top of page

'ബൈ നതിംഗ് ക്രിസ്മസ്'

Dec 3, 2021

2 min read

ഫാ. ഷാജി CMI
wise men visit baby Jesus

ക്രിസ്മസ്നാളില്‍ വേദപുസ്തകത്തിന്‍റെ താളുകള്‍ വര്‍ണാഭമാകുന്നത്, കിഴക്കുനിന്നെത്തിയ ജ്ഞാനികള്‍ ദരിദ്രനായ കുഞ്ഞിനു നല്കാന്‍ സമ്മാനങ്ങളുമായി വന്നു എന്ന വിവരണത്തി ലാണ്. സമ്മാനങ്ങള്‍  പൊതിഞ്ഞ വര്‍ണ്ണക്കടലാസിന്‍റെ അലത്തുകള്‍ വേദപുസ്തകത്തിന്‍റെ താളുകളെ അലങ്കരിക്കുന്നു. ജ്ഞാനികള്‍ സമ്മാനിച്ച ആമാടപ്പെട്ടികളിലെ സമ്മാനങ്ങളില്‍ ആ കുഞ്ഞിന്‍റെ ജാതകക്കുറിപ്പ് അടക്കം ചെയ്തിരുന്നു. പൊന്ന്, മീറ, കുന്തിരിക്കം ഇവയാണ് ജ്ഞാനികള്‍ സമ്മാനിച്ചത്. പൊന്‍തരികളില്‍ ആ ശിശു കീഴടക്കാന്‍ പോകുന്ന മണ്‍തരികളുടെയും മാനവഹൃദയങ്ങളുടെയും സൂചനയുണ്ട്. മീറ മരണത്തിനുശേഷം നടക്കേണ്ട മൃതസംസ്കാരത്തില്‍ അവനെ പൊതിയേണ്ട സുഗന്ധക്കൂട്ടിന്‍റെ ഓര്‍മ്മയാണ്. കുന്തിരിക്കത്തില്‍ അവനുള്ള ആരാധനയുടെ പുകച്ചുരുളുകളും.

സമ്മാനങ്ങളുടെ ആമാടപെട്ടികളെ ഓര്‍ത്തു മിഴിപൂട്ടുമ്പോള്‍ മധുരപലഹാര ങ്ങളുമായി അപ്പനപ്പൂപ്പന്മാര്‍ ഓര്‍മ്മയുടെ നീലഞരമ്പുകളില്‍ തിടംവെച്ചു വന്നുനില്‍പ്പുണ്ട്. തൊടിയിലുള്ള കുറച്ച് കുരുമുളക് പറിച്ചുണക്കി ചന്തയില്‍ കൊണ്ടുപോയി കൊടുത്തിട്ട് വരുമ്പോള്‍ അപ്പച്ചന്‍ വാങ്ങികൊണ്ടു വന്നിരുന്ന സമ്മാനപൊതിയില്‍ മധുരപലഹാര ങ്ങളും, ഈസ്റ്ററിനു കത്തിക്കാനുള്ള മത്താപ്പും പൂത്തിരിയും ലാത്തിരിയും ഉണ്ടാകും. പത്തുവര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ വരുന്ന അമ്മച്ചിയുടെ അനുജത്തി മദര്‍ തെരേസയുടെ മഠത്തിലാണ്. ആന്‍റി വരുമ്പോള്‍ കൊണ്ടുവന്നിരുന്ന മിഠായിപ്പൊ തികളില്‍ നാട്ടില്‍ കിട്ടാത്ത വര്‍ണ്ണങ്ങളും രുചികളും ഒളിപ്പിച്ചുവെച്ചിരിക്കും. രണ്ടുപേരുടെയും ജൂബിലി വര്‍ഷമാണ്, ആദ്യത്തെ ആളുടെ സ്വര്‍ഗീയപ്രവേശത്തിന്‍റെ ഇരുപത്തഞ്ചു വര്‍ഷത്തിന്‍റെയും, രണ്ടാമത്തെ ആളുടെ വ്രതാനുഷ്ഠാനത്തിന്‍റെ അന്‍പതു വര്‍ഷത്തിന്‍റെയും. രണ്ടാള്‍ക്കും ജൂബിലി ആശംസകള്‍! ഇന്നു കിട്ടുന്ന ചില ഉപഹാരങ്ങളുടെ മൂല്യവും രുചികളുമായി ഒക്കെ താരതമ്യപ്പെടുത്തുമ്പോള്‍ അന്നു കിട്ടിയിരുന്ന മിഠായിപ്പൊതികളുടെ രുചികള്‍ എത്രയോ ഉയരത്തില്‍!

