top of page

ഗെറ്റിങ്ങ് ഹോം വേരുതേടിയൊരു യാത്ര

Dec 8, 2016

3 min read

ആന്‍സന്‍ പി. ജയിംസ്
movie poster

സങ്കീര്‍ണമായ ജീവിതാനുഭവങ്ങളെ സരളഭാവത്തോടെ അവതരിപ്പിക്കുന്ന ചൈനീസ് സിനിമകള്‍ക്ക് ലോകസിനിമാ ഭൂപടത്തില്‍ പ്രത്യേകമായൊരു സ്ഥാനമുണ്ട്. ആധുനികതയും പ്രാചീനതയും തമ്മിലുള്ള ഏറ്റുമുട്ടലുകളും മാറിവരുന്ന രാഷ്ട്രീയ സാമൂഹ്യവ്യവസ്ഥകളും വ്യക്തിയുടെ അന്വേഷണങ്ങളും ചൈനീസ് സിനിമകളുടെ മുഖമുദ്രകളാണ്. മരണമെന്ന നിതാന്തയാഥാര്‍ത്ഥ്യത്തെ മുന്‍നിര്‍ത്തി ജീവിതത്തിന്‍റെ അര്‍ത്ഥം തേടിയുള്ള ഒരു യാത്രയുടെ കനലുകള്‍ പ്രേക്ഷകമനസ്സില്‍ കോരിയിടുന്ന ഒരു ചിത്രമാണ് പുതിയ തലമുറയിലെ പ്രശസ്തനായ ഷാങ് യാങ് സംവിധാനം ചെയ്ത ഗെറ്റിങ്ങ് ഹോം. സ്പൈസി ലൗവ് സൂപ്പ്, ഷവര്‍ സണ്‍ ഫ്ളവര്‍ എന്നീ ചിത്രങ്ങളാണ് ഗെറ്റിങ്ങ് ഹോമിനു മുമ്പ് ഷാങ് യാങ് സംവിധാനം ചെയ്തവ. തന്‍റെ മുന്‍കാല ചിത്രങ്ങളിലൂടെ ചൈനീസ് സിനിമയില്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയ ഷാങ് യാങിന്‍റെ ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ചിത്രമാണ് ഗെറ്റിങ്ങ് ഹോം. പ്രസിദ്ധ ചൈനീസ് ഹാസ്യനടനായ ഷാവോ ബന്‍ഷാന്‍ ആണ് ഇതിലെ കേന്ദ്ര പദാര്‍ത്ഥത്തെ അവതരിപ്പിക്കുന്നത്. നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും അവാര്‍ഡുകള്‍ ലഭിക്കുകയും ചെയ്ത ഗെറ്റിങ്ങ് ഹോമിന് കേരളത്തിന്‍റെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും പുരസ്കാരം ലഭിച്ചിരുന്നു.


നഗരത്തിലെ ഫാക്ടറിയില്‍ നിര്‍മ്മാണത്തൊഴിലാളികളാണ് അമ്പതുകളിലെത്തിയ ഷാവോയും ലിജുവും. നാലുവര്‍ഷങ്ങള്‍ അവര്‍ ഒരുമിച്ച് ജോലിചെയ്തു. പരസ്പരം എല്ലാ രഹസ്യങ്ങളും കൈമാറുന്ന സുഹൃത്തുക്കളായ അവര്‍ ഒന്നിച്ചു നടക്കുകയും ഭക്ഷിക്കുകയും മദ്യപിക്കുകയും ഉറങ്ങുകയും ചെയ്തു. ജീവിതത്തെ ഏറെ സ്നേഹിച്ചിരുന്ന ഷാവോയ്ക്ക് മരണത്തെ ഭയമായിരുന്നു. തന്‍റെ കുടുംബത്തില്‍നിന്നകന്ന് നഗരത്തില്‍ വെച്ചുള്ള ഒറ്റപ്പെട്ട മരണത്തെക്കുറിച്ച് ഷാവോ എന്നും ആശങ്കപ്പെട്ടിരുന്നു. ഷാവോ മരിച്ചാല്‍ അയാളുടെ ജഡം വീട്ടിലെത്തിക്കാമെന്ന് ലിജു വാക്കുകൊടുത്തിരുന്നു. പക്ഷേ ആദ്യം മരിക്കുന്നത് ലിജുവാണ്. ഒരു രാത്രിയിലെ അമിതമദ്യപാനത്തിനിടെ വളരെ അപ്രതീക്ഷിതമായി ലിജു മരിക്കുന്നു. ലിജുവിന്‍റെ മരണം ഷാവോയെ ഞെട്ടിച്ചു. ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അയാളുടെ ജഡം സ്വന്തം വീട്ടില്‍ അടക്കം ചെയ്തില്ലെങ്കില്‍ ഗതി കിട്ടാതെ അയാളുടെ പ്രേതം അലഞ്ഞുനടക്കുമെന്ന ലിജുവിന്‍റെ വാക്കുകള്‍ ഷാവോ ഓര്‍ത്തെടുത്തു. ലിജുവിനോടുള്ള തന്‍റെ അവസാനത്തെ കടമ നിറവേറ്റാന്‍ ഷാവോ തീരുമാനിച്ചു. ഏതു വിധേനയും ലിജുവിന്‍റെ ജഡം അയാളുടെ വീട്ടിലെത്തിക്കണം. ദരിദ്രനായ ഷാവോയ്ക്ക് ഒരു വാഹനം വാടകയ്ക്കെടുത്ത് ചൈനയുടെ ഒരറ്റത്തുള്ള ഷെന്‍വാനില്‍ നിന്ന് വേറൊരറ്റത്തുള്ള ചോങ്ങ് കിണ്ടിലേക്ക് ജഡം കൊണ്ടുപോകുകയെന്നത് സങ്കല്പിക്കാനേ പറ്റില്ല. ശവശരീരം സ്വന്തം ചുമലില്‍ താങ്ങി ഷാവോ യാത്രയാരംഭിക്കുന്നു. സുഹൃത്തിനോടുള്ള സ്നേഹവും കടപ്പാടും വാക്കുപാലിക്കണമെന്ന ആഗ്രഹവും ആത്മവിശ്വാസവും മാത്രമാണ് അയാളുടെ കൈമുതല്‍. ശവവും പേറിയുള്ള ഷാവോയുടെ യാത്രയില്‍ പലവിധത്തിലുള്ള വാഹനങ്ങളെയും വ്യത്യസ്തരായ മനുഷ്യരെയും വിവിധങ്ങളായ ഭൂവിഭാഗങ്ങളെയും അയാള്‍ കാണുന്നു. ഗെറ്റിങ്ങ് ഹോം ഷാവോയുടെ ഈ യാത്രയെക്കുറിച്ചുള്ളതാണ്.


