top of page

കൂടൊരുക്കം: ബാലലൈംഗിക സംരക്ഷണവും സഭയും

Mar 3, 2019

8 min read

ഡജ
picture of child abuse

ആമുഖം

ഇരയുടെ മുറിവുകള്‍ തന്‍റെ തന്നെ മുറിവുകള്‍ കൂടിയാണെന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് കുട്ടികള്‍ക്കും മുതിര്‍ന്ന ദുര്‍ബലര്‍ക്കും (minors and vulanarnable adults) അഭയവും ആശ്വാസവും  ഏകുന്ന ചില നയരൂപീകരണങ്ങള്‍ ആഗോളകത്തോലിക്കാസഭയിലും കേരള മെത്രാന്‍സമിതിയിലും കഴിഞ്ഞ ദിനങ്ങളില്‍ നടന്നു. അവയുടെ ദര്‍ശനവെളിച്ചത്തില്‍ സമകാലിക സംഭവങ്ങളുടെ ഒരു പുനര്‍വായനയും ഒപ്പം മതജീവിതവും ലൈംഗികതയും എത്രമാത്രം സമഗ്രതയിലേക്കു വളരാന്‍ മനുഷ്യനെ പര്യാപ്തമാക്കുന്നുണ്ട് എന്ന അന്വേഷണവുമാണ് ഇവിടെ നടത്തുക.

 കേരളകത്തോലിക്കാ മെത്രാന്‍സമിതിയുടെ മാര്‍ഗ്ഗരേഖ

(KCBC GUIDELINES for Safe Environment Programme for Church Personnel connected with institutions where minors or vulnerable adults are given particular care).

 

സമകാലിക സംഭവങ്ങളില്‍ ലൈംഗിക അതിക്രമത്തിന്‍റെ മറവില്‍ സഭയുടെ നിലപാടുകള്‍ പൊതുസമൂഹം വിമര്‍ശനബുദ്ധ്യാ വീക്ഷിച്ച് കൊണ്ടിരിക്കുകയാണല്ലോ. സഭയ്ക്കകത്തുള്ള ചിന്താശേഷിയുള്ളവര്‍ക്ക് ഹൃദയവേദന ഉളവാക്കുന്ന നിലപാടുകള്‍ സഭ എടുത്തിട്ടുള്ളതായി പലര്‍ക്കും അനുഭവപ്പെട്ടിട്ടുണ്ട്.

വിക്ടര്‍ ഹ്യൂഗോ പറഞ്ഞിട്ടുണ്ട് ""Nothing is more powerful than an idea whose time has come'' ഇരയില്‍ നിന്ന് കുറ്റബോധവും, നാണക്കേടും സ്വയം നിന്ദയും പീഡകനിലേക്ക് മാറുന്ന ഒരു സാമൂഹികവിപ്ലവത്തിലേക്ക് വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിനങ്ങളില്‍ നടന്ന കോണ്‍ഫറന്‍സ് വഴിതെളിച്ചിരിക്കുകയാണ്. സഭയ്ക്കകത്തു തന്നെയുള്ള ഉന്നതര്‍, സഭയിലെ താരതമ്യേന താഴെത്തട്ടിലുള്ളവരുടെമേല്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം ഉണ്ടാവുകയും പൊതുജനരോഷവും മാധ്യമശ്രദ്ധയും ഈ വിഷയം പിടിച്ചു പറ്റിയതും നാം കണ്ടതാണല്ലോ. സി.ബി.സി.ഐ. യ്ക്കും കെ.സി.ബി.സി.യ്ക്കും ജനറല്‍ ബോഡികള്‍ ഉണ്ടെങ്കിലും ഈ വിഷയത്തിനുമാത്രമായി ഒരു ഫോക്കസ് ഇവയില്‍ പറ്റുമായിരുന്നില്ല. സമകാലീന സംഭവങ്ങളുടെ സമ്മര്‍ദ്ദത്തിലോ അല്ലാതെയോ കെ.സി.ബി.സി., കാലത്തിനൊത്ത് ഉയര്‍ന്ന് സഭയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ച് ആധുനിക ലോകത്തിന് ചേര്‍ന്ന വിധത്തില്‍ ഒരു ഡോക്കുമെന്‍റ് പ്രസിദ്ധീകരിച്ചിരിക്കുന്നു. കുട്ടികളും മുതിര്‍ന്ന ദുര്‍ബലരും നേരിടാനിടയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ പര്യാപ്തമായാണ് ഈ രേഖ തയ്യാറാക്കിയിരിക്കുന്നത്. 

ഈ മാര്‍ഗ്ഗരേഖയില്‍ ലൈംഗികപീഡനം എന്ന വസ്തുതയെ അംഗീകരിക്കുന്നു.CBCI/KCBC General Body കളില്‍ പറഞ്ഞിരിക്കുന്ന Zero tolerance towards sexual assault  ഇവിടെയും പറയുന്നുണ്ട്. പ്രതിരോധം, ഇരയോടുള്ള കരുണയും കരുതലും, സംയബന്ധിതമായി ഇത്തരം പ്രശ്നങ്ങള്‍ തീര്‍ക്കാനുള്ള നിശ്ചയദാര്‍ഢ്യം, സഭയ്ക്കുള്ളില്‍ കുറ്റാന്വേഷണത്തിനുള്ള നടപടികളും കുറ്റകൃത്യത്തിന്‍റെ നിര്‍ബന്ധിത റിപ്പോര്‍ട്ടിങ്ങും, ഇരയ്ക്കുവേണ്ട വൈകാരിക ആദ്ധ്യാത്മിക പിന്തുണയ്ക്കുള്ള സാധ്യതകളും, കുറ്റം ചെയ്തവര്‍ക്കെതിരെയുള്ള അച്ചടക്കനടപടികളും രേഖപ്പെടുത്തിയിരിക്കുന്നു. Safe Environment Committee ഉം ഓരോ രൂപതയ്ക്കും ഉണ്ടായിരിക്കണം. അതാത് സ്ഥാപനങ്ങളില്‍ Safe Environment Director  പരിശീലനത്തിനുള്ള നടപടിക്രമങ്ങളും പ്രത്യേകം നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്. എല്ലാ കൗണ്‍സില്‍  Lawയും ചര്‍ച്ച് പേഴ്സണലിന് വിധേയമാണ് എന്നുള്ളത് അഭിനന്ദനാര്‍ഹമാണ്. പ്രശംസനീയമായ ഒരു വസ്തുത പൊതുനിയമത്തിന്‍റെ പരിധിയില്‍ ചൂഷണങ്ങളെ ഉടനെ റിപ്പോര്‍ട്ട് ചെയ്യണം എന്നുള്ളതാണ്. മൈനര്‍ മാത്രമായിട്ടുള്ള ഇടപെടലുകളില്‍ പാലിക്കേണ്ട അകലം സംബന്ധിച്ചുള്ള മാര്‍ഗ്ഗരേഖകള്‍ സ്വാഗതാര്‍ഹമാണ്. ഇക്കാലഘട്ടത്തില്‍ സാമൂഹിക ശ്രേണിയില്‍ ദുര്‍ബലരായവര്‍ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ ഈ മാര്‍ഗ്ഗരേഖകള്‍ ഉപകരിക്കപ്പെടും എന്നത് നിസ്തര്‍ക്കമാണ്.  