ക്രിസ്മസ് സീസണില്‍ കൈമാറുന്ന സമ്മാനങ്ങള്‍ക്കു വേറിട്ടൊരു ശൈലി വേണം എന്നു തീരുമാനിച്ച് അതിനു ചില മാര്‍ഗരേഖകള്‍  നല്‍കുകയാണ് 'ബൈ നതിംഗ് ക്രിസ്മസ്' (Buy Nothing Christmas) എന്ന കൂട്ടായ്മ. 1968-ല്‍, ക്രിസ്മസ് അവധിയുടെ വാണിജ്യപരമായ വശങ്ങളെ പരസ്യമായി അവഗണിക്കാന്‍ എല്ലിക്ലാര്‍ക്കും കുടുംബവും തീരുമാനിച്ചതോടെയാണ 'ബൈനതിംഗ് ക്രിസ്മസ്' അനൗദ്യോഗികമായി ആരംഭിച്ചത്. 2001-ല്‍ കനേഡിയന്‍ മെനോനൈറ്റുകളുടെ ഒരു ചെറിയ സംഘം ഒരു വെബ്സൈറ്റ് സൃഷ്ടിക്കുകയും പ്രസ്ഥാനത്തിന് ഒരു പേരു നല്‍കുകയും ചെയ്തതോടെയാണ് 'ബൈനതിംഗ് ക്രിസ്മസ്' ഔദ്യോഗികമായി മാറിയത്. 'പ്രാദേശികമായി നിങ്ങളുടെ ക്രിസ്മസ് സമ്മാനങ്ങള്‍ ഉണ്ടാക്കുക' എന്നു വാദിച്ചുകൊണ്ട് ക്രിസ്മസ് ഹോളിഡേ ഷോപ്പിംഗില്‍ പ്രാദേശിക സമ്പദ്വ്യവസ്ഥ, കലാകാരന്മാര്‍, കരകൗശലതൊഴിലാളികള്‍ എന്നിവരെ പിന്തുണയ്ക്കാന്‍ ആഹ്വാനം ചെയ്തു.

അവയില്‍ നിന്നും നാലുകാര്യങ്ങള്‍ നമ്മുടെ ചിന്തക്കായിവയ്ക്കുന്നു.


1. തിളക്കമുള്ള സമ്മാനങ്ങളുടെ കൂമ്പാരം വാങ്ങുന്നതിനു പകരം വ്യക്തിഗത സമ്മാനം നല്‍കുക എന്നതാണ് ആദ്യത്തെ നിര്‍ദ്ദേശം. നിങ്ങളുടെ സ്വന്തം കലാസൃഷ്ടിയോ, അര്‍ത്ഥവത്തായ ഫോട്ടോകളുടെ ഒരു ശേഖരമോ, പ്രിയപ്പെട്ട പാചകക്കുറിപ്പുകളുടെ ഒരു സമാഹാരമോ, പുതിയ ഒരു സിനിമ ഒന്നിച്ചിരുന്നു കാണാന്‍ ഉള്ള ക്ഷണമോ ..... എന്തുമാകാം.


2. സമ്മാനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ പരിസ്ഥിതി സൗഹൃദപരമായതോ, പാക്കേജ് ഇല്ലാ ത്തതോ, പ്രാദേശികമായി ഉത്പാദിപ്പിക്കുന്നതോ, റീസൈക്ലിങ് നടത്താന്‍ പറ്റുന്നതോ ആയിരിക്കണം.


3. പണം ലാഭിക്കുക എന്നതിനേക്കാള്‍ ക്രിസ്മസിന്‍റെ വേഗം കുറയ്ക്കുക എന്നത് പ്രധാനപ്പെട്ട ഒരു ഉദ്ദേശ്യമാണ്. നമ്മുടെ അമിതമായ ജീവിതരീതികളെയും ആഗോള അസമത്വങ്ങളെയും അതു വെല്ലുവിളിക്കുകയാണ്.


4. ഇതൊരു പുതിയ പരീക്ഷണമാണ്. നമ്മുടെ സ്വന്തം ഉപഭോക്തൃ ചിന്താഗതിയെ വെല്ലുവിളിക്കുന്നതിനും നമ്മുടെ വിശ്വാസം ആഴപ്പെടുത്തുന്നതിനും. ഈ വിഷയത്തില്‍ ചില നല്ല  അത്താഴമേശ ചര്‍ച്ചകള്‍ ഉണ്ടായാല്‍ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാകും.

ക്രിസ്മസ് ആഘോഷത്തിന്‍റെ, ക്രിസ്മസ് സമ്മാനത്തിന്‍റെ വേറിട്ടൊരു അര്‍ഥതലം കണ്ടെത്തി പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമോ ഈ ക്രിസ്മസ് കാലത്ത്? സമൂലമായ ലാളിത്യത്തിന്‍റെ ആത്മാവിനെ ആഘോഷപരിപാടികളിലേക്കു കൊണ്ടുവരാന്‍ കഴിയുമോ?

