top of page
ഒരു സഭാധികാരിയുടെ പ്രഭാഷണം കുറച്ചുനാള്‍ മുമ്പ് കേള്‍ക്കാനിടയായി. അതിന്‍റെ ഉള്ളടക്കം ഏകദേശം ഇതാണ്: പ്രവാചകരും ക്രിസ്തുവും അവരുടെ കാലത്തെ അനീതിയും ചൂഷണവും പൊറുക്കാതിരുന്നവരാണ്. അതുകൊണ്ട് അവരുടെ ആത്മീയതയ്ക്ക് ഒരു രാഷ്ട്രീയ മാനമുണ്ട്. ലാറ്റിനമേരിക്കന്‍ ബിഷപ്പായിരുന്ന ഓസ്കാര്‍ റൊമേരോയ്ക്കും ഉണ്ടായിരുന്നു രാഷ്ട്രീയം. സഭയ്ക്കും ഒരു രാഷ്ട്രീയ നിലപാടുണ്ടാകണം എന്ന് ഇതില്‍ നിന്നു വ്യക്തമാണല്ലോ. എന്നിട്ട് അദ്ദേഹം തുടര്‍ന്നു: കേരളത്തില്‍ നഴ്സുമാരുടെ സമരത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയശക്തികളെ തുറന്നു കാണിക്കുകയെന്നത് സഭയുടെ ഉത്തരവാദിത്വമാണ്! താന്‍ ഉദ്ധരിച്ചവരുടെ നിലപാടുകളും പഠിപ്പിക്കലുകളും നന്നായി അറിയുന്ന അദ്ദേഹം കേള്‍വിക്കാരെ കൂട്ടിക്കൊണ്ടു പോകുന്നത് അവര്‍ നടന്നതിന്‍റെ നേര്‍വിപരീത ദിശയിലാണ്. കോളനിവാഴ്ചയ്ക്കും യുദ്ധത്തിനുമൊക്കെ ബൈബിള്‍ ഉപയോഗിക്കപ്പെട്ടതിന്‍റെ സമകാലീന പതിപ്പുകളാണ് ഇത്തരം പ്രഭാഷണങ്ങള്‍. പുതിയ നിയമം വെറുതേ വായിച്ചതുകൊണ്ടു മാത്രം ക്രിസ്തു പറഞ്ഞതിന്‍റെ സാരാംശം ഗ്രഹിക്കാനാകില്ലെന്ന് അങ്ങനെ വ്യക്തമാകൂന്നു.
അയല്‍പക്കത്തെ ഒരു ടീച്ചര്‍ ഞാന്‍ സന്ന്യാസിയാകാന്‍ തീരുമാനിച്ച നാള്‍ മുതല്‍ വിവിധ ആവശ്യങ്ങള്‍ക്കായി പ്രാര്‍ത്ഥനാ സഹായം ചോദിക്കാറുണ്ട്. ആദ്യമൊക്കെ പറഞ്ഞിരുന്നത് പഠിക്കുന്ന മകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം എന്നാണ്. പിന്നീടുള്ള ആവശ്യങ്ങള്‍ മകള്‍ക്കു ജോലി, അവളുടെ കല്യാണം, അവള്‍ക്കു കുഞ്ഞ് തുടങ്ങിയവയായി. ഇന്നിപ്പോള്‍ ആവശ്യം കൊച്ചുമകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക എന്നതാണ്. മകള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ഇനി കൊച്ചു മകള്‍ക്കുവേണ്ടി ആവര്‍ത്തിക്കണം. ഈ ടീച്ചര്‍ വലിയൊരു മരിയ ഭക്തയാണ്. എന്നിട്ടും എന്തുകൊണ്ടാണ് സമ്പന്നരെ വെറും കൈയോടെ പറഞ്ഞയക്കണമെന്നും വിശക്കുന്നവരെ വിശിഷ്ട വിഭവങ്ങള്‍ കൊണ്ടു തൃപ്തരാക്കണമെന്നും നസ്രത്തിലെ മറിയത്തെ കണക്ക് അവര്‍ പ്രാര്‍ത്ഥിക്കാത്തത്? മാമോനെയും ദൈവത്തെയും ഒരുമിച്ചു സേവിക്കാന്‍ സാധ്യമല്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ച ക്രിസ്തുവിനോടു തന്നെ അമേരിക്കയിലേക്കുള്ള വിസയ്ക്കായി എങ്ങനെയാണ് അവര്‍ പ്രാര്‍ത്ഥിക്കുന്നത്? സ്വന്തം ജീവിതം ജീവിക്കാന്‍ മറന്നു പോയ ഒരു ക്രിസ്തുവിനെ അവര്‍ക്കെന്നെങ്കിലും മനസ്സിലാകുമോ? സുവിശേഷത്തിലെ ദൈവത്തെ മനസ്സിലാക്കാന്‍ പ്രാര്‍ത്ഥന മാത്രം പോരെന്നു തോന്നുന്നു.
