top of page

സാരസന്‍മാരുടെ ഇടയിലേക്ക് പോകുന്ന സഹോദരന്‍മാര്‍

Apr 4, 2022

3 min read

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
Church of St. Francis of Assisi

ഫ്രാന്‍സിസിന്‍റെ നിയമാവലിയായ റെഗുല ബുള്ളാത്തയിലെ പതിനാറാം അധ്യായത്തിന്‍റെ ശീര്‍ഷകം തന്നെയും 'സാരസന്‍സിന്‍റെയും മറ്റു മതസ്ഥരുടെയും ഇടയിലേക്ക് പോകുന്നവര്‍' എന്നാണ്. കുരിശുയുദ്ധത്തിനു തികച്ചും കടക വിരുദ്ധമായൊരു ആഹ്വാനമാണിത്. കുരിശുയുദ്ധം സാരസന്‍സിനു 'എതിരായി' പോകുന്ന യോദ്ധാക്കളാ ണെങ്കില്‍, ഫ്രാന്‍സിസിന്‍റെ നിയമാവലി ലക്ഷ്യം വയ്ക്കുന്നത് സാരസന്‍സിന്‍റെ 'ഇടയിലേക്ക്' പോകുന്ന ഫ്രാന്‍സിസ്കന്‍ സഹോദരന്മാരെക്കുറിച്ചാണ്. അവര്‍ക്കെതിരായി വാളുമായല്ല, മറിച്ച് അവരുടെ ഇടയിലേക്ക് സുവിശേഷവുമായി പോകുന്ന നിരായുധരും. അതും സുവിശേഷപ്ര ഘോഷണം ദൈവം മനസാകുന്നെങ്കില്‍ മാത്രവും. ഫ്രാന്‍സിസില്‍ ആരോപിച്ചിരിക്കുന്ന ഒരു നല്ല ഉദ്ധരണി ഇവിടെ അര്‍ത്ഥവത്താണ്, 'എപ്പോഴും സുവിശേഷം പ്രസംഗിക്കുക, ആവശ്യമെങ്കില്‍ മാത്രം വാക്കുകള്‍ ഉപയോഗിക്കുക.' ഫ്രാന്‍സിസിന്‍റെ  നിയമാവലിയുടെ ഉദ്ദേശ്യവും ഉള്ളടക്കവും സുവിശേഷാനുസൃത ജീവിതമാണ്; അത് ക്രിസ്ത്യാനികളുടെ ഇടയിലാണെങ്കിലും, മുസ്ലിംകളുടെ ഇടയിലാണെങ്കിലും, അത് ഇനി എവിടെയാണെങ്കിലും. ഫ്രാന്‍സിസ്കന്‍ സാഹോദര്യത്തിന്‍റെ പ്രത്യേകത തന്നെയും 'ലോകത്തിലുള്ള' FRIAR  (സഹോദരന്‍) എന്നാണ്. 'ലോകത്തില്‍ നിന്നും ഓടിയൊളിക്കുന്നവരല്ല,' മറിച്ചു ലോകത്തിലായി രുന്നിട്ടും ലോകത്തിന്‍റേ താകാത്തവരാണിവര്‍. ('ഞാന്‍ ലോകത്തിന്‍റേതല്ലാത്തതുപോലെ അവരും ലോകത്തിന്‍റേതല്ല. അവരെ അങ്ങ് സത്യത്താല്‍ വിശുദ്ധീകരിക്കണമേ! അവിടുത്തെ വചനമാണ് സത്യം. അങ്ങ് എന്നെ ലോകത്തിലേക്കയച്ചതു പോലെ ഞാനും അവരെ ലോകത്തിലേക്കയച്ചിരിക്കുന്നു.'(യോഹന്നാന്‍: 17 : 16-18).

ഫ്രാന്‍സിസിന്‍റെ നിയമാവലിയിലെ ഈ അധ്യായം തികച്ചും വിപ്ലവകരമാണ്. അതുകൊണ്ടു തന്നെ ഈ അധ്യായം മുഴുവനായും ഇവിടെ ചേര്‍ക്കുന്നത് കരണീയമായിരിക്കും എന്നു കരുതട്ടെ.  ഫ്രാന്‍സിസിന്‍റെ നിയമാവലിയുടെ  പതിനാറാം അധ്യായം ഇങ്ങനെ സഹോദരന്മാരെ ഉദ്ബോധിപ്പിക്കുന്നു: (ഘടന അതേപടി നിലനിര്‍ ത്തുന്നു, പദാനുപദ തര്‍ജ്ജമയും  ബ്രാക്കറ്റിലുള്ള വിശദീകരണങ്ങളും ലേഖകന്‍റേതാണ്. ബൈബിള്‍ വാക്യങ്ങള്‍ പി.ഓ.സി. ബൈബിളില്‍ നിന്നും ചേര്‍ത്തിരിക്കുന്നു.)


