top of page

മനോജ്ഞമായ മാറ്റം

Jul 1, 2010

2 min read

റ്റോണി ഡിമെല്ലോ
Image : A man having deep thoughts in mind.

സ്വര്‍ഗ്ഗരാജ്യം ബലപ്രയോഗത്തിനു വിഷയമായിരിക്കുന്നു. ബലവാന്മാര്‍ അതു പിടിച്ചടക്കുന്നു. (മത്താ. 11:12)

സ്വച്ഛവും സുന്ദരവുമായ ഒരു റോസാപ്പൂവിനെയും പിരിമുറുക്കവും അസ്വസ്ഥതയും നിറഞ്ഞ നിങ്ങളെയും ഒന്നു താരതമ്യം ചെയ്തു നോക്കിയിട്ടുണ്ടോ? നിങ്ങള്‍ക്കെന്നോ നഷ്ടമായ ഒരു സവിശേഷത റോസാപ്പൂവിനുണ്ട്: അത് അതില്‍തന്നെ സംതൃപ്തമാണ്. നിങ്ങളാവട്ടെ തന്നെക്കുറിച്ചഭിമാനിക്കാനാവാതെ ജനിച്ചയന്നുമുതല്‍ അസംതൃപ്തയായിരിക്കാന്‍ പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുകയാണ്. അതെന്തല്ലയോ, അതായിത്തീരാനുള്ള അദമ്യമായ ആഗ്രഹം പൂവിനില്ല. ഫലമോ, കൊച്ചുകുട്ടികളിലും അന്തര്‍ജ്ഞാനം സിദ്ധിച്ചവരിലും മാത്രം കാണുന്ന സ്വച്ഛത, ആന്തരിക സംഘര്‍ഷങ്ങളില്ലായ്മ പൂവിനു സ്വന്തമാണ്.

നിങ്ങളുടെ ദയനീയമായ അവസ്ഥ സ്വയംകാണുക. നിങ്ങള്‍ക്ക് നിങ്ങളെക്കുറിച്ച് അസ്വസ്ഥത മാത്രമല്ലേ ഉള്ളൂ? നിങ്ങള്‍ നിങ്ങളെ മാറ്റിത്തീര്‍ക്കാന്‍ നിരന്തരം പണിയെടുക്കുകയുമല്ലേ? നിങ്ങളെ മാറ്റിയെടുക്കാന്‍ നിങ്ങള്‍ നടത്തുന്ന ഓരോ ശ്രമവും നിങ്ങളില്‍ കൂടുതല്‍ കൂടുതല്‍ അസഹിഷ്ണുതയും അക്രമവും ജനിപ്പിക്കുന്നു. നിങ്ങളില്‍ അടിച്ചേല്പിക്കപ്പെടുന്ന ഓരോ മാറ്റവും നിങ്ങളില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നു. ഒപ്പം, നിങ്ങള്‍ക്കില്ലാത്തത് ആരെങ്കിലും നേടിയെടുക്കുമ്പോഴോ, നിങ്ങള്‍ക്ക് ആകാനാവാത്തത് മറ്റാരെങ്കിലും ആയിത്തീരുമ്പോഴോ നിങ്ങള്‍ ഒരുപാടു വിഷമിക്കുകയും ചെയ്യുന്നു.

റോസാപ്പൂവിനെപ്പോലെ നിങ്ങള്‍ ആയിരിക്കുന്നതില്‍ സംതൃപ്തയായിരുന്നെങ്കില്‍, മറ്റെന്തൊക്കെയോ ആയിത്തീരാനുള്ള മോഹമില്ലാത്തവളായിരുന്നു എങ്കില്‍ അസൂയയും ഈര്‍ഷ്യയുംകൊണ്ട് നിങ്ങള്‍ വേട്ടയാടപ്പെടുമായിരുന്നോ? ഇതില്‍ നിന്നൊന്നും നിങ്ങള്‍ക്കു പക്ഷേ മോചനമില്ല. കാരണം നിങ്ങള്‍ കൂടുതല്‍ അറിവുള്ളവളായിത്തീരണമെന്നും കൂടുതല്‍ സുന്ദരിയാകണമെന്നും കൂടുതല്‍ പ്രശസ്തയാകണമെന്നും കൂടുതല്‍ വിജയിക്കണമെന്നും ആശിക്കുന്നു. കൂടുതല്‍ നന്മ, കൂടതല്‍ സ്നേഹം, കൂടുതല്‍ ധ്യാനാത്മകജീവിതം, ദൈവത്തിനുവേണ്ടിയുള്ള കൂടുതല്‍ അന്വേഷണം, കൂടുതല്‍ ആദര്‍ശാധിഷ്ഠിത ജീവിതം... ആവശ്യങ്ങളുടെ, ആഗ്രഹങ്ങളുടെ ലിസ്റ്റു നീളുകയാണ്.