 

ബാലലൈംഗിക സംരക്ഷണം

അത്യന്തം ഹീനവും നികൃഷ്ടവുമായ കൊടും പാതകമാണ് ബാലലൈംഗികപീഡനം. പല രൂപഭാവങ്ങളുണ്ട് ഇതിന് - നോട്ടം, സ്പര്‍ശം, സംസാരം, ആംഗ്യവിക്ഷേപങ്ങള്‍, പുസ്തകം, വീഡിയോ ചിത്രങ്ങള്‍, നഗ്നതാപ്രദര്‍ശനം, നഗ്നഫോട്ടോകള്‍ എടുക്കല്‍, പലതരത്തിലുള്ള ലൈംഗികചേഷ്ടകള്‍ മുതലായവ. 2017 മാര്‍ച്ച് കഴിഞ്ഞ് ഒരു വര്‍ഷത്തെ കണക്ക് എടുത്താല്‍, 2692 ബാലലൈംഗികപീഡനം കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.  ആഗോളതലത്തില്‍ പെണ്‍കുട്ടികളില്‍ മൂന്നിലൊന്നും ആണ്‍കുട്ടികളില്‍ അഞ്ചിലൊന്നും 18 വയസ്സിന് മുമ്പ് ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ട്.

ഒരു നിമിഷത്തിന്‍റെ വികാരത്തള്ളിച്ചയില്‍ പൊടുന്നനെ സംഭവിക്കുന്ന ഒന്നല്ല ഈ ക്രൈം. സമ്പൂര്‍ണ വിശ്വാസം ആര്‍ജ്ജിച്ചെടുത്ത് കുട്ടിയെ സാവധാനം ഇതിലേക്ക് പരുവപ്പെടുത്തിയെടുത്ത്, തുടര്‍ച്ചയായി പീഡിപ്പിച്ച്, ഈ ക്രൈം സ്വകാര്യമായി ചെയ്താല്‍ കുട്ടിയെ ബ്ലാക്ക്മെയില്‍ ചെയ്ത്, കുട്ടിയെ സഹായിക്കാന്‍  സാദ്ധ്യതയുള്ളവരില്‍നിന്ന് കുട്ടിയെ ഒറ്റപ്പെടുത്തി, ചിലപ്പോള്‍ കുട്ടികളില്‍ ഇത്തരം തൃഷ്ണകള്‍ പടിപടിയായി വളര്‍ത്തിയെടുത്ത് ഒക്കെ ചെയ്യുന്ന അതിഗുരുതരമായ ഭീകര കുറ്റമാണിത്. വളരെ ആസൂത്രിതമായാണ് ഇതു ചെയ്യപ്പെടുന്നത്. 

ഈ കുറ്റകൃത്യം ഇരയില്‍ ഏല്പിക്കുന്ന ആഘാതം ദൂരവ്യാപകവും തീവ്രവുമാണ്. കുറ്റബോധവും നാണക്കേടും കുട്ടിയെ പിടികൂടുന്നു. ജീവിതാന്ത്യംവരെ സ്വകാര്യ ദുഃഖമായി പലരും കൊണ്ടുനടക്കുന്ന ഈ ഉണങ്ങാത്ത മുറിവിന്‍റെ ഭവിഷ്യത്താണ് ഉത്കണ്ഠ, വിഷാദം, അകാരണമായ ഭയങ്ങള്‍, ശരീരവേദന, വ്യക്തിത്വ വൈകല്യങ്ങള്‍ മുതലായവ. കുട്ടിയുടെ ആത്മാഭിമാനത്തെ ഇത് ഉലയ്ക്കുന്നു. സ്വയം മതിപ്പ് ഇല്ലാതാകുന്നു. സ്വയം ദ്രോഹിക്കുന്ന തരത്തിലുളള പെരുമാറ്റങ്ങള്‍ പ്രകടിപ്പിക്കുന്നു. അമിതാഹാരം, പട്ടിണികിടക്കല്‍, ആത്മഹത്യാശ്രമം, മദ്യം/മയക്കുമരുന്ന്, തുടങ്ങിയ പലവിധ ശാരീരിക പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നു. ഭാവിയില്‍ ആരോഗ്യപരമായ ലൈംഗികബന്ധങ്ങളില്‍ ഏര്‍പ്പെടുവാന്‍ പറ്റാതെ വരുന്നു. അടുത്ത വ്യക്തിബന്ധങ്ങള്‍ കെട്ടിപ്പടുക്കുവാന്‍ സാധിക്കാതെ വരുന്നു. ആളുകളിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു. ഇത് കുടുംബബന്ധങ്ങളേയും, ഇത്തരം കുടുംബങ്ങളില്‍ വളരുന്ന ഭാവിതലമുറയേയും പ്രതികൂലമായി ബാധിക്കും എന്ന് പറയേണ്ടതില്ലല്ലോ. ചിലപ്പോള്‍ നേര്‍വിപരീതമായി വ്യക്തികളോടുള്ള അമിതാശ്രിതത്വം, അമിതവിശ്വാസം ഒക്കെയായി ഈ മാനസികാഘാതം പുറത്തുവന്നേക്കാം. ഇത് കൂടുതല്‍ ലൈംഗികാക്രമണങ്ങള്‍ ക്ഷണിച്ച് വരുത്തുന്നതിലേക്ക് നയിക്കാം. ശരിയായ സാന്ത്വനവും പിന്തുണയും, തെറാപ്പിയും ലഭിച്ചില്ലെങ്കില്‍ ജീവിതാന്ത്യംവരെ ഉണങ്ങാത്ത മുറിവായി ഈ പ്രശ്നങ്ങള്‍ ഇരകളെ പിന്തുടരും. ചിന്തകളെ, പ്രവര്‍ത്തികളെ, വികാരങ്ങളെ ഒക്കെ തീവ്രമായി ബാധിക്കുന്നു.

