
ഏകല രക്ഷകര്‍ത്താവായി (Single Parent) വിജയകരമായി കുഞ്ഞിനെ വളര്‍ത്തുന്നത് ഒരു വെല്ലുവിളി തന്നെയാണ്. എന്നാല്‍ സമര്‍പ്പണവും കഠിനാധ്വാനവും പിന്തുണ നല്‍കുന്ന ഒരു ശൃംഖലയും ഉള്ളപ്പോള്‍ നിങ്ങള്‍ക്ക് ഇത് സാധ്യമാണ്. പ്രതിസന്ധികളെ എതിര്‍ത്ത് പല സിംഗിള്‍ പേരന്‍റ്സും സന്തുഷ്ടരായും ആരോഗ്യപരമായും തങ്ങളുടെയും കുഞ്ഞുങ്ങളുടെയും ജീവിതം വിജയിപ്പിക്കുന്നു എന്നത് അഭിമാനകരമായ കാര്യം തന്നെയാണ്. ഏകല രക്ഷിതാക്കളുടെ എണ്ണം വര്‍ധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തില്‍ ചില പ്രായോഗിക വശങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നത് അഭികാമ്യമാണ്.
സിംഗിള്‍ പേരന്‍റ്സ് അഭിമുഖീകരിക്കേണ്ടിവരുന്ന പ്രധാനപ്പെട്ട ചില പ്രയാസങ്ങള്‍ ഇവയാണ്. ഒന്നാമതായി സാമ്പത്തിക പ്രതിസന്ധി; വീട്ടുചിലവുകള്‍, ശിശുപരിപാലന ചിലവുകള്‍, പരിമിതമായ സാമ്പത്തിക സ്രോതസ്സുകള്‍, സാമ്പത്തിക നിയന്ത്രണം മുതലായവ. രണ്ടാമതായി മാനസിക തളര്‍ച്ച; പിന്തുണകൂടാതെയുള്ള ജോലി, രക്ഷകര്‍ത്തൃത്വം, വ്യക്തിപരമായ മറ്റ് ഉത്തരവാദിത്വങ്ങള്‍, ഇവയുടെയെല്ലാം ശരിയായ സംയോജനം. മൂന്നാമതായി സാമൂഹിക അവജ്ഞ; ഏകല രക്ഷകര്‍ത്താക്കള്‍ക്കെതിരെയുള്ള സമൂഹത്തിന്‍റെ കാഴ്ചപ്പാടുകള്‍, അനുകമ്പയില്ലാത്തതും ബഹുമാനമില്ലാത്തതുമായ സമീപനങ്ങള്‍, പെരുമാറ്റങ്ങള്‍ മുതലായവ. നാലാമതായി ജോലി-രക്ഷകര്‍ത്തൃത്വ ഉത്തരവാദിത്വങ്ങളുടെ സംയോജനം; ജോലിയുടെയും ശിശുപരിപാലനത്തിന്‍റെയും വ്യക്തിപരമായ സമയത്തിന്‍റെയും നിയന്ത്രണം. അഞ്ചാമതായി പിന്തുണ സിസ്റ്റങ്ങളുടെ അഭാവം; മാനസിക പിന്തുണ, പ്രായോഗിക സഹായം, രക്ഷകര്‍ത്തൃത്വ മാര്‍ഗ്ഗനിര്‍ദ്ദേശം എന്നിവയുടെ പരിമിതമായ ലഭ്യത.
തങ്ങളുടെയും കുട്ടികളുടെയും മാനസികശാരീരിക ഉന്നമനത്തിനും ജീവിതവിജയത്തിനും ഏകല രക്ഷിതാക്കള്‍ ചില പ്രായോഗിക ജീവിതചര്യകള്‍ക്കൂടി പിന്‍തുടരേണ്ടതായുണ്ട്. ടൈം മാനേജ്മെന്‍റ് സിംഗിള്‍ പേരന്‍റ്സ് അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണ്. ഇതിനായി ഒരു കൃത്യമായ ടൈംടേബിള്‍ ഉണ്ടാക്കി അതനുസരിച്ച് പ്രവര്‍ത്തിക്കാം. ജോലികളെ മുന്‍ഗണനാപ്രകാരം ക്രമീകരിച്ച് ഒരേ സമയം ഒരു കാര്യത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാം. കൂടാതെ ഒരു പ്ലാനര്‍ അല്ലെങ്കില്‍ ആപ്പ് ഉപയോഗിച്ച് കാര്യങ്ങള്‍ വിട്ടുപോവാതെ കോര്‍ഡിനേറ്റ് ചെയ്യാം. ഒപ്പം തന്നെ സ്വയം പരിപാലനത്തിനും വിശ്രമത്തിനും സമയം മാറ്റിവയ്ക്കുകയും വേണം.
