top of page

തീരദേശ ജനത നേരിടുന്ന വെല്ലുവിളികള്‍

Sep 2, 2022

3 min read

ഡക
 public  strike by the the common people

ആമുഖം

കഴിഞ്ഞ കുറേവര്‍ഷങ്ങളായി മത്സ്യത്തൊഴിലാളി സമൂഹം അതിജീവന ഭീഷണി നേരിടുകയാണ്. അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന കടല്‍ കയറ്റം, കിടപ്പാട നഷ്ടം, തൊഴില്‍ നഷ്ടം, മത്സ്യലഭ്യതയിലെ കുറവ്, കാലാവസ്ഥാ മുന്നറിയിപ്പ്, മണ്ണെണ്ണയുടെ വിലകയറ്റം തുടങ്ങിയവ ജനങ്ങളുടെ ജീവിതം വഴിമുട്ടിച്ചിരിക്കുകയാണ്. മുന്നൂറിലേറെ കുടുംബങ്ങള്‍ വാസയോഗ്യമല്ലാത്ത ക്യാമ്പുകളില്‍ ദീര്‍ഘനാളുകളായി കഴിയുന്നു. കൂടാതെ ധാരാളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. മേല്‍പറഞ്ഞ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിന് അധികാരികള്‍ തയ്യാറാകുന്നില്ലെന്ന് മാത്രമല്ല വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖനിര്‍മ്മാണം ഒരു വലിയ വെല്ലുവിളിയായി നമ്മുടെ ജനതയുടെ മേല്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. വിഴിഞ്ഞം വാണിജ്യതുറമുഖ നിര്‍മ്മാണം ഉയര്‍ത്തുന്ന വെല്ലു വിളികളും സമരത്തോടനുബന്ധിച്ച് നാമുയര്‍ത്തുന്ന ആവശ്യങ്ങളും ചുവടെ ചേര്‍ക്കുന്നു.


വാണിജ്യ തുറമുഖ പദ്ധതിയുടെ സംക്ഷിപ്തം

ഏകദേശം 7525 കോടി രൂപ മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന വിഴിഞ്ഞം വാണിജ്യ തുറമുഖം, നിലവിലുള്ള വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിന് 500 മീറ്റര്‍ തെക്ക് മാറി വലിയ കടപ്പുറത്ത് നിന്നും ആരം ഭിച്ച് 1.2 കി. മീ. കടലിലേയ്ക്ക് പോയി തെക്കോട്ട് തിരിഞ്ഞ് 3.2 കി.മീ. നീളമുള്ള പുലിമുട്ട്, അടിമലത്തുറ ഭാഗത്താണ് അവസാനിക്കുന്നത്. കപ്പല്‍ ചാനല്‍ സംബന്ധിച്ച് ആഴിമല ക്ഷേത്രത്തിന് നേരേയാണെന്ന് നമ്മോട് സമ്മതിച്ചിട്ടുണ്ടെങ്കിലും അദാനി ഗ്രൂപ്പ് കരുംകുളംവരെയെന്നും, പൂവ്വാര്‍ വരെയെന്നും ഉള്ള അഭിപ്രായം മാറ്റിപ്പറഞ്ഞുകൊണ്ടിരിക്കുന്നത് പത്രമാദ്ധ്യമങ്ങളിലൂടെയാണ് നാം അറിയുന്നത്.

