top of page

ക്രിസ്തു എന്ന സ്നേഹത്തിന്‍റെ വിരുന്ന്

Aug 14, 2018

5 min read

ഫാ.ബിജു മഠത്തിക്കുന്നേല്‍ CSsR

christ

അനിച്ഛാപൂര്‍വകമായ സംഭവങ്ങള്‍ മനുഷ്യനെ എപ്പോഴും അവന്‍റെ/അവളുടെ നിസ്സഹായത ഓര്‍മിപ്പിക്കും. എത്രയോ സ്വപ്നങ്ങളുമായിട്ടാണ് ഓരോരുത്തരും ജനിച്ച് ജീവിച്ച് മരിക്കുന്നത്. കാണുന്ന സ്വപ്നങ്ങളെല്ലാം മനുഷ്യന്‍റെ ജീവിതത്തില്‍ സംഭവിക്കുന്നുണ്ടോ? ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം മനുഷ്യന്‍ നേടുന്നുണ്ടോ? ശരിക്കും പറഞ്ഞാല്‍ നിരന്തരമായ പരിണാമത്തിലൂടെ തന്‍റെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും കടത്തിക്കൊണ്ടു പോവുകയല്ലേ മനുഷ്യന്‍ ചെയ്യുന്നത്. ബാല്യത്തില്‍ ഭാവിയെ നോക്കി കാണുന്ന സ്വപ്നങ്ങളല്ല യൗവനത്തിലും മധ്യവയസ്സിലും മനുഷ്യന്‍ കാണുന്നത്. ജീവിക്കുന്നതിലൂടെ ചില മനുഷ്യര്‍ മാനുഷികാനുഭവങ്ങളോടും ജീവിതത്തോടും ആസക്തി വളര്‍ത്തുമ്പോള്‍ ചിലമനുഷ്യരാകട്ടെ ജീവിതത്തിനുമപ്പുറത്തേയ്ക്കും യുക്തിക്കപ്പുറത്തേയ്ക്കും നോക്കാനാരംഭിക്കുന്നു. ഓരോ മനുഷ്യനും ജനിച്ചുവീഴുന്നത് ജീവിക്കാനാണ്. ജന്മം നല്‍കുന്നവര്‍ നമ്മെക്കുറിച്ചാദ്യം സ്വപ്നങ്ങള്‍ മെനയുന്നു. തിരിച്ചറിവുകളുടെ പാതയില്‍ നാം ചിലരുടെ സ്വപ്നങ്ങള്‍ കടമെടുത്ത് സ്വന്തമാക്കിമാറ്റുകയോ, ചിലപ്പോള്‍ സ്വന്തം സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കുകയോ ചെയ്യുന്നു. എല്ലാ സ്വപ്നങ്ങളും തന്നെ ജീവിതസാക്ഷാത്കാരത്തിന്‍റേതാണ്. ആയിരിക്കുന്നതില്‍ നിന്നും മെച്ചപ്പട്ടതും കൂടുതല്‍ സുന്ദരവുമായ വ്യക്തിത്വവും ജീവിത സാഹചര്യങ്ങളും ബന്ധങ്ങളും ഒരാള്‍ തന്‍റെ കിനാവില്‍ മെനഞ്ഞെടുക്കുന്നു. സ്വച്ഛമായ ജീവന്‍റെ വികാസത്തിലൂടെ സ്വയം തിരിച്ചറിയുക തന്നെയാണ് ജീവിതസാക്ഷാത്കാരത്തിന്‍റെ കാതല്‍. അത് വളര്‍ച്ചയുടെ നാള്‍വഴിയാണ്. മരണമില്ലാ ജീവിതമാണ് മനുഷ്യന്‍റെ എല്ലാ സ്വപ്നങ്ങളുടെയും കേന്ദ്രപ്രമേയം. 