ഗെറ്റിങ്ങ് ഹോം പൂര്‍ണമായ അര്‍ത്ഥത്തില്‍ ഒരു റോഡ് മൂവിയാണ്. സിനിമയിലെ സംഭവങ്ങള്‍ മുഴുവന്‍ നടക്കുന്നത് പെരുവഴിയിലാണ്. പ്രദേശത്തിന്‍റെ സൗന്ദര്യം പകര്‍ത്താനാണ് സാധാരണ റോഡ്മൂവികള്‍ ശ്രമിക്കാറുള്ളത്. എന്നാല്‍ ഗെറ്റിങ്ങ് ഹോം അത്തരത്തിലുള്ള ഒരു ചിത്രമല്ല. പാതയെ മഹത്വവത്കരിക്കുകയല്ല സംവിധായകന്‍റെ ലക്ഷ്യം. മറിച്ച് ഗഹനമായ ജീവിതസത്യത്തെ അവതരിപ്പിക്കുകയാണ് ഷാങ് യാങ്. ഗെറ്റിങ്ങ് ഹോമില്‍ യുക്തിഹീനമായ നിരവധി രംഗങ്ങളുണ്ട്. പക്ഷേ, അത്തരം രംഗങ്ങളെല്ലാം ജീവിതത്തെ ആഴത്തിലും നര്‍മ്മത്തിലും അവതരിപ്പിക്കുകയാണ് സംവിധായകന്‍. ബ്ലാക്ക് ഹ്യൂമര്‍ എന്നു വിശേഷിപ്പിക്കാവുന്ന സംഭവപരമ്പകള്‍ ലിജുവിന്‍റെ ജഡം മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടാതെ മറച്ചുപിടിക്കാനും വാഹനങ്ങളിലേറ്റി കൊണ്ടുപോകാനുമുള്ള ഷാവോയുടെ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിക്കും. ഷാവോ കണ്ടുമുട്ടുന്നവരും അവരുടെ പ്രവൃത്തികളും പ്രേക്ഷകരെ ചിരിപ്പിക്കുന്നവയാണ്. തന്‍റെ ശവസംസ്കാരത്തിനുവേണ്ടിയുള്ള പദ്ധതി മുന്‍കൂട്ടി തയ്യാറാക്കുന്ന ധനികന്‍ ഇത്തരം നര്‍മ്മമുഹൂര്‍ത്തങ്ങളാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.