400 മീറ്റര്‍ വീതിയുള്ള ഇതിന്‍റെ പ്രവേശന കവാടത്തിലൂടെ 16 മീറ്റര്‍ വരെയുള്ള മദര്‍ഷിപ്പുക ള്‍ക്ക് പ്രവേശിക്കാന്‍ നിലവില്‍ 15 മുതല്‍ 18 മീറ്റര്‍ വരെ ആഴമുള്ള ഈ കടല്‍ പ്രദേശം ഡ്രഡ്ജ് ചെയ്തു 20.4 മീറ്റര്‍ ആഴം ആക്കേണ്ടതുണ്ടെന്ന് പരിസ്ഥിതിപഠന റിപ്പോര്‍ട്ട് പറ യുന്നു. കൂടാതെ കണ്ടയിനറുകള്‍, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവയ്ക്കായി 66 ഹെക്ടര്‍ (165 ഏക്കര്‍) കടല്‍ നികത്തുകയും ചെയ്യണം. പ്രകൃതി ദത്തമായി നിലവിലു ണ്ടായിരുന്ന പൊഴിമുഖങ്ങളെയും കടലിടുക്കുകളെയും ദ്വീപുകളെയും കായലുകളെയും പ്രയോജനപ്പെടുത്തി നിര്‍മ്മിച്ചിട്ടുള്ള സ്വാഭാവിക തുറമുഖങ്ങളായ കൊച്ചി, ബോംബെ, ഗോവാ തുടങ്ങിയ തുറമുഖങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി തുറസ്സായ കടലില്‍ പുലിമുട്ടുകള്‍ ഉപയോഗിച്ചുള്ള കൃത്രിമ തുറമുഖനിര്‍മ്മാണം സൃഷ്ടിക്കാവുന്ന പ്രത്യാ ഘാതം ഭയാനകമാണെന്ന് ഇതിനകം തീരദേശം അനുഭ വിച്ചുകൊണ്ടിരിക്കുകയാണ്.


പുലിമുട്ട് നിര്‍മ്മാണം അനുഭവ പാഠങ്ങള്‍

തിരുവനന്തപുരം ജില്ലയിലെ മുതലപ്പൊഴിയിലും കന്യാകുമാരി ജില്ലയിലെ തേങ്ങാപ്പട്ട ണത്തും നടത്തിയ അരകിലോമീറ്ററിനു താഴെ മാത്രം നീളമുള്ള പുലിമുട്ടു നിര്‍മ്മാണത്തെ തുടര്‍ന്ന് അവിടെയുണ്ടായ തീരശോഷണവും അപകടങ്ങളും ഞെട്ടിപ്പിക്കുന്നവയാണ്. അപ്പോഴും വിഴിഞ്ഞം വാണിജ്യ തുറമുഖത്തിനായി 3.2 കി.മീ. പുലിമുട്ട് നിര്‍മ്മിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങള്‍ ഭയാനകവും പ്രവചനാതീതവുമായിരിക്കും.


1. വിഴിഞ്ഞം വലിയ കടപ്പുറത്ത് മതിലുകെട്ടി പൊഴിയൂര്‍ വരെ പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിക്കാനുള്ള നീക്കം ഇതിനകം തന്നെ വലിയ കടപ്പുറത്ത് കമ്പിവേ ലികെട്ടി തിരിക്കുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കപ്പലുകളുടെ സുരക്ഷിതമായ പോക്കു വരവിന് സഹായകമാകുന്ന രീതിയില്‍ പോര്‍ട്ട് ഏരിയയില്‍ മത്സ്യബന്ധനയാനങ്ങള്‍ പ്രവേശിക്കുന്നത് ഒഴിവാക്കാന്‍, പോര്‍ട്ട് നിയമങ്ങള്‍ ഉപയോഗിച്ച് വിഴിഞ്ഞം മുതല്‍ പൊഴിയൂര്‍ വരെ മത്സ്യ ബന്ധന നിരോധിതമേഖലയാക്കി (SEZ) പ്രഖ്യാപിക്കാനുള്ള സാദ്ധ്യത ഏറെയാണ്. വിഴിഞ്ഞം മുതല്‍ പൊഴിയൂര്‍ വരെ കേന്ദ്ര മത്സ്യഗവേഷണ കേന്ദ്രത്തിന്‍റെ (CMFRI) 2010ലെ കണക്കനുസരിച്ച് 1882 മത്സ്യബന്ധന യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ഇവയുടെ പ്രവര്‍ത്തനത്തെ ഇത് പ്രതികൂലമായി ബാധിക്കും.


