top of page

വെറും പൊള്ള

Sep 8, 2022

2 min read

ഫാ. ജോസ് വെട്ടിക്കാട്ട്
picture of a holy mass

എന്‍റെയടുത്തു കുറെനാളുമുമ്പു വന്നിട്ടുള്ള ആളാണ്, ഒന്നുകൂടെ കാണണമെന്നുണ്ടെന്നും, കൂടെ വേറൊരാള്‍കൂടി ഉണ്ടാകുമെന്നും പറഞ്ഞാണു വിളിച്ചത്. ആളെ പിടികിട്ടാഞ്ഞതുകൊണ്ടു വിശദമായി ചോദിച്ചപ്പോള്‍ ആളെ ഓര്‍മ്മവന്നു. സെമിനാരിപഠനം പൂര്‍ത്തിയാക്കിയ ഒരു ഡീക്കനാണ്. അദ്ദേഹത്തിന്‍റെ മാതാപിതാക്കന്മാരെ ദീര്‍ഘനാളായി പരിചയമുണ്ടായിരുന്നു. മാന്യമായ കുടുംബം. പ്ലസ് റ്റു കഴിഞ്ഞ് അവനു സെമിനാരീല്‍ ചേരാന്‍ താല്‍പര്യമുണ്ടെന്നറിഞ്ഞപ്പോള്‍ ഞങ്ങളുടെകൂടെ പോരാന്‍ ഞാന്‍ പറഞ്ഞതായിരുന്നു. എന്നാല്‍ അവനു താത്പര്യം രൂപതയില്‍ ചേരാനായിരുന്നു. മുറയ്ക്കുള്ള പഠനമെല്ലാം പൂര്‍ത്തിയാക്കി ഡീക്കന്‍പട്ടവും കിട്ടിക്കഴിഞ്ഞപ്പോള്‍ തുടരണമോ എന്നു സംശയിച്ചുതുടങ്ങി. അതുകാരണം അധികാരികളുടെ അനുവാദത്തോടെ ഒരുവര്‍ഷത്തെ ബ്രേക്കെടുത്ത് മാറിനിന്നു. എവിടെയൊക്കെയോപോയി ധ്യാനവും പ്രാര്‍ത്ഥനയുമൊക്കെ നടത്തിയെങ്കിലും ഒരു തീരുമാനത്തിലെത്താന്‍ വിഷമിച്ച സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്‍റെ അപ്പന്‍റെ നിര്‍ദ്ദേശപ്രകാരം ആള് എന്‍റെയടുത്തുവന്നത്. ഒരു മുന്‍കരുതല്‍ എന്നനിലയ്ക്ക്, ആളിനെപ്പറ്റി പൊതുവെയുള്ള അഭിപ്രായമറിയാന്‍ ഇദ്ദേഹത്തെ പഠിപ്പിച്ചിരുന്ന എനിക്കു പരിചയമുണ്ടായിരുന്ന ഒരു സെമിനാരി പ്രൊഫസറെ വിളിച്ചു ഞാന്‍ സംസാരിച്ചു. എല്ലാവര്‍ക്കും സമ്മതനായിരുന്നു എന്നു മാത്രമല്ല,  സെമിനാരി പഠനത്തില്‍ റാങ്കും ഡിസ്റ്റിങ്ഷനും ഉണ്ടായിരുന്നെങ്കില്‍ പഠനകാലത്തു മുഴുവന്‍ ഇദ്ദേഹം ഒന്നാംറാങ്കുകാരനുമായിരുന്നേനേം എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