ഒരു ശരാശരി കുമ്പസാരം എടുക്കുക. പ്രാര്‍ത്ഥനയില്‍ വന്ന ചില വീഴ്ചകള്‍, വൈകാരിക ജീവിതത്തിലെ ചില താളപ്പിഴകള്‍, വീട്ടിനകത്തെ ചില പൊട്ടിത്തെറികള്‍ -- ഇത്രയുമായാല്‍ തീര്‍ന്നു. യേശുവിന്‍റെ ജീവചരിത്രങ്ങളായ സുവിശേഷങ്ങള്‍ ഏതെടുത്താലും മുറിവേറ്റവര്‍, നിരാലംബര്‍, മുഖം നഷ്ടപ്പെട്ടവര്‍ തുടങ്ങിയവര്‍ ഇല്ലാത്ത താളുകള്‍ നന്നേ വിരളമായിരിക്കും. ലാസറുമായുള്ള ധനവാന്‍റെ അകലമാണ് ദൈവവുമായുള്ള ധനവാന്‍റെ അകലം എന്നു പഠിപ്പിച്ചവനോടു കുമ്പസാരിക്കുന്ന തെറ്റുകളില്‍ എന്തുകൊണ്ടാണ് ബലഹീനനോടുള്ള അനാദരവ് ഒരിക്കലും ഒരു വിഷയമാകാത്തത്? ഭക്ഷണം പോലും കഴിക്കാനാകാത്ത വിധം ആളുകളുടെ കൂട്ടത്തിലായിരുന്നവന്‍റെ സമീപത്തെത്താന്‍ ഭക്താഭ്യാസങ്ങള്‍കൊണ്ടു മാത്രമാകില്ല.
ബിരുദത്തിനു പഠിക്കുന്ന ഒരു സന്ന്യാസിനി ഒരിക്കല്‍ പങ്കുവച്ചതാണ് ഇനി പറയാനുള്ളത്. ദളിത് വിഭാഗത്തില്‍ പെടുന്നു അവര്‍. വിഷയം ചരിത്രം. മഠത്തില്‍ എപ്പോഴും കേള്‍ക്കുന്നത് വിധേയത്വത്തെക്കുറിച്ചും പുണ്യത്തെക്കുറിച്ചും വിനയത്തെക്കുറിച്ചുമുള്ള കാര്യങ്ങള്‍. ചരിത്ര ക്ലാസ്സുകളില്‍ നിന്ന് കേള്‍ക്കുന്നത് കൊടിയ ചൂഷണത്തിന്‍റെ കഥകളും അവയോടു പോരാടിയവരുടെ ചോര തിളപ്പിക്കുന്ന വിവരണങ്ങളും. വല്ലാത്ത ആന്തരിക സംഘര്‍ഷത്തിലാണ് അവര്‍. മഠത്തില്‍ അനുസരണത്തിനു വേണ്ടിയുള്ള ആഹ്വാനങ്ങള്‍, ക്ലാസ്സില്‍ ചോദ്യം ചെയ്യാനുള്ള ഉദ്ബോധനങ്ങള്‍. മഠത്തിലെ ഉപദേശങ്ങളല്ല, ക്ലാസ്സിലെ ചരിത്ര പഠനങ്ങളാണ് സുവിശേഷത്തിലെ ക്രിസ്തുവിനെ അറിയാന്‍ അവളെ സഹായിച്ചത്. ഒരുപാടു കാല്പനികവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു നമ്മുടെ ക്രിസ്തു. കവിത തുളുമ്പുന്ന വാക്കുകളാണ് അവന്‍റേതെന്ന് നാം ധരിച്ചിരിക്കുന്നു. സുഗന്ധമുള്ള കൊന്തയും സ്വര്‍ണ്ണം പൂശിയ കുരിശും സുവിശേഷങ്ങളിലെ ചോരയും വിയര്‍പ്പും മറച്ചുപിടിക്കുന്നു. നാഥാന്‍ പ്രവാചകന്‍റെ ചൂണ്ടിയ വിരലും സ്നാപക യോഹന്നാന്‍റെ ആക്രോശവും "അന്ധരായ മാര്‍ഗ്ഗദര്‍ശികളേ, വെള്ളയടിച്ച കുഴിമാടങ്ങളേ" എന്നുള്ള നിശിത വിമര്‍ശനവും ഇന്ന് കവിതകളും പൊട്ടിച്ചിരികളും വിഴുങ്ങിയിരിക്കുന്നു. കൊക്ക കോള കുടിക്കുന്നവന്‍റെ ടീഷര്‍ട്ടിനെ അലങ്കരിക്കാന്‍ ചെഗുവേര ഉപയോഗിക്കപ്പെടുന്നതു പോലെ, വലിയ കാറുകള്‍ക്കും ആകാശ ഗോപുരങ്ങള്‍ക്കും അലങ്കാരം ഒരുക്കാന്‍ കുരിശു നിര്‍ബന്ധിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. നഷ്ടപ്പെട്ട ആടിന്‍റെ ഇടയനും ധൂര്‍ത്തപുത്രന്‍റെ അപ്പനുമായവനെ മറയാക്കി ശരീരത്തിന്‍റെ കൗതുകങ്ങളില്‍ പെട്ടു പോയവരെ ചില പ്രഘോഷണങ്ങള്‍ ഭാരപ്പെടുത്തുന്നു; ലാസറുമാരെ വിധേയത്വത്തെ കുറിച്ചു പഠിപ്പിക്കുന്നു; അതേ സമയം ധനത്തിന്‍റെയും ധനാഢ്യരുടെയും മേലാളരുടെയും വാഴ്ത്തുകള്‍ നിര്‍ലജ്ജം നടത്തിക്കൊണ്ടുമിരിക്കുന്നു. യേശുവിന്‍റെ വാക്കുകള്‍ കേട്ട് ചിലര്‍ കോപം കൊണ്ടു ജ്വലിക്കുന്നുണ്ട്; ചിലര്‍ അവനു പിശാചു ബാധയുണ്ടെന്ന് ആരോപിക്കുന്നുണ്ട്; പണക്കൊതിയരായ ഫരിസേയര്‍ അവനെ പുച്ഛിക്കുന്നുണ്ട്. എന്നാല്‍, അവന്‍റെ പ്രഘോഷകര്‍ മാളുകള്‍ ഉദ്ഘാടനം ചെയ്യുന്നു, വണ്ടികള്‍ വെഞ്ചരിക്കുന്നു, സാമ്രാജ്യങ്ങള്‍ പണിയുന്നു. പ്രഘോഷണങ്ങള്‍ ക്രിസ്തുവിനെ മറയ്ക്കുന്നുവോ, അതോ വെളിപ്പെടുത്തുന്നുവോ?