നിങ്ങളെത്തന്നെ നന്നാക്കിയെടുക്കാനുള്ള നിങ്ങളുടെ നിലയ്ക്കാത്ത ശ്രമങ്ങളെക്കുറിച്ചൊന്നു ചിന്തിക്കുക. ആ ശ്രമങ്ങള്‍ ഒന്നുകില്‍ ദുരന്തപര്യവസായിയായിത്തീര്‍ന്നു, അല്ലെങ്കില്‍ ഒരുപാടു സംഘര്‍ഷത്തിനും വേദനയ്ക്കും അവ നിമിത്തമായി. ഇനി, നിങ്ങളെ മാറ്റിയെടുക്കാനുള്ള എല്ലാശ്രമങ്ങളും നിങ്ങള്‍ ഉപേക്ഷിക്കുന്നുവെന്നും തന്നോടുതന്നെയുള്ള അസംതൃപ്തിയില്‍നിന്നു മോചിതയാകുന്നുവെന്നും സങ്കല്പിക്കുക. അതിനര്‍ത്ഥം, എല്ലാം വിധികല്പിതമെന്ന് സ്വയം സമാശ്വസിച്ച് നിങ്ങള്‍ ഉറങ്ങാന്‍ പോകേണ്ടിവരും എന്നാണോ?

കഠിനാദ്ധ്വാനത്തിലൂടെ ഏതു വിധേനയും സ്വയം മാറ്റിത്തീര്‍ക്കാനുള്ള ശ്രമത്തിനും, നിഷ്ക്രിയമായി സ്വയം അംഗീകരിക്കുന്നതിനും ബദലായി മറ്റൊരു സമീപനമുണ്ട്. അത് സ്വയം മനസ്സിലാക്കുക എന്നതാണ്. കേള്‍ക്കുന്നതുപോലെ എളുപ്പമല്ല അത്. കാരണം നിങ്ങള്‍ക്കു നിങ്ങളെ യഥാതഥമായി അറിയണമെങ്കില്‍ എന്തൊക്കെയോ ആകാനുള്ള എല്ലാ മോഹങ്ങളില്‍നിന്നും നിങ്ങള്‍ മോചിതയായിരിക്കണം. നിങ്ങള്‍ക്കുണ്ടാവേണ്ടത് ഉറുമ്പുകളെ പഠിക്കാനായി അവയെ നിരീക്ഷിക്കുന്ന ഒരു ശാസ്ത്രജ്ഞന്‍റെ മനോഭാവമാണ്. അയാള്‍ അവയെ നിരീക്ഷിക്കുന്നത് അവയുടെ സ്വഭാവം മാറ്റിയെടുക്കണമെന്ന ഒരു ചിന്തപോലുമില്ലാതെയാണ്. നിങ്ങള്‍ക്ക് ഉണ്ടാകാന്‍ പാടില്ലാത്തത് നായയെ പരിശീലിപ്പിക്കുന്നവന്‍റെ മനോഭാവമാണ്. അയാള്‍ നായ്ക്കളെ നിരീക്ഷിക്കുക, അവയെ എങ്ങനെ മാറ്റിയെടുക്കാം എന്ന വിചാരത്തോടെയാണ്.

എങ്ങനെയും തന്നെത്തന്നെ മാറ്റിയെടുക്കണം എന്നയാഗ്രഹമില്ലാതെ, സ്വയം കുറ്റപ്പെടുത്താതെ, വിധിക്കാതെ നിങ്ങള്‍ക്കു നിങ്ങളെ നിരീക്ഷിക്കാനായാല്‍, അത്തരം നിരീക്ഷണം തുറവിയുള്ളതും കാര്‍ക്കശ്യമില്ലാത്തതും പെട്ടെന്നുള്ള ചില നിഗമനങ്ങളിലേയ്ക്കു എടുത്തുചാടാത്തതുമായിരിക്കും. അപ്പോള്‍ അത്ഭുതംപോലെ ഒന്നു നിങ്ങളില്‍ സംഭവിക്കും. സ്വയാവബോധം നിങ്ങളില്‍ തനിയേ ഉടലെടുക്കും. നിങ്ങള്‍ അറിയാതെതന്നെ നിങ്ങള്‍ മാറും.

