ഥരുമായി മാറി. അതോടൊപ്പം ഭരണകൂടങ്ങള്‍ തികച്ചും ഏകപക്ഷീയമായ അധികാരപ്രയോഗങ്ങള്‍ നടത്തുന്നവയുമായി. നവോത്ഥാനവും കമ്മ്യൂണിസ്റ്റുമുന്നേറ്റവും ആധുനികതയും ചേര്‍ന്നു പുറംതള്ളിയ പ്രാകൃതവിവേചനങ്ങളെയും അസമത്വങ്ങളെയും വീണ്ടും മലയാളിയുടെ ജീവിതത്തിലേക്കു കൊണ്ടുവന്നത് ഇക്കാലഘട്ടമാണ്. അതോടെ മലയാളിയുടെ നിത്യജീവിതം കണ്‍മുമ്പില്‍വച്ചു നൊടിയിടയിലപ്പാടെ മാറിപ്പോവുകയായിരുന്നു.
അതിരുകളില്ലാത്ത സൗഹൃദകാലത്തുനിന്നു നാമേറെ മാറിപ്പോയി. കാസര്‍ഗോഡും കണ്ണൂരും വടകരയുമൊന്നും വീടുകള്‍ക്കിടയില്‍ അതിരുകളുണ്ടായിരുന്നില്ല. ഇപ്പോഴോ? ഇടനാടന്‍ കുന്നുകളെ നാമാവശേഷമാക്കിക്കൊണ്ടു പുത്തന്‍വീടുകള്‍ക്കൊപ്പം ഒരുപക്ഷേ അതിനേക്കാള്‍ മുമ്പേ അതിരുകളില്‍ വന്‍മതിലുകള്‍ ഉയര്‍ന്നുകഴിഞ്ഞു. ഇപ്പോള്‍ വീടിനു ചുറ്റും മതിലല്ല, മതിലിനുള്ളില്‍ വീടാണ്. കടത്തനാട്ടിലെ പുതിയ തലമുറയ്ക്ക് നിന്നു സൊള്ളാനിപ്പോള്‍ 'കൊള്ളു' കളില്ലാതായി. കുട്ടനാട്ടിലെ വേലികളില്‍നിന്നു നിറങ്ങള്‍ അപ്രത്യക്ഷമായിക്കഴിഞ്ഞു. മുല്ലയും ഇലഞ്ഞിയും അശോകവുമൊന്നും പൂക്കാത്ത കാലമായതിനാല്‍ വേലിയും നിറങ്ങളും കെട്ടുപോയി.
കേരളത്തിലങ്ങോളമിങ്ങോളം കുന്നെടുത്തും മണ്ണുകുഴിച്ചും പാറപൊട്ടിച്ചും മനുഷ്യര്‍ക്കിടയില്‍ വന്മതിലുകള്‍ ഉയര്‍ത്തപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഗ്രാമങ്ങള്‍ നഗരങ്ങളായി. സംശയിക്കേണ്ട, കവി ഉത്കണ്ഠപ്പെട്ടപോലെ കുറ്റിപ്പുറം പാലത്തിനടിയിലെ 'അംബ പേരാര്‍ അഴുക്കുചാലായി' മാറിക്കഴിഞ്ഞിരിക്കുന്നു. വെള്ളം മാത്രമല്ല മണ്ണും വായുവും മലിനമായിരിക്കുന്നു. നഗരങ്ങളിലെ ഫ്ളാറ്റുകളില്‍ മതിലുപോലുള്ള തണുതണുത്ത ചുമരുകളാണ്. വാതിലുകളും ജനാലകളും തുറക്കാതെ വീടകത്തെ ജീവിതങ്ങള്‍ വീര്‍പ്പുമുട്ടുന്നു. കുടുംബത്തിനുള്ളില്‍ത്തന്നെ പരസ്പരമൊറ്റപ്പെട്ടു പോകുന്നവര്‍. വിവാഹവും മരണവും ജനനവും രോഗവും എല്ലാവരും എപ്പോഴും ഒറ്റയ്ക്കാവുന്നു. കുളക്കരയിലേയും കിണറ്റിന്‍കരയിലേയും പുന്നാരംപറച്ചിലുകള്‍ അവസാനിച്ചുകഴിഞ്ഞു. ആര്‍ക്കും മറ്റൊരാളെപ്പറ്റി ഒന്നുമറിയില്ല. മലയാളിയുടെ തനതു നാട്ടുവിഭവങ്ങളായ ചക്കക്കുരുവും ചക്കയും ചേമ്പും ചീനമുളകും മാങ്ങയും പപ്പായയും