top of page
സഭയ്ക്കുവേണ്ടി തീക്ഷ്ണമായി പ്രതികരിക്കുന്നു എന്ന് അവകാശപ്പെടുന്ന ഒരു സംഘടന, സഭാവിരുദ്ധരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു എന്ന് തിരിച്ചറിഞ്ഞപ്പോള്‍, അതിനെ തീവ്രവാദി പ്രസ്ഥാനം എന്നു വിശേഷിപ്പിച്ചതില്‍ ചിലര്‍ക്ക് കാര്യമായ അസ്വസ്ഥത ഉണ്ടായതായി മനസ്സിലാക്കുന്നു. കാര്യങ്ങള്‍ക്ക് വ്യക്തത വരുത്താം.
മലയാള ഭാഷയിലുള്ള നാലുപദങ്ങള്‍ വിശകലനം ചെയ്യേണ്ടതുണ്ട്. സാമുദായികത, വര്‍ഗീയത, തീവ്രവാദം, ഭീകരവാദം എന്നീ പദങ്ങളെക്കുറിച്ച് വേണ്ടത്ര വ്യക്തത മലയാളിക്ക് ഉണ്ടെന്നു തോന്നുന്നില്ല.
സാമുദായികത എന്ന പദം പണ്ടുമ ുതലേ പ്രചാരത്തിലുള്ളതാണ്. സ്വന്തം സമുദായം വളരണം എന്ന ശരിയായ ചിന്തയാണ് അതിനു പിന്നിലുള്ളത്. ഇത് മറ്റു സമുദായങ്ങളുടെ തളര്‍ച്ച ആഗ്രഹിക്കലല്ല. ശരിയായ സാമുദായിക ബോധമുള്ളവര്‍ മറ്റുള്ള സമുദായങ്ങളോട് അനീതി കാണിക്കുകയോ മറ്റു സമുദായങ്ങളെ താറടിക്കുകയോ ചെയ്യുകയില്ല. എല്ലാവരോടുമൊപ്പം സ്വന്തം സമുദായത്തിനും വളര്‍ച്ചയുണ്ടാകണം എന്ന് അവര്‍ ആഗ്രഹിക്കും. സ്വന്തം സമുദായത്തിനുണ്ടാകുന്ന തകര്‍ച്ചകളും ക്ഷീണങ്ങളും അവഗണനകളും അവര്‍ക്കു വലിയ മനോവേദന സമ്മാനിക്കും.
വര്‍ഗീയത എന്നാല്‍ ഒരു ഇട്ടാവട്ടത്തില്‍പെട്ടുപോകലാണ്. 'ശബ്ദതാരാവലി'യനുസരിച്ച്, ഒരാള്‍ക്ക് തന്‍റെ വര്‍ഗത്തില്‍പെട്ടവരോട് താല്പര്യവും മറ്റുള്ളവരോടു വിരോധവും തോന്നുന്നഭാവമാണത്. ഏതു വിഷയത്തിലും അത്തരക്കാര്‍ക്ക് സ്വന്തം ഗണത്തെക്കുറിച്ചേ ചിന്തിക്കാനാകൂ. പൊതുനന്മ അവര്‍ക്ക് അന്യമാണ്. ഇടുങ്ങിയ ചിന്താഗതിയോടെയേ അവര്‍ക്ക് ഏതു വിഷയത്തെയും സമീപിക്കാനാകൂ. നീതിയോ ന്യായമോ മാനവികതയോ മനുഷ്യാവകാശങ്ങളോ ഒന്നും വര്‍ഗീയവാദികളുടെ ദൃഷ്ടിപഥത്തിലില്ല. മറ്റുള്ളവര്‍ തകര്‍ന്നാലും കുഴപ്പമില്ല, തങ്ങള്‍ക്കു മാത്രം വളര്‍ച്ചയുണ്ടാകണം എന്ന ചിന്താഗതി വര്‍ഗീയതയുടെ അസ്സല്‍ കാഴ്ചയാണ്. വര്‍ഗീയതയ്ക്ക് മതമോ ജാതിയോ നിറമോ തൊഴിലോ സഭയോ റീത്തോ ഒക്കെ നിമിത്തമാകാം. ഈ പദവും നമ്മുടെ സമൂഹത്തില്‍ വര്‍ഷങ്ങളായി പ്രയോഗത്തിലുണ്ട്.