ബാലലൈംഗിക പീഡനം ഒരു ആഗോള പ്രതിഭാസമാണ്. 1992 ലെ Convention on the Rights of Children ലെ പ്രമേയങ്ങള്‍ ഇന്ത്യ അംഗീകരിച്ചിട്ടുള്ളതാണ്. ഇതില്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് വിലക്കിയിട്ടുണ്ട്. ഈ ദിശയില്‍ നിയമനിര്‍മ്മാണം നടത്താന്‍ ഒപ്പ് വെച്ച രാജ്യങ്ങള്‍ക്ക് ബാദ്ധ്യതയും ഉണ്ട്. ലൈംഗികാതിക്രമങ്ങള്‍ക്കുളള ശിക്ഷ, ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ പല വകുപ്പുകളിലാക്കി കൊടുത്തിട്ടുണ്ട്. പക്ഷെ, കുട്ടികള്‍ക്കെതിരെയുളള ഇത്തരം അതിക്രമങ്ങള്‍ക്ക് 2012 വരെ പ്രത്യേക നിയമം ഉണ്ടായിരുന്നില്ല. ചെറുപ്രായത്തിലുള്ള പ്രതികരണശേഷിക്കുറവും, നിസ്സഹായതയും, നിഷ്ക്കളങ്കതയും ഈ ക്രൈം ഏല്പിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും കണക്കിലെടുത്തുകൊണ്ടാണ് The Protection of Children from Sexual Offences (POCSO) നിര്‍മ്മിച്ചത്.  ഈ നിയമപ്രകാരം 18 വയസ്സിനു താഴെയുള്ളവരാണ് കുട്ടികള്‍. ലൈംഗിക അതിക്രമങ്ങള്‍ നിര്‍വ്വചിച്ചിട്ടുണ്ട്. ഇവയെ ഗ്രേഡ് ചെയ്തിട്ടുണ്ട്. ഗ്രേഡനുസരിച്ച് ശിക്ഷയും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു തരംതിരിവ് പെനട്രേറ്റീവ് അല്ലെങ്കില്‍ നോണ്‍ പെനട്രേറ്റീവ് എന്ന നിലയ്ക്കാണ് (Section 3).അതിക്രമിയുടെ അവയവങ്ങളോ ബാഹ്യവസ്തുക്കളോ കുട്ടിയുടെ ശരീരത്തില്‍ കയറ്റുകയോ വാകൊണ്ട് കുട്ടിയുടെ ശരീരഭാഗങ്ങളില്‍ പെരുമാറുകയോ ചെയ്യുന്നതാണ് പെനട്രേറ്റീവ് വിഭാഗം. വേറെ ഒരു തരംതിരിവ് അഗ്രവേറ്റീവ് അല്ലെങ്കില്‍ നോണ്‍ അഗ്രവേറ്റീവ് എന്ന രീതിയിലാണ് (Section 5) സംരക്ഷണ  ചുമതലയുള്ള വ്യക്തി -പോലീസ്, പട്ടാളക്കാര്‍, പബ്ലിക് ഉദ്യോഗസ്ഥര്‍, ഹോമുകളിലെ സംരക്ഷകന്‍, ആശുപത്രി/വിദ്യാഭ്യാസ മതസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ അധികാരികള്‍- ഈ ക്രൈമില്‍ ഏര്‍പ്പെട്ടാല്‍ അത് അഗ്രവേറ്റീവ് അതിക്രമത്തില്‍ പെടും. കൂടാതെ സംഘം ചേര്‍ന്നുള്ള പെനട്രേറ്റീവ് ലൈംഗിക അതിക്രമവും അഗ്രവേറ്റീവ് ഗണത്തില്‍പ്പെടുന്നതാണ്. സെക്ഷന്‍ 7 അനുസരിച്ച് സ്പര്‍ശനസ്വഭാവമുളള അതിക്രമങ്ങളെ സെക്ഷ്വല്‍ അസ്സള്‍ട്ടായും, സെക്ഷന്‍ 11 അനുസരിച്ച് വാക്ക്, നോട്ടം, നഗ്നതാപ്രദര്‍ശനം, അശ്ലീല മെറ്റിരിയലുകളുടെ പ്രദര്‍ശനം, പിന്തുടരല്‍ മുതലായവ സെക്ഷ്വല്‍ ഹരാസ്സ്മെന്‍റായും തരംതിരിച്ചിട്ടുണ്ട്. അഗ്രവേറ്റീവ് സെക്ഷ്വല്‍ അസ്സള്‍ട്ടിന് ശിക്ഷ 10 വര്‍ഷം മുതല്‍ ജീവപര്യന്തം കഠിനതടവും പിഴയുമാണ്. ഈ ക്രൈമിന്‍റെ ഇര 12 വയസ്സിനു താഴെയുള്ള കുട്ടിയാണെങ്കില്‍, ദുരന്ത/കലാപഭൂമിയില്‍ നടന്നതാണെങ്കില്‍, ശിക്ഷ 20 വര്‍ഷം മുതല്‍ ജീവപര്യന്തമോ വധശിക്ഷയോ ആണ്. നമ്മുടെ നാട്ടിലെ നീതിന്യായവ്യവസ്ഥ ഈ കാര്യത്തെ എത്രയോ ഗൗരവപരമായിട്ടാണ് നോക്കിക്കാണുന്നത് എന്ന് ചിന്തിക്കാനാണ് ഈ വിവരം ഇവിടെ പ്രതിപാദിക്കുന്നത്.

ഏതൊരു നിയമത്തിന്‍റെ വിജയവും അതിന്‍റെ നടത്തിപ്പിലാണ്. POCSO യുടെ 19-ാം സെക്ഷന്‍ പ്രകാരം കുറ്റകൃത്യത്തിന്‍റെ വിവരം ലഭിച്ചാല്‍ ഉടനെ പോലീസില്‍ അറിയിക്കേണ്ടതുണ്ട്. ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കില്‍, 21-ാം സെക്ഷന്‍ പ്രകാരം ഒരു വര്‍ഷംവരെ തടവാണ് ശിക്ഷ. ഇത്തരം കുറ്റകൃത്യങ്ങള്‍ മൂടിവെയ്ക്കുന്ന പ്രവണത തടയാനാണ് ഈ വകുപ്പ്. നോബേല്‍ പുരസ്കാര ജേതാവായ കൈലേഷ് സത്യാര്‍ത്ഥി പറയുന്നു: Our Silence on rape and abuse of children is the biggest threat to the freedom and safety. Violence തഴച്ചുവളരുന്നത് ഈ നിശ്ശബ്ദതിലാണ്. 