1. കര്‍ത്താവ് അരുള്‍ ചെയ്യുന്നു, 'കണ്ടാലും, ചെന്നായ്ക്കളുടെ ഇടയിലേക്കു ചെമ്മരിയാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു.


2. അതിനാല്‍, നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്കളങ്കരുമാ യിരിക്കുവിന്‍.' (മത്തായി 10 :16)


3. അതിനാല്‍, ഏതെങ്കിലും സഹോദരന്‍, ദൈവിക പ്രചോദനത്താല്‍, സാരസന്‍സിന്‍റെയോ ഇതര മതസ്ഥരുടെയോ ഇടയിലേക്ക് (among)  പോകാന്‍ ആഗ്രഹിച്ചാല്‍, ആ സഹോദരന്‍റെ (സാഹോദര്യ സംഘത്തിന്‍റെ) മിനിസ്റ്ററും (സന്യാസ സഭയിലെ സുപ്പീരിയറോ മറ്റു ഉന്നതാധികാരിയോ) ദാസനുമായ ആളില്‍ നിന്നും ഉള്ള അനുവാദത്തോടു കൂടിയായിരിക്കണം.  


4. മിനിസ്റ്റര്‍ (ഈ സഹോദരനോ/സഹോദര ന്മാര്‍ക്കോ) അനുവാദം നല്‍കണം, അവര്‍ പോ കാന്‍ അനുയോജ്യരാണെന്നു കണ്ടാല്‍ അവരെ തടുക്കരുത്; വിവേചനാധികാരത്തോടെയല്ല ഈ കാര്യങ്ങളിലും മറ്റു കാര്യങ്ങളിലും നടപടിക ളെങ്കില്‍, (മിനിസ്റ്റര്‍) കര്‍ത്താവിന്‍റെ മുമ്പില്‍ കണക്കു ബോധിപ്പിക്കാന്‍ ബാധ്യസ്ഥരാണ്.(cf.. ലൂക്ക: 16:2)  


5. അങ്ങനെ പോകുന്ന സഹോദരന്മാര്‍ക്ക്, (സാരസന്മാരുടെയും, ഇതര മതസ്ഥരുടെയും) ഇടയില്‍ ആത്മീയതയില്‍ (spiritually)) രണ്ടു രീതിയില്‍ (in two ways) ജീവിക്കാം.


6. ഒരു രീതി എന്നത്, തര്‍ക്കങ്ങളിലോ വാദപ്രതി വാദങ്ങളിലോ (arguments and disputes) വ്യാപൃതരാകരുത്, എന്നാല്‍ ദൈവത്തെ പ്രതി എല്ലാ മനുഷ്യര്‍ക്കും കീഴ്പ്പെടുകയും  (1 Peter  2 :13) (to be subject to every  human creature  for  God's  sake) എന്നിട്ടു തങ്ങള്‍ ക്രിസ്ത്യാനികള്‍ ആണെന്ന് ഏറ്റുപറയുകയും ചെയ്യുക.


7. മറ്റൊരു രീതി എന്നത് ദൈവം ആഗ്രഹിക്കുന്നു (അഥവാ  നന്നെന്നു)  ഇവര്‍ക്ക് തോന്നുന്ന പക്ഷം, ദൈവവചനം പ്രഘോഷിക്കുക. അത് വഴിയായി അവര്‍ സര്‍വശക്തനായ,  എല്ലാത്തിന്‍റെയും സ്രഷ്ടാവും ആയ ദൈവത്തില്‍ - പിതാവും പുത്രനും പരിശുദ്ധാത്മാവുമായ-, രക്ഷകനും ഉദ്ധാരകനുമായ പുത്രനില്‍ (വിശ്വസിക്കുകയും) ജ്ഞാനസ്നാനപ്പെട്ടു ക്രിസ്ത്യാനികളാകട്ടെ;  'ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല.' (cf. യോഹന്നാന്‍ 3 :5)


8. ദൈവത്തിനു പ്രീതികരമാകുന്നു എന്ന് തോന്നിയാല്‍, അവരോടും (സാരസന്‍സിനോടും) മറ്റുള്ളവരോടും ഈ കാര്യങ്ങളും, മറ്റു കാര്യങ്ങളും പറയാം, കര്‍ത്താവു സുവിശേഷത്തില്‍ ഇങ്ങനെ പറയുന്നു, 'മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റു പറയുന്നവനെ എന്‍റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ മുമ്പില്‍ ഞാനും ഏറ്റു പറയും.' (മത്തായി 10:32)