മരണമെന്ന യാഥാര്‍ത്ഥ്യത്തിന്‍റെ അന്ധകാരത്തിലേയ്ക്ക് ചെറുതാകേണ്ടിവന്ന ഒരു വ്യക്തിത്വത്തിന്‍റെ അസാധാരണ ചരിത്രമാണ് ക്രിസ്തുവിന്‍റേത്. അവന് തന്നെക്കുറിച്ച് ഒരു സ്വപ്നമില്ലായിരുന്നു. എന്നാല്‍ ഒരു ജീവിത നിയോഗമുണ്ടായിരുന്നു താനും. അവന്‍റെ നാള്‍വഴികളെ അടയാളപ്പെടുത്തുന്ന പദം തന്നെ ശൂന്യവത്കരണമാണ്. തന്‍റെ മരണത്തിനൊരു നിയോഗവും അതിലുള്‍ച്ചേര്‍ന്നിരിക്കുന്ന ഒരു പദ്ധതിയും അത് ലോകത്തിന് വ്യക്തമാക്കേണ്ട ഒരു ബാദ്ധ്യതയും ചരിത്രപുരുഷനായ ക്രിസ്തുവിനുണ്ടായിരുന്നു. സ്നേഹമെന്ന പദത്തിന്‍റെ അര്‍ത്ഥം ഇത്ര വ്യക്തമായി ആവിഷ്കരിച്ച മറ്റൊരു മനുഷ്യജീവിതവും ചരിത്രത്തിലില്ല. ക്രിസ്തുവിന്‍റെ ഭാഷയും അതിന്‍റെ വ്യാകരണവും അതിന്‍റെ അടയാളങ്ങളുമെല്ലാം സ്നേഹമെന്ന മാന്ത്രിക സത്യം കൊണ്ട് അടയാളപ്പെടുത്തിയതായിരുന്നു. തുടക്കവും ഒടുക്കവുമില്ലാതെ സ്നേഹത്തിന്‍റെ പ്രകാശം അവന്‍റെ ജീവിതത്തില്‍ നിന്ന് വാക്കുകളായും പ്രവൃത്തികളായും പ്രസരിച്ചു എന്നു മാത്രമല്ല, അതിന്‍റെ വെളിച്ചത്തില്‍ തങ്ങളിലേയ്ക്ക് നോക്കിയവരെല്ലാം തങ്ങളിലൊരു ക്രിസ്തുവിനെ കണ്ടു എന്നതായിരുന്നു അതില്‍ അത്ഭുതകരമായുണ്ടായിരുന്നത്. തങ്ങളിലേയ്ക്ക് പ്രസരിച്ച പ്രകാശത്തിന്‍റെ മാന്ത്രികതയില്‍ അവരറിയാതെ ദൈവത്തെ പിതാവേ എന്നു വിളിച്ചു പോയി. വിദേശനാട്ടിലകപ്പെട്ടവരെപ്പോലെ സ്വന്തം ഭവനത്തിലേയ്ക്ക് തിരിച്ചു പോകാനും ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരാവദിത്വങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനും അവരുടെ ഉള്ളം പിടഞ്ഞു. അതൊന്നും നിയമത്തിന്‍റെ പേരിലായിരുന്നില്ല, സ്നേഹത്തിന്‍റെ പേരിലായിരുന്നു. സ്നേഹം ജീവിതത്തെ ഗ്രസിച്ചപ്പോള്‍ അത് മരണത്തെയും കീഴടക്കി. 

ചരിത്രപുരുഷനായ ക്രിസ്തു തന്‍റെ ഉടലിനെ അടയാളമാക്കിയത് ഉടലിനും ഉപരിയായതിലേയ്ക്ക് അതൊരു വാതില്‍ മാത്രമാണെന്നോര്‍മപ്പെടുത്താന്‍ വേണ്ടിയായിരുന്നു. അവന്‍റെ വ്യക്തിത്വത്തെ ഭക്ഷിക്കാന്‍ മാത്രം സ്നേഹം അവന്‍റെ ജീവിതത്തിലുണ്ടായിരുന്നു. സ്നേഹത്തോടെ തിന്നുക എന്നതും, സ്നേഹം കൊണ്ടു തിന്നുക എന്നതും, ബന്ധങ്ങളുടെ വ്യാകരണത്തില്‍ ചെറുതല്ലെന്നു ക്രിസ്തു പഠിപ്പിച്ചു. വിശപ്പിനുമപ്പുറത്തെന്തോ ഒന്ന്, വിശക്കുന്നവനും, സ്നേഹം കൊണ്ട് നമ്മെ കൊതിപ്പിച്ച് ചാരത്തുനില്‍ക്കുന്ന വ്യക്തിക്കുമുണ്ടെന്ന് നൈസര്‍ഗികമായി ഓര്‍മപ്പെടുത്തുന്ന മാനുഷികവികാരമാണ് ഒരാളെ കടിച്ചു തിന്നാന്‍ മാത്രം നമുക്കു തോന്നുന്ന ഇഷ്ടം.