മാരകമായ രണ്ടു പദങ്ങള്‍
ഒരു കാലത്ത് കേരളത്തില്‍ ആവശ്യമില്ലാതിരുന്നതും പ്രയോഗത്തില്‍ ഇല്ലാതിരുന്നതുമായ രണ്ടു പദങ്ങളാണ് തീവ്രവാദവും ഭീകരവാദവും. കാര്യമായ ഉപയോഗമില്ലാതിരുന്നതിനാല്‍ അവയുടെ അര്‍ത്ഥങ്ങളോ അര്‍ത്ഥവ്യത്യാസങ്ങളോ നമ്മുടെ പരിഗണനയ്ക്കു വിഷയീഭവിച്ചതുമില്ല. 1921-ലെ ഭീകരസംഭവങ്ങളുടെ നിജസ്ഥിതി തിരിച്ചറിയാനും അതിശക്തമായി അപലപിക്കാനും രേഖയാക്കാനും മഹാത്മാഗാന്ധിക്കും ഒ. മാധവനും കഴിഞ്ഞെങ്കിലും അത് ഒറ്റപ്പെട്ട ഒരു സംഭവമായി മാത്രമാണ് പരിഗണിക്കപ്പെട്ടത്. 1923-ല്‍ പ്രസിദ്ധീകൃതമായ ശ്രീകണ്ഠേശ്വരത്തിന്‍റെ 'ശബ്ദതാരാവലി'യില്‍ പോ ലും ഇവയ്ക്കു രണ്ടിനും സമാനാര്‍ത്ഥങ്ങളാണ് നല്കിയിരിക്കുന്നത്. ദിനപ്പത്രങ്ങളും ദൃശ്യമാധ്യമങ്ങളുമെല്ലാം ഈ രണ്ടു പദങ്ങളെയും അങ്ങനെയാണ് ഉപയോഗിക്കാറ്.
സ്ഥിതിഗതികള്‍ അതീവഗുരുതരമായി മാറിയിരിക്കുന്ന ഇക്കാലത്ത് ഈ മാരകപദങ്ങളുടെ സൂക്ഷ്മാര്‍ത്ഥങ്ങള്‍ വിവേചിച്ചറിയുകയെന്നത് ഏറ്റവും ആവശ്യകമായി വന്നിരിക്കുന്നു. തീവ്രവാദവും ഭീകരവാദവും രണ്ടും രണ്ടാണ്, പരസ്പരം ബന്ധപ്പെട്ടതുമാണ്.
യുക്തിരഹിതം, വികാരഭരിതം, പ്രതിരോധ പ്രധാനം
തീവ്രവാദം ഭീകരവാദത്തില്‍നിന്നു വ്യത ്യസ്തമാണ്. വര്‍ഗീയതയുടെ മൂര്‍ത്തരൂപമാണത്. ശത്രുക്കളെന്ന് കരുതപ്പെടുന്നവരെ പ്രതിരോധിക്കാനുള്ള തത്രപ്പാടില്‍ തീക്ഷ്ണതയേറിയതും യുക്തിരഹിതവുമായ നിലപാടുകള്‍ സ്വീകരിക്കുന്നവരാണ് അതിന്‍റെ പ്രണേതാക്കള്‍. മറ്റുള്ളവരുടെ നാശമല്ല, പ്രതിരോധമാണ് അവരുടെ ലക്ഷ്യം. പക്ഷേ, അതിന് അവര്‍ അവലംബിക്കുന്ന മാര്‍ഗം ഋജുവായതല്ല. ഏതു ഹീനപ്രചാരണവും അവര്‍ നടത്തും. ഇത് തെറ്റിദ്ധാരണയുടെ പേരിലോ ബോധപൂര്‍വകമോ ആകാം. മദര്‍ തെരേസയെപ്പോലും ചെളി വാരിയെറിയുന്ന ഹിന്ദു ഐക്യവേദിയിലെ ശശികല ടീച്ചറിനെപ്പോലെയുള്ളവര്‍ ഈ ശൈലിക്ക് കൃത്യമായ ഉദാഹരണമാണ്.