വീടുകളില്‍, സ്ഥാപനങ്ങളില്‍, സഭയില്‍ ഒക്കെ പതിവ് രീതി മാറ്റത്തിന്‍റെ കാലൊച്ച കേള്‍ക്കാതെ പോയിട്ടുണ്ട്. അപ്പോഴൊക്കെ തിരിച്ചടികള്‍ ഉണ്ടായിട്ടുമുണ്ട്. മാനവകുലത്തെ മൊത്തം ഒരു സിസ്റ്റം ആയിക്കണ്ടാല്‍ സഭ ഇതിലെ ഒരു സബ് സിസ്റ്റം ആണ്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളെ ഉള്‍ക്കൊണ്ട് വേറെ ആര്‍ക്കും ഒരു പക്ഷെ കൊടുക്കാന്‍ സാധിക്കാത്ത ആത്മീയ ചൈതന്യം മൊത്തം സിസ്റ്റത്തിലേക്ക് സന്നിവേശിപ്പിക്കാന്‍ ലൈംഗികാതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സഭയ്ക്കു സാധിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കേണ്ട വിഷയമാണ്. ഉദാഹരണത്തിന് സഭയ്ക്കുള്ളില്‍ ഒരു പീഡനശ്രമമുണ്ടായാല്‍  അത് നാട്ടിലെ നിയമം അനുസരിച്ച്, സിവില്‍ അധികാരികളെ അറിയിക്കുകയും മേല്‍ നടപടികള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തിട്ടുണ്ടോ? അത് മൂടിവെയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? സഭയ്ക്കകത്ത് സമാന്തരമായി അന്വേഷണം നടത്താന്‍ കെല്പ്പുള്ള ഒരു സംവിധാനം സഭയ്ക്കകത്ത് ഉണ്ടോ? സഭാധികാരികളെ കാലികപ്രസക്തിയുള്ള നിയമങ്ങള്‍ ശ്രദ്ധയില്‍ പെടുത്താന്‍ സംവിധാനം ഉണ്ടോ? ശിക്ഷ ഫലപ്രദമാകുന്നത് അത് നിശ്ചയമായും, കാലവിളംബരമില്ലാതെയും, ആനുപാതികമായും നടപ്പിലാക്കുമ്പോഴാണ്. സഭയ്ക്കകത്തെ സംവിധാനങ്ങള്‍ ഇതിന് സുസജ്ജമാണോ? ആഗോളസഭയുടെ ആധുനിക പ്രവണതകള്‍, കേരളസഭ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടിട്ടുണ്ടോ? നടപ്പിലാക്കിയിട്ടുണ്ടോ? 1992 മുതല്‍ ആഗോളതലത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്ന ബാലപീഡനം സഭ എത്രകണ്ട് ഗൗരവമായി പരിഗണിച്ചു?  ഈ നിലയില്‍ നമുക്ക് ഉണ്ടായ വീഴ്ചകള്‍ നമ്മെ ലോകത്തിന്‍റെ മുമ്പില്‍ പരിഹാസ്യരാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് വൈദികരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം പീഡനങ്ങളുടെ കാര്യത്തില്‍. നമ്മുടെ സമൂഹത്തില്‍ നിന്ന് തന്നെ ബാലലൈംഗിക പീഡനം തുടച്ചുമാറ്റാന്‍ ബാദ്ധ്യസ്ഥയായ സഭ, അതിന്‍റെ അകത്തുള്ള ജീര്‍ണ്ണതകളെ പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ പര്യാപ്തമാണോ?

2015 ല്‍ അമേരിക്കയില്‍ പുറത്തിറങ്ങിയ ടോം മക്കാര്‍ത്തി സംവിധാനം ചെയ്ത Spotlight എന്ന പ്രശസ്തമായ സിനിമ ഇവിടെ പ്രസക്തമാണ്. ബോസ്റ്റണ്‍ ഗ്ലോബ് എന്ന പത്രത്തിലെ സ്പോട്ലൈറ്റ് എന്ന ഗവേഷക ടീമിലെ പത്രപ്രവര്‍ത്തകരുടെ സഭയിലെ ബാലപീഡനകേസുകളുടെ അന്വേഷണങ്ങളും ഇരകളുമായുള്ള അഭിമുഖങ്ങളും ശ്രദ്ധ അര്‍ഹിക്കുന്നതാണ്.   ഇരകളുടെ ജീവിതത്തില്‍ ഉണ്ടായ ഉണങ്ങാതെ കിടക്കുന്ന ആഴമുളള മുറിവുകള്‍ അതിക്രമികളായ വൈദികരെ സ്ഥലം മാറ്റംകൊണ്ട് മാത്രം ശിക്ഷിക്കുന്ന രീതി, കേസുകള്‍ ഒതുക്കി തീര്‍ക്കാനുള്ള വ്യഗ്രത, സഭയുടെ സത്പേര് നശിക്കും എന്നുള്ള മിഥ്യാധാരണകള്‍ ഇവയെല്ലാം വെളിച്ചത്തു വന്നു. സമകാലീന കേരളത്തിലെ ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ മൂടിവയ്ക്കുന്നത് ഉചിതവും ബുദ്ധിപൂര്‍വ്വവും അല്ല എന്നുള്ള വസ്തുത പറയാനാണ് ശ്രമിക്കുന്നത്. ജനങ്ങളുടെ അവബോധം, പീഡനകഥകള്‍ പുറത്തു പറയാനുള്ള ധൈര്യം, മാധ്യമങ്ങളുടെ നിരീക്ഷണം, സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചരണം, എല്ലാറ്റിലും ഉപരി ഫ്രാന്‍സീസ് മാര്‍പാപ്പായുടെ ഈ വിഷയത്തിലുള്ള ഉറച്ചനിലപാടുകള്‍ കാലത്തിന്‍റെ തികവില്‍ സംഭവിക്കും.

സിഡ്നിയിലെ കര്‍ദ്ദിനാള്‍ പെല്ലിനെതിരെ ബാലലൈംഗിക പീഡന ആരോപണം വന്നപ്പോള്‍ മാര്‍പാപ്പ മുന്‍കരുതല്‍ എന്ന നിലയില്‍ അദ്ദേഹത്തോട്  പൊതു അജപാലന ശുശ്രൂഷയില്‍ നിന്ന് മാറി നില്‍ക്കാന്‍ നിര്‍ദ്ദേശിച്ചു. പ്രായപൂര്‍ത്തിയാകാത്തവരുമായി യാതൊരു സമ്പര്‍ക്കവും പാടില്ലെന്ന് അനുശാസിച്ചു. അവസാന ജഡ്ജ്മെന്‍റിനായി കാത്തിരിക്കുന്ന വേളയില്‍ അതിക്രമങ്ങളുടെ ഇരകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സമീപനമാണ് പരിശുദ്ധ പിതാവ് കൈക്കൊണ്ടത്. കര്‍ദ്ദിനാളിന് അപ്പീല്‍ പോകാനും, തന്‍റെ ഭാഗം പറയാനുമുള്ള അവസരം ഒട്ടും നിഷേധിച്ചതുമില്ല. എത്ര ഉദാത്തമായ സമീപനം.

