top of page
പ്രിയപ്പെട്ട അച്ഛനമ്മമാരെ,
ഇതൊരു കത്താണ്. ഒരു മകള്‍ നിങ്ങള്‍ക്കെഴുതുന്ന കത്ത്. നിങ്ങളുടെ മക്കളെപ്പറ്റി നിങ്ങള്‍ക്ക് ധാരാളം ആഗ്രഹങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെയില്ലേ? അതുപോലെ ഞങ്ങള്‍ക്കും നിങ്ങളെക്കുറിച്ച് കുറെ ആഗ്രഹങ്ങളുണ്ട്, നിങ്ങളെങ്ങനെ ആയിരിക്കണമെന്നും ആകരുതെന്നും. നെററിചുളിക്കേണ്ട! ഇത് എന്‍റെ മാത്രം അഭിപ്രായങ്ങളല്ല, എന്‍റെ കൂട്ടുകാരുടേതുമാണ് കേട്ടോ. ഒരു മകളുടെ സ്വാതന്ത്ര്യത്തോടെ ഞാന്‍ എഴുതട്ടെ...
പണ്ടുതൊട്ടേ എല്ലാവരും പറയുന്നതും എല്ലാവര്‍ക്കും അറിയാവുന്നതും എന്നാലധികമാരും ചെയ്യാത്തതുമായ ഒരു നിയമമുണ്ട്. മക്കളെ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യരുതെന്ന്. ഒരേ വീട്ടിലെ കുട്ടികളും ഇതില്‍പ്പെടുമെന്ന് മറക്കരുതേ. അമിതമായ താരതമ്യം ڔഞങ്ങളില്‍ ദേഷ്യവും ശത്രുതയും അപകര്‍ഷതാബോധവും വളര്‍ത്താനേ ഉപകരിക്കൂ. നിങ്ങളതാഗ്രഹിക്കുന്നുണ്ടാവില്ല, ഉവ്വോ ?
മാതാപിതാക്കള്‍ക്ക് എല്ലാ മക്കളോടും സ്നേഹം ഒരുപോലെയാണെന്ന് ഞങ്ങള്‍ക്കറിയാം. പക്ഷെ സ്നേഹപ്രകടനം ഒരുപോലെയാണോ? ഒരാളുടെ തെറ്റുകള്‍ ന്യായീകരിക്കുന്നതും മറ്റേയാളുടെ തെറ്റുകള്‍ പെരുപ്പിച്ചുകാട്ടി കുറ്റപ്പെടുത്തുന്നതും ഞങ്ങളെ കുറച്ചൊന്നുമല്ല വേദനിപ്പിക്കാറ്...
ഓരോരുത്തരുടെയും കഴിവുകളും കഴിവുകേടുകളും വ്യത്യസ്തമല്ലേ? മക്കളുടെ കഴിവിനനുസരിച്ചേ പ്രതീക്ഷിക്കാവൂ. പരീക്ഷയില്‍ ജയിക്കാന്‍ തത്രപ്പെടുന്ന കുട്ടിയെ ഡോക്ടറോ എഞ്ചിനിയറോ ആക്കണമെന്ന് വാശിപിടിക്കേണ്ടതുണ്ടോ? ഞങ്ങളുടെ താത്പര്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും കൂടി അല്‍പ്പം പരിഗണന കൊടുക്കുന്നത് നല്ലതല്ലേ?
പിന്നൊരു കാര്യം... ജനിച്ചുവീഴുന്ന കുട്ടികള്‍ക്കുപോലും സ്വന്തമായ വ്യക്തിത്വത്തിന്‍റെ കണികകളുണ്ട് എന്ന് കേട്ടിട്ടില്ലേ... മക്കള്‍ക്കുമുണ്ട് അവരുടേതായ, വികസിച്ചുവരുന്ന ഒരു വ്യക്തിത്വം. ഒരുപക്ഷേ അച്ഛനമ്മമാരുടെ വ്യക്തിത്വത്തില്‍നിന്ന് വിരുദ്ധമായിരിക്കും അവരുടെ ആശയങ്ങളും ആദര്‍ശങ്ങളും മനോഭാവങ്ങളും. അത് തെറ്റാണോ? അവരുടെ തെറ്റുകള്‍ തിരുത്തുന്നതിനോടൊപ്പം അവരുടെ വ്യക്തിത്വത്തെയും അംഗീകരിച്ചുകൂടെ?