നാടിനും സമുദായത്തിനും ഒരുപോലെ നാശം വിതയ്ക്കുന്ന നശീകരണശക്തികള്‍ക്കെതിരേ സര്‍ക്കാരും നിയമസംവിധാനങ്ങളും നിസ്സംഗത പാലിക്കുമ്പോള്‍ അതിനുനേരേ ഉയരുന്ന രോഷം തീ വ്രവാദമായി മാറുന്ന കാഴ്ചയും കേരളത്തിലുണ്ട്. കടന്നുകയറ്റങ്ങള്‍ക്കു തടയിടാനായി വികാരംകൊള്ളുന്നവരാണവര്‍. പക്ഷേ, അത് യുക്തിരഹിതമായ വികാരാവേശമാണെന്നു മാത്രം. കൂടാതെ, വലതുതീവ്രപക്ഷത്തിന്‍റെ എവിടെയുമുള്ള വിജയങ്ങള്‍ അവരെ ഹരം കൊള്ളിക്കും.
അവര്‍ ക്രൈസ്തവരാണെങ്കില്‍, പിന്നെ ക്രിസ്തുവോ ക്രൈസ്തവശൈലിയോ അവര്‍ക്കു പ്രസക്തമല്ല. ഏതുതരം ഭാഷയും ശൈലിയും അടവുനയവും അവിടെ സ്വീകാര്യമാണ്. പ്രതിരോധം ആണ് ഏകലക്ഷ്യം; വികാരമാണ് മുഖ്യം. ശത്രുവിനോടുള്ള വെറുപ്പാണ് അവരുടെ ഊര്‍ജം. ശത്രുവിന്‍റെ ശത്രു അവര്‍ക്ക് ഉറ്റമിത്രമാകുകയും ചെയ്യും. ശത്രുവിനോട് വെറുപ്പു കാണിക്കാത്ത ഉറ്റവരെയും ശത്രുക്കളായി കാണുന്ന മാനസികാ വസ്ഥയിലായിരിക്കും അവര്‍.
ഭീതി ജനിപ്പിക്കുന്നവര്‍
എന്നാല്‍, ഭീതിയുളവാക്കുന്ന (ഭീകരം = ഭയം ഉണ്ടാക്കുന്ന) ആശയപ്രചാരണങ്ങളും പ്രവൃത്തികളുമാണ് ഭീകരവാദത്തിന്‍റെ മുഖമുദ്ര. പ്രസംഗത്തിലൂടെയും പ്രവൃത്തികളിലൂടെയും മുദ്രാവാക്യങ്ങളിലൂടെയും നിലപാടുകളിലൂടെയും പരേഡുകളിലൂടെയും കായികപരിശീലനങ്ങളിലൂടെയും ആള്‍ക്കൂട്ടാക്രമണങ്ങളിലൂടെയും സമൂഹത്തില്‍ ഭീതി വിതയ്ക്കുന്ന കൂട്ടരാണവര്‍ - നാശംവിതയ്ക്കാന്‍ തക്കംനോക്കി നില്ക്കുന്നവരാണ് ഭീകരവാദികള്‍. അക്രമം ആണ് അവരുടെ ശൈലി.
ആ അര്‍ത്ഥത്തില്‍, നിലവില്‍ ഇന്ത്യയില്‍ പലതരം ഭീകരവാദികള്‍ ഉണ്ടെന്നു പറയേണ്ടിവരും. വിദേശത്തുനിന്നു പണം പറ്റി രാജ്യദ്രോഹപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് കൊടുംഭീകരത വിതയ്ക്കാന്‍ കെല്പുള്ള PFI പോലുള്ളവ; അങ്ങനെയല്ലാതെതന്നെ ദുഷ്ടലാക്കോടെ പൊതു വിഷയങ്ങളില്‍ ഇടപെട്ട് ഭീകരതയുണര്‍ത്തുന്ന SDPI പോലുള്ള രാഷ്ട്രീയപാര്‍ട്ടികള്‍; മറ്റു മതങ്ങളിലുള്ളവരെ അവഹേളിക്കുകയും ഭീഷണിപ്പെടു ത്തുകയും ചെയ്യുന്ന RSS തുടങ്ങിയ പ്രസ്ഥാനങ്ങള്‍ എന്നിങ്ങനെ... ഫാസിസ്റ്റുശൈലിയും അടിച്ചമര്‍ത്തല്‍നയങ്ങളും പ്രകടമാക്കുന്ന ഭരണകൂടഭീകരതയും ഇതേനിരയിലുള്ളതാണ്.