ക്രിസ്മസിന് സമ്മാനങ്ങള്‍ നല്‍കുന്നതിന് എതിരല്ല ഈ ആഹ്വാനങ്ങള്‍. സമ്മാനം നല്‍കല്‍ വളരെ പ്രധാനം തന്നെ. അതു വളരെ അഗാധമായ ഒരു പ്രവര്‍ത്തനമാണ്. വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്തുന്ന പശയാണ്. ക്രിസ്മസ് സീസണില്‍ മതപരമായ ആഘോഷങ്ങളുടെ കാല്പനിക ഭാവം ഏറ്റവും ഉയര്‍ന്നുനില്‍ക്കും. സമ്മാനം കൈമാറ ലൊക്കെ ഈ സീസണിലെ റൊമാന്‍റിക് ഭാവത്തിന്‍റെ ഉച്ചിയാണ്. ക്രിസ്തുവിന്‍റെ ജനനം പുതിയ ജ്ഞാനമായി, സന്തോഷമായി നമ്മില്‍ വന്നു നിറയണം. ക്രിസ്തു ഒരു ധ്യാനബോധമായി നമ്മില്‍ രൂപപ്പെടണം. ദൈവിക എക്സ്റ്റസിയുടെ തൊട്ടിലില്‍ അവന്‍ പാല്‍പുഞ്ചിരി തൂകുന്ന ഒരു കുഞ്ഞായി പിറന്നിരിക്കുന്നു.

സമ്മാനം നല്‍കുന്ന ആളുടെയും വാങ്ങുന്ന ആളുടെയും പ്രതിബിംബം സമ്മാനത്തില്‍ പതിഞ്ഞിരിക്കും. ഓ ഹെന്‍റിയുടെ 'ജ്ഞാനികളുടെ സമ്മാനം' എന്ന കഥ പണം കൊടുത്ത്  വാങ്ങാന്‍ കഴിയുന്ന എല്ലാ ഭൗതികസമ്പത്തുകളേക്കാളും ജിമ്മിന്‍റെയും ഡെല്ലയുടെയും സ്നേഹം വില മതിക്കുന്നു എന്നതാണ്. ക്രിസ്മസ് രാവില്‍, തന്‍റെ ഭര്‍ത്താവ് ജിമ്മിന്, ഒരു സമ്മാനം വാങ്ങാന്‍ ഡെല്ലാ തീരുമാനിക്കുന്നു. ജിമ്മിന്‍റെ പോക്കറ്റ്വാച്ചിന് പ്ലാറ്റിനം വാച്ച്ചെയിന്‍ നന്നായി ചേരും എന്നു കരുതി അതു വാങ്ങാന്‍ ഡെല്ലാ തീരുമാനിക്കുന്നു. പക്ഷേ തന്‍റെ കൈയിലുള്ള  1.87 ഡോളര്‍   ഒരിക്കലും അതിനു തികയില്ല എന്ന് അവള്‍ കണ്ടെത്തി. താന്‍ അമൂല്യമായി സൂക്ഷിക്കുന്ന തന്‍റെ കാര്‍കൂന്തല്‍ 20 ഡോളറിനു മുടി വാങ്ങുന്ന മാഡം സോഫ്രോണി എന്ന ഹെയര്‍ഡ്രെസ്സറുടെ ഷോപ്പില്‍  അവള്‍ വില്ക്കുന്നു. ഡെല്ല പിന്നീട് ജിമ്മിനായി ഒരു പ്ലാറ്റിനം വാച്ച്ചെയിന്‍ വാങ്ങാന്‍ ആ പണം ഉപയോഗിക്കുന്നു. അന്നു വൈകുന്നേരം ജിം ജോലി കഴിഞ്ഞു വരുമ്പോള്‍ താനും അമൂല്യമായി കരുതിയിരുന്ന പോക്കറ്റ് വാച്ച് വിറ്റ്  ജിം, ഡെല്ലയ്ക്ക്  അവളുടെ മുടിയില്‍  ചൂടാന്‍ ഒരുകൂട്ടം ഹെയര്‍ ബാന്‍ഡുകളും അലങ്കാര ചീപ്പുകളും വാങ്ങുന്നു. ജിമ്മും ഡെല്ലയും പരസ്പരം നല്‍കിയ സമ്മാനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ലെങ്കിലും, തങ്ങളുടെ സ്നേഹം കാണിക്കാന്‍ എത്ര ദൂരം പോയെന്നും അവരുടെ സ്നേഹം എത്രമാത്രം അമൂല്യമാണെന്നും അവര്‍ക്കറിയാം. ആഖ്യാതാവ് ഈ ത്യാഗപരമായ സ്നേഹസമ്മാനങ്ങളെ ബൈബിളിലെ മാഗികളുടേതുമായി താരതമ്യം ചെയ്യുന്നതോടെയാണ് കഥ അവസാനിക്കുന്നത്.

സ്നേഹത്തില്‍ സമ്മാനം ഒരു രഹസ്യമാണ്. സ്നേഹത്തിന്‍റെ നടപ്പാതകളില്‍ വിരിഞ്ഞ ഇത്തിരിപ്പൂക്കള്‍ക്ക് സോളമനെക്കാള്‍ അഴകുണ്ടെന്നു സമ്മാനങ്ങളില്‍ പതിപ്പിക്കുന്ന സിഗ്നേച്ചര്‍ പഠിപ്പിക്കും.

Featured Posts

bottom of page