അതുകൊണ്ടാണ് പിന്നീട് ഉടഞ്ഞുപോയൊരുടല്‍, വ്രണിതമായതൊന്ന,് ലോകത്തിന് സാക്ഷ്യപത്രമായി കാണപ്പെടാന്‍, സ്നേഹത്തെ വ്യഖ്യാനിച്ച മനുഷ്യനിലൂടെ തന്നെ ദൈവം ലോകത്തെ കാട്ടുന്നത്. ഏറ്റവും സ്നേഹിക്കപ്പെടേണ്ടിയിരുന്നയാള്‍ഏറ്റവും ഭീകരമായ ഒറ്റപ്പെടുത്തലിനും തിരസ്കരണത്തിനുമിടയായി നിസ്സഹായതയുടെ കുരിശില്‍ മൃതനായപ്പോള്‍ ജീവിതവ്യാഖ്യാനങ്ങളുടെ പുതിയ ഉറവ മനുഷ്യവംശത്തിന്‍റെ അന്വേഷണങ്ങളെ നനച്ച് ജീവസ്സുറ്റതാക്കി ഒരു ചരിത്രസന്ധിയില്‍ കാല്‍വരിയില്‍ നിന്നു പൊട്ടിപ്പുറപ്പെട്ടു. വിശാലമായ മനുഷ്യചരിത്രത്തില്‍ ഒരാള്‍ തന്നെത്തന്നെ വീണ്ടെടുക്കുന്ന ജ്ഞാനസ്നാനം, തിരിച്ചറിവുകളുടെ അരുവിയിലെ മുങ്ങല്‍, അങ്ങനെയാണ് ശക്തിപ്രാപിക്കുന്നത്. സ്നേഹത്തിന്‍റെ അനന്താനുഭവങ്ങളുടെ സാധ്യതകളിലേയ്ക്ക് ഒരോരുത്തരിലും വിത്തുപാകിയിട്ടുണ്ട് എന്ന ഓര്‍മപ്പെടുത്തല്‍ മാത്രമായിരുന്നില്ല ക്രിസ്തു നല്‍കിയത്, ജീവിതത്തില്‍ നഷ്ടമായിപ്പോകുന്ന പല നീതികളും സ്നേഹത്തിന്‍റെ രാജ്യത്തില്‍ പുനസ്ഥാപിക്കപ്പെടും എന്ന വാഗ്ദാനത്തിലൂടെ ദുരിതങ്ങളുടെ കടലില്‍ തുഴയുന്നവര്‍ക്ക് പ്രത്യാശയുടെ ചക്രവാളം കാണിച്ചു കൊടുക്കുക കൂടിയായിരുന്നു. ജീവിതത്തില്‍നിന്ന് മരണാനന്തരത്തില്‍ ദൈവനീതിയുടെ സ്നേഹപാരിതോഷികങ്ങളും നഷ്ടം നികത്തലുകളുമുണ്ടാകും. ചുരുക്കത്തില്‍ ജീവിതം മരണത്തിലൂടെ മറ്റൊരു ലോകത്തിലേയ്ക്ക് പറിച്ചു നടുന്ന വ്യത്യസ്തമായ അവസ്ഥയിലേക്കാണ് കടന്നു പോകുന്നതെന്നര്‍ത്ഥം. നീതിയുടെ നല്ല ഫലങ്ങള്‍ക്കാവശ്യമായ ധാര്‍മികതയും ക്ഷമയും ആര്‍ജവത്വവും സ്നേഹവും സ്നേഹോന്മുഖമായ നിരന്തര ജീവിതപരിണാമവുമൊക്കെയാണ് ദൈവം ക്രിസ്തുവിനെ അനുധാവനം ചെയ്യുന്ന മനുഷ്യനില്‍നിന്ന് പ്രതീക്ഷിക്കുന്നത്. ക്രിസ്തുവിനെ പിന്‍ചെല്ലുന്നത് മതാത്മകതയിലുടെ മാത്രമല്ല. മനുഷ്യന്‍റെ പൂര്‍ണസാധ്യതയിലേയ്ക്ക് സ്നേഹത്തിലൂടെ ഉയരുന്നതിലൂടെയാണ്.

മനുഷ്യന്‍ ഏറ്റവും സുന്ദരമായ പദമാണ്. മതമോ, ജാതിയോ, ദേശമോ, ഭാഷയോ ഇല്ലാത്ത സ്നേഹസൂര്യനു ചുറ്റും ഭ്രമണം ചെയ്യാന്‍ കഴിയുന്ന മനുഷ്യന്‍ ദൈവത്തിന്‍റെ പ്രകാശമാണ്. സ്വതന്ത്രമായ ഇച്ഛയും, ക്രിയാത്മകശക്തിയും, നിരന്തരമായ അന്വേഷണവും മനുഷ്യനെ പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരമായ യാഥാര്‍ത്ഥ്യമാക്കി നിലനിര്‍ത്തുന്നു. മതങ്ങള്‍ രൂപപ്പെട്ടത് മനുഷ്യന്‍റെ അന്വേഷണങ്ങളിലേയ്ക്ക് ദൈവത്തിന്‍റെ വെളിച്ചം വീണപ്പോഴാണ്. ഏതു മതത്തിലുള്ള മനുഷ്യനിലായാലും സ്നേഹിക്കാനുള്ള കഴിവും ബുദ്ധിശക്തിയും ക്രിയാത്മകതയും ജീവിതാന്വേഷണവുമെല്ലാം സമാനമായ രീതിയില്‍ തന്നെയാണ് പ്രകടമാകുന്നത്. ക്രിസ്തു എന്ന വെളിച്ചം എന്തുകൊണ്ട് മാനവരാശിയുടെ മേല്‍ വ്യത്യസ്തമായി പ്രകാശിക്കുന്നു എന്ന ചോദ്യത്തിനുത്തരമാണ് ക്രിസ്തുവിനെ പിന്‍ചെല്ലുന്നവര്‍. അതൊരു മതമെന്ന രീതിയില്‍ ചെറുതായി കാണാതെ, സത്യാന്വേഷണത്തിലേയ്ക്ക് പ്രവേശിക്കാന്‍ അറിഞ്ഞോ അറിയാതെയോ ക്ഷണം കിട്ടിയ മനുഷ്യരുടെ ജീവിതരീതിയായി കാണുന്നതാണ് ഭംഗി.   