 

""Protection of Minors in the Church'', 

(വത്തിക്കാനില്‍ 2019 ഫെബ്രുവരി 21- 24 വരെ നടന്ന കോണ്‍ഫ്രന്‍സ്)

 

സഭാചരിത്രത്തിലെ നാഴികക്കല്ലായ ഈ കോണ്‍ഫറന്‍സ് ലൈംഗിക പീഡനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സഭയുടെ നിലപാട് വ്യക്തമാക്കുന്നു.Responsibility, Accountability, Transparency എന്ന ചട്ടക്കൂടിലാണ് ബാലപീഡനങ്ങളുടെ പ്രശ്നങ്ങളെപ്പറ്റിയും പരിഹാരത്തെപ്പറ്റിയും ചര്‍ച്ചകള്‍ നടന്നത്. 190 പ്രതിനിധികള്‍ പങ്കെടുത്തു. സംഘാടകസമിതിയിലെ അംഗങ്ങള്‍ ഇരകളുടെ പ്രതിനിധികളുമായും അതിജീവിച്ചവരുടെ കൂട്ടായ്മകളോടും വ്യക്തിപരമായ കൂടിക്കാഴ്ചകള്‍ നടത്തി. സുതാര്യത ഉറപ്പുവരുത്തുക ഈ കോണ്‍ഫറന്‍സിന്‍റെ മുഖ്യ അജണ്ടയിലൊന്നായിരുന്നു. പരിശുദ്ധ പിതാവിന്‍റെ നിര്‍ദ്ദേശാനുസരണം കോണ്‍ഫറന്‍സിനുമുമ്പ് ഇരകളെ സന്ദര്‍ശിക്കുക നിര്‍ബന്ധമായിരുന്നു. കാരണം  കോണ്‍ഫറന്‍സിനു വരുമ്പോള്‍ ഇരകളുടെ മുറിവുകള്‍ ഹൃദയത്തില്‍ സംഗ്രഹിച്ചുകൊണ്ട് വരണമെന്നായിരുന്നു ധാരണ.

കോണ്‍ഫറന്‍സ് കഴിഞ്ഞ് തിരിച്ചു ചെല്ലുമ്പോള്‍ താന്താങ്ങളുടെ അധികാരപരിധിയില്‍പ്പെട്ട സ്ഥലങ്ങളില്‍ അതിക്രമങ്ങള്‍ പ്രതിരോധിക്കാനും ഇരകള്‍ക്കു കരുതല്‍ കൊടുക്കാനും, പീഡന സംഭവങ്ങള്‍ മൂടിവയ്ക്കാതിരിക്കാനും  കോണ്‍ഫറന്‍സ് അംഗങ്ങള്‍ സജ്ജമാകണം എന്ന വീക്ഷണമാണ് പോപ്പ് ഫ്രാന്‍സിസിന്‍റേത്. സഭ എല്ലാവര്‍ക്കും സുരക്ഷിതമായ ഒരിടമാകണം. നിശ്ശബ്ദതയുടെ രീതി മാറി മറിയണം. അതിക്രമം സംഭവിക്കുമ്പോള്‍ നിശ്ശബ്ദത പാലിക്കുന്നത് അഭികാമ്യമല്ല.

ആദ്യത്തെ മൂന്ന് ദിവസങ്ങളില്‍ 3 വീതം റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചിരുന്നു. അതില്‍ 3 റിപ്പോര്‍ട്ടുകള്‍ സ്ത്രീകള്‍ അവതരിപ്പിച്ചു എന്നത് ശ്രദ്ധേയമാണ്. വ്യത്യസ്ത വീക്ഷണങ്ങള്‍ സ്വാഗതം ചെയ്യുക എന്നതായിരുന്നു കോണ്‍ഫറന്‍സിന്‍റെ ആശയം.

ഓരോ ദിവസത്തെ കോണ്‍ഫറന്‍സിനു ശേഷവും മാധ്യമപ്രവര്‍ത്തകര്‍ക്കു ബ്രീഫിങ് കൊടുക്കും. വിഷയാവതാരകരുമായി സംവദിക്കാന്‍ അവസരവും ഉണ്ട്. വിഷയത്തെപ്പറ്റി ഇവര്‍ തമ്മിലുള്ള ചര്‍ച്ചകളും നടക്കുകയുണ്ടായി. പോപ്പ് ഫ്രാന്‍സിസ് ഇവാഞ്ചലിക് ഗാര്‍ഡിയനില്‍ അതിക്രമത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത് ഇങ്ങനെ: "അതിക്രമങ്ങളെ കൈകാര്യം ചെയ്യുന്നത് വെറും ഒരു ഭരണപരമായ പ്രക്രിയയല്ല. കൈകാര്യം ചെയ്യുമ്പോള്‍ അതിക്രമത്തിന്‍റെ മര്‍മ്മത്തില്‍ സ്പര്‍ശിക്കണം. ഇരയുടെ മുറിവ് കണ്ടെത്തണം. ഇരയുടെ മുറിവുകള്‍ നമ്മുടെ മുറിവുകളാണ്. ഇര ശത്രുവല്ല. ഇര നമ്മുടെ അസ്ഥിയുടെ അസ്ഥിയും നമ്മുടെ മാംസത്തിന്‍റെ മാംസവുമാണ്. അവര്‍ നമ്മളാണ് നമ്മള്‍ അവരാണ്". ഈ ആശയത്തിന്‍റെ തുടര്‍ച്ചയെന്നോണം ആര്‍ച്ച് ബിഷപ്പ് മാര്‍ക്ക് കോള്‍റിഡ്ജ് വിചിന്തനം ചെയ്തത്: 'ഈ മുറിവുകളില്‍ നിന്നാണ് പ്രത്യാശ ഉദയം ചെയ്യേണ്ടത്. ഈ പ്രത്യാശ, പ്രാര്‍ത്ഥനയായി മാറുന്നു. ഇത് നമ്മുടെ ദൗത്യമാണ്. വാക്കുകള്‍ മാത്രം പോര ദൃഢമായ പ്രവര്‍ത്തനം വേണം. ഇരകളെ ശ്രദ്ധിക്കണം. അതിക്രമത്തെക്കുറിച്ചും അവയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും നമ്മുടെ അറിവുകള്‍ പാകപ്പെടേണ്ടതുണ്ട്. ഇത് പെട്ടെന്നു നടന്നെന്നു വരില്ല. പക്ഷേ നമുക്ക് അനന്തമായി കാത്തിരിക്കാനും പറ്റില്ല. ആര്‍ച്ച് ബിഷപ് മാര്‍ക്ക് കോളറിഡ്ജ് അധികാരത്തെപ്പറ്റിയും വിചിന്തനം നടത്തി. അധികാരം ഉപയോഗിക്കേണ്ടത് സേവനം ചെയ്യാനായിരിക്കണം, നശീകരണത്തിനാവരുത് എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പീഡനങ്ങള്‍ മൂടിവെയ്ക്കുമ്പോള്‍ അധികാരം കയ്യാളുന്നവര്‍ ഭൂമിയുടെ (സ്വര്‍ഗ്ഗത്തിന്‍റെ അല്ല) മനുഷ്യരായി മാറുകയാണ്.

