top of page

കുട്ടിക്കാലമൊരു കുട്ടയാണ്. അതില്‍ പുസ്തകങ്ങളെയും
മനുഷ്യരെയും അടുക്കിവച്ചിരിക്കുന്നു...
ഒരേപോലെ കൗതുകം സൂക്ഷിക്കാന്‍ കഴിയുന്നത് ബാല്യകാലജീവിതത്തെ സംബന്ധിച്ച ഓര്‍മ്മകള്‍ക്കും അനുഭവങ്ങള്‍ക്കും മാത്രമായിരിക്കും. ഒരിക്കല്‍ ജീവിച്ച ആ ജീവിതമാണ് മനുഷ്യന്‍റെ സമ്പത്ത്.
ഇരുപതുവയസ്സിനുശേഷം കണ്ടുമുട്ടുന്നതോ കിട്ടുന്നതോ കാണുന്നതോ ആയ ഒന്നും മനുഷ്യനില്‍ എന്തെങ്കിലും സവിശേഷതയോ നിഷ്കളങ്കതയോ കൗതുകമോ നിറയ്ക്കുന്നത് അപൂര്‍വ്വമായിരിക്കും. എന്നാല്‍ മുതിരുന്തോറും നാം പിന്നിലേക്ക് നോക്കി വിസ്മയപ്പെടാന്‍ ഇഷ്ടപ്പെടുകയും ചെയ്യും.
പ്രസിദ്ധീകരണങ്ങള്‍ അടുക്കിവെച്ച അലമാരകളാണ് എന്‍റെ ഓര്‍മയിലെ കുട്ടിക്കാലസുഹൃത്തുക്കള്‍. പുസ്തകങ്ങള്‍ വിരളമാണ്. ആനുകാലികപ്രസിദ്ധീകരണങ്ങളാണ് അധികവും. അതും കോട്ടയത്തുനിന്നും ബസുകയറി വന്നിരുന്ന ജനപ്രിയവാരികകള്‍. ക റുപ്പിലും വെളുപ്പിലും അച്ചടിച്ച വാരികകള്‍. ഒന്‍പതും പത്തും നോവലുകള്‍ കാണും ഓരോ ലക്കവും. മൂന്നോനാലോ പേജില്‍ നോവലിന്‍റെ ഒരദ്ധ്യായം അവസാനിക്കും. അതില്‍ ചിത്രങ്ങളും കാണും. അപ്പോള്‍ ആകെക്കൂടി ഒരു തുണ്ടാണ് നോവലിന്‍റെ ഒരു അധ്യായമെന്ന് പറയുന്നത്. അതില്‍പ്പറയുന്നതാകട്ടെ അതീവവേഗത നിറഞ്ഞ ഒരു കഥയും. വേഗതയാണ് ആ നോവലുകളുടെ പ്രിയത നിശ്ചയിച്ചിരുന്നത്. ഒരദ്ധ്യായം ആരംഭിച്ചാല്‍ അവസാനിക്കുന്നതുവരെ നിര്‍ത്താന്‍ തോന്നരുത്. അങ്ങനെയുള്ള നോവലധ്യായങ്ങളായിരുന്നു എന്‍റെ കൂട്ടുകാര്‍.