2. വിഴിഞ്ഞം മത്സ്യബന്ധ ന തുറമുഖം മണ്ണ് കയറി പ്രവര്‍ത്തനം ഇല്ലാതാകും.

നിലവിലുള്ള വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ ത്തിന്‍റെ തെക്കേപുലിമുട്ടി നേക്കാള്‍ 800 മീറ്റര്‍ കടലില്‍ തള്ളിനില്‍ക്കുന്ന പുതിയ പുലിമുട്ടുനിര്‍മ്മാണം ഹാര്‍ബറിലേക്ക് മണ്ണ് കയറുന്നതിനും തിരയിളക്കം ഉണ്ടാകുന്നതിനും കാരണമാകുമെന്ന് നിര്‍മ്മാണം തുടങ്ങുന്നതിനു മുമ്പ് അനുഭവ സമ്പന്നരായ മത്സ്യത്തൊഴിലാളികള്‍ അറിയിച്ചിട്ടുള്ളതാണ്. അനുഭവസ്ഥരായ മത്സ്യത്തൊഴിലാളികളുടെ അഭിപ്രായം അവഗണിച്ചു കൊണ്ട് നടപ്പിലാക്കുന്ന പദ്ധതി കാരണം മത്സ്യ ബന്ധന ഹാര്‍ബറില്‍ മണ്ണ് കയറി ആഴം കുറയുകയും ഇതിനകം 4 അപകട മരണങ്ങള്‍ ഉണ്ടാവുകയും ചെയ്തു. കൂടാതെ പല സന്ദര്‍ഭത്തില്‍ തിരയിളക്കം കാരണം യാനങ്ങള്‍ കൂട്ടിമുട്ടിയുള്ള അപകടം തുടര്‍ക്കഥയാകും. ഹാര്‍ബറില്‍ രൂപപ്പെടുന്ന മണല്‍ത്തിട്ടകള്‍ ജലജന്യരോഗങ്ങളായ കോളറയും ത്വക്ക് രോഗങ്ങളും പടര്‍ന്നു പിടിക്കുന്നതിനിടയാക്കും.


3. പൂന്തുറ മുതല്‍ തുമ്പവരെ ഭീമമായി തീരം കവരുകയും വീടുകളും, ദേവാലയങ്ങളും, സ്കൂളുകളും നിലനില്‍പ്പ് ഭീഷണിയിലാകും ചെയ്യും.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം മൂന്നിലൊന്ന് പൂര്‍ത്തിയായപ്പോള്‍ 600 മീറ്റര്‍ കടല്‍ത്തീരം നഷ്ടപ്പെട്ടു. കോവളത്തെയും ശംഖുമുഖത്തെയും സ്ഥിതിയും പനത്തുറ മുതല്‍ തുമ്പവരെ ഉണ്ടായിക്കൊണ്ടി രിക്കുന്ന തീരശോഷണവും, വീടുകളുടെ തകര്‍ച്ചയും പരിശോധിച്ചാല്‍ ഈ വസ്തുത മനസ്സിലാകും. കഴിഞ്ഞ 5 വര്‍ഷം കൊണ്ട് വലിയതുറയില്‍ മാത്രം 5 വരിവീടുകളാണ് കടലെടുത്തത്. കൊച്ചു തോപ്പ്, തോപ്പ്, കണ്ണാന്തുറ, വെട്ടുകാട് തുടങ്ങി തുമ്പ വരെ അശാസ്ത്രീയമായി നടത്തുന്ന നിര്‍മ്മാണത്തിന്‍റെ പ്രത്യാഘാതങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖനിര്‍മ്മാണ സമയത്ത് നടത്തിയ പഠനങ്ങള്‍ സംബന്ധിച്ച് 2013-ല്‍ നടന്ന പൊതുജനാഭിപ്രായം തേടുന്ന സന്ദര്‍ഭത്തില്‍ ഇക്കാര്യങ്ങള്‍ നാം അറിയിച്ചത് അവഗണിച്ചതാണ് ഈ ദുരന്തത്തിന് കാരണം.