പിന്നെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട് കേട്ടോ... മക്കള്‍ക്ക് ഒരുപാട് തെറ്റുകള്‍ സംഭവിക്കാം, അല്ല സംഭവിക്കും... നിങ്ങളേറെ തവണ മുന്നറിയിപ്പു കൊടുത്തിട്ടും അത് വകവയ്ക്കാതെ ആയിരിക്കും അവര്‍ അബദ്ധങ്ങള്‍ ക്ഷണിച്ചുവരുത്തിയത്. പക്ഷെ, ഒരു കാര്യം മനസ്സിലാക്കണേ... പറ്റിപ്പോയ തെറ്റില്‍ മറ്റാരെക്കാളും പശ്ചാത്തപിക്കുന്നതും അവര്‍തന്നെയായിരിക്കും. അതിന്‍റെകൂടെ നിങ്ങളുടെ കുറ്റപ്പെടുത്തലുകള്‍കൂടി ആവുമ്പോള്‍ അതൊരു വലിയ മുറിവായി മാറും. എല്ലാവര്‍ക്കും തെറ്റുകള്‍ സംഭവിക്കാറില്ലെ... അതൊന്നു ക്ഷമിച്ചുകൂടെ? ഞങ്ങള്‍ നിങ്ങളില്‍നിന്നും ആഗ്രഹിക്കുന്നത് സ്നേഹവും സുരക്ഷിതത്വവും കരുതലും ലാളനയും താങ്ങും തണലുമൊക്കെയാണ്. തെറ്റുകള്‍ ക്ഷമിച്ച് മറക്കാന്‍ സഹായിച്ചുകൂടേ? മക്കളുടെ എല്ലാ താന്തോന്നിത്തരങ്ങളും ക്ഷമിച്ച് മിണ്ടാതിരിക്കണമെന്നല്ല പറയുന്നത്. അവര്‍ പശ്ചാത്തപിക്കുന്ന, ചെയ്യേണ്ടായിരുന്നു എന്നു വിലപിക്കുന്ന തെറ്റുകള്‍...
ഒരുദാഹരണം: ചില്ലുപാത്രം അറിയാതെ കൈയില്‍നിന്നും വീണുടഞ്ഞു. സൂക്ഷിക്കാന്‍ നിങ്ങള്‍ പറഞ്ഞതാണ്, പക്ഷേ... പൊട്ടിയ പാത്രക്കഷണങ്ങള്‍ വഴിയില്‍നിന്നും മാറ്റി, സാരമില്ല... അറിയാതെ പറ്റിയതല്ലെ... എന്നുപറഞ്ഞ് ആശ്വസിപ്പിക്കുന്നതാണ് കുറ്റപ്പെടുത്തുന്നതിനേക്കാള്‍ നല്ലതും ഞങ്ങള്‍ ആഗ്രഹിക്കുന്നതും. (ഞാന്‍ ഈ പറയുന്നത് മറ്റൊരു വലിയ തെറ്റായിത്തോന്നുന്നുവെങ്കില്‍ എന്നോടും ക്ഷമിക്കാന്‍ മറക്കല്ലെ.)
വിശ്വാസം സ്നേഹബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു എന്ന് പറയാറില്ലെ... നിങ്ങളുടെ മക്കളെ ഏറ്റവും അടുത്തറിയുന്നതും, അറിയേണ്ടതും നിങ്ങള്‍തന്നെയാണ്. അവരെ നന്നായി മനസ്സിലാക്കുന്ന നിങ്ങള്‍ അവരെ വിശ്വസിക്കേണ്ടതുമില്ലേ? മാതാപിതാക്കള്‍ എന്നെ വിശ്വസിക്കുന്നുണ്ട് എന്ന തിരിച്ചറിവ് അവരെ അതിനനുസരിച്ച് പെരുമാറുവാന്‍ സഹായിക്കും. നേരെ മറിച്ചും സംഭവിക്കാം... അതെ, വിശ്വാസം - അതല്ലെ എല്ലാം!
ഒരു കാര്യം ചോദിച്ചോട്ടെ?... മാതാപിതാക്കള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍ക്ക് കുട്ടികളെന്തു പിഴച്ചു? നിങ്ങള്‍ തമ്മിലുള്ള വാശിയും വഴക്കും അവരുടെ ജീവിതത്തിലെ വെളിച്ചം കെടുത്തും. അതുപോലെ വീട്ടിലെ പ്രശ്നങ്ങള്‍ നാട്ടുകാരെ അറിയിച്ച് സ്വയം മറ്റുള്ളവരുടെ മുമ്പില്‍ അപഹാസ്യരാവുന്നതും ന്യായീകരിക്കാമോ? മക്കളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും പകര്‍ന്നുകൊടുക്കേണ്ടവര്‍ അത് കെടുത്തിക്കളയരുതേ...