സുതാര്യത എന്ന ആശയത്തിലൂന്നി വാലന്‍റീന അലാര്‍ക്സി എന്ന മെക്സിക്കന്‍ പത്രപ്രവര്‍ത്തക ആശയങ്ങള്‍ പങ്കുവെച്ചു. 'മാധ്യമവേട്ട' നടത്തുന്നവര്‍ എന്ന രീതിയില്‍ പത്രപ്രവര്‍ത്തകരെ അകറ്റി നിര്‍ത്തുകയല്ല കോണ്‍ഫറന്‍സില്‍ ചെയ്തത്. പ്രസ്തുത പത്രപ്രവര്‍ത്തകര്‍ക്കു ആശയപ്രകാശനത്തിനുള്ള ഇടം കൊടുക്കുകയാണ് ചെയ്തത്. മാധ്യമങ്ങളെ ശത്രുക്കളായിട്ടല്ല, മിത്രങ്ങളായിട്ടാണ് കാണുന്നത്. ഒരു വൈദികനാല്‍ പീഡിപ്പിക്കപ്പെട്ട കുട്ടിക്ക്, സഭയെ സംബന്ധിച്ച് ബിഷപ്പിനോടും കര്‍ദ്ദിനാളിനോടും തുല്യമായ സ്ഥാനമാണുള്ളത്. പീഡനവിവരം പുറത്തു വിടാതിരിക്കുക എന്നാല്‍ പീഡനത്തെ ന്യായീകരിക്കുന്നതിന് തുല്യമാണ്. ഇരകള്‍ക്കു പ്രാധാന്യം കൊടുക്കുകയും അവരെ ശ്രവിക്കുകയും അവരുടെ വേദനയില്‍ പങ്കുചേരുകയും വേണം. ലൈംഗിക അതിക്രമങ്ങള്‍  ലൈംഗിക അതിക്രമങ്ങള്‍ മാത്രമല്ല, അധികാരത്തിന്‍റെ പ്രയോഗം കൂടിയാണ്.

വാലന്‍റീനയുടെ അധികാരത്തിന്‍റെ പ്രയോഗം എന്ന ആശയവും ആര്‍ച്ച് ബിഷപ് മാര്‍ക്ക് കോളറിഡ്ജിന്‍റെ അധികാരത്തെപ്പറ്റിയുള്ള വിചിന്തനങ്ങളും കൂട്ടിവായിക്കേണ്ടതാണ്. നിശ്ശബ്ദത തീര്‍ത്തും അസ്വീകാര്യമാണെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു. രണ്ടാമത്തെ ദിവസം ഒരു യൂറോപ്യന്‍ വനിത താന്‍ ബാലികയായിരുന്നപ്പോള്‍ ഇടവക വൈദികന്‍ 5 വര്‍ഷം പീഡിപ്പിച്ച അനുഭവം പങ്കുവെച്ചു. അവര്‍ക്കുണ്ടായ കണ്‍ഫ്യൂഷന്‍, സ്വയം കുറ്റപ്പെടുത്തുന്ന പ്രവണത, പീഡനം നടന്നതിനു ശേഷമുള്ള മാനസികാവസ്ഥ, ജീവിതാന്ത്യംവരെ അപ്രതീക്ഷിതമായ അവസരങ്ങളില്‍ പൊങ്ങിവരുന്ന വേദനാജനകമായ ഓര്‍മ്മകള്‍, എല്ലാം തുറന്നു പറഞ്ഞു. പീഡനം തുറന്ന് പറയുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിന് ശക്തിയും ധൈര്യവും വേണം. തുറന്ന് പറഞ്ഞാല്‍ താന്‍ അവിശ്വാസിയാക്കപ്പെടും എന്ന റിസ്ക് ഉണ്ട്. അതിക്രമി ഒരു ചെറിയ ശിക്ഷവാങ്ങി രക്ഷപെടും ഇര/അതിജീവിച്ചവര്‍ തങ്ങളുടെ മുറിവുകളില്‍ നിന്ന് പുനര്‍ജനിക്കേണ്ടിയിരിക്കുന്നു. തുറന്ന് പറഞ്ഞില്ല, വൈകി പറഞ്ഞു എന്നീ ആരോപണങ്ങള്‍ നീതിയുക്തമല്ല.

കര്‍ദ്ദിനാള്‍ ടാഗിളിന് പറയാനുള്ളത് ഇരയുടെ വേദന പങ്കുവെയ്ക്കുന്നതിനെപ്പറ്റിയാണ്. പീഡനം അതിജീവിച്ചവരുടെ അനുഭവങ്ങള്‍ക്കുപ്രവാചക സ്വഭാവമുണ്ട്. ഈ അനുഭവങ്ങളില്‍ നിന്ന് പരിവര്‍ത്തനത്തിന്‍റെ സാദ്ധ്യതകള്‍ ഉരുത്തിരിയുന്നു. വ്രണിതരുമായിട്ടുള്ള ഐക്യത്തിന്‍റെ ഒരു സംസ്കാരം നാം വളര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു. വ്രണങ്ങള്‍ വ്രണങ്ങളായിത്തന്നെ അവശേഷിക്കും. പക്ഷെ ഇവ നാം ഒരുമിച്ച് കൂടി വിശ്വാസത്തിലൂന്നി കൈകാര്യം ചെയ്യേണ്ടതാണ്. ലൈംഗിക പീഡനത്തെപ്പറ്റി അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. ഒരിടത്തും ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നില്ല. അവബോധമില്ലാത്ത ഒരു സാമൂഹ്യ പ്രതിഭാസത്തെ നമ്മള്‍ എങ്ങനെ കൈകാര്യം ചെയ്യും?