അമ്മ പ്രസവിക്കാന്‍ ചെന്നുകിടന്ന ഒരു ആതുരാലയമാണ് ഞാന്‍ പിറന്നുവീണ വെള്ളത്തൂവല്‍ എന്ന ദേശമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എറണാകുളത്തും കണ്ണൂരുമാണ് മാതാപിതാക്കളുടെ കുടുംബക്കാര്‍. കുടിയേറ്റഭൂമികയുടെ ആകര്‍ഷണമാണ് അന്നവിടെ സ്ഥലവും വീടും സമ്പാദിക്കാന്‍ അച്ഛനെ പ്രേരിപ്പിച്ചത്. അവിടെ വീടും കൃഷിയുമായി കഴിയുമ്പോഴും ധാതുക്കളും മൂലകങ്ങളും ജീവഘടകങ്ങളും തേടി ഇരുദിക്കിലേക്കുമുള്ള പ്രയാണം പതിവായിരുന്നു. അപ്പോള്‍ പിറക്കാനും വളരാനും അനുവദിച്ച ആതുരാലയമല്ലാതെ മറ്റെന്താണ് വെള്ളത്തൂവല്‍? ഇതല്ലാതെ ആ നാടുമായി എനിക്കുള്ള ബന്ധമന്വേഷിച്ചാല്‍ അത് വായനയുടെയും സവിശേഷമായ ചില കൂട്ടുകെട്ടുകളുടെയും പരിചയപ്പെടുത്തല്‍ മാത്രമാണ്. അത് ആനുകാലികങ്ങളുടെ അച്ചടിത്താളുകളിലെ വേഗത നിറഞ്ഞ കഥപറച്ചിലുമായുള്ള സമ്പര്‍ക്കമാണ്. അനേകം ഭാവനകളുടെ വാതിലുകള്‍ തകര്‍ക്കാന്‍ പറ്റിയ ഏകാന്തതയുമായുള്ള സഹവാസമാണ്. അതിനിണങ്ങിയ ഏതാനും മുതിര്‍ന്നവരുമായുള്ള സഹവാസമാണ്.
എന്‍റെ അയല്‍പക്കത്തുള്ളവരെല്ലാം കുടിയേറിവന്ന പലദിക്കുകളില്‍ വേരുകളുള്ള മനുഷ്യരുടെ സന്തതികളാണ്. ഹിന്ദുക്കളിലെ നമ്പൂതിരി ഒഴിച്ചുള്ള നാനാജാതികളും മുസ്ലീമുകളിലെ പ്രബലവിഭാഗങ്ങളും ക്രിസ്ത്യാനികളിലെ കത്തോലിക്കരും യാക്കോബായക്കാരും പെന്തക്കോസ്തുകാരും ഇതര ദളിത് ക്രൈസ്തവവിഭാഗങ്ങളും ആ നാട്ടിലുണ്ട്. എല്ലാവരും ഇടകലര്‍ന്നാണ് ജീവിക്കുന്നത്. എന്നാലും മുസ്ലീംവിഭാഗത്തിനും ക്രൈസ്തവവിഭാഗത്തിനും ഒരു സംഘരീതിയുണ്ടാവും താമസത്തിന്. അത് ആരാധനാലയത്തില്‍ പോകാനും വരാനും ശവസംസ്കാരത്തിനും ചരമശുശ്രൂഷയ്ക്കും മറ്റുമുള്ള സമുദായവിശ്വാസികളുടെ സൗകര്യം കണക്കിലെടുത്തുമാണ്. ഹിന്ദുക്കളെ സംബന്ധിച്ച് അമ്പലം എന്നത് മാസത്തിലൊരിക്കല്‍ പോകാനുള്ള ആരാധനാലയമായിരുന്നു അന്ന്. ഇന്ന് രീതി മാറി.
എന്‍റെ ആദ്യത്തെ കൂട്ടുകാര്‍ മുതിര്‍ന്നവരായിരുന്നു. സമപ്രായത്തിലുള്ളവര്‍ ഉണ്ടായിരുന്നില്ലെന്ന് പറയാം. ഒന്നുകില്‍ നന്നെ മുതിര്‍ന്നവര്‍. അല്ലെങ്കില്‍ താഴെ പ്രായമുള്ളവര്‍. അവിടെവച്ച് ഒരു ഏകാന്തത എനിക്ക് കിട്ടുന്നുണ്ട്. അന്നത് ഏകാന്തതയാണെന്ന് മനസ്സിലായില്ലെങ്കിലും.