നിശ്ചയമായും ദൈവമുണ്ടെങ്കില്‍ എല്ലാ ജീവനും കാരണമായി നില്‍ക്കുന്നത് ദൈവം തന്നെയായിരിക്കണം. ദൈവം സ്നേഹമാണെങ്കില്‍ അത് എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്നതായിരിക്കണം (all inclusive). എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്ന ദൈവം ഒരു ജീവനെയും മാറ്റിനിറുത്തുന്നില്ല. അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനത്തില്‍ ആഥന്‍സില്‍ വെച്ച് മറ്റുമതത്തില്‍ പെട്ടവരോടു തത്വശാസ്ത്രത്തിന്‍റെ വെളിച്ചത്തില്‍ പൗലോസ് സംസാരിക്കുന്നത് ഓര്‍ക്കുന്നത് നന്നായിരിക്കും.

പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ടിച്ചവനും സ്വര്‍ഗത്തിന്‍െറയും ഭൂമിയുടെയും കര്‍ത്താവുമായ ദൈവം മനുഷ്യനിര്‍മിതമായ ആലയങ്ങളിലല്ല വസിക്കുന്നത്. അവിടുത്തേക്ക് എന്തെങ്കിലും ആവശ്യമുണ്ടായിട്ടല്ല മനുഷ്യകരങ്ങളില്‍നിന്ന് അവിടുന്നു ശുശ്രൂഷ സ്വീകരിക്കുന്നത്. കാരണം, അവിടുന്നുതന്നെയാണ് എല്ലാവര്‍ക്കും ജീവനും ശ്വാസവും മറ്റു സകലതും പ്രദാനംചെയ്യുന്നത്. ഭൂമുഖം മുഴുവന്‍ വ്യാപിച്ചുവസിക്കാന്‍വേണ്ടി അവിടുന്ന് ഒരുവനില്‍നിന്ന് എല്ലാ ജനപദങ്ങളെയും സൃഷ്ടിച്ചു; അവര്‍ക്കു വിഭിന്നകാലങ്ങളും വാസഭൂമികളും നിശ്ചയിച്ചു കൊടുത്തു. ഇത് അവര്‍ ദൈവത്തെ അന്വേഷിക്കുന്നതിനും ഒരുപക്ഷേ, അനുഭവത്തിലൂടെ അവിടുത്തെ കണ്ടെത്തുന്നതിനും വേണ്ടിയാണ്. എങ്കിലും, അവിടുന്ന് നമ്മിലാരിലും നിന്ന് അകലെയല്ല. എന്തെന്നാല്‍, അവിടുന്നില്‍ നാം ജീവിക്കുന്നു; ചരിക്കുന്നു; നിലനില്‍ക്കുന്നു. നാം അവിടുത്തെ സന്താനങ്ങളാണ് എന്ന് നിങ്ങളുടെതന്നെ ചില കവികള്‍ പറഞ്ഞിട്ടുണ്ടല്ലോ.ڈ (അപ്പ. പ്രവ. 17: 24-28). മരണത്തിനുമപ്പുറത്ത് മനുഷ്യന് ജീവിതമുണ്ടെന്ന പ്രകോപനപരമായ ചിന്തയിലാണ് പൗലോസ് അന്ന് പ്രസംഗം അവസാനിപ്പിച്ചത്. മതഭ്രാന്ത് മൂത്ത് ചിലര്‍ പറയുന്നതുപോലെ എണ്ണിത്തിട്ടപ്പെടുത്താന്‍ മാത്രം കഴിയുന്ന ഒരു ചെറുഗണം മാത്രമല്ല നിത്യജീവനവകാശപ്പെടുത്തുക. എല്ലാ ജീവനും ചരിക്കുന്നതും നിലനില്‍ക്കുന്നതും ദൈവത്തിലാണെങ്കില്‍ പിന്നെ ക്രിസ്തുവിന്‍റെ പ്രസക്തിയെന്തെന്നതാണ് നമ്മെ ചിന്തിപ്പിക്കേണ്ടത്. ബാഹ്യമായ ആചാരങ്ങള്‍ കൊണ്ട് ഒരു മതവിഭാഗത്തിന്‍റെ ഭാഗമാകുക എന്നതായിരുന്നോ ക്രിസ്തു ഉദ്ദേശിച്ചിരുന്നത്? 

