
'ബ്രെയിന്‍ റോട്ട്' (Brain rot) എന്ന വാക്ക് 2024-ലെ ഓക്സ്ഫോഡ് വാക്കായി തിരഞ്ഞെടുക്കപ്പെട്ടു. സമകാലിക ലോകത്തെ പ്രതിഫലിപ്പിക്കുന്ന വാക്കാണിത്. 'തലച്ചോറിന്‍റെ ക്ഷയം' എന്നത് ഒരു വ്യക്തിയുടെ മാനസ്സികമോ ബൗദ്ധികമോ ആയ അവസ്ഥയുടെ തകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. നിസ്സാരമോ വെല്ലുവിളിയില്ലാത്തതോ ആയി കണക്കാക്കപ്പെടുന്ന വസ്തുക്കളുടെ (ഓണ്‍ലൈന്‍ ഉള്ളടക്ക ം ഉള്‍പ്പെടെ) അമിത ഉപഭോഗത്തിന്‍റെ ഫലമായി തലച്ചോറിനു സംഭവിക്കുന്ന ക്ഷയമാണിത്. നിലവാരം കുറഞ്ഞ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ അമിതമായി ഉപയോഗിക്കുന്നതിന്‍റെ പ്രത്യാഘാതത്തെക്കുറിച്ചുള്ള ആശങ്കകള്‍ രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന പദമായി 'ബ്രെയിന്‍ റോട്ട്' മാറിയിരിക്കുന്നു.
നാം ഇപ്പോള്‍ ഒരു വലയില്‍ അകപ്പെട്ടിരിക്കുകയാണ്. കംപ്യൂട്ടറും ഇന്‍റര്‍നെറ്റു മൊബൈല്‍ഫോണും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും എല്ലാം ചേര്‍ന്ന് മനുഷ്യ മസ്തിഷ്കത്തില്‍ തിരമാലകള്‍ തീര്‍ക്കുകയാണ്. സോഷ്യല്‍ മീഡിയകളില്‍ വന്നുനിറയുന്ന വസ്തുതകള്‍ ആഴംകുറഞ്ഞ ജീവിതത്തിന്‍റെ അടയാളങ്ങളാകുന്നു. വിപണി എല്ലാറ്റിനെയും വിഴുങ്ങിക്കഴിഞ്ഞിരിക്കുന്നു. വിപണിമൂല്യമാണ് ഏറ്റവും വലിയ മൂല്യം. നിസ്സാരകാര്യങ്ങളില്‍ കുടുക്കിയിട്ട് മനുഷ്യസ്വത്വത്തെ ന്യുനീകരിക്കുന്ന തന്ത്രമാണ് വിപണിയുടേത്. നിസ്സാരമായ ഉള്ളടക്കങ്ങള്‍ അമിതമായി ആഹരിക്കുന്നത് കുട്ടികളിലും യുവാക്കളിലും മാനസ്സികമായ ഒരു അപചയത്തിന് കാരണമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
നമ്മുടെ മാധ്യമങ്ങളും ചാനലുകളും സാമൂഹിക സമ്പര്‍ക്കമാധ്യമങ്ങളുമെല്ലാം ചെറിയ കാര്യത്തെ പര്‍വതീകരിക്കുന്ന തിരക്കിലാണ്. ആഴ്ചകള്‍ ചര്‍ച്ചചെയ്യുന്ന കാര്യങ്ങള്‍ എത്ര നിസ്സാരങ്ങളാണ് എന്ന് നാം അറിയുന്നില്ല. ജീവിതം ആഘോഷം മാത്രമാണെന്ന ചിന്തയിലേക്ക് വിപണി ഓരോവ്യക്തിയെയും എത്തിക്കുന്നു. വ്യക്തിയല്ല കേവലം ഉപഭോക്താവു മാത്രമായി മനുഷ്യര്‍ മാറിക്കൊണ്ടിരിക്കുന്നു. എത്ര ആഹരിച്ചിട്ടും മതിവരാതെ ഓടിക്കൊണ്ടിരിക്കുന്ന ഉപഭോക്താവാണ് വിപണിയുടെ ആദര്‍ശപുരുഷന്‍/സ്ത്രീ. ഉള്ളില്ലാത്ത നിസ്സാര കാര്യങ്ങളുടെ ചങ്ങലകളില്‍ കുരുങ്ങിക്കിടക്കുന്ന, സ്വാതന്ത്ര്യമില്ലാത്ത, സ്വയം ചിന്തിക്കാത്ത സത്തയായി മനുഷ്യര്‍ മാറുന്നു. അങ്ങനെ വിപണി ഉത്തരോത്തരം തടിച്ചുകൊഴുക്കുന്നു. ആഗോളഭീമന്മാര്‍ സമ്പത്ത് വാരിക്കൂട്ടുന്നു. എത്രയോ തലമുറകള്‍ക്കു ജീവിക്കാനുള്ള ഭൂമിപോലും ഉരുകിത്തീരാനുള്ള സാധ്യത നിലനില്‍ക്കെ ആഘോഷത്തില്‍ മുഴുകിക്കഴിയാന്‍ പ്രലോഭിപ്പിക്കുന്ന കാലം തലച്ചോറുകളെ ക്ഷീണിപ്പിക്കുന്നു.