അന്നത്തെ കൂട്ടുകെട്ടാരംഭിക്കുന്നത് പുലര്‍കാലത്ത് വെയില്‍ കായുന്നതോടെയോ തീ കായുന്നതോടെയോ ആണ്. ഏതാണ്ട് ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയും മഴ നിറഞ്ഞ ഒരു നനഞ്ഞ കാലാവസ്ഥ അന്നുണ്ടായിരുന്നു. നവംബര്‍ മുതല്‍ ഫെബ്രുവരി വരെ മഞ്ഞിന്‍റെ സാന്നിദ്ധ്യവും. മാര്‍ച്ച് മുതല്‍ മെയ് വരെ വേനലാണ്. ഉള്ളംകാല്‍ പൊള്ളിക്കുന്ന പരുക്കന്‍ വേനല്‍. ഈ അവസ്ഥകളിലെല്ലാം സാമാന്യജനത്തിന് അതിജീവനത്തിന് പൊരുതേണ്ടതായി വരും. അതിനാല്‍ മഴക്കാലത്ത് കമ്പിളി മൂടിപ്പുതച്ച് അടുപ്പിനരികിലും മഞ്ഞുകാലത്ത് നേരം വെളുത്താല്‍ ഉടന്‍ മുറ്റത്തോ പറമ്പിലോ കരിയിലയും പാഴ്ത്തടിയും കൂട്ടിയിട്ട് തീ കത്തിച്ചുകാഞ്ഞും അല്ലെങ്കില്‍ വെയില്‍കാഞ്ഞും തണുപ്പകറ്റണം. വേനല്‍ ആയാലും രാവിലെയുള്ള തണുപ്പ് മാറുകയില്ല. ഫലത്തില്‍ വേനല്‍ക്കാലത്തും തീ കായല്‍ ഉണ്ടാകും.
നടുക്ക് തീ കൂട്ടി അതിനുചുറ്റുമായി കൈവെള്ള തീയിലേക്ക് നീട്ടിക്കാണിച്ച് ഇരിക്കുന്നത് കൗതുകമുള്ള ഓര്‍മ്മയാണ്. വിശാലമായിരിക്കും പറമ്പുകളെല്ലാം. ഓടിനടക്കുന്ന കന്നുകുട്ടികളും ആട്ടിന്‍കുട്ടികളും നായ്ക്കളും പശുക്കളും കോഴികളും താറാവുകളും വളര്‍ത്തുമുയലുകളും കാണും. തലേന്നുരാത്രി തീ കായാന്‍ കത്തിച്ച കൂനയില്‍ക്കിടന്നാവും മിക്കവാറും വീടുകളിലെ വളര്‍ത്തുപട്ടികളുടെ ഉറക്കം. അന്നത്തെ ശരിയായ കൂട്ടുകാര്‍ ആ ജീവജാലങ്ങളാണ്.
അമ്മ പരുന്തിനോടും ഓലേഞ്ഞാലിയോടും അയല്‍പക്കത്തെ നായ്ക്കളോടും വീട്ടിലെ കോഴികളോടും പൂച്ചയോടും സംസാരിക്കുന്നത് കേള്‍ക്കാം. ഇതിലെ സരസതയും സാര്‍വ്വദേശീയതയും ഭാഷാതീതമായ ആശയവിനിമയപാടവവും ആവശ്യകതയും എനിക്ക് മനസ്സിലായത് അടുത്തിടെ നെടുമ്പാശ്ശേരിയിലെ ഒരു ഫ്ളാറ്റില്‍ കുറച്ചുകാലം താമസിച്ചപ്പോഴാണ്. ഫ്ളാറ്റ് വാങ്ങി അവിടെത്തന്നെ കഴിയുന്നവര്‍ വളരെ കുറവും ഏറിയ പങ്കും പലദേശങ്ങളില്‍നിന്നും വാടകയ്ക്ക് വന്നു താമസിക്കുന്നവരുമാണ്. ഇങ്ങനെ വന്നു