അന്നു മണിക്കൂറുകള്‍ സംസാരിച്ചിട്ടും ആളിന്‍റെ നിലപാടുകള്‍ക്ക് ഒരുമാറ്റവും കാണാഞ്ഞതുകൊണ്ട്, മുന്നോട്ടു തുടരാതിരിക്കുന്നതുതന്നെയായിരിക്കും ഉചിതം എന്നാണ് എന്‍റെ അഭിപ്രായം എന്നു പറഞ്ഞുവിട്ടു. അതിനുശേഷം വിവരമൊന്നുമില്ലായിരുന്നു. പിന്നെ ഇപ്പോളാണു വിളിക്കുന്നത്. കൂടെ ഒരാള്‍കൂടെ കാണുമെന്നു പറഞ്ഞപ്പോള്‍ മിക്കവാറും കല്യാണം കഴിഞ്ഞുകാണുമെന്നും, അന്നത്തെ അദ്ദേഹത്തിന്‍റെ നിലപാടുകള്‍വച്ചു നോക്കിയാല്‍ രജിസ്റ്റര്‍ വിവാഹം നടത്തിയിരിക്കാനാണു സാധ്യതയെന്നും ഊഹിച്ചു.

കത്തോലിക്കാസഭയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായിരുന്നു ആളിന്‍റെ പ്രശ്നം. കര്‍ത്താവിലും സുവിശേഷത്തിലും അടിയുറച്ച വിശ്വാസമുണ്ട്. വര്‍ഷങ്ങളിലെ സെമിനാരിപഠനത്തിലൂടെ അത് ഒരുപാട് ആഴപ്പെടുകയും ചെയ്തു. പക്ഷെ, സഭാചരിത്രപഠനവും കത്തോലിക്കാസഭയുടെ ഇന്നത്തെ അവസ്ഥയും, പ്രത്യേകിച്ച് സീറോമലബാര്‍ സഭയിലെ ഇപ്പോഴത്തെ ചീഞ്ഞുനാറുന്ന അവസ്ഥയും എല്ലാം ഡീക്കന്‍റെ തലയില്‍ പിരിമുറുക്കമുണ്ടാക്കി. സെമിനാരിയില്‍നിന്നു മാത്രമല്ല, കത്തോലിക്കാസഭയില്‍നിന്നുതന്നെ വിട്ടുപോകാനും ഒരു സ്വതന്ത്രക്രിസ്ത്യാനിയായി ജീവക്കാനുമാണ് അദ്ദേഹത്തിന്‍റെ മനഃസാക്ഷി പറയുന്നതുപോലും. പക്ഷേ അദ്ദേഹത്തെ തടയുന്ന ഒറ്റക്കാര്യം വിശുദ്ധ കുര്‍ബ്ബാനയാണ്. അതില്‍ അചഞ്ചലമായ വിശ്വാസമുണ്ട്. എന്നാല്‍ കുര്‍ബ്ബാന അര്‍പ്പണത്തിന്‍റെ പേരില്‍ ഇന്നുനടന്നുകൊണ്ടിരിക്കുന്ന കലഹവും കോലാഹലവുമെല്ലാം ഇന്നുള്ള സഭയും സഭാനേതൃത്വവും സഭാസംവിധാനങ്ങളുമൊക്കെ വെറും പൊള്ളയാണെന്നു തെളിയിച്ചിരിക്കുകയാണ്. അതുകൊണ്ട് അതിന്‍റെ ഭാഗമായി പുരോഹിതനാകാന്‍ മനഃസാക്ഷി സമ്മതിക്കുന്നില്ല. ഈ സംവിധാനത്തോടൊന്നും ബന്ധമില്ലാതെ സ്വതന്ത്രക്രിസ്ത്യാനിയായി ജീവിക്കണം. എന്നാല്‍ വിശുദ്ധകുര്‍ബ്ബാന ഇല്ലാതെ പറ്റത്തുമില്ല. സെമിനാരിയിലുള്ള മറ്റ് അനവധിപേരും ഇദ്ദേഹത്തെപ്പോലെതന്നെ അസ്വസ്ഥതയുള്ളവരാണെങ്കിലും അവര്‍ക്കാര്‍ക്കും പുറത്തുപറയാനോ, ഇദ്ദേഹത്തെപ്പോലെ മാറിനില്ക്കാനോ ധൈര്യമില്ലാത്തതുകൊണ്ട് അവരൊക്കെ പൗരോഹിത്യം സ്വീകരിച്ചു. മന:സാക്ഷിയെ വഞ്ചിച്ച് അങ്ങനെചെയ്യാന്‍ ഇദ്ദേഹത്തിനു പറ്റുന്നില്ല. ഇതൊക്കെയായിരുന്നു അന്നു വന്നപ്പോഴത്തെ അദ്ദേഹത്തിന്‍റെ മനപ്രയാസങ്ങള്‍.