തത്വവും പ്രയോഗവും തമ്മില്‍ ഇത്രയേറെ അന്തരം സംഭവിച്ച മതം ക്രിസ്തുമതം പോലെ വേറൊന്നില്ലെന്ന് നിരീക്ഷിച്ചത് ആനന്ദാണ്. വേരാഴ്ത്തിയിരിക്കുന്ന ബൈബിള്‍ വ്യാഖ്യാനങ്ങളും പ്രാര്‍ത്ഥനകളും ഭക്തകൃത്യങ്ങളും സുവിശേഷത്തിലെ ക്രിസ്തുവിലേക്കു തന്നെയാണ് നമ്മെ കൊണ്ടെത്തിക്കുന്നതെന്ന് നൂറുശതമാനം ഉറപ്പോടെ പറയാനാകുമോ? അവനെക്കുറിച്ചു വായിക്കുന്ന രീതി തന്നെ അപൂര്‍ണ്ണമാണെന്നു തോന്നുന്നു. സുവിശേഷങ്ങള്‍ എങ്ങനെയാണു വായിക്കേണ്ടത്? അതിന്‍റെ സൂചനകള്‍ ക്രിസ്തു തന്നെ നല്കുന്നുണ്ട്. സാബത്തിനെ അവന്‍ വ്യാഖ്യാനിച്ചത് കൈശോഷിച്ചവന് അനുകൂലമായിട്ടാണ്. മോശ കൊടുത്ത ഒരു നിയമം അവന്‍ പരിഗണിക്കാതെ പോയത് പാപിനിക്കു വേണ്ടിയാണ്. പുരുഷനുവേണ്ടി മാത്രം എഴുതപ്പെട്ട നിയമാവര്‍ത്തനം 24ലെ വിവാഹമോചന നിയമത്തെ അവന്‍ പൊളിച്ചടുക്കുന്നത് സ്ത്രീയുടെ ഭാഗത്തുനിന്നു ചിന്തിച്ചതുകൊണ്ടാണ്. ദൈവത്തോടു പ്രാര്‍ത്ഥിച്ചതും വേദഗ്രന്ഥം വായിച്ചതും നിയമജ്ഞരുടെയും ഫരിസേയരുടെയും ഭാഗത്തു നിന്നുകൊണ്ടല്ല, പാപികളുടെയും ദരിദ്രരുടെയും ഭാഗത്തു നിന്നുകൊണ്ടാണ്. ഫരിസേയര്‍ വായിച്ച വേദഗ്രന്ഥം തന്നെയാണ് ക്രിസ്തു വായിച്ചതും ധ്യാനിച്ചതും. എന്നിട്ടും അവരിരുവരും എത്തിനില്‍ക്കുന്നത് വിപരീതധ്രുവങ്ങളിലാണ്. മൗലികമായ രീതിയില്‍ വേദഗ്രന്ഥത്തെ വ്യാഖ്യാനിക്കാന്‍ സാധിച്ചത് അവന്‍ സഞ്ചരിച്ച ഇടങ്ങളുടെയും ഇടപഴകിയ ആളുകളുടെയും പ്രത്യേകതകൊണ്ടാണ്. നരേന്ദ്ര മോദിയുടെയും മേധപട്കറുടെയും ഭാഷ വിഭിന്നമാകുന്നത് അവര്‍ സഞ്ചരിക്കുന്ന ഇടങ്ങള്‍ വ്യത്യസ്തമായതുകൊണ്ടാണ്. ബനഡിക്ടും അഗസ്റ്റിനും ഫ്രാന്‍സീസും ഒരേ ക്രിസ്തുവിനെയാണു ധ്യാനിച്ചതും വായിച്ചതും. എന്നിട്ടും ഫ്രാന്‍സീസ് മാത്രം രണ്ടാം ക്രിസ്തുവാകുന്നത് അയാള്‍ സഞ്ചരിച്ച ഇടങ്ങള്‍ ക്രിസ്തുവിന്‍റെതിനു സമാനമായതു കൊണ്ടാണെന്നു തോന്നുന്നു. അയാളുടെ കാലുകളില്‍ അലച്ചിലുകളുടെ അടയാളമുണ്ടായിരുന്നുവെന്ന് ക്രിസ്റ്റഫര്‍ കൊയ്ലോ നിരീക്ഷിക്കുന്നുണ്ട്. അലഞ്ഞ ക്രിസ്തുവിനെ ശരിക്കും അറിയാന്‍ അലഞ്ഞ കാലുകള്‍ ഉള്ളവനേ ആകൂ. ക്രിസ്തുവിനെ അറിയാനുള്ള ആദ്യത്തെ പടി നീ പദമൂന്നിയിരിക്കുന്നത് എവിടെയെന്നുള്ള തിരിച്ചറിവാണ്. അവന്‍റെ സ്ഥലികളില്‍ പദമൂന്നിയവനേ അവനെ സ്വന്തമാക്കാനാകൂ.
Featured Posts
bottom of page