മുരിങ്ങയും ഷാപ്പിംഗ് മാളുകളില്‍ ശീതീകരിക്കപ്പെട്ടു. ഇത്തിരി ചട്ടിമണ്ണില്‍ അരയാലുകള്‍ ശ്വാസംമുട്ടി മുരടിച്ചു. അസൂയകളും കുശുമ്പും പറഞ്ഞൊഴിയാത്ത വന്‍മത്സരങ്ങളും പകപോക്കലുമായി മാറി. മനസ്സും ശരീരവും ദുഷിക്കുന്നു. വീട്ടമ്മമാരുടേയും വീട്ടച്ഛന്‍മാരുടേയും കുഞ്ഞുങ്ങളുടേയും ജീവിതങ്ങള്‍ കൂട്ടിമുട്ടാതെ ഗതികെട്ടു. കുടുംബത്തിനുചുറ്റുമുള്ള അതിരുകളിപ്പോള്‍ വ്യക്തികള്‍ക്കു ചുറ്റുമാണ്.
ഈ അതിരുകള്‍ പണത്തിന്‍റെയും മതത്തിന്‍റേതുമാക്കിമാറ്റാന്‍ ആഗോളീകരണത്തിനു സാധിച്ചു. പണത്തിന്‍റെ ഏകപക്ഷീയമായ കുത്തൊഴുക്കിനെ തടയാന്‍ ശ്രമിക്കുന്നവര്‍ വികസനവിരോധികളായി മുദ്രയടിക്കപ്പെട്ടു. എന്താണു വികസനം, ആര്‍ക്കു വേണ്ടിയുള്ളതാണത് എന്ന അടിസ്ഥാനഘടകം അവഗണിക്കപ്പട്ടു. പണവും അധികാരവുമുള്ളവരുടെ ചില സ്വകാര്യകാര്യങ്ങളാണു നാടിന്‍റെ വികസനമെന്ന നിലവന്നു. ഇത്തരം പണ വിധേയത്വങ്ങള്‍ മറ്റേതു മൂന്നാംലോകരാഷ്ട്രങ്ങളിലേയ്ക്കുമെന്നപോലെ ഇന്ത്യയിലേയ്ക്കും കേരളത്തിലേയ്ക്കും സാമ്രാജ്യത്വ താല്പര്യങ്ങളെ സുഗമമായി കടത്തിവിട്ടു. അങ്ങനെ മതിലുകളില്ലാത്ത നമ്മുടെ കടപ്പുറങ്ങളുടെ ഒരറ്റം വിദേശികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ മാറാടും ഭീമാപ്പള്ളിയും മനുഷ്യര്‍ മതാടിസ്ഥാനത്തില്‍ ചേരിതിരിഞ്ഞു പരസ്പരം പോരാടി ഒടുക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
ഗുജറാത്തിലെ വര്‍ഗ്ഗീയകലാപത്തിനു പരിശീലിപ്പിക്കപ്പെട്ടവരില്‍ വലിയൊരു വിഭാഗം തൊഴില്‍രഹിതരായ ചെറുപ്പക്കാരായിരുന്നുവെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പണം കിട്ടിയാല്‍ എന്തും ചെയ്യാവുന്ന അവസ്ഥയിലേയ്ക്കു യുവത്വത്തെ പരുവപ്പെടുത്താന്‍ നവസാമ്പത്തിക ക്രമത്തിനു സാധ്യമായി. പണമാര്‍ജിക്കുന്നതിനുള്ള മത്സരങ്ങള്‍ വര്‍ദ്ധിച്ചുവന്നു. അപ്പോഴാണു രാഷ്ട്രീയകലാപങ്ങളെയും മതകലാപങ്ങളെയും നയിക്കുന്നത് ഒരേ ഗുണ്ടകളാവുന്നത്. ഇവര്‍ രാഷ്ട്രീയത്തിന്‍റെയോ മതത്തിന്‍റെയോ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടവരല്ല. പണത്തിനുമാത്രമാണു വില. പുതിയ പല അസഹിഷ്ണുതകളും ഉണ്ടാക്കിയെടുക്കാനും മത്സരം വര്‍ദ്ധിപ്പിക്കാനും ഈ അവസ്ഥ സഹായകരമായി.