സാമ്പത്തികാവശ്യങ്ങള്‍ ശരിയായി കൈകാര്യം ചെയ്യുന്നത് സിംഗിള്‍ പേരന്‍റിന് ഒരു വെല്ലുവിളി തന്നെയാണ്. ഒരു ബജറ്റ് തയ്യാറാക്കി ചിലവുകള്‍ ട്രാക്ക് ചെയ്യുക, ആവശ്യം, അത്യാവശ്യം, അനാവശ്യം ഇവ കൃത്യമായി പരിശോധിക്കുക. സര്‍ക്കാരില്‍ നിന്നും മറ്റ് സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായപരിപാടികളെ പരമാവധി പ്രയോജനപ്പെടുത്തുക, അടിയന്തിര സാഹചര്യങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുക മുതലായവ ചില പ്രായോഗിക വശങ്ങളാണ്.
വിജയം നേടാന്‍ വിദ്യാഭ്യാസം അനിവാര്യമാണ്. ശിശുക്കള്‍ പഠനത്തില്‍ ഉന്നതനിലവാരം കൈവരിക്കുന്നതിനും കുട്ടികളുടെ മുമ്പോട്ടുള്ള പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഏകല രക്ഷിതാക്കള്‍ മുന്‍ഗണന നല്‍കണം. ഇത് പ്രാപ്തമാകുന്ന തരത്തില്‍ പഠന അന്തരീക്ഷണം സൃഷ്ടിക്കാനും അവരുടെ പുരോഗതിയെ നിരീക്ഷിക്കാനും ആവശ്യമായ അധിക സ്രോതസ്സുകള്‍ തേടാനും കഴിയണം. അക്കാദമിക് പിന്തുണക്ക് പുറമേ ജീവിക്കാനാവശ്യമായ പ്രധാനപ്പെട്ട ജീവിത ശേഷികളും (Life Skills) കുട്ടികളെ പഠിപ്പിക്കണം. ഈ കഴിവുകള്‍ കുട്ടികളില്‍ നട്ടുവളര്‍ത്തുന്നതിലൂടെ അവര്‍ പ്രശ്നങ്ങളെ നേരിടാനും തെറ്റായ തീരുമാനങ്ങള്‍ ഒഴിവാക്കാനും നല്ല രീതിയില്‍ പരിശീലിക്കപ്പെടും.
മാതൃകാപരമായ നല്ല മൂല്യങ്ങളും പെരുമാറ്റവും ഏകല രക്ഷിതാവ് മാതൃകാപരമായ രീതിയില്‍ കാട്ടിക്കൊടുക്കുകയും പരിശീലിപ്പിക്കുക യും ചെയ്യേണ്ടതാണ്. ശിക്ഷയുമായി ബന്ധപ്പെട്ട കൃത്യമായ അതിര്‍ത്തികള്‍ നിര്‍ണ്ണയിച്ചിരിക്കണം. രക്ഷകര്‍ത്താവിന്‍റെയും കുട്ടികളുടെയും മാനസിക ആരോഗ്യം തടസ്സപ്പെടുത്താത്ത വിധമുള്ള നിയമങ്ങളും ശിക്ഷണരീതികളും പ്രാവര്‍ത്തികമാക്കുക. തെറ്റുകള്‍ തിരുത്തപ്പെടുന്നതിനൊപ്പം നേട്ടങ്ങളില്‍ പ്രോത്സാഹനവും പോസിറ്റീവ് റി ഇന്‍ഫോഴ്സ്മെന്‍റും നല്‍കുകയും വേണം. സമാധാനവും ക്ഷമയും സന്തോഷവും നിലനിര്‍ത്താന്‍ എല്ലാ സാഹചര്യങ്ങളും ഉപയോഗിക്കുക.
ആശയവിനിമയം വളരെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു മേഖലയാണ്. നിങ്ങളുടെ കുട്ടികളെ സജീവമായും ശ്രദ്ധയോടെയും കേള്‍ക്കുക. അവരുടെ വികാരങ്ങള്‍ക്കും വ്യക്തിത്വത്തിനും വില കല്‍പ്പിക്കുക. നിങ്ങളുടെ ആശയവിനിമയം തുറന്നതും സത്യസന്ധവും ആയിരിക്കണം. തുറന്ന ആശയവിനിമയത്തിനായി കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിക്കുകയും വേണം. ഏകല രക്ഷിതാവ് എന്ന നിലയില്‍ നിങ്ങള്‍ അനുഭവിക്കുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും മറ്റ് ശാരീരിക മാനസിക സംഘര്‍ഷങ്ങളും കുട്ടികളുടെ പ്രായത്തിനനുസരിച്ച് ബോധ്യപ്പെടുത്തി കൊടുക്കാം. നിങ്ങളുടെ കുട്ടിയോടൊപ്പം ഗുണനിലവാരമുള്ള സമയം ചിലവഴിക്കുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുക. നിങ്ങളുടെ കഷ്ടപ്പാടുകളുടെ കാരണം കുട്ടിയാണെന്ന അര്‍ത്ഥത്തിലുള്ള സംസാരം ഒഴിവാക്കുക.