ഈ മാറ്റം ആരാണു നിങ്ങളില്‍ കൊണ്ടുവരുന്നത്? പ്രകൃതിയുടെ സ്വാഭാവിക രീതികളോട് പൊരുതി, എപ്പോഴും നിങ്ങളില്‍ മത്സരബുദ്ധിയും താരതമ്യ നിരീക്ഷണങ്ങളും ആശങ്കയും നിറയ്ക്കുന്ന സൂത്രക്കാരനും അസഹിഷ്ണുവും ഉപദേശകനുമായ അഹംഭാവമല്ല മാറ്റത്തിന്‍റെ കാരണം, പിന്നെയോ സ്വയാവബോധമാണ്. നിങ്ങളിലെ മാറ്റത്തിന്‍റെ കടിഞ്ഞാണ്‍ അഹംഭാവത്തില്‍ നിന്നെടുത്തുമാറ്റി പ്രകൃതിയെ ഭരമേല്പിക്കുന്നു. പ്രകൃതി ഒരു റോസാപ്പൂവില്‍ മാറ്റം വരുത്തുന്ന രീതിയില്‍ - സ്വച്ഛം, സമഗ്രം, അയത്നലളിതം- നിങ്ങളിലും മാറ്റംവരുത്തുന്നു. ഈ മാറ്റങ്ങളൊന്നും അസഹിഷ്ണുതയില്‍നിന്നോ തന്നോടുതന്നെയുള്ള വെറുപ്പില്‍നിന്നോ ഉടലെടുക്കുന്നതല്ല.

പ്രാകൃതിക പ്രതിഭാസങ്ങളിലൊന്നും പക അടങ്ങിയിട്ടില്ല. അഥവാ പ്രകൃതി എന്തെങ്കിലും നശിപ്പിക്കുന്നുണ്ടെങ്കില്‍ - കൊടുങ്കാറ്റുമൂലമുള്ള നഷ്ടം, വലിയ മീന്‍ ചെറുതുകളെ തിന്നുന്നത്, കോശങ്ങള്‍ നശിക്കുന്നത് - അതൊക്കെ കൂടുതല്‍ വലിയ നന്മയ്ക്കുവേണ്ടി മാത്രമാണ്. അതായത്, പ്രകൃതി എന്തെങ്കിലും നശിപ്പിക്കുന്നുണ്ടെങ്കില്‍ത്തന്നെ അത് അത്യാഗ്രഹം നിമിത്തമോ, തന്നെത്തന്നെ വലുതാക്കാനുള്ള അതിമോഹം കൊണ്ടോ ഒന്നുമല്ല. സകലത്തിന്‍റേയും സമഗ്രമായ നന്മയും വളര്‍ച്ചയും മാത്രമാണ് ലക്ഷ്യം. അന്തര്‍ജ്ഞാനം നേടിയ മഹത്തുക്കള്‍ തിന്മയുടെ മൂര്‍ത്തീരൂപങ്ങളായ പ്രസ്ഥാനങ്ങള്‍ക്കെതിരേയും ആശയഗതികള്‍ക്കെതിരേയും ബലപ്രയോഗം നടത്തുന്നത് ഇതേ രീതിയിലാണ്: അവരുടെ സമകാലീനര്‍ക്ക് അജ്ഞാതമായ അപചയങ്ങളെക്കുറിച്ച് അവര്‍ക്കുണ്ടാകുന്ന അവബോധം ഒന്നുമാത്രമാണ് അവരുടെ പ്രവര്‍ത്തനത്തിനുള്ള ചാലകശക്തി.

ഒരു റോസാപ്പൂവ് പലവിധ നിഷേധശക്തികളോടും മല്ലിട്ട് വിരിഞ്ഞുവരുന്നതു കണ്ടിട്ടില്ലേ? അങ്ങനെ വിടര്‍ന്നു പരിലസിച്ചിട്ട് കുറെ നാളുകള്‍ക്കുശേഷം അതു സ്വയം കീഴടങ്ങുകയും ചെയ്യുന്നു, തനിക്കനുവദിക്കപ്പെട്ട സമയം ഒരു നിമിഷംപോലും നീട്ടിക്കിട്ടാന്‍ ആഗ്രഹിക്കാതെ. എത്ര അനുഗൃഹീതമാണ് അത്തരമൊരു ജീവിതം. ആകാശത്തിലെ പറവകള്‍ക്കും വയലിലെ പുഷ്പങ്ങള്‍ക്കും സ്വന്തമായ സൗന്ദര്യം. അസ്വസ്ഥതയുടെയോ അസംതൃപ്തിയുടെയോ ലാഞ്ഛനപോലും തീണ്ടാത്ത ജീവിതം. മനുഷ്യനെ ഭരിക്കുന്ന ആകുലതകളും മാത്സര്യഭാവങ്ങളും അസൂയയും അവയെ സ്പര്‍ശിക്കുന്നതേയില്ല. സ്വയാവബോധത്തിലേക്കു വിടരാനും പ്രകൃതിയിലെ ഈശ്വരശക്തിക്കു തന്നെത്തന്നെ വിട്ടുകൊടുക്കാനും കഴിയുന്ന അന്തര്‍ജ്ഞാനത്തിനുവേണ്ടി അന്വേഷിക്കുന്ന ആര്‍ക്കും കരഗതമാകുന്നതാണ് ഈ മനോജ്ഞമായ ജീവിതം

Featured Posts

bottom of page