താമസിച്ചുപോകുന്നവരില്‍ അധികവും വിമാനത്താവളവുമായി ബന്ധപ്പെടുന്നവരാണ്. യാത്രക്കാരോ ജോലിക്കാരോ ഉദ്യോഗസ്ഥരോ ആകാം. യൂണിഫോമിട്ട എയര്‍ഹോസ്റ്റസുമാരെയും പലപ്പോഴും ലിഫ്റ്റില്‍ കണ്ടുമുട്ടാറുണ്ട്. മുകള്‍നില റെസ്റ്റോറന്‍റാണ്. അവിടുത്തെ വാടകക്കാര്‍ക്കും താമസക്കാര്‍ക്കും ഭക്ഷണമുണ്ടാക്കിക്കൊടുക്കുന്ന മലയാളം മാത്രമറിയാവുന്ന സ്ത്രീ എല്ലാവരോടും മലയാളത്തില്‍ സംസാരിക്കുന്നത് കേള്‍ക്കാം. തിരിച്ചാവട്ടെ പലഭാഷകളിലാണ് മറുപടികള്‍ വരുന്നത്. അതും അവര്‍ക്ക് മനസ്സിലാവാനായി ബിസ്ക്കറ്റ് മുറിച്ചതുപോലുള്ള കഷണങ്ങളായിട്ട്. അതുകേള്‍ക്കുമ്പോള്‍ എന്‍റെ അമ്മ ചുറ്റിനുമുള്ള ജീവജാലങ്ങളോട് സംസാരിക്കുന്നതുപോലെയാണ് തോന്നുക. അമ്മയോടൊപ്പമുള്ള നായ്ക്കളും പൂച്ചകളും കോഴികളും മുക്കുകയും മൂളുകയും കൊക്കുകയുമാണ് തിരിച്ച് ചെയ്യുക. അമ്മയ്ക്കത് മനസ്സിലാവുമല്ലോ. അമ്മ പറയുന്നത് അവര്‍ക്കും.
എന്‍റെ വീട്ടില്‍ അച്ഛന്‍ വരുത്തിയിരുന്നത് കേരളശബ്ദം വാരികയും മാതൃഭൂമി ആഴ്ചപ്പതിപ്പുമായിരുന്നു. പുറത്തുനിന്നും വരുന്ന അമ്മാവന്മാര്‍ കലാകൗമുദിയും കഥയും കുങ്കുമവും കൊണ്ടുവരുമായിരുന്നു. എന്നാല്‍ അയല്‍പക്കത്തെ വീടുകളില്‍ ഇതൊന്നുമല്ലാതെ വേണ്ടുവോളം ജനപ്രിയസാഹിത്യമാണ് കിട്ടുക. ആ അലമാരത്തട്ടുകള്‍ക്കരികിലാണ് ഞാന്‍ കുട്ടിക്കാലം ചെലവഴിച്ചത്. യഥാര്‍ത്ഥ കളിച്ചങ്ങാതിമാര്‍ ആ ആനുകാലികങ്ങളും അവയിലെ കഥകളും കഥാപാത്രങ്ങളുമായിരുന്നു.
അയല്‍വീടുകളില്‍ വരാന്തകളിലും പുറത്തെ തണലുകളിലും ജനപ്രിയസാഹിത്യത്തിലെ നോവലുകളും കഥകളുമായി തനിച്ചിരിക്കും. അന്ന് എനിക്കൊരു വായനാപങ്കാളി ഉണ്ടായിരുന്നു. ആ നാട്ടുകാരില്‍ മിക്കവരും കുട്ടികള്‍ എല്ലാവരും കുഞ്ഞമ്മാവന്‍ എന്നും അല്ലാത്തവര്‍ ഗോപാലേട്ടനെന്നും വിളിച്ചിരുന്ന ഗോപാലന്‍ എന്ന മദ്ധ്യവയസ്കന്‍. അദ്ദേഹത്തിന് ഇരുകാലുകള്‍ക്കും സ്വാധീനം നഷ്ടപ്പെട്ടിരുന്നു. അതിനാല്‍ വീടിനുള്ളിലൂടെ ഇരുന്നുനിരങ്ങി