9. ഒപ്പം: 'ഒരുവന്‍ എന്നെക്കുറിച്ചോ എന്‍റെ വചനങ്ങളെക്കുറിച്ചോ ലജ്ജിച്ചാല്‍ അവനെക്കുറിച്ചു മനുഷ്യപുത്രനും തന്‍റെയും പിതാവിന്‍റെയും വിശുദ്ധ ദൂതന്മാരുടെയും മഹത്വത്തില്‍ വരുമ്പോള്‍ ലജ്ജിക്കും. (ലൂക്ക 9 :26)


10. ഒപ്പം, എല്ലാ സഹോദരന്മാരും, അവര്‍ എവിടെയൊക്കെ ആയിരുന്നാല്‍ തന്നെയും, കര്‍ത്താവായ യേശുക്രിസ്തുവിനായി അവര്‍ അവരെ ത്തന്നെ കൊടുത്തെന്നും, അവരുടെ ശരീരങ്ങളെ ഉപേക്ഷിച്ചെന്നും ഓര്‍ക്കണം.


11. അവിടുത്തോടുള്ള സ്നേഹത്തെ പ്രതി, അവര്‍ തങ്ങളെത്തന്നെ ദൃശ്യവും അദൃശ്യവും ആയ (അവരുടെ) ശത്രുക്കള്‍ക്കു മുമ്പില്‍  ദുര്‍ബലരാക്കണം (vulnerable). കാരണം കര്‍ത്താവ് ഇങ്ങനെ അരുളിച്ചെയ്യുന്നു, 'എന്നെ പ്രതി സ്വജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അതിനെ രക്ഷിക്കും (ലൂക്ക 9 :24) നിത്യ ജീവിതത്തില്‍.' (മത്തായി 25:46)


12. നീതിക്കു വേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ ഭാഗ്യവാന്മാര്‍, സ്വര്‍ഗ്ഗരാജ്യം അവരുടേതാണ്. (മത്തായി 5 :10).


13. അവര്‍ എന്നെ പീഡിപ്പിച്ചു എങ്കില്‍ നിങ്ങളെയും പീഡിപ്പിക്കും. (യോഹന്നാന്‍ 15 : 20).


14. ഒപ്പം, ഒരു പട്ടണത്തില്‍ അവര്‍ നിങ്ങളെ പീഡിപ്പിക്കുമ്പോള്‍ മറ്റൊന്നിലേക്ക് ഓടിപ്പോകു വിന്‍. (മത്തായി 10:23).


15. നിങ്ങള്‍ ഭാഗ്യവാന്മാര്‍ (മത്തായി 5:11), മനുഷ്യര്‍ നിങ്ങളെ വെറുക്കുമ്പോള്‍ (ലൂക്ക 6 :22), അവഹേളിക്കുമ്പോള്‍ (മത്തായി 5:11), മനുഷ്യ പുത്രന്‍ നിമിത്തം മനുഷ്യര്‍ നിങ്ങളെ ദ്വേഷിക്കു കയും പുറംതള്ളുകയും, നിങ്ങളുടെ പേര് ദുഷിച്ചതായിക്കരുതി തിരസ്ക്കരിക്കുകയും (ലൂക്ക 6:22), എന്നെ പ്രതി എല്ലാ വിധ തിന്മകളും നിങ്ങള്‍ക്കെതിരെ വ്യാജമായി പറയുമ്പോള്‍. (മത്തായി 5 :11)


16. അപ്പോള്‍ നിങ്ങള്‍ ആഹ്ലാദിക്കുവിന്‍, സന്തോഷിച്ചു കുതിച്ചു ചാടുവിന്‍ (ലൂക്ക 6 :23), കാരണം സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. (cf. മത്തായി 5 :12)


17. എന്‍റെ സ്നേഹിതരെ, നിങ്ങളോടു ഞാന്‍ പറയുന്നു, (ഈ കാര്യങ്ങളെയോര്‍ത്തു) ഭയപ്പെ ടേണ്ട, (ലൂക്ക 12 :4)


18. ശരീരത്തെ കൊല്ലുന്നതില്‍ കവിഞ്ഞ് ഒന്നും ചെയ്യാന്‍ കഴിയാത്തവരെ നിങ്ങള്‍ ഭയപ്പെടേണ്ട. (മത്തായി 10:28)/(ലൂക്ക 12 :4).


19. നിങ്ങള്‍ അസ്വസ്ഥരാകരുത്. (മത്തായി 24 :6)


20. പീഡനത്തിലും ഉറച്ചു നില്‍ക്കുന്നതിലൂടെ നിങ്ങളുടെ ജീവന്‍ നിങ്ങള്‍ നേടും. (ലൂക്ക 21 :19)


21. അവസാനം വരെ സഹിച്ചു നില്‍ക്കുന്നവന്‍ രക്ഷപെടും. (മത്തായി 10 :22; 24 :13)

(തുടരും)


ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍

0

0

Featured Posts

bottom of page