ഞാന്‍ ഈ കത്ത് ചുരുക്കുന്നതിനുമുമ്പ് ഒരു കാര്യംകൂടി... ആദ്യം പറഞ്ഞതുപോലെ ഇവയെല്ലാം ഞങ്ങളുടെ ആഗ്രഹങ്ങളും അഭിപ്രായങ്ങളുമാണ്. ഒരുപക്ഷെ തെറ്റുകളും... എന്തൊക്കെയായാലും ഞങ്ങള്‍ നിങ്ങളുടെ മക്കളല്ലെ... ഞങ്ങള്‍ക്ക് നിങ്ങളല്ലാതെ വേറാരുമില്ലല്ലോ? അതുകൊണ്ട് സദയം ക്ഷമിക്കൂ...
സ്നേഹപൂര്‍വ്വം,
മേരി ക്ലെയര്‍ സക്കറിയാസ്
സെന്‍റ് ഡോമിനിക്സ് HSS
കാഞ്ഞിരപ്പള്ളി
മനസ്സിലാക്കൂ ഞങ്ങളെ.
ഞങ്ങള്‍ നന്മയില്‍ വളരാനാണ് മാതാപിതാക്കള്‍ ഞങ്ങളെ വഴക്കുപറയുന്നതെന്ന് ഞങ്ങള്‍ക്കറിയാം. എങ്കിലും തൊട്ടതിനും പിടിച്ചതിനുമെല്ലാം വഴക്കു പറയുന്നത് ദുസ്സഹനീയമാണ്. നിങ്ങള്‍ ഞങ്ങളെ മനസ്സിലാക്കാന്‍ ശ്രമിക്കണം. സ്നേഹപൂര്‍വ്വമായ ശിക്ഷണമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. എപ്പോഴെങ്കിലും ടിവി കാണുമ്പോള്‍ കലിതുള്ളി വരാതെ ടി വി കാണാന്‍ ഒരു നിശ്ചിതസമയം അനുവദിക്കുകയാണ് വേണ്ടത്. ക്ലാസ്സിലെ പരീക്ഷയില്‍ അല്‍പം മാര്‍ക്ക് കുറഞ്ഞെന്നു കരുതി ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ചിലപ്പോള്‍ പരീക്ഷയുടെ കാഠിന്യം മൂലമായിരിക്കാം അങ്ങനെ സംഭവിച്ചത്. അങ്ങനെയുള്ള ഒരവസരത്തില്‍ ദേഷ്യം തീരുവോളം ഞങ്ങളെ വഴക്കു പറഞ്ഞിട്ടു കാര്യമില്ല. അത് ഞങ്ങളെ കൂടുതല്‍ തളര്‍ത്തുകയേ ഉള്ളൂ.
'സാരമില്ല, അടുത്ത തവണ ശ്രമിച്ചുനോക്കൂ' എന്നൊരു വാക്ക് പറഞ്ഞാല്‍ മതി. എന്തൊരു പ്രോത്സാഹനമായിരിക്കുമെന്നോ അത്! എപ്പോഴും പഠനം, പഠനം എന്നുമാത്രം ഉരുവിട്ടുകൊണ്ട് ഞങ്ങളുടെ പുറകേ നടക്കരുത്. മനസ്സിനു സന്തോഷകരമായ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും സമയം നല്‍കണം. ഞങ്ങളെ വെറും പുസ്തകപ്പുഴുക്കളാക്കി മാറ്റരുത്.
ഈ പ്രായത്തില്‍ ചെറിയ ചെറിയ കുസൃതിത്തരങ്ങളൊക്കെ കാണിക്കുന്നത് സ്വാഭാവികമാണ്. "ഞങ്ങളും ഈ പ്രായം കഴിഞ്ഞാണ് വന്നത്" എന്ന സ്ഥിരസംഭാഷണം മാതാപിതാക്കന്മാരും അദ്ധ്യാപകരും ഒന്നൊഴിവാക്കിയിരുന്നെങ്കില്‍. കാലം മാറുന്നതിനനുസരിച്ച്, പ്രായത്തിനനുസരിച്ചുള്ള ഞങ്ങളുടെ ചിന്താരീതിയും സ്വഭാവരീതിയും മാറുമെന്ന വസ്തുത മനസ്സിലാക്കുക, അംഗീകരിക്കുക; അതനുസരിച്ച് ഞങ്ങളോട് ഇടപെടാന്‍ ശ്രമിക്കുക.
ഞങ്ങള്‍ക്കു പറയാനുള്ളതെല്ലാം കേള്‍ക്കുവാനുള്ള സഹിഷ്ണുത കാണിക്കുക. മാതാപിതാക്കന്മാരും അദ്ധ്യാപകരും ഞങ്ങളെ മനസ്സിലാക്കി ഞങ്ങളുടെ ഏറ്റവും നല്ല സുഹൃത്തുക്കളായിരുന്നാല്‍ ഞങ്ങള്‍ നേരായ പാതയില്‍നിന്നു വ്യതിചലിക്കുമെന്നുള്ള ഭയം വേണ്ട.
Featured Posts
bottom of page