top of page

മനുഷ്യവംശത്തിന്‍റെ വിമോചകനായ ക്രിസ്തു

Mar 7, 2022

2 min read

സഖേര്‍

Jesus  Christ in heaven

സത്യത്തില്‍ സാധാരണക്കാരായിരിക്കുക അത്ര നിസ്സാരക്രിയയാവില്ല. അതൊരു ദൈവിക പ്രക്രിയ തന്നെയാവും. കാരണം ക്രിസ്തുവിന്‍റെ ജീവിതമത്രയും അതു കാട്ടിത്തരുന്നുണ്ടല്ലോ. അവന്‍റെ അമ്മയും എത്രമേല്‍ ഓരം ചേര്‍ന്നാണല്ലേ നടക്കുക. മുഖ്യധാരയിലും നിറവെളിച്ചത്തിലുമൊന്നും കയറിനില്ക്കാതെ എന്തോരം  സൂക്ഷിച്ചാണവള്‍ ചുവടുവച്ചത്. എന്തോരം ചിന്തിച്ചാണവള്‍ ഓരോ പദവും മൊഴിഞ്ഞത്. ശരിക്കും സുശക്തമായൊരു ആത്മബോധത്തിന്‍റെ അടയാളങ്ങളാണ് അവളുടെ വാക്കും വഴിയും. അഹം തീര്‍ന്ന വാക്കിന്‍റെ വഴിയാണവള്‍.

തിരുവെഴുത്തില്‍ നിന്നടര്‍ത്തിയെടുത്ത നിരവധി വിശേഷണപദങ്ങള്‍ കൊണ്ടലംകൃതമാണ് മറിയത്തെക്കുറിച്ചുള്ള പ്രാര്‍ത്ഥനാവരികളേറെയും. അവയിലൊന്നു നോക്കുക: 'ഗിദയോന്യരോമക്കെട്ടേ നിനക്ക് ഭാഗ്യം. നിന്നില്‍ കുളിര്‍മഞ്ഞ് കാണപ്പെടുകയും അത് ലോകത്തിന്‍റെ ദാഹം ശമിപ്പിക്കുകയും ചെയ്തു.' മംഗളവാര്‍ത്തയുടെ പ്രാര്‍ത്ഥനകളിലാകട്ടെ, 'രോമക്കെട്ടിന്‍മേല്‍ പെയ്ത മഴ പോലെ അവന്‍ നിന്നിലിറങ്ങി വസിച്ചുവെന്നാണ്' പറയുക. ന്യായാധിപന്മാരുടെ പുസ്തകത്തിലെ വരികളാണവയ്ക്കാധാരം. "ഗിദയോണ്‍ ദൈവത്തോടു ചോദിച്ചു. അങ്ങു പറഞ്ഞതുപോലെ ഇസ്രായേലിനെ എന്‍റെ കൈയാല്‍ അങ്ങ് വീണ്ടെടുക്കുമെങ്കില്‍, ഇതാ ആട്ടിന്‍രോമം കൊണ്ടുള്ള ഒരു വസ്ത്രം ഞാന്‍ കളത്തില്‍ വിരിക്കുന്നു. അതിന്‍ മീതെ മാത്രം മഞ്ഞു കാണപ്പെടുകയും കളം മുഴുവനും ഉണങ്ങിയിരിക്കുകയും ചെയ്താല്‍, അങ്ങ് പറഞ്ഞതുപോലെ എന്‍റെ കൈകൊണ്ട് ഇസ്രായേലിനെ അങ്ങ് വീണ്ടെടുക്കുമെന്നു ഞാന്‍ മനസ്സിലാക്കും." അങ്ങനെ തന്നെ സംഭവിച്ചു.

ദൈവേഷ്ടമായിരിക്കണം നടക്കേണ്ടത് എന്നതിന്‍റെ അടയാളമാണ് ഗിദയോന്‍ ആരാഞ്ഞത്. മനുഷ്യവംശത്തിന്‍റെ വിമോചകനായ ക്രിസ്തുവിന്‍റെ ഇറങ്ങിവരവ് പനിമഞ്ഞിനാലും അമ്മ മറിയത്തെ രോമക്കെട്ടാലും സൂചിതമാക്കുന്നുവെന്നാണ് വ്യാഖ്യാനങ്ങള്‍.