ഭീകരവാദത്തിന് വിവിധ രൂപങ്ങളും ഭാവങ്ങളും ഉണ്ടാകാം. ചാവേറായി പൊട്ടിത്തെറിക്കുന്നവരും താലിബാനെയും ഐ.എസിനെയും എര്‍ദോഗനെയും ഗോദ്സെയെയും പ്രശംസിക്കുന്നവരും ഒരുപോലെ ഭീകരരാണ്. ആരെങ്കിലുമൊക്കെയായി അപരരെ നശിപ്പിക്കണം എന്നേ 'വിസ്മയക്കാര്‍'ക്ക് ആഗ്രഹമുള്ളൂ. കാരണം, അവരുടെ പ്രത്യയശാസ്ത്രം വ െറുപ്പാണ്. മതവും രാഷ്ട്രീയവും ഒന്നാണെന്ന ഒരു പൊതുസ്വഭാവവും അവരില്‍ കാണാറുണ്ട്.
ക്രൈസ്തവര്‍ക്കിടയിലെ ചില സംഘടനകള്‍ തീവ്രവാദ പ്രസ്ഥാനങ്ങളാണെന്ന് ചിലപ്പോള്‍ തോന്നാറുണ്ട്. ലൗ ജിഹാദ് വിഷയത്തില്‍ ഈ പ്രസ്ഥാനങ്ങള്‍ നടത്തിയിട്ടുള്ള ധീരമായ ഇടപെടലുകളെ ആരും വിസ്മരിക്കുന്നില്ല. സഭാമക്കള്‍ നേരിടുന്ന ഗുരുതരമായ വിഷയങ്ങളില്‍ ഔദ്യോഗിക സഭാപ്രസ്ഥാനങ്ങള്‍, ലക്ഷ്യം മറന്ന്, നിസ്സംഗതയും നിര്‍വികാരതയും പുലര്‍ത്തിയപ്പോള്‍ ഒരു വിഷയത്തിലെങ്കിലും ഉണര്‍വോടെ പ്രവര്‍ത്തിക്കാനായി മുന്നോട്ടു വന്നവരാണ് അവരില്‍ ചിലര്‍.
ക്രിസ്തീയ മൂല്യങ്ങളില്‍നിന്ന് ഇതിന്‍റെ വക്താക്കള്‍ അകലെയാണ് എന്നതാണ് വസ്തുത. ക്രിസ്തുവില്‍നിന്നും സഭാത്മകതയില്‍നിന്നും അകന്നുപോകുന്നവരെ സ്നേഹത്തിലേക്കും നന്മയിലേക്കും തിരികെവിളിക്കാനും പൊതുനന്മ ഉറപ്പാക്കുവാനും ആണ് ക്രിസ്തീയ സംഘടനകള്‍ പ്രവര്‍ത്തിക്കേണ്ടത്.
ശരിയല്ലാത്ത സാമുദായികത വര്‍ഗീയതയിലേക്കും വര്‍ഗീയത തീവ്രവാദത്തിലേക്കും തീവ്രവാദം ഭീകരവാദത്തിലേക്കും ആരെയും നയിക്കാം. ജാഗ്രതയോടെ സ്വന്തം സമുദായമക്കളെ തിരുത്താന്‍ ഓരോ സമുദായത്തിലും നേതാക്കള്‍ ശ്രദ്ധിച്ചാല്‍ നമ്മുടെ നാട് സ്നേഹത്തിലും സാഹോദര്യത്തിലും ശക്തിപ്പെടും. ഇപ്പോള്‍ പ്രകടമായി കാണുന്ന സാമുദായിക സ്പര്‍ദ്ധയും വര്‍ഗീയ ചേരിതിരിവുകളും ശത്രുതാമനോഭാവവും നമ്മില്‍നിന്ന് നീങ്ങിപ്പോകും.
ക്രൈസ്തവ പ്രതികരണവും പ്രതിരോധവും സാമുദായികതയും
സ്വാഭാവികമായും ഒരു ചോദ്യമുയരാം: അങ്ങനെയെങ്കില്‍, ക്രൈസ്തവപ്രതികരണവും ചെറുത്തു നില്പും എങ്ങനെയായിരിക്കണം?