പണ്ടൊരു ചെണ്ട, മദ്ദളത്തിന്‍റെയടുത്തുചെന്ന് വലിയ ഒരു സങ്കടം പറഞ്ഞു: ഉത്സവത്തിനുപോയാലും, പെരുന്നാളിനുപോയാലും, അടികൊള്ളുന്നതുമുഴുവന്‍ തന്‍റെ തലയ്ക്കാണെന്ന്. അതുകേട്ട് മദ്ദളം നിര്‍ത്താതെ ചിരിച്ചുപോലും! പരിഭവിച്ച ചെണ്ടയെ സ്വന്തം തലയും മൂടുംകാണിച്ച് മദ്ദളം പറഞ്ഞു: നിന്‍റെ തലക്കല്ലെ കിട്ടുന്നുള്ളു, കച്ചേരിക്കുപോയാലും, മേളത്തിനുപോയാലും തലയ്ക്കും മൂട്ടിലും ഒരുപോലെയാ തനിക്കിട്ടുകിട്ടുന്നതെന്ന്. ഡീക്കന്‍റെ വിഷമമൊക്കെ കേട്ടപ്പോള്‍ മദ്ദളം ചിരിച്ചതുപോലെ ഒരുചിരി ഞാനും ചിരിച്ചപ്പോള്‍ അദ്ദേഹത്തിനും പരിഭവം തോന്നിക്കാണും. അങ്ങേരു പറഞ്ഞ കാര്യങ്ങളൊക്കെ അതിനെക്കാള്‍ തീവ്രമായി ചിന്തിച്ചുകൊണ്ടിരിക്കുന്ന ആളാണു ഞാനെന്ന് എന്നോട് ഉപദേശം തേടിവന്ന അങ്ങേരോടു പറയാന്‍ പറ്റുമോ? അതുകൊണ്ട് ഒന്നൂടെയങ്ങു ചിരിച്ചു. മറ്റുമാര്‍ഗ്ഗമൊന്നുമില്ലാതിരുന്നതുകൊണ്ട് ഒരു ധ്യാനഗുരുസ്റ്റൈലില്‍, 'മാറാരോഗത്തിനു കിട്ടാമരുന്ന്' എന്നു പറഞ്ഞതുപോലെ ചില ഗുണദോഷിക്കലൊക്കെ നടത്തി ഒരുതരത്തില്‍ ആളെ അന്നു പറഞ്ഞുവിട്ടു. ഏതായാലും കാണാന്‍ വരുന്നു എന്നറിയിച്ചപ്പോള്‍, ഇക്കാലംകൊണ്ട് എന്തെങ്കിലും തീരുമാനത്തിലെത്തി ക്കാണുമെന്ന പ്രതീക്ഷയില്‍ ഞാന്‍ കാത്തിരുന്നു.

അവരു വന്നത് ബൈക്കിനായിരുന്നു. പക്ഷെ, ഡീക്കന്‍റെ കൂടെവന്നത് വേറൊരു താടിക്കാരനായിരുന്നു. ക്ഷേമാന്വേഷണമൊക്കെ നടത്തിക്കഴിഞ്ഞ് കാര്യത്തിലേക്കുവന്നു.

"അച്ചാ, ഇദ്ദേഹം എന്നെക്കാളും ജൂണിയര്‍ ആണെങ്കിലും ഞങ്ങളുതമ്മില്‍ വര്‍ഷങ്ങളായി അടുപ്പമുണ്ട്. ഇദ്ദേഹവും സെമിനാരിവിട്ടു പോരാന്‍ തീരുമാനിച്ചിരിക്കുന്ന ആളാണ്. ഞങ്ങള്‍ക്ക് ഒരാഗ്രഹമുണ്ട്, കപ്പൂച്ചിന്‍സഭയില്‍ ചേരണമെന്ന്."

