
ഇന്ന് ഫ്രാൻസിസ് പാപ്പാ 88 വയസ്സ് പൂർത്തിയാക്കിയിരിക്കയാണ്. ഒരുപക്ഷേ, ഈ പ്രായത്തിൽ അദ്ദേഹത്തോളം അധ്വാനിച്ചിട്ടുള്ളവർ ഏറെപ്പേരുണ്ടാവില്ല എന്നുതോന്നുന്നു. പല കാര്യങ്ങളിലും ആദ്യത്തേതാണ് ഫ്രാൻസിസ് പാപ്പാ. ആദ്യമായി പാപ്പാ സ്ഥാനം വഹിക്കുന്ന ഈശോസഭാംഗം. ആദ്യമായി അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ നിന്ന് പാപ്പാ പദവിയിൽ എത്തുന്ന ആൾ. ആദ്യമായി ദക്ഷിണാർദ്ധഗോളത്തിലെ തെക്കൻ രാജ്യങ്ങളിൽ നിന്ന് മാർപാപ്പായായി അവരോധിതനാകുന്ന ആൾ. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്ന് മാർപാപ്പയാകുന്ന ആ ദ്യത്തെയാൾ. രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷമുള്ള കാലഘട്ടത്തിൽ ദൈവശാസ്ത്രം പഠിച്ച് ആദ്യമായി പാപ്പായാകുന്ന ആൾ. ഇങ്ങനെ നിരവധി കന്നിത്തൂവലുകളുണ്ട് അദ്ദേഹത്തിൻ്റെ തൊപ്പിയിൽ.
ഇക്കാരണങ്ങൾ കൊണ്ടൊക്കെത്തന്നെയാണ് യൂറോപ്യൻ സഭക്കും വടക്കേ അമേരിക്കൻ സഭക്കും, പാരമ്പര്യത്തെ ഏറ്റവും സുപ്രധാനമായി കാണുന്ന മറ്റു സഭകൾക്കും അദ്ദേഹത്തെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും ഇത്രകണ്ട് വൈമുഖ്യം അനുഭവപ്പെടുന്നത്.
എന്നിരുന്നാലും ഓർത്തഡോക്സ് സഭകളെ മാത്രമല്ല, പ്രോട്ടസ്റ്റന്റ് സഭകളെയും കത്തോലിക്കാ സഭയോട് ഇത്രയേറെ അടുപ്പിച്ച മറ്റൊരു "പാലംപണിക്കാരൻ" ഉണ്ടായിട്ടുണ്ട് എന് ന് തോന്നുന്നില്ല. പോൻ്റിഫിക്കൂസ് എന്ന പദത്തിൻ്റെ ഉത്ഭവം തെരഞ്ഞുപോയാൽ "പാലം പണിയുന്നയാൾ" എന്നതിൽ നിന്നാണ് പ്രസ്തുത പദത്തിൻ്റെ നിഷ്പത്തി എന്നു കാണാം.
സഭകളുടെ കാര്യം ഇങ്ങനെയാണെങ്കിൽ ഇതര മതങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. സത്യത്തിൽ ജോൺപോൾ രണ്ടാമൻ പാപ്പായാണ് 1986-ൽ അസ്സീസിയിൽ വച്ച് ലോക മതനേതാക്കളുടെ ഒരു പ്രാർത്ഥന സമ്മേളനം വിളിച്ചുകൂട്ടുന്നത്. അതിനുശേഷവും അദ്ദേഹം അങ്ങനെ ചെയ്തിട്ടുണ്ട് എന്ന് സമ്മതിക്കണം. തീർച്ചയായും പോളണ്ടിൽ നിന്നുള്ള കാരൾ വൊയ്റ്റില ഒത്തിരി ജനസമ്മതനും കൂടിയായിരുന്നല്ലോ. എന്നാൽ, രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ അരൂപിയിൽ ഫ്രാൻസിസ് പാപ്പാ സ്വീകരിച്ച സംഭാഷണത്തിൻ്റെയും സൗഹൃദത്തിൻ്റെയും മനോഭാവം കാരണത്താലും ഇസ്രായേലും ഇസ്‌ലാമിക -ബുദ്ധിസ്റ്റ് ഭൂരിപക്ഷ രാജ്യങ്ങളും സന്ദർശിക്കുന്നതിൽ അദ്ദേഹം കാണിച്ച തുറവിയാലും ലോകമതങ്ങളെല്ലാം എതിർപ്പിൻ്റെയും വൈരത്തിൻ്റെയും മനോഭാവങ്ങൾ വെടിയുന്നതിന് ഇടയായിട്ടുണ്ട്. മുമ്പ് എന്നത്തേതിനെക്കാളുമധികം മതങ്ങൾക്കിടയിലും സഭകൾക്കിടയിലും കൂടുതൽ സൗഹാർദ്ദതയും ആദരവും അടുപ്പവും ഉണ്ടായിട്ടുണ്ട് എന്ന് നിരീക്ഷിക്കാനാണ് എനിക്ക് താല്പര്യം. ജനവിഭാഗങ്ങൾക്കിടയിൽ സംഭാഷണ സാധ്യതകൾ ഇല്ലാതാകുകയും വൈരവും സ്പർദ്ദയും വളരുകയും ചെയ്യുന്നുവെങ്കിൽ അത്തരം സമൂഹങ്ങളുടെ ഭാവിയെക്കുറിച്ച് നാം ആകുലപ്പെടണം!