നേരിട്ടുള്ള ഉത്തരം ഇതാണ്: സ്നേഹത്തിന്‍റെയും സത്യത്തിന്‍റെയും മൂര്‍ത്തീരൂപമായ ക്രിസ്തുവിന്‍റെ ശൈലിയില്‍ ആയിരിക്കണം. നിസ്സംഗതയോ നിര്‍വികാരതയോ അല്ല മറിച്ച്, സ്നേഹനിര്‍ഭരവും ഫലപ്രദവുമായ തിരുത്തലും ധീരമായ ഇടപെടലുമാണ് ക്രിസ്തുവിന്‍റെ ശൈലി.
ക്ഷമയും സഹനവും മാത്രമായിരിക്കണം ക്രൈസ്തവന്‍റെ പ്രതികരണം എന്നു ചിന്തിക്കുന്നവരുണ്ട്. ക്രിസ്തുവിനെക്കുറിച്ചു സമഗ്ര ധാരണയില്ലാത്തതിന്‍റെ ലക്ഷണമാണ് അത്. കേവലം വിധേയപ്പെടലല്ല ക്രിസ്തുശൈലി, മറിച്ച്, എല്ലാ കാര്യങ്ങളിലും തികഞ്ഞ കൈയടക്കം പുലര്‍ത്തലാണ്. തികഞ്ഞ യുക്തിഭദ്രതയും ധീരതയും അവിടെ തെളിഞ്ഞുകാണാം. ഹേറോദേസിനെ കുറുക്കന്‍ എന്നു വിളിച്ചവന്‍ ഫരിസേയരെയും നിയമജ്ഞരെയും കണക്കിനു ശാസിച്ചവനാണ്, നീ എന്തിന് എന്നെ അടിച്ചു എന്ന് പട്ടാളക്കാരനെ ചോദ്യം ചെയ്തവനാണ്, ദുഷ്ടലാക്കോടെ ചോദ്യങ്ങളുതിര്‍ത്തവരെ മറുചോദ്യംകൊണ്ട് ഉത്തരംമുട്ടിച്ചവനാണ്. സാമൂഹികവും രാഷ്ട്രീയപരവും മതപരവുമായ സംവിധാനങ്ങളെ ചോദ്യം ചെയ്യുകയും തിരുത്തുകയും ചെയ്തവനാണ് ക്രിസ്തു. അത്തരം നിലപാടുകളിലൂടെ അവിടന്ന് തന്‍റെ കുരിശ് പണിതെടുക്കുകയായിരുന്നു എന്നതാണ് സത്യം. കേവലം ഇരയാക്കപ്പെട്ടവനല്ല അവിടന്ന്. സ്വന്തം അറസ്റ്റിലും പീഡകളിലും മരണത്തിലുംപോലും അവിടന്ന് പൂര്‍ണഅധീശത്വം പുലര്‍ത്തി.
വി. യോഹന്നാന്‍റെ സുവിശേഷം വെളിപ്പെടുത്തുന്ന യേശുക്രിസ്തു ദൈവത്വത്തിന്‍റെ പ്രഭയില്‍ സ്നേഹത്തിന്‍റെ സഹനസ്നാനം സ്വയം നടത്തിയവനാണ്. മനുഷ്യരക്ഷയ്ക്കുവേണ്ടി അവിടന്ന് ഏറെ ആഗ്രഹിച്ചു മുങ്ങിയതാണ് കുരിശിലെ മാമ്മോദീസ. അതുമാത്രമേ ഉത്ഥാനപ്രഭയില്‍ വിരാജിക്കൂ; അതുമാത്രമേ ആത്യന്തികമായി വിജയിക്കൂ; അതുമാത്രമേ ശാശ്വതഫലമുളവാക്കൂ. അതിനു മാത്രമേ പരമപിതാവിന്‍റെ കൈയൊപ്പുള്ളൂ.
ചുരുക്കിപ്പറഞ്ഞാല്‍, യുക്തിഭദ്രതയും സ്നേഹ സ്നിഗ്ദ്ധതയും പൊതുനന്മ നിഷ്കര്‍ഷയുമാണ് ക്രൈസ്തവികമായ പ്രതികരണത്തിന്‍റെ ഊടും പാവും.
Featured Posts
bottom of page