പുതിയ സാങ്കേതികവിദ്യകളുടെ ദൗത്യംപോലും മറ്റൊന്നാവുകയായിരുന്നു. ആയുധങ്ങള്‍ വിതരണം ചെയ്യുവാനും അക്രമവും വെറുപ്പും പ്രസരിപ്പിക്കുവാനും പുതുസങ്കേതങ്ങള്‍ സഹായകമായി. ജനാധിപത്യപരമായ ഇടങ്ങളെയൊക്കെ മാഫിയാ നെറ്റ് വര്‍ക്കാക്കുന്നതിന് ഈ യന്ത്രങ്ങള്‍ ഉപകരിച്ചു. മൊബൈല്‍ഫോണുകളും ലാപ്ടോപ്പുകളും പല അക്രമപരമ്പരകളിലും വഹിക്കുന്നപങ്കു വിശദമായ പഠനങ്ങള്‍ക്കു വിധേയമാക്കേണ്ടതുണ്ട്.
മനുഷ്യജീവിതത്തെ സാമൂഹികമാക്കേണ്ടതിനു പകരം കൂടുതല്‍ വ്യക്തിപരവും മൂല്യവത്താക്കുന്നതിനു പകരം മൂല്യരഹിതവുമാക്കി, അപമാനവീകരിച്ചുകൊണ്ടാണ് അസഹിഷ്ണുതകളും അക്രമപരമ്പരകളും ആസൂത്രണംചെയ്തു നടപ്പാക്കപ്പെടുന്നത്. സഹഭാവവും സഹവര്‍ത്തിത്വവും നഷ്ടപ്പെട്ടു വിരുദ്ധധ്രുവങ്ങളിലേയ്ക്കു മനുഷ്യര്‍ അകന്നുപോകുന്നു. കാരണം അതിമോഹങ്ങളുടെയും മത്സരങ്ങളുടെയും തെറ്റിദ്ധാരണകളുടേതുമായ മഹാനരകങ്ങള്‍ മനുഷ്യര്‍ക്കുള്ളില്‍ വാര്‍ത്തെടുക്കപ്പെട്ടിരിക്കുന്നു.
ഈയൊരവസ്ഥയില്‍ പള്ളികള്‍ പൊളിക്കാതെയും അധ്യാപകരുടെ കൈവെട്ടാതെയും എങ്ങനെ ജീവിക്കാനാകുമെന്നതു പുതിയ തലമുറയുടെ ഏറ്റവുംവലിയ വെല്ലുവിളിയാകുന്നു. ഒരു മൊബൈലും ഇയര്‍ഫോണും മാത്രമുണ്ടായാല്‍ മതി, യാത്രയ്ക്കിടയിലെ ജനാലക്കാഴ്ചകളില്‍നിന്നുപോലും സ്വന്തം ഉള്ളിലേയ്ക്കു വലിയാന്‍ എളുപ്പമാണ്. മുതിര്‍ന്ന തലമുറയെ സംബന്ധിച്ചു യാത്രകള്‍ പുറംലോകങ്ങളെ ആന്തരവത്കരിക്കാനുള്ള സാധ്യതയായിരുന്നു. മറ്റുള്ളവരെ കാണാനും കേള്‍ക്കാനും മനസ്സിലാക്കാനുമുള്ള അവസരം. അതിനുപകരം ചെവിയും കണ്ണുമടച്ച് മനുഷ്യരെ പുറംതള്ളുന്നതോടെ ഞാന്‍ ഞാന്‍ മാത്രമായി.