മദ്ദളത്തിന്‍റെ ചിരി ഒരെണ്ണംകൂടി എന്‍റെ വക. അവര്‍ക്കു കാര്യം മനസ്സിലായില്ല.

"എല്ലാം വിട്ടിട്ടു പോകാനുള്ള ഇദ്ദേഹത്തിന്‍റെ പ്ലാനൊക്കെ മാറ്റിയോ?"

"ഒരു തീരുമാനത്തിലെത്താന്‍ പറ്റുന്നില്ലച്ചാ. അവസാനം ഞങ്ങളു രണ്ടുംകൂടി ആലോചിച്ചാണ് ഇങ്ങനെയൊരു വഴി കണ്ടുപിടിച്ചത്."

"കപ്പൂച്ചിന്‍സഭേല്‍ ചേര്‍ന്നതുകൊണ്ട് നിങ്ങളുടെ പ്രശ്നങ്ങളു തീരുമോ?"

"തീരത്തില്ല, എന്നാലും..."

"അക്കരെ നില്‍ക്കുമ്പോള്‍ ഇക്കരപ്പച്ച, അത്രേയുള്ളു. മച്ചിപ്പശൂനെ കൂടുമാറ്റിക്കെട്ടിയാല്‍ പെറുമോന്നു കാറുന്നോന്മാരു ചോദിക്കുന്നതു പോലെയാ ഇത്. നിങ്ങളെപ്പോലെതന്നെ ഇന്നത്തെ സഭയുടെ അവസ്ഥയില്‍ വേദനയും, അമര്‍ഷവുമൊക്കെയുള്ളവരാണ് നല്ലവിശ്വാസികളൊക്കെ. ഉത്തരംകിട്ടാത്ത ചോദ്യങ്ങളും പ്രതിവിധിയില്ലാത്ത പ്രശ്നങ്ങളുമൊക്കെ എന്നുമുണ്ടാകും. അതിനെല്ലാം ഉത്തരം കിട്ടിയേ തീരൂ എന്നും പ്രതിവിധി ഉണ്ടാക്കിയെ അടങ്ങൂ എന്നുമൊന്നും ശഠിച്ചിട്ടു കാര്യമില്ല. എല്ലാം വെറുംപൊള്ളയാണ് എന്ന നിരീക്ഷണവും ശരിയാണോ എന്നു ചിന്തിക്കുന്നതു നല്ലതാണെന്നു തോന്നുന്നു. നോക്കുന്ന ആംഗിള്‍ ഒന്നു ശരിയാക്കിയാല്‍ അല്‍പമെങ്കിലും നന്മ എല്ലാറ്റിലും കാണില്ലേ? സ്വന്തം നിലപാടുകള്‍ ശരിയെന്നുറപ്പുണ്ടെങ്കില്‍, പിടിച്ചുനില്‍ക്കുക, കാത്തിരിക്കുക, ദൈവത്തിന് ഒരവസരംകൊടുക്കുക. അതുകഴിഞ്ഞിട്ടു കപ്പൂച്ചിന്‍സഭയില്‍ ചേരുന്നതിനെപ്പറ്റി ആലോചിച്ചാല്‍ പോരേ?"

പിന്നീടു സംസാരമൊക്കെ പലവിഷയങ്ങളെപ്പറ്റിയായിരുന്നു. എന്തായാലും തിരിച്ചു പോകുമ്പോള്‍ ഇനിയും വരും എന്നു പറഞ്ഞു പിരിഞ്ഞപ്പോള്‍ എല്ലാം പൊള്ളയാണെന്ന നിലപാടു മാറ്റിയെന്നു തോന്നുന്നു.


ഫാ. ജോസ് വെട്ടിക്കാട്ട്

0

1

Featured Posts

bottom of page