നാല് ദിവസത്തെ കോണ്‍ഫറന്‍സിനൊടുവില്‍ പോപ്പ് ഫ്രാന്‍സിസിന്‍റെ പ്രബോധനം ഉണ്ടായിരുന്നു. ഈ കൊടിയ അതിക്രമത്തിനു പിന്നില്‍ സാത്താന്‍റെ കൈയ്യുണ്ട്. ഈ കൈകള്‍ കുട്ടികളുടെ നിഷ്കളങ്കതയെ ബലിയാക്കിയല്ല പ്രവര്‍ത്തിക്കുന്നത് സ്വന്തം അധികാരം നഷ്ടപ്പെടുമോ എന്ന് പേടിച്ച് ബത്ലഹേമിലെ ശിശുക്കളെ കൊല്ലുന്ന ഹേറോദേസിന് സമമാണ് ഈ അതിക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍. സാത്താന്‍റെ ഇടപെടലിനെപ്പറ്റി പറയുമ്പോള്‍ തന്നെ, സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് അതിക്രമിക്കും, സ്ഥാപനപരമായ ഉത്തരവാദിത്വത്തില്‍ നിന്ന് അധികാരികള്‍ക്കും മോചനമില്ല ഇത് സഭയ്ക്കു കളങ്കമാണ്. ഇരയുടെ നിശബ്ദമായ രോദനവും, പുരോഹിതരുടെ കൈകളാല്‍ തകര്‍ക്കപ്പെട്ട കദനകഥകളും സമ്മേളന ഹാളിനെ മുഖരിതമാക്കി, അവിടെ കൂടിയിരുന്ന ബിഷപ്പുമാരുടെ ഹൃദയത്തില്‍ തുളച്ചുകയറി. നിര്‍ജ്ജീവമായ സ്ഥിതിവിവരക്കണക്കുകള്‍ക്കു അതീതമായി സാര്‍വ്വലൗകിക സഭയുടെ മനസ്സാക്ഷിയെ ഇത് പിടിച്ചുകുലുക്കി. തിന്മകളുടെ ആകാശത്തിലേക്ക് നോക്കുമ്പോള്‍ ചുറ്റുമുള്ള നന്മകളെ നമുക്ക് അവഗണിക്കാന്‍ പറ്റില്ല. സഭയിലെ നന്മകള്‍ എണ്ണിപ്പറഞ്ഞു അഹങ്കരിക്കാനല്ല, അനുകരിക്കാനുള്ള മാതൃകകളെ തേടിപ്പിടിച്ച് മാതൃകയാക്കാന്‍ വേണ്ടിയാണ്. ഫ്രാന്‍സിസ് പിതാവിന്‍റെ ഉജ്ജ്വലമായ സമാപന സന്ദേശം നെഞ്ചിലേറ്റേണ്ടതാണ്.

ഈ കോണ്‍ഫറന്‍സ് ഒരു തുടക്കം മാത്രമാണ്. തുടര്‍നടപടികള്‍ ഇനിയും ഉണ്ടാകും. വത്തിക്കാനില്‍നിന്ന് ലൈംഗിക സുരക്ഷിതത്വത്തിന് വേണ്ടി രൂപരേഖ ഉടനെ പ്രസിദ്ധീകരിക്കും. കുട്ടികളുടെ സംരക്ഷണം സംബന്ധിച്ചുള്ള നിയമാവലിയില്‍ ഉത്തരവാദിത്തങ്ങളെപ്പറ്റി പ്രതിപാദിക്കും. ബിഷപ്പുമാരെ സഹായിക്കാന്‍ കര്‍മ്മ സമിതി രൂപീകരിക്കും. തുടര്‍ നടപടികള്‍ക്കായി സംഘാടനസമിതി വത്തിക്കാന്‍ കൂരിയ ഡിപ്പാര്‍ട്ടുമെന്‍റുകളുമായി ചര്‍ച്ചയില്‍ ഏര്‍പ്പെടും. പത്രപ്രവര്‍ത്തകരുടെ "സത്യം അന്വേഷിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും" ഉള്ള റോള്‍ അംഗീകരിക്കപ്പെട്ടു. ബിഷപ്പുമാരോട് കാലികമായ വാര്‍ത്തകള്‍ പത്രപ്രവര്‍ത്തകര്‍ക്കു കൊടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. അതിക്രമങ്ങളെ കൈകാര്യം ചെയ്യുന്നത് സഭയുടെ മുന്‍ഗണനായായി അംഗീകരിക്കപ്പെട്ടു.

കൗണ്‍സില്‍ ഓഫ് കാര്‍ഡിനല്‍ അഡ്വൈസേഴ്സ് 3 ദിവസത്തെക്കുകൂടി. ഇതില്‍ ഒരു വിഷയം Protection of Minors in Church  എന്നത് തന്നെയായിരുന്നു. ഈ കോണ്‍ഫറന്‍സും പോപ്പ് ഫ്രാന്‍സിസിന്‍റെ നിലപാടുകളും വിപ്ലവകരമായ മാറ്റങ്ങള്‍ക്കു തീര്‍ച്ചയായും തുടക്കം കുറിക്കും. ബാല ലൈംഗിക പീഡനത്തിന്‍റെ ബാക്കിപത്രമായ കുറ്റബോധം, നാണക്കേട്, കുറ്റപ്പെടുത്തല്‍ ഇരയില്‍ നിന്ന് മാറി അതിന്‍റെ ന്യായമായ സ്ഥാനത്തേക്ക് (പീഡകരിലേക്ക്) മാറ്റി സ്ഥാപിക്കപ്പെടും. ഇരകളുടെ സാമൂഹികതിരസ്ക്കരണവും ആത്മഹത്യയുമൊക്കെ പീഡകരിലേക്ക് മാറി വന്നേക്കാം. ക്രൈസ്തവ മൂല്യങ്ങള്‍ക്കനുസരിച്ചുള്ള കരുണ, അനുരഞ്ജനം, മനസ്താപം, ജീവിതത്തിന്‍റെ പുനര്‍നിര്‍മ്മാണം എന്ന ചുമതലകൂടി സഭയ്ക്കു ഏല്‍ക്കേണ്ടി വരും. പക്ഷെ മുന്‍ഗണന ഇരയുടെ, സര്‍വൈവറുടെ മുറിവുണക്കലിനു തന്നെയാണെന്ന് പറയേണ്ടതില്ലല്ലോ. കരുണ കൊടുക്കുന്ന ഭാവം ഹൃദയത്തില്‍ സൂക്ഷിക്കുമ്പോഴും, ഇത്തരം കുറ്റങ്ങള്‍ കാണുമ്പോള്‍ അതിക്രമികളെ യാതൊരു ഒത്തുതീര്‍പ്പുകള്‍ക്കും കീഴ്പ്പെടാതെ നിയമത്തിന്‍റെ, കരങ്ങളില്‍ ഏല്‍പ്പിച്ചു കൊടുക്കാനുള്ള ചുമതല ഏറ്റെടുക്കും എന്നാണ് പ്രതീക്ഷ.

 

അനിവാര്യമായ ചില കൂട്ടിച്ചേര്‍ക്കലുകള്‍: 

  ലേഖനത്തില്‍ ചര്‍ച്ചചെയ്ത ഈ മാര്‍ഗ്ഗരേഖകള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും മുതിര്‍ന്ന ദുര്‍ബലര്‍ക്കും നല്കേണ്ട സംരക്ഷണത്തെപ്പറ്റി മാത്രമാണ്.  ഇത്തരം വ്യക്തികള്‍ക്കു പ്രത്യേക കരുതല്‍ കൊടുക്കുന്ന സ്ഥാപനങ്ങളിലെ ചര്‍ച്ച് പേഴ്സണലിന് മാത്രമാണ് ഇത് ബാധകമായിട്ടുള്ളത്. സമകാലീന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇവിടെ ചില സംശങ്ങള്‍ ഉയരുന്നു.  പ്രായപൂര്‍ത്തിയായവര്‍ക്കും വേണ്ടേ പ്രശ്നോന്മുഖമല്ലാത്ത സുരക്ഷിതമായ ഒരു അന്തരീക്ഷം? POSCO യുടെ ചുവടുപിടിച്ച് കെ.സി.ബി. സി. തയ്യാറാക്കിയ  മാര്‍ഗ്ഗരേഖപോലെSexual harssment of women at work place Act, 2013 (Prevention, Prohibition and Redressal Act, 2013) ന്‍റെ ചുവട് പിടിച്ച് സഭയ്ക്ക് മാര്‍ഗ്ഗരേഖകള്‍ അത്യാവശ്യമാണ്. ഇതൊക്കെ ഉള്‍പ്പെടുത്തി വേറെ ഒരു മാര്‍ഗ്ഗരേഖ ഈ മാതൃകയില്‍ തയ്യാറാക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്.