ശരിക്കും ഈ അതിശയകാഴ്ചയുടെ മുമ്പും പിമ്പുമുള്ള സംഭവങ്ങള്‍ നാം ധ്യാനിക്കേണ്ടതുണ്ട്. കാനാന്‍ എന്ന വാഗ്ദത്തഭൂമികയിലെ ദൈവജനവാസത്തിന്‍റെ പ്രാരംഭനാളുകളുടെ വിശേഷം പങ്കുവെച്ചാണ് ന്യായാധിപന്മാരുടെ പുസ്തകം തുടങ്ങുക. ഇസ്രായേലിനെ യുദ്ധം ശീലിപ്പിക്കാന്‍ ദൈവം കാനാനില്‍ ചില ജനതകളെ ശേഷിപ്പിച്ചുവെന്നാണ് തിരുവെഴുത്തിലുള്ളത്. പോരാട്ടങ്ങള്‍. ചെറുവിജയങ്ങള്‍. ഇതിനിടയില്‍ ദൈവപ്രീതി നഷ്ടമാക്കുന്ന ദുര്‍മാര്‍ഗങ്ങളിലേയ്ക്ക് പലവട്ടം വഴുതിപ്പോകുന്ന ദൈവജനം. ഓരോ തവണയും ദൈവം ഓരോ നായകരെ ഉയര്‍ത്തുന്നു. ഇടംകൈയന്‍ ഏഹൂദിനും ന്യായാധിപനായ ദെബറോയ്ക്കും ശേഷമുള്ള കാലം നോക്കുക. ഇസ്രായേലിന്‍റെ തിന്മപ്രവൃത്തികളില്‍ മുഷിഞ്ഞ് ദൈവം അവരെ ഏഴുവര്‍ഷങ്ങള്‍ മിദിയാന്യരുടെ കൈവശമേല്പിക്കുന്നു. ക്രൂരപീഡകളേറ്റു വാങ്ങുന്നതിനൊടുവില്‍ അവര്‍ തിരിഞ്ഞ് ദൈവത്തോട് നിലവിളിക്കുന്നു. ഇത്തവണ വിമോചനനായകനായി ദൈവമുയര്‍ത്തിയവനാണ് ഗിദയോന്‍. അയാളുടെ അനുസരണത്തെയും ധൈര്യത്തെയും പരീക്ഷിച്ചറിഞ്ഞ് ബോധ്യം വന്ന ശേഷമാണ് വലിയ നിയോഗം ഭരമേല്പിക്കുന്നത്. ഗിദയോന്‍ സഹോദരഗോത്രങ്ങളില്‍ നിന്നും ആളുകളെ കൂട്ടിച്ചേര്‍ക്കുന്നു. മിദിയാന്യരോടുള്ള പോരാട്ടത്തിനിറങ്ങും മുമ്പാണ് അയാള്‍ രോമക്കെട്ടുമായി പരീക്ഷണത്തിനിറങ്ങുക. ആത്മവിശ്വാസത്തിന്‍റെ ആള്‍ രൂപമായ ഗിദയോന്‍ ഏകദേശം 32000യോദ്ധാക്കളുടെ സംഘവുമായിട്ടാണ് യുദ്ധത്തിനിറങ്ങുക. ഇവിടെ ഒരു കൗതുകമുണ്ട്. ദൈവം ഈ വന്‍സൈന്യത്തെ രണ്ടു തവണയായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നു. അതിന്‍റെ കാരണം ദൈവം അവനോട് പറയുന്നുമുണ്ട്.

'നിങ്ങളുടെ സംഖ്യ അധികമായതിനാല്‍ മിദിയാന്‍കാരെ ഞാന്‍ നിങ്ങളുടെ കൈയില്‍ ഏല്പിക്കുന്നില്ല. സ്വന്തം കൈകൊണ്ട് തന്നെ രക്ഷ പ്രാപിച്ചുവെന്ന് ഇസ്രായേല്‍ എന്‍റെ നേരെ നോക്കി വീമ്പ് പറഞ്ഞേക്കാം.' സത്യത്തില്‍ നമ്മുടെയെല്ലാം വങ്കത്തരങ്ങള്‍ക്കൊരു കടും താക്കീതാണ് ഈ തിരുവെഴുത്ത്. ഭയമുള്ളവരെ തിരികെ വീട്ടിലേക്കയച്ചും വെള്ളം കുടിച്ചവിധം നോക്കി എലിമിനേഷന്‍ നടത്തിയും വന്നപ്പോള്‍ വലിയ സംഘം കേവലം മുന്നൂറ് പേരായി ചുരുങ്ങി. എന്നാല്‍ ഈ ചെറുകൂട്ടം അന്ന് രാത്രിയില്‍ ശത്രുക്കളെ കീഴ്പ്പെടുത്തി. എത്രയെത്ര പാഠങ്ങള്‍ സമ്മാനിക്കുന്നുണ്ടല്ലേ ഈ ചരിത്രം. തിന്മയോടുള്ള പോരാട്ടങ്ങളുടെ തുടര്‍ക്കഥയാണ് ഓരോ മനുഷ്യജീവിതവുമെന്നും അതിലെ വിജയങ്ങളും വീഴ്ചകളും എല്ലാം പരിശീലനകളരികള്‍ മാത്രമെന്നും ഇതു നമ്മോടു പറയുന്നു. സ്വയത്തിനും സംഘത്തിനും മീതെയൊരു ബലം തേടലാണ് ദൈവശരണാര്‍ത്ഥികളുടെ വഴിത്താരകളെന്നും ഈ സംഭവം ഉറപ്പിക്കുന്നു. ഇതു നമ്മുടെ വമ്പുപറച്ചിലുകളെ ശമിപ്പിക്കുന്നു. സത്യത്തോടുള്ള സന്ധിയെ ദൃഢമാക്കുന്നു.

നസറേത്തിലെ പെണ്‍കുട്ടിയുടെ സമര്‍പ്പണംപോലെ, ഇതാ, ഞാന്‍ ദൈവത്തിന്‍റെ ദാസി, നിന്‍റെ വാക്കുപോലെ എനിക്ക് ഭവിക്കട്ടെ എന്നതില്‍പ്പരം നന്മ നിറഞ്ഞ ഏതു വാക്കുണ്ട് സഖാവേ ദൈവത്തോടു പറയാന്‍ നമ്മുടെ കൈവശം. ഗിദ്യയോന്യ രോമക്കെട്ടിന്‍റെ കഥനം ഓര്‍ക്കുമ്പോഴെല്ലാം സ്വാശ്രയത്തിന്‍റെ നിരര്‍ത്ഥകത നാം അറിയുകയുചെയ്യും..

Featured Posts

Recent Posts

bottom of page