ജീവിതത്തെ, ചുറ്റുപാടുകളെ, മറ്റു മനുഷ്യരെ നിസ്സാരമായിക്കാണുന്നവര്‍ സമൂഹത്തിന്‍റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ല. ചുറ്റും ഒരു ലോകം സ്പന്ദിക്കുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ ഒരു ദ്വീപിലെന്നതുപോലെ കഴിയുന്ന ഏകാകികളുടെ എണ്ണം വര്‍ധിച്ചു വരുന്നു. നമുക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ഹിംസ ഇതിന്‍റെ പ്രതിഫലനമാണ്. രോഗലക്ഷണമാണത്. മാരകമായ രോഗത്തിലേക്കുള്ള യാത്രയിലാണോ സമൂഹം എന്ന സംശയം അസ്ഥാനത്തല്ല. ഓരോ ദിവസവും നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നത് ഹിംസയുടെ ഭീതിപ്പെടുത്തുന്ന കഥകളാണ്. മാനസ്സികാരോഗ്യം തകര്‍ന്നുകൊണ്ടിരിക്കുന്ന, മനുഷ്യത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്തിന്‍റെ സൂചനകള്‍ ഇവയിലെല്ലാമുണ്ട്. ഹിംസയുടെ അരങ്ങ് കൊഴുത്തു വരുന്നു. മറ്റുള്ളവര്‍ നമ്മുടെ ജീവിതത്തിന്‍റെ ഭാഗമല്ലാതാകുന്നു. മനുഷ്യയാതനകള്‍ നമ്മെ സ്പര്‍ശിക്കാതായിരിക്കുന്നു. 'എന്നെ ബാധിക്കാത്തിടത്തോളം ഞാന്‍ ഒന്നിലും ഇടപെടില്ല എന്ന ചിന്തയാണ് ഏവരെയും മുന്നോട്ടു നയിക്കുന്നത്. വലിയ മതിലുകള്‍ കെട്ടിയുയര്‍ത്തി, ഏകാന്തതയില്‍ അകപ്പെട്ട് കഴിയുന്ന മനുഷ്യനെ വിപണി വിഴുങ്ങുന്നു.
സന്തോഷം എന്നു നാം കരുതുന്ന പലതും അശാന്തിനിറഞ്ഞതാണെന്ന് തിരിച്ചറിയുന്നത് വളരെ വൈകിയാണ്. വിപണി വച്ചുനീട്ടുന്ന ആനന്ദവും നൈമിഷകവും പൊള്ളയുമാണ്. 'പൊള്ള മനുഷ്യരെക്കുറിച്ച് എലിയറ്റ് വളരെ മുമ്പേ എഴുതിയത് ഇപ്പോള്‍ സാര്‍ത്ഥകമാകുന്നു. മനുഷ്യസ്വത്വത്തെ, മനസ്സിനെ കീഴടക്കാനുള്ള തന്ത്രങ്ങളാണ് വിപണി പയറ്റുന്നത്. എല്ലാ സാമൂഹ്യസ്ഥാപനങ്ങളും ജീര്‍ണ്ണതയിലാണ്. നാം നൂറ്റാണ്ടുകള്‍കൊണ്ട് പടുത്തുയര്‍ത്തിയ പലതും കടപുഴകുകയാണ്. 'എ ടെറിബിള്‍ ബ്യൂട്ടി ഈസ് ബോണ്‍' എന്നു കവി പറഞ്ഞതുപോലെ 'ഭീകരമായ സൗന്ദര്യം' ചുറ്റും കാണുന്നു. കൃത്രിമബുദ്ധിയുള്ളപ്പോള്‍ മനുഷ്യന്‍റെ ബുദ്ധിപോലും ആവശ്യമില്ല എന്ന നില വന്നുകൊണ്ടിരിക്കുന്നു.