ഒരിക്കലുമല്ല.ഇവിടെ നമുക്ക് ചരിത്രപരമായ ഒരു പ്രശ്നമുണ്ട്. മനുഷ്യകുലത്തിന് ഒരു പരിധിയില്‍ കൂടുതല്‍ ക്രിസ്തുവില്‍ വിശ്വസിക്കാന്‍ കഴിയാതെ പോയി എന്നതാണത്. ആദിമ ക്രിസ്ത്യാനികളിലേറിയ പങ്കും യഹൂദമതത്തിന്‍റെ ചിന്താധാരയില്‍ വളര്‍ന്നു വന്നവരായിരുന്നു. യഹൂദനായ ക്രിസ്തു മതാത്മകതയ്ക്കുമപ്പുറത്ത് ദൈവത്തെയും മനുഷ്യനെയും പ്രതിഷ്ഠിച്ച് കടന്നുപോയപ്പോഴും ക്രിസ്തുവിനുശേഷം അവര്‍ ക്രിസ്തുവിനെയും അവന്‍റെ പ്രബോധനങ്ങളെയും പ്രതിഷ്ഠിച്ചതും വ്യാഖ്യാനിച്ചതും അവരുടെ തന്നെ അടിമത്തമായിരുന്ന മതാത്മകതയുടെ ചിന്താധാരകളില്‍ തന്നെയായിരുന്നു. അത് കാലക്രമേണ ശക്തിപ്രാപിച്ച് മാനുഷികയുക്തികളിലും തത്വശാസ്ത്രങ്ങളിലും ബലപ്പെട്ടു. ദൈവശാസ്ത്രമെന്ന കൂട്ടായചിന്തകള്‍കൊണ്ട് ദൈവത്തെ വ്യാഖ്യാനിക്കലും ദൈവത്തെ ന്യായീകരിക്കലുമായി (Defending God) അങ്ങനെയാണ് എണ്ണിയാലൊടുങ്ങാത്ത നിയമങ്ങളിലേയ്ക്കും വിശ്വാസത്തിന്‍റെ നടത്തിപ്പ് ക്രമങ്ങളിലേയ്ക്കും ക്രിസ്തു അനുയായികള്‍ കൂട്ടമായി പ്രവേശിച്ചത്. ദൈവത്തെയും ദൈവത്തിന്‍റെ ഇടപെടലുകളെയും (ചുരുങ്ങിയപക്ഷം ദൈവത്തിന്‍റെ ഇടപെടലുകളെന്നു വ്യാഖ്യാനിക്കപ്പെടുന്ന ചരിത്രസംഭവങ്ങളെ) വ്യാഖ്യാനിക്കുന്നതില്‍ നിന്നുരുത്തിരിഞ്ഞ ചിന്താധാരകളെല്ലാം നിയമകേന്ദ്രീകൃതമായിരുന്നു. പത്തു കല്പനകളില്‍നിന്ന് 613 നിയമങ്ങളായി യഹൂദര്‍ വളര്‍ത്തിയെടുത്ത നിയമസംഹിതകളില്‍ 248 ക്രിയാത്മക നിയമങ്ങളും positive

commandmenst), 365 നിഷേധാത്മക നിയമങ്ങളുമുണ്ടായിരുന്നു (negative commandmenst). സഭാചരിത്രത്തില്‍ നിയമങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണങ്ങളും വിവിധ അടരുകളുള്ളതുമായി. സ്നേഹത്തിന്‍റെ രണ്ടേ രണ്ട് നിയമങ്ങളില്‍ ക്രിസ്തുവിന് സംഗ്രഹിക്കാന്‍ കഴിഞ്ഞ കാര്യങ്ങളെ ആധുനിക  ദൈവശാസ്ത്രജ്ഞരും പ്രഘോഷകരും എത്ര കഷ്ടപ്പെട്ടാണ് സങ്കീര്‍ണമാക്കുന്നത്! യഹൂദനിയമത്തിലെ ക്രിയാത്മകനിയമങ്ങള്‍പോലെ ആധുനിക വിശ്വാസികളില്‍ സഹോദരസ്നേഹത്തിന്‍റെയും സാമൂഹ്യപ്രതിബദ്ധതയുടെയും നിയമങ്ങളടിച്ചേല്‍പ്പിക്കാന്‍ അധികകാലം ദൈവശാസ്ത്രജ്ഞരാരും പരിശ്രമിച്ചിരുന്നില്ല. കാരണം സ്വര്‍ഗ്ഗപ്രവേശം ഒരു കണക്കിലെ കളിപോലെ ആയിരുന്നു. (പലര്‍ക്കും ഇന്നും അങ്ങനെയാണ്). ഇന്നൊരു മാര്‍പാപ്പ ആഗോളതാപനത്തെക്കുറിച്ചും സൃഷ്ടപ്രപഞ്ചത്തെ ബഹുമാനിക്കുന്നതിനെക്കുറിച്ചും അപരിചിതരെയും അശരണരെയും മതവും ജാതിയും നോക്കാതെ സ്വീകരിക്കുന്നതിനെക്കുറിച്ചും പറയുമ്പോള്‍ പലരും നെറ്റി ചുളിക്കാന്‍ കാരണം തങ്ങള്‍ കെട്ടിപ്പടുത്ത പ്രത്യയശാസ്ത്രങ്ങളുടെ ((Ideologies) അടിമകളായി ജീവിക്കുന്നതു കൊണ്ടാണ്. ക്രിസ്ത്വാനുകരണം നിയമാനുഷ്ഠാനമല്ല. അത് സ്നേഹോന്മുഖവും ദൈവോന്മുഖവുമായ പ്രതിബദ്ധതയാണ്. അത് ആചരണങ്ങളല്ല. എന്നാല്‍ കാലം അതങ്ങനെയാക്കി. ആചരണങ്ങളില്‍ നിന്ന് അനുഭൂതികളിലേയ്ക്കുള്ള ദൂരം വളരെ കുറവാണ്. തന്‍റേതായ ചിന്തകളുടെ ലോകങ്ങളില്‍ സൃഷ്ടിക്കപ്പെടുന്ന ഒരു തരം ആത്മീയരതിയായി, ഒരു തരം മാനസിക വ്യാപാരം മാത്രമായി ആത്മീയതയുടെ പടവുകള്‍ വ്യാഖ്യാനിക്കപ്പെട്ടു.