ഇതിനെന്താണു പരിഹാരം...? അയല്‍ക്കാരുടെ നിലവിളിയിലേയ്ക്കു തുറന്നമനസ്സോടെ ഓടിയെത്താന്‍ നമുക്കു കഴിയണം. ജാതിവ്യത്യാസമില്ലാതെ, വര്‍ഗ്ഗവ്യത്യാസമില്ലാതെ, ലിംഗഭേദമില്ലാതെ. അടുത്തിരിക്കുന്ന മനുഷ്യരെ തൊടുകയും കാണുകയും കേള്‍ക്കുകയും ചെയ്യാതെ നമുക്കെങ്ങനെ മനുഷ്യരാകാന്‍ കഴിയും? ഓരോ വ്യക്തിക്കുള്ളിലും - ഒറ്റക്കൊറ്റയ്ക്കും കൈകോര്‍ത്തുകൂട്ടായും ആരംഭിക്കേണ്ട ധര്‍മ്മസമരമാണിത്. ഒരു സംശയവും വേണ്ട, ഈ സമരത്തിനു നേതൃത്വംവഹിക്കാനാകുക സ്ത്രീക്കു മാത്രമാണ്. കാരണം അവളിന്നോളം ആയുധങ്ങള്‍ നിര്‍മ്മിച്ചിട്ടില്ല, പണത്തിനുവേണ്ടി അവ ഉപയോഗിക്കാന്‍ തീരുമാനങ്ങളെടുത്തിട്ടില്ല, ലോകനാശം വിതയ്ക്കുന്ന മഹായുദ്ധങ്ങള്‍ ആഗ്രഹിക്കുകയോ നയിക്കുകയോ ചെയ്തിട്ടില്ല. പ്രകൃതിസ്നേഹത്തിന്‍റെ ജൈവികസ്പന്ദനങ്ങള്‍ അല്പമെങ്കിലും അവശേഷിക്കുന്നത് അവളിലാകുന്നു. അതുകൊണ്ടു സ്വന്തംമക്കളെ, സഹോദരങ്ങളെ, കൂട്ടുകാരെ, അയല്‍ക്കാരെ ജാതി, മത, ലിംഗ, പണ പരിഗണനയില്ലാതെ തന്നിലേയ്ക്കു ചേര്‍ത്തുപിടിച്ചു സംരക്ഷിക്കാനുള്ള ഊര്‍ജ്ജം ബാക്കിയായിരിക്കുന്നത് അവളില്‍മാത്രമാണ്. ഈയൊരു യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ പുരുഷലോകവും തയ്യാറാകണം. അതായതു കുടുംബത്തിനുള്ളിലെ ബന്ധങ്ങള്‍ നവീകരിക്കപ്പെടുകയും ജനാധിപത്യവത്കരിക്കപ്പെടുകയും ചെയ്യുമ്പോഴാണു വായുവും വെള്ളവും മണ്ണും ശുദ്ധീകരിക്കപ്പെടുക. അപ്പോഴാണു പരസ്പരസ്നേഹത്തിലും വിശ്വാസത്തിലുമൂന്നിയ ജീവിതം മനുഷ്യര്‍ക്കു സംസ്കരിച്ചെടുക്കാനാവുക. അധികാരിയായ ആണിന്‍റേതു മാത്രമല്ല ഈ ലോകമെന്ന തിരിച്ചറിവ് ആണും പെണ്ണും സൗഹാര്‍ദ്ദപൂര്‍വ്വം പങ്കുവയ്ക്കുമ്പോള്‍ മാത്രമാണു നമ്മെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന അക്രമോത്സുകമായ അസഹിഷ്ണുതകള്‍ ചെറുക്കപ്പെടുക. നമ്മുടെ രാഷ്ട്രീയബോധവും മതവിശ്വാസങ്ങളുമെല്ലാം ഈ പാരസ്പര്യത്തിലെത്താനുള്ള ഊന്നുവടികളാവട്ടെ.
Featured Posts
bottom of page