4. തുടര്‍ച്ചയായ ഡ്രഡ്ജിംഗ് മത്സ്യ ആവാസ വ്യവസ്ഥയെ തകര്‍ക്കുകയും മത്സ്യലഭ്യത ഇല്ലാതാക്കുകയും ചെയ്യും.

തുറമുഖ നിര്‍മ്മാണത്തിന്‍റെ ഫലമായും, തുടര്‍ച്ചയായ ഡ്രഡ്ജിംഗ് കാരണവും ചൊവ്വര, വിഴിഞ്ഞം, കോവളം പാറക്കെട്ടുകളിലെ ജൈവ വൈവിധ്യവും മുത്തുചിപ്പിയും തിരുവനന്തപുരം ജില്ലയിലെ സമ്പുഷ്ടമായ മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥകളും നാമാവശേഷമായി മത്സ്യലഭ്യത കുറയുകയും ചെയ്യും. കൂടാതെ കടല്‍പരിസ്ഥിതി യിലുണ്ടാകുന്ന ഗണ്യമായ മാറ്റം അടിക്കടി ചുഴലിക്കാറ്റും, മറ്റ് പ്രകൃതി ദുരന്തങ്ങള്‍ക്കും ഇടയാക്കും.

വിഴിഞ്ഞം വാണിജ്യ തുറമുഖ നിര്‍മ്മാണം മൂലം തീരദേശ ജനത നേരിടാന്‍ പോകുന്ന പ്രശ്നങ്ങളും ആശങ്കകളും ആവര്‍ത്തിച്ചാവര്‍ത്തിച്ച് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ മേല്‍നോട്ടത്തിനായി ചുമതലപ്പെടുത്തിയ അധികാരികള്‍, വിസില്‍ ഉള്‍പ്പെടെ അദാനിയുടെ സ്തുതിപാഠകരായി നിലകൊള്ളുന്ന സ്ഥിതിയാണുള്ളത്. ഈ സ്ഥിതി തുടര്‍ന്നാല്‍ തിരുവനന്തപുരം ജില്ലയിലെ 50000 ത്തില്‍പ്പരം മത്സ്യത്തൊഴിലാളികള്‍ക്ക് ക്രമേണ മത്സ്യബന്ധനം അസാദ്ധ്യമായിത്തീരും. ഈ ഗൗരവമേറിയ പ്രശ്നങ്ങള്‍ ഏഴു തലക്കെട്ടുകളിലായി ചൂണ്ടിക്കാണിച്ചു കൊണ്ടാണ് നാം അനിശ്ചിതകാല സമരത്തിന് മുന്നോട്ട് വന്നത്.


5. മുതലപ്പൊഴിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍.

അശാസ്ത്രീയമായി നിര്‍മ്മിച്ച് മുതലപ്പൊഴി മരണപ്പൊഴിയായി മാറിക്കഴിഞ്ഞു. ഇതിനകം 45 ഓളം വിലപ്പെട്ട ജീവനുകളാണ് പൊലിഞ്ഞു പോയത്. കൂടാതെ താഴമ്പള്ളി മുതല്‍ മാമ്പള്ളി വരെയുള്ള ജനവാസകേന്ദ്രങ്ങളിലുണ്ടാകുന്ന തീരശോഷണം മൂലം ധാരാളം വീടുകള്‍ നഷ്ടപ്പെടു കയും തീരദേശ റോഡ് പലതവണ തകരുകയും ചെയ്തു. ഈ പ്രശ്നങ്ങള്‍ പഠിക്കാന്‍ അന്താരാഷ്ട്ര ടെന്‍ഡര്‍ വിളിക്കാമെന്ന് പറഞ്ഞിടത്ത് അദാനിക്ക് കല്ലു കയറ്റാന്‍ മുതലപ്പൊഴി തയ്യാറാക്കിക്കൊടുക്കു കയാണുണ്ടായത്.