ക്രിസ്തുവിലേയ്ക്കുള്ള വളര്‍ച്ച എന്നതിലുമുപരി നന്മ തിന്മകളുമായുള്ള ഒരാളുടെ സംഘര്‍ഷം എന്നതിലേയ്ക്ക് ആത്മീയത ചുരുങ്ങിയപ്പോള്‍ ഉളവായത് വലിയ തെറ്റിദ്ധാരണകളാണ്. സ്വാഭാവേനയുരുത്തിരിയേണ്ട ആത്മീയാന്വേഷണങ്ങള്‍ അങ്ങനെ ക്ലേശകരമാകുന്നു. സ്വര്‍ഗം ഒരു സ്ഥലമാണെന്നു വിശ്വസിക്കുന്നവര്‍ക്ക് അവിടുത്തെ സ്ഥലപരിമിതിയെക്കുറിച്ചുള്ള പരിഭ്രാന്തിയും, നന്മതിന്മകളുടെ പേരില്‍ പരീക്ഷിക്കപ്പെടുന്ന മനുഷ്യന്‍ പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ അഭിമുഖീകരിക്കേണ്ട ശുദ്ധീകരണാനുഭവങ്ങളെക്കുറിച്ചുള്ള ആകുലതകളും, അല്ലെങ്കില്‍ നിത്യനരകത്തിലേയ്ക്കുള്ള പതനം എന്ന ഭീകര ചിന്തയും പരമ്പരാഗതമത ചിന്തകളുടെ ഇരുണ്ട ഇടങ്ങളാണ്. ഒരു മനുഷ്യനും നശിച്ചു പോകരുതെന്നു ആഗ്രഹിക്കുന്ന (യോഹ. 3: 16) ദൈവത്തിന്‍റെ ചിത്രം വരച്ചു കാട്ടുന്ന ബൈബിളില്‍ നിന്ന് തന്നെ ഒരു വാക്ക് തെറ്റിപ്പോയാല്‍ തന്നെ നരകാഗ്നിയിലേയ്ക്കു പതിക്കും (മത്തായി 5:22) എന്നും നമുക്കുവായിക്കാം. എളുപ്പത്തിലാര്‍ക്കും അവരുടെ ചിന്താഗതിക്കനുസരിച്ച് ബൈബിളില്‍ നിന്ന് ജീവനോ മരണമോ പ്രസംഗിക്കാം. വിവിധ ഇടങ്ങളില്‍ നിന്ന് വാക്യങ്ങള്‍ പെറുക്കിവെച്ച് ആത്മീയ ചിന്തകളും ദൈവശാസ്ത്രങ്ങളും രൂപപ്പെടുത്താം. അതുകൊണ്ടാണ് മുമ്പ് എഴുതിയ ലേഖനത്തില്‍ പ്രസ്താവിച്ചതുപോലെ വാക്കുകളെ കവിഞ്ഞും നില്‍ക്കുന്നതാണ് ദൈവവചനമെന്ന് പോപ്പ് ഫ്രാന്‍സിസ് പറഞ്ഞത്. ആസക്തികളുടെയും ഇടര്‍ച്ചകളുടെയും അവിശ്വസ്തതകളുടെയും ഒറ്റിക്കൊടുക്കലിന്‍റെയും മനുഷ്യക്രൂരതയുടെയുമെല്ലാം കഥയും ചരിത്രവും പറയുന്ന ബൈബിളില്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കും മുന്‍പരങ്ങേറിയ ക്രിസ്തുസംഭവത്തിനുമതീതമായി ആയിരക്കണക്കിനുവര്‍ഷങ്ങളുടെ മനുഷ്യചരിത്രത്തില്‍ പരന്നു കിടക്കുന്ന ക്രിസ്തു എന്ന വ്യക്തിയെയാണ് നാം വായിക്കേണ്ടത്. സുവിശേഷങ്ങളിലെ ക്രിസ്തു പറഞ്ഞെന്നു രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകള്‍ മാത്രമല്ല പ്രധാനം. വാക്ക് മാംസമായ അവന്‍റെ ചെയ്തികള്‍, മനോഭാവങ്ങള്‍, കാഴ്ചപ്പാടുകള്‍ എന്നിവയാണ് ലോകത്തെ അത്ഭുതപ്പെടുത്തുന്നത്. ഭരിച്ചു പിടിക്കുന്നതോ അടിച്ചേല്‍പ്പിക്കുന്നതോ ആയിരുന്നില്ല അവന്‍റെ കാഴ്ചപ്പാടുകള്‍, മറിച്ച് ആകര്‍ഷിച്ചടുപ്പിക്കുന്നതായിരുന്നു. നിയമപാലനത്തിനുമുപരി ജീവിതപരിണാമത്തിന്‍റെ മാര്‍ഗമാണ് അവന്‍ പറഞ്ഞുവെച്ചത്. സ്നേഹമെന്ന മാന്ത്രിക അച്ചില്‍ ഒരാള്‍ ദൈവമനുഷ്യനായി രൂപപ്പെടുന്ന വിസ്മയം!