പിന്തുണാ നെറ്റ്വര്‍ക്കുകള്‍ പരമാവധി ഉപയോഗപ്പെടുത്തുക. കുടുംബം, സുഹൃത്തുക്കള്‍, കമ്യൂണിറ്റ് എന്നിവയില്‍ പരമാവധി പിന്തുണാ നെറ്റ് വര്‍ക്കു കള്‍ സൃഷ്ടിക്കുക. മറ്റ് ഏകല രക്ഷിതാക്കളെ പരിചയപ്പെടുകയും അവരുടെ ജീവിതവിജയ രീതികള്‍ ശ്രദ്ധിച്ച് മനസ്സിലാക്കുകയും ചെയ്യുക. കമ്യൂണിറ്റി ഇവന്‍റുകള്‍ ഒഴിവാക്കാതിരിക്കുക. സമൂഹത്തിലെ നന്മയുള്ള വ്യക്തികളുടെ സഹകരണം തേടാന്‍ ശ്രമിക്കുക. പ്രായോഗിക സഹായം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മുതലായവ കൃത്യമായ വ്യക്തികളില്‍ നിന്നും തേടാന്‍ മടി കാണിക്കരുത്. കുട്ടിയുടെ ആവശ്യവുമായി ബന്ധപ്പെട്ട് നിങ്ങളുടെ കുടുംബം, കുട്ടിയുടെ മറ്റേ രക്ഷിതാവിന്‍റെ കുടുംബം കുട്ടിയുടെ മാതാവ്/പിതാവ് ഇവരുമായി കൃത്യമായ ആശയവിനിമയം നിലനിര്‍ത്താവുന്നതാണ്.
ഏകല രക്ഷിതാക്കള്‍ സ്വയം പരിപാലനത്തിനും മുന്‍ഗണന നല്‍കണം. ഒറ്റക്ക് കുഞ്ഞുങ്ങളെ വളര്‍ത്തുന്നത് നിങ്ങളെ സംബന്ധിച്ചിടത്തോളം സമ്മര്‍ദ്ദകരവും ക്ഷീണകരവും ആകാം. ആയതിനാല്‍ ശാരീരിക മാനസിക ക്ഷേമത്തിന് മുന്‍ഗണന നല്‍കേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഏകല രക്ഷിതാക്കള്‍ അവരുടെ ഊര്‍ജ്ജവും പ്രചോദനവും നിലനിര്‍ത്തുകയും കുട്ടിക്ക് മികച്ച പിന്തുണ നല്‍കാന്‍ കഴിവുള്ളവരാവുകയും ചെയ്യും. സന്തോഷം നല്‍കുന്ന പ്രവര്‍ത്തികള്‍ക്കായി സമയം കണ്ടെത്തുക, യോഗ, എക്സസൈസ്, ധ്യാനം മുതലായവ അഭ്യസിക്കുക, വിശ്രമത്തിനും ഇടവേളകള്‍ക്കും സമയം കണ്ടെത്തുക, ശാരീരിക മാനസിക ആരോഗ്യത്തിന് അര്‍ഹമായ പ്രാധാന്യം നല്‍കുക മുതലായവ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു.
ഏകല രക്ഷിതാവായി വിജയകരമായ ഒരു കുഞ്ഞിനെ വളര്‍ത്തുക എന്നത് സമര്‍പ്പണം, കഠിനാധ്വാന ം, ശക്തമായ സപ്പോര്‍ട്ട് എന്നിവ ആവശ്യപ്പെടുന്ന ഒരു പ്രക്രിയയാണ്. സ്ഥിരതയുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കാനും വിദ്യാഭ്യാസത്തിന് മുന്‍ഗണനു നല്‍കാനും ജീവിതശേഷികള്‍ പഠിപ്പിക്കാനും നല്ല മൂല്യങ്ങള്‍ മാതൃകാപരമായി കാണിക്കാനും, സ്വയം പരിപാലനത്തിന് മുന്‍ഗണന നല്‍കാനും ഇതിലൂടെ ഏകല രക്ഷിതാക്കള്‍ക്ക് അവരുടെ കുഞ്ഞുങ്ങളെ വിജയകരമായി വളര്‍ത്താനും കഴിയും. ഏകല രക്ഷിതാക്കളും കഴിവുള്ള, ശക്തിയുള്ള സമര്‍പ്പിത വ്യക്തികളാണ്. ഏകല രക്ഷകര്‍ത്താക്കളുടെ പ്രതിരോധശേഷിയും നിശ്ചയദാര്‍ഢ്യവും സമൂഹം തിരിച്ചറിയുകയും ബഹുമാനിക്കുകയും ചെയ്യട്ടെ.