6. മുന്നോട്ടുവയ്ക്കുന്ന അടിസ്ഥാന ആവശ്യങ്ങള്‍

1. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണം മൂലമുണ്ടാകുന്ന തീരശോഷണത്തിന് ശാശ്വതപരിഹാരം കാണുക.

2. മനുഷ്യോചിതമല്ലാത്ത അവസ്ഥയില്‍ തീരശോഷണം മൂലം ഭവനം നഷ്ടപ്പെട്ട് ക്യാമ്പു കളില്‍ കഴിയുന്ന കുടുംബാംഗങ്ങളെ അടിയന്തര മായി വാടക നല്‍കി മാറ്റിപാര്‍പ്പിക്കുക.

3. വീടും സ്ഥലവും നഷ്ടപ്പെട്ടവരെ വീടിനും വസ്തുവിനും നഷ്ടപരിഹാരം നല്‍കിക്കൊണ്ട് പുനഃരധിവസിപ്പിക്കുക.

4. തീരശോഷണത്തിന് കാരണവും വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിനും കോവളം, ശംഖു മുഖം ബീച്ചുകള്‍ക്കും ഭീഷണിയായ അദാനി തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ച് പ്രദേശവാസികളെയും ഉള്‍പ്പെടുത്തി സുതാര്യമായി പഠനം നടത്തുക.

5. മണ്ണെണ്ണയുടെ അനിയന്ത്രിതമായ വിലവര്‍ദ്ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇടപെടുക; തമിഴ്നാട് മാതൃകയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ ലഭ്യമാക്കുക.

6. കാലാവസ്ഥ മുന്നറിയിപ്പ് കാരണം തൊഴില്‍ നഷ്ടപ്പെടുന്ന ദിവസങ്ങളില്‍ മത്സ്യ ത്തൊഴിലാളി കള്‍ക്ക് മിനിമം വേതനം നല്‍കുക.

7. മുതലപ്പൊഴിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക.


സമാപനം

കടലും മത്സ്യ ആവാസ വ്യവസ്ഥകളും, മത്സ്യബന്ധനവും സംരക്ഷിക്കേണ്ടത് മത്സ്യ ത്തൊഴിലാളികളുടെ മാത്രം വിഷയമല്ല. കേരളത്തിലെ മത്സ്യഉപഭോക്താക്കളും, കടലിന്‍റെ സുഹൃത്തുക്കളും നിലനില്‍പ്പിന്‍റെ ഭീഷണി നേരിടുന്ന മത്സ്യത്തൊഴി ലാളികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്നോട്ടു വരും എന്ന് പ്രതീക്ഷിക്കുന്നു. വരും തലമുറക്ക് കൂടെ കടലും, കടല്‍ത്തീരവും, കടലിന്‍റെ ആവാസ വ്യവസ്ഥകളും സംരക്ഷിക്കാനുള്ള പോരാട്ടമാണ് ജൂലൈ 20 മുതല്‍ നാം ആരംഭിച്ചിരിക്കുന്നത്. ഈ കാര്യ ങ്ങള്‍ ഇടവക ജനങ്ങളെ ബോധ്യപ്പെടുത്തി വരും ദിവസങ്ങളില്‍ നാം നടത്താനിരിക്കുന്ന പ്രതിഷേധങ്ങളില്‍ മുഴുവന്‍ ജനങ്ങളെയും പങ്കാളി കളാക്കാന്‍ ഏവരും നടപടികള്‍ കൈക്കൊള്ളണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

 

(മോണ്‍. യൂജിന്‍ പെരേര ജനറല്‍ കണ്‍വീനര്‍, റവ. ഡോ. ലോറന്‍സ് കുലാസ്, ശ്രീമതി ഷേര്‍ളി ജോണി പാടിക്ക്, മൈക്കിള്‍ നിക്സന്‍ ലോപ്പസ്, കണ്‍വീനര്‍മാര്‍)


ഡക

0

3

Featured Posts

bottom of page