മനുഷ്യന്‍ മനുഷ്യനിലൂടെയാണ് ദൈവത്തെ കാണുകയും അറിയുകയും ആസ്വദിക്കുകയും ആരാധിക്കുകയും ചെയ്യുക എന്ന തിരിച്ചറിവ് തന്നിട്ടാണ് അവന്‍ പോയത്. മനുഷ്യന്‍! മനുഷ്യനിലാണ് ദൈവം! ഒരു പക്ഷേ ദൈവത്തിന്‍റെ അപരിമേയമായ ജ്ഞാനത്തിലേയ്ക്ക് മെച്ചപ്പെട്ട രീതിയില്‍ നോക്കാന്‍ പറ്റിയ കാലമാണിത്. ശാസ്ത്രവികാസം കൊണ്ടും കൊണ്ടും സാങ്കേതികവിപ്ലവം കൊണ്ടും മനുഷ്യന്‍ അവന്‍റെ സ്ഥാനത്തെ ഭൂമിയില്‍ വ്യത്യസ്തമായി ഇന്നടയാളപ്പെടുത്തിയിട്ടുണ്ടെങ്കില്‍, മനുഷ്യകുലത്തിന്‍റെ ഭാവിയിലേയ്ക്ക് വിസ്മയത്തോടെ നമുക്ക് ഉറ്റു നോക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ നമ്മില്‍ തെളിയുന്ന ദൈവം ഭൂതകാലത്തിന്‍റെ നിയമങ്ങളിലും നിറങ്ങളിലും കുടുങ്ങിക്കിടക്കുന്നവനല്ല. മത്തായി സുവിശേഷകനിലൂടെ ബൈബിള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നതു ശരിയാണെങ്കില്‍ ക്രിസ്തുവന്‍റെ ലോകത്തോടുള്ള വാഗ്ദാനം ഇതായിരുന്നു. ڇലോകാവസാനം വരെ എന്നും ഞാന്‍ നിങ്ങളോടു കൂടെയുണ്ടായിരിക്കും.ڈ ദൈവം ഇവിടെയുണ്ട്. നമ്മുടെ ചിന്താധാരകളെയും ദൈവശാസ്ത്രങ്ങളെയും രാഷ്ട്രീയത്തെയും സാങ്കേതികതയെയും ശാസ്ത്രവികാസത്തെയും കൗതുകത്തോടെ നോക്കിക്കൊണ്ട് ദൈവം ഇവിടെ നമ്മുടെ ഇടയിലുണ്ട്. ദൈവരാജ്യവും. (ലൂക്കാ 17: 21). ചിത്രകാരന്‍റെ ഭാവനയിലെ താടിയും മുടിയും വളര്‍ത്തിയ വയോധികനായ പിതാവായ ദൈവമല്ല, കാലാതീതമായ യൗവനത്തിലും സൗന്ദര്യത്തിലും സദാ പ്രസന്നമനസ്സോടെ മനുഷ്യകുലത്തോട് സംവദിക്കുന്ന ദൈവം .