 

ഉപസംഹാരം

  നിരവധി വൈദികരുടെ ത്യാഗോജ്വലമായ ജീവിതം വഴി പൊതുസമൂഹത്തിന് നിരന്തരം നന്മകള്‍ നല്കുകയും നിസ്വാര്‍ത്ഥതയുടെ ചട്ടക്കൂടില്‍ പണിതുയര്‍ത്തുകയും ചെയ്തതാണ് നമ്മുടെ  സഭ. അവിശുദ്ധ ജീവിതം നയിക്കുന്ന വളരെ ചെറിയ ഒരു പറ്റത്തിന്‍റെ പാപപങ്കിലമായ ജീവിതംകൊണ്ട് സഭയെ കളങ്കം ചാര്‍ത്താന്‍ അനുവദിച്ചുകൂടാ. സഭയുടെ വിശ്വാസ്യതയ്ക്ക് കോട്ടം വരാതിരിക്കാന്‍ ഇരകളെയും അതിജീവിച്ചവരെയും ചേര്‍ത്തുപിടിച്ച് അവരുടെ മുറിവുണക്കാന്‍ നാം ബാധ്യസ്ഥരാണ്.  പോപ്പ് ഫ്രാന്‍സിസിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ഈ ശുദ്ധികലശം ലോകചരിത്രത്തില്‍ ഇടംപിടിക്കും എന്നതിന് യാതൊരു സംശയവും ഇല്ല. സഭയുടെ നിലപാടുകള്‍, പൊതുസമൂഹം അനുകരിക്കും എന്ന് നമുക്ക് ന്യായമായും പ്രതീക്ഷിക്കാം. ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് ഇരകളെ രക്ഷിക്കാന്‍ ഏറ്റവും ഉചിതമായ സമയം സമാഗതമായിരിക്കുകയാണ്. പോപ്പ് ഫ്രാന്‍സിസിന്‍റെ പുരോഗമനപരമായ ആശയങ്ങളും, ആദ്ധ്യാത്മികമായ നേതൃത്വവും ഇതിലൂടെ ഉരുത്തിരിഞ്ഞ് വരുന്ന കോണ്‍ഫറന്‍സുകളും, അതിലെ പുത്തന്‍ ആശയങ്ങളും അതിക്രമങ്ങള്‍ തുറന്ന് പറയാനുള്ള ഇരയുടെ സന്നദ്ധതയും നമ്മുടെ സഭയെ കൂടുതല്‍ കൂടുതല്‍ വിശുദ്ധിയിലേക്ക് ഉയര്‍ത്തും എന്ന് നമുക്ക് ആശിക്കാം. ഇതിനായി കൈകോര്‍ക്കാം.

 

ബോക്സ്

വീടുകളില്‍, സ്ഥാപനങ്ങളില്‍, സഭയില്‍ ഒക്കെ പതിവ് രീതി മാറ്റത്തിന്‍റെ കാലൊച്ച കേള്‍ക്കാതെ പോയിട്ടുണ്ട്. അപ്പോഴൊക്കെ തിരിച്ചടികള്‍ ഉണ്ടായിട്ടുമുണ്ട്. മാനവകുലത്തെ മൊത്തം ഒരു സിസ്റ്റം ആയിക്കണ്ടാല്‍ സഭ ഇതിലെ ഒരു സബ് സിസ്റ്റം ആണ്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളെ ഉള്‍ക്കൊണ്ട് വേറെ ആര്‍ക്കും ഒരു പക്ഷെ കൊടുക്കാന്‍ സാധിക്കാത്ത ആത്മീയ ചൈതന്യം മൊത്തം സിസ്റ്റത്തിലേക്ക് സന്നിവേശിപ്പിക്കാന്‍ ലൈംഗികാതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സഭയ്ക്കു സാധിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കേണ്ട വിഷയമാണ്.

കോണ്‍ഫറന്‍സ് കഴിഞ്ഞ് തിരിച്ചു ചെല്ലുമ്പോള്‍ താന്താങ്ങളുടെ അധികാരപരിധിയില്‍പ്പെട്ട സ്ഥലങ്ങളില്‍ അതിക്രമങ്ങള്‍ പ്രതിരോധിക്കാനും ഇരകള്‍ക്കു കരുതല്‍ കൊടുക്കാനും, പീഡന സംഭവങ്ങള്‍ മൂടിവയ്ക്കാതിരിക്കാനും  കോണ്‍ഫറന്‍സ് അംഗങ്ങള്‍ സജ്ജമാകണം എന്ന വീക്ഷണമാണ് പോപ്പ് ഫ്രാന്‍സിസിന്‍റേത്. സഭ എല്ലാവര്‍ക്കും സുരക്ഷിതമായ ഒരിടമാകണം. നിശ്ശബ്ദതയുടെ രീതി മാറി മറിയണം. അതിക്രമം സംഭവിക്കുമ്പോള്‍ നിശ്ശബ്ദത പാലിക്കുന്നത് അഭികാമ്യമല്ല.

പീഡനം അതിജീവിച്ചവരുടെ അനുഭവങ്ങള്‍ക്കുപ്രവാചക സ്വഭാവമുണ്ട്. ഈ അനുഭവങ്ങളില്‍ നിന്ന് പരിവര്‍ത്തനത്തിന്‍റെ സാദ്ധ്യതകള്‍ ഉരുത്തിരിയുന്നു. വ്രണിതരുമായിട്ടുള്ള ഐക്യത്തിന്‍റെ ഒരു സംസ്കാരം നാം വളര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു. വ്രണങ്ങള്‍ വ്രണങ്ങളായിത്തന്നെ അവശേഷിക്കും. പക്ഷെ ഇവ നാം ഒരുമിച്ച് കൂടി വിശ്വാസത്തിലൂന്നി കൈകാര്യം ചെയ്യേണ്ടതാണ്. ലൈംഗിക പീഡനത്തെപ്പറ്റി അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. ഒരിടത്തും ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നില്ല. അവബോധമില്ലാത്ത ഒരു സാമൂഹ്യ പ്രതിഭാസത്തെ നമ്മള്‍ എങ്ങനെ കൈകാര്യം ചെയ്യും?


Featured Posts

bottom of page