

രത്നം വെളിയില്‍ നഷ്ടപ്പെട്ടുപോയിരിക്കുന്നു
ഏവരും അതിനായി അന്വേഷണത്തിലാണ്.
ചിലര്‍ കിഴക്കും ചിലര്‍ പടിഞ്ഞാറും അതിനായി തിരയുന്നു
ചിലര്‍ ജലത്തിലും ചിലര്‍ കല്ലുകള്‍ക്കിടയിലും.
എന്നാല്‍ വിനീതനായ കബീര്‍ അതിന്‍റെയഥാര്‍ത്ഥ മൂല്യം കണ്ടെത്തി.
അതിനെ ഏറെ കരുതലോടെ പൊതിഞ്ഞെടുത്തു
ഹൃത്തിന്‍റെ അകക്കാമ്പില്‍ അതിനെ സൂക്ഷിച്ചു.
ചരിത്രവും ഭാവനയും സ്തംഭിച്ചുപോയ നമ്മുടെ കാലഘട്ടത്തിലേയ്ക്കും കബീറിന്‍റെ ധ്യാനസാന്ദ്രമായ ഈ മൊഴി സത്യത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും പുതിയൊരു സൂര്യനെ ഉദിപ്പിക്കുന്നുണ്ട്. വിശ്വാസത്തിന്‍റെ വീണ്ടെടുപ്പുകള്‍ക്ക് ഏറെ പ്രസക്തിയുണ്ടാകുന്ന കാലമാണിത്. ചിതറിത്തെറിച്ചുപോയ ഒരു സംസ്കാരത്തിന്‍റെ അവശിഷ്ടങ്ങളിലൂടെ ചോരയില്‍ നനയാതെ ഒരാള്‍ക്കിന്ന് വിശ്വാസത്തെ ജീവിതത്തില്‍ പകര്‍ത്താനാവാതായിട്ടുണ്ട്. സ്വന്തം വിശ്വാസത്തെ ഇത്രമേല്‍ അവിശ്വസിക്കുന്നതുകൊണ്ടാണ് മനുഷ്യന്‍ വര്‍ഗ്ഗീയതയുടെ വാള്‍ കയ്യിലെടുക്കുന്നത്. വിശ്വാസം കപടവേഷങ്ങളില്‍ ഉന്മാദം കൊള്ളുകയാണ്. വിനിമയത്തിന്‍റെ പാലങ്ങളെല്ലാം തകര്‍ത്തുകൊണ്ട് ആത്മീയത രാഷ്ട്രീയപാതകികളുടെ കയ്യിലാണ് ഇന്ന്. ആത്മീയതയുടെ സാംസ്കാരിക ഉള്ളടക്കമാണ് ഇന്ന് തിരിച്ചറിയപ്പെടേണ്ടത്.
ഏകദേശം ഒരു നൂറ്റാണ്ടുമുമ്പ് രവീന്ദ്രനാഥടാഗോര്‍ സംസ്കാരത്തിന്‍റെ വിപരീതദിശയിലൂടെ പായുന്ന ഭൗതികപുരോഗതിയെക്കുറിച്ചൊരു ചിത്രം വരച്ചുവെച്ചതോര്‍ക്കുന്നു. സ്വന്തം സംസ്കാരത്തെ അന്യാധീനപ്പെടുത്തുകയും അന്യമായതിനെയെല്ലാം വാരിപ്പുല്‍കുകയും ചെയ്യുന്ന ഭൗതികാര്‍ത്തിയുടെ പരക്കംപാച്ചില്‍ നടുക്കത്തോടെ നോക്കുകയായിരുന്നു അദ്ദേഹം. സംസ്കാരം എന്നാല്‍ സ്വധര്‍മ്മം എന്നാണര്‍ത്ഥം കൊടുക്കേണ്ടത്. ഒരു മനുഷ്യന്‍റെ ധര്‍മ്മം, അയാള്‍ എന്താണോ അതിന്‍റെ ഏറ്റവും മികച്ച ആവിഷ്ക്കാരമായിരിക്കും. ധര്‍മ്മവിരുദ്ധമായ എന്തും എത്ര വളര്‍ന്നാലും അടിവേരില്‍ ചീഞ്ഞതായിരിക്കും. ജീവിതചക്രം എങ്ങോട്ടേയ്ക്കാണ് കെട്ടിവലിക്കപ്പെടുന്നത്? എന്തിലേയ്ക്കുള്ള പുരോഗതി എന്നോ, ആര്‍ക്കുവേണ്ടിയുള്ള പുരോഗതി എന്നോ ചോദിക്കാന്‍ പോലുമുള്ള ധര്‍മ്മവിവേകം നമ്മുടെ കാലഘട്ടത്തിന് നഷ്ടപ്പെട്ടിരിക്കുന്നു.
നാം ജീവിക്കുന്ന സമൂഹത്തിന് അതിന്‍റെ ചുവടുവെയ്പുകളില്‍ നൃത്തവും ശബ്ദങ്ങളില്‍ സംഗീതവും അവയവങ്ങളില്‍ സൗന്ദര്യവും വേണം. നക്ഷത്രങ്ങളിലും പൂക്കളിലും അതിന് ഉപമകള്‍ വേണം. ദൈവത്തിന്‍റെ സൃഷ്ടിജാലങ്ങളുമായി അതിന് താളലയം വേണം. ഇങ്ങനെയൊക്കെ ആയിരിക്കേണ്ട ഈ സമൂഹം അളവറ്റ ആര്‍ത്തിയുടെ കിരാതവാഴ്ചയ്ക്കുകീഴില്‍ നിരത്തിലൂടെ തപ്പിത്തടഞ്ഞു നീങ്ങുന്ന ഒരു പഴഞ്ചന്‍ അങ്ങാടിവണ്ടിയായി മാറിയിരിക്കുകയാണ്. അത് യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് ശൂന്യതയിലേയ്ക്കാണ് നീങ്ങുന്നത്. ജീവിതത്തിന്‍റെ ഹരിതശോഭയെ കീറിമുറിച്ച് ഈ യാത്ര വൃത്തിഹീനമായ വഴിച്ചാലുകള്‍ സൃഷ്ടിക്കുന്നു. ഈ യാത്ര നമ്മെ ഒരിടത്തും എത്തിക്കുകയില്ല.
നൂറുവര്‍ഷത്തിന്‍റെ പഴക്കമുള്ള വാക്കുകളാണിത്. ഒരുപക്ഷേ ആര്‍ത്തിയുടെ അക്രമാസക്തികൊണ്ട് വിരൂപമാക്കപ്പെടുന്ന ഈ കാലത്തിലാണ് ഈ വാക്കുകള്‍ കൃത്യമായി കൊത്തിയെടുക്കേണ്ടത്. ആദര്‍ശങ്ങളുടെ കര്‍മ്മകാണ്ഡങ്ങള്‍ ഇടിഞ്ഞു തകരുകയും ആസക്തിയുടെ പുതിയ വന്‍കരകള്‍ രൂപപ്പെടുകയും ചെയ്യുന്ന ഈ കാലത്തിലാണ് ടാഗോറിന്‍റെ പ്രവചനദര്‍ശനം ഏറെ അനുയോജ്യമാവുക.