ദൈവരാജ്യത്തെ ഒരു വിരുന്നിലേയ്ക്കുള്ള ക്ഷണമായി ക്രിസ്തു വരച്ചുകാട്ടിയിട്ടുണ്ട്. ലളിതമായ ഒരത്താഴം കൊണ്ട് ജീവിതത്തെ പൂട്ടി അവന്‍ പറഞ്ഞു സ്വര്‍ഗരാജ്യത്തിലെ വിരുന്നു പൂര്‍ത്തിയാവുന്നതുവരെ ഇനി ഇങ്ങനെ ഒരു അത്താഴമുണ്ടാവില്ലെന്ന്. (ലൂക്കാ 22:16). ക്രിസ്തു എന്ന വാതിലിലൂടെ അവന്‍റെ സാരൂപ്യം (Identtiy) സ്വീകരിച്ചല്ലാതെ ഒരാള്‍ക്ക് എത്തിപ്പെടാനാവാത്ത വിരുന്ന്. അപാരമായ കരുണയിലും സ്നേഹത്തിലും സഹജീവികള്‍ക്കായി തന്നെത്തന്നെ ഒരാള്‍ക്ക് എത്രമാത്രം കൊടുക്കാന്‍ കഴിയുമെന്നതാണ് ക്രിസ്തു ലോകത്തിനു നല്‍കുന്ന പരീക്ഷ. അതില്‍ മതവും ജാതിയുമൊന്നുമില്ല. അടച്ചിട്ടമുറികളിലെ ദീര്‍ഘമായ പ്രാര്‍ത്ഥനകളും, വിശിഷ്ടമായ ധ്യാനോപാധികളും ഒരാളുടെയുള്ളില്‍ ഈ വെളിച്ചം വീഴ്ത്താന്‍ മാത്രമുള്ളതാണെന്ന് ആരും പറഞ്ഞു കൊടുക്കുന്നില്ലെന്നതാണ് കഷ്ടം. നിസ്സഹായമായ ഹൃദയവിലാപത്തില്‍നിന്ന് കാല്‍വരിയിലെ കള്ളന്‍ സ്വര്‍ഗരാജ്യത്തിലേയ്ക്കുള്ള കുറുക്കുവഴി കണ്ടുപിടിച്ചത് ക്രിസ്തുവിനെ തിരിച്ചറിഞ്ഞ് സാക്ഷ്യപ്പെടുത്തുന്ന ലളിതമായ പ്രക്രിയയിലൂടെയാണ്. അതെ ലളിതമാണ് സ്വര്‍ഗനിയമം. ജീവിതത്തിന്‍റെ തിരിച്ചറിവുകളില്‍നിന്ന് ക്രിസ്തുവിനെ കണ്ടുപിടിച്ച് സത്യസന്ധമായി അവനോടു ചേര്‍ന്നുനില്‍ക്കുന്ന അത്ര ലളിതം. ചിലപ്പോളത് കുരിശില്‍ വെച്ചായിരിക്കാം സംഭവിക്കുന്നത്. ചിലപ്പോളത് സിക്കമൂര്‍ മരത്തിലോ, ചൂതാട്ട കേന്ദ്രത്തിലോ, വേശ്യാലയത്തിലോ ആയിരിക്കാം. പള്ളിയുടെ പിന്നില്‍ നിന്ന്  ചങ്കത്തടിക്കുന്നവന് മനോഹരമായ ആത്മഭാഷണം നടത്തുന്നവനേക്കാള്‍ കൂടുതല്‍ മാര്‍ക്ക് നല്‍കുന്ന ക്രിസ്തു, ഒരു മണിക്കൂര്‍ ജോലി ചെയ്തവനെ മുഴുവന്‍ സമയവും ജോലി ചെയ്യുന്നവനോടു തുല്യനാക്കുന്നതും നാം ബൈബിളില്‍ വായിക്കുന്നുണ്ട്. ചുങ്കക്കാരോടും വേശ്യകളോടുമൊപ്പം മേശ പങ്കിടുന്ന ക്രിസ്തുവിനെ, പാപികള്‍ക്കപ്രാപ്യനാക്കി പ്രതിഷ്ഠിക്കുന്ന കാലിക ദൈവശാസ്ത്രം സംശയമുണര്‍ത്തുന്നതാണ്. ക്രിസ്തു എന്ന വിരുന്ന് എല്ലാവര്‍ക്കുമുള്ളതാണ്. സത്യത്തിനും നീതിക്കും ആത്മാഭിമാനത്തിനുമൊക്കെയായി വിശക്കുന്ന സകല മനുഷ്യര്‍ക്കും അവകാശപ്പെട്ട അപ്പമാണ് ക്രിസ്തു. അത് ആരെങ്കിലും വാതില്‍ തുറന്നെടുത്തു കൊടുക്കാന്‍ വേണ്ടി ഒളിപ്പിച്ചുവെച്ചിരിക്കുന്ന ചെറിയ അപ്പക്കുട്ടയിലെ ഇത്തിരി അപ്പമല്ല. ഭക്ഷിച്ചു മിച്ചം വന്നിട്ട്, കുട്ടകളില്‍ നിറച്ച് ശേഖരിക്കപ്പെടാന്‍ പരുവത്തില്‍, ജീവന്‍റെ നിറുത്താത്ത പ്രവാഹമായി വിവിധരൂപത്തില്‍ മാനവരാശിയെ സംതൃപ്തിപ്പെടുത്തുന്ന സത്യത്തിന്‍റെ സമൃദ്ധിയാണവന്‍.


 

 

 

ഫാ.ബിജു മഠത്തിക്കുന്നേല്‍ CSsR

0

0

Featured Posts

bottom of page