മാത്രമേ അദ്ദേഹത്തിന് സഞ്ചരിക്കാനാവുമായിരുന്നുള്ളു. അദ്ദേഹത്തിന് എഴുന്നേറ്റുനില്‍ക്കുവാന്‍ ആകുമായിരുന്നില്ല. എഴുന്നേറ്റുനടക്കാനാവാത്ത ആ മനുഷ്യന് വായനയല്ലാതെ വേറൊരു പോംവഴിയുണ്ടായിരുന്നില്ല. അദ്ദേഹമാണ് പൈങ്കിളി വാരികകള്‍ വാങ്ങിക്കൂട്ടി ആകാംക്ഷയോടെ വായിച്ചുകൊണ്ടിരുന്നത്. വീട്ടില്‍നിന്നും പുറത്തുപോകുന്ന അദ്ദേഹത്തിന്‍റെ ഭാര്യയോ മകനോ അയല്‍ക്കാരനോ അദ്ദേഹത്തിന് മംഗളമോ മനോരമയോ പൗരദ്ധ്വനിയോ ജനനിയോ സഖിയോ ചെമ്പകമോ വാങ്ങിച്ചുകൊടുക്കും. അതിലെ നാലോ അഞ്ചോ നോവലുകളുടെ അധ്യായങ്ങള്‍ ഒരിരുപ്പില്‍ വായിച്ചശേഷം അദ്ദേഹമത് എനിക്കുതരും. അതുവരെ പലഹാരത്തിന് കാത്ത് നായ്ക്കള്‍ നില്‍ക്കുന്നതുപോലെ അദ്ദേഹത്തിനടുത്ത് അക്ഷമയോടെ ഞാനിരിക്കും. ആ കുഞ്ഞമ്മാവന് എന്നെ വലിയ കാര്യമായിരുന്നു. അവിടുത്തെ വീടിന്‍റെ ഇറയത്ത് ഒരു മരബഞ്ചുണ്ട്. അതില്‍ ആ ആഴ്ചയിലെ മനോരമയോ മംഗളമോ കാണും. വായന കഴിഞ്ഞ വാരികകള്‍ ആറേഴ് വീടുകളില്‍ സഞ്ചരിച്ചേ തിരിച്ചെത്തൂ. വായന കഴിഞ്ഞവ അപൂര്‍വ്വം വീടുകളിലേ സൂക്ഷിച്ചുവച്ചിരുന്നുള്ളു. അല്ലാത്തവ വിറകടുപ്പ് കത്തിക്കുമ്പോള്‍ വിറകില്‍ തീപടരാനുള്ള എളുപ്പവഴിയായി അടുപ്പില്‍ക്കിടന്ന് കത്തിത്തീരും.
മനുഷ്യരായിരുന്നില്ല കഥാപാത്രങ്ങളായിരുന്നു അന്നത്തെ കൂട്ടുകാര്‍. കഥാപാത്രങ്ങളുടെ ലോകമായിരുന്നു എന്‍റെ ലോകം. ഇവര്‍ മാത്രമല്ല, വീട്ടിലെ റഷ്യന്‍ ക്ലാസിക്കുകളുടെ ചിത്രകഥാരൂപങ്ങളും ബാലസാഹിത്യവും എന്നോടൊപ്പം കൂട്ടുകൂടിയിരുന്നു. എന്‍റെ ഭാവനയില്‍ ഇവരെല്ലാം കുഴഞ്ഞുമറിഞ്ഞിട്ടുണ്ടാവണം. എന്‍റെ പില്‍ക്കാലസാഹിത്യജീവിതത്തെ ഇതെല്ലാം വളരെയധികം സഹായിച്ചിട്ടുണ്ട്. അതൊരു വിചിത്രസംഗതിയായി ഇന്ന് തോന്നുന്നു. എന്തായാലും എന്‍റെ കൂട്ടുകാരുടെ പേര് ചോദിച്ചാല്‍ അന്നത്തെ ആനുകാലികങ്ങളുടെയും പുസ്തകങ്ങളുടെയും പേരല്ലാതെ മറ്റൊന്നും ഓര്‍മ്മ വരികയില്ല.
Featured Posts
Recent Posts
bottom of page