ജീവിതം ആഘോഷമാക്കുന്നവര്‍ കാണാതെ പോകുന്ന ചിലതുണ്ട്; സമൂഹത്തിന്‍റെ അടിത്തട്ടില്‍ കഴിയുന്ന മനുഷ്യര്‍, ബഹുരാഷ്ട്രകുത്തകകളുടെ മത്സരത്തിനിടയില്‍ വീണുപോകുന്ന സാമാന്യജനങ്ങളെ ആരും കാണുന്നില്ല. വര്‍ണ്ണപ്പകിട്ടുകള്‍ക്കപ്പുറം നിറമില്ലാത്ത കോടിക്കണക്കിനു ജീവിതങ്ങള്‍ ബാക്കിയുണ്ട് എന്നത് ആര്‍ക്കും പ്രധാനമല്ല. ഏകപക്ഷീയമായ മുന്നേറ്റങ്ങള്‍ അനേകരെ നിസ്സാഹയരാക്കുന്നു. തലച്ചോര്‍ അഴുകിയ നാം ഇതൊന്നും ഗൗനിക്കാതെ ഓടിക്കൊണ്ടിരിക്കുന്നു. പ്രതീക്ഷയുടെ തീരം അകന്നുപോകുന്നോ എന്ന ഭയം അകാരണമല്ല.
മോക്ഷം വാഗ്ദാനം ചെയ്യുന്ന വിപണി അകമില്ലാത്ത മനുഷ്യരെ സൃഷ്ടിക്കുകയാണ്. സ്നേഹവും കാരുണ്യവും ക്ഷമയുമെല്ലാം അപ്രധാനമാകുന്നു. ഇതൊന്നും ജീവിതവിജയത്തിന് ഉതകുകയില്ല എന്ന് ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. നിങ്ങള്‍ അടിച്ചുപൊളിക്കൂ എന്ന് നിരന്തരം വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത് നാം കേള്‍ക്കുന്നു. സന്തോഷത്തെ കേവലമായ ഉപദേശവുമായി കൂട്ടിയിണക്കാന്‍ വിപണിക്കു കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ഇരുപത്തിയഞ്ചുവര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ ക്ഷീണിച്ചത് മാനുഷികബന്ധങ്ങളാണെന്ന് ചില പഠനങ്ങള്‍ വ്യക്തിമാക്കുന്നു. വിപണി വിജയിക്കുമ്പോള്‍ മനുഷ്യന്‍ പരാജയപ്പെടുന്നു.
അവനവനില്‍/അവളവളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ പൊള്ളയായ സന്തോഷങ്ങളില്‍ മുഴുകുന്നു. ബ്രെയിന്‍ റോട്ടില്‍ ജീവിതവും ഉള്ളില്ലാത്തതാകുന്നു. ആത്മാവില്ലാത്ത മനുഷ്യക്കോലങ്ങള്‍ തെരുവുകളെ കേവലമായ ആഘോഷങ്ങളും കെട്ടുകാഴ്ചകളുമാക്കുന്നു. ഇതിനെ ജീവിതം എന്ന് വിളിക്കാമോ എന്ന് ചിലര്‍ സംശയിക്കുന്നുണ്ട്. ആ സന്ദേഹം പ്രധാനമാണ്. 'തലച്ചോറിന്‍റെ ക്ഷയത്തെ' പ്രതിരോധിക്കുക ഇന്നിന്‍റെയും നാളെയുടെയും ആവശ്യമാണ്. ഇല്ലെങ്കില്‍ മനുഷ്യന്‍ എന്ന സത്തയ്ക്ക് ഭൂമിയില്‍ യഥാര്‍ത്ഥ വാഴ്വില്ല.