ഒരു ബസില്‍ ലിജുവിന്‍റെ ജഡം കൊണ്ടുപോകാന്‍ ഷാവോ ആദ്യം ശ്രമിക്കുന്നുണ്ട്. ജീവനുള്ള യാത്രക്കാരനെന്നപോലെ ലിജുവിനെ ഷാവോ തന്‍റെ തൊട്ടടുത്ത സീറ്റിലിരുത്തുന്നു. അമിതമായി മദ്യപിച്ച ഒരാളാണെന്നേ ലിജുവിനെ കണ്ടാല്‍ തോന്നൂ. ഷാവോയും ലിജുവും ബസില്‍ യാത്ര തുടരവേ ഒരു കൊള്ളസംഘം ബസ് ആക്രമിക്കുന്നു. തങ്ങളുടെ കൂടെയുള്ളത് ഒരു ശവമാണെന്ന് തിരിച്ചറിഞ്ഞ മറ്റു യാത്രക്കാര്‍ ഷാവോയെ ലിജുവിനൊപ്പം ബസില്‍നിന്ന് ഇറക്കിവിടുന്നു. പെരുവഴിയിലായ ഷാവോയെ സഹായിക്കുന്നത് ഒരു ട്രക്ക് ഡ്രൈവറാണ്.


ഒരു കഥാപാത്രമായിത്തന്നെയാണ് ലിജുവിന്‍റെ ജീവനില്ലാത്ത ശരീരത്തെ സിനിമയില്‍ അവതരിപ്പിക്കുന്നത്. ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും അയാള്‍ സഹതാപവും നര്‍മ്മവും ഉണര്‍ത്തുന്ന കഥാപാത്രമാണ്. യാത്രയ്ക്കിടയില്‍ ഷാവോ കണ്ടുമുട്ടുന്നവരും വൈവിധ്യമുള്ള സ്വഭാവമുള്ളവരാണ്. അവരുടെ പ്രവൃത്തികളില്‍ ചിലത് ഷാവോയെ സന്തോഷിപ്പിക്കുന്നു. ചിലത് നിരാശപ്പെടുത്തുന്നു. തനിക്ക് ഒരു ബന്ധവും അവകാശപ്പെടാനില്ലാത്ത ഒരാളുടെ ശവശരീരവും വഹിച്ചുകൊണ്ടുള്ള ഷാവോയുടെ യാത്ര സൗഹൃദത്തിന്‍റെ ഇതിഹാസഗാഥയായി പരിണമിക്കുന്നു. മനുഷ്യജീവിതം എത്ര നിസ്സാരമാണെന്ന് നര്‍മ്മത്തിന്‍റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയാണ് ഈ ചിത്രം.


സിനിമയില്‍ പ്രത്യക്ഷപ്പെടുന്ന തെരുവോര ഹോട്ടലുകാരന്‍, ടിബറ്റിലേക്കു യാത്ര ചെയ്യുന്ന സൈക്കിള്‍ യാത്രികന്‍, തേനീച്ചയെ വളര്‍ത്തുന്ന കുടുംബം, സ്വന്തം ശവസംസ്കാരം വിഭാവനം ചെയ്യുന്ന ധനികന്‍, കലഹിക്കുന്ന ദമ്പതിമാര്‍, ഷാവോയെ പ്രലോഭിപ്പിക്കുന്ന അഭിസാരിക തുടങ്ങിയവരുടെയൊക്കെ ജീവിതവും അനുഭവങ്ങളും ഗെറ്റിങ്ങ് ഹോമിന്‍റെ മാറ്റുകൂട്ടുന്നുണ്ട്. യാത്രയുടെ അനന്തമായ പ്രതീകം എന്ന നിലയില്‍ സൈക്കിള്‍, ബസ്, കാറുകള്‍, ട്രക്കുകള്‍, കോച്ചുകള്‍ തുടങ്ങിയവയും സിനിമയിലുടനീളം പ്രത്യക്ഷപ്പെടുന്നു.


പ്രതിസന്ധികളെല്ലാം തരണം ചെയ്ത് ഷാവോ തന്‍റെ സുഹൃത്തിനെ അയാളുടെ വീട്ടിലെത്തിക്കുന്നു. എന്നാല്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. പ്രകൃതി ദുരന്തം നശിപ്പിച്ച ഒരു ഗ്രാമത്തിലേക്കാണ് ഷാവോ ലിജുവിന്‍റെ ശരീരവും പേറിയെത്തുന്നത്. അപ്പോഴേയ്ക്കും ലിജുവിന്‍റെ കുടുംബം മറ്റൊരു ഗ്രാമത്തിലേക്ക് താമസം മാറിയിരുന്നു. ആ ഗ്രാമത്തിന്‍റെ മൃതാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ലിജുവിന്‍റെ വീട് ഷാവോ കണ്ടെത്തുന്നുണ്ട്. ലിജുവിന്‍റെ കുടുംബത്തെയും തേടി മറ്റൊരു ഗ്രാമത്തിലേയ്ക്ക് അയാളുടെ ചിതാഭസ്മവും പേറി ഷാവോ യാത്രപോകുന്നിടത്ത് സിനിമ അവസാനിക്കുന്നു.


ജീവിതത്തിലുടനീളം യാത്രകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ഓരോ സ്ഥലത്തിലൂടെയും യാത്ര ചെയ്യുമ്പോള്‍ വ്യത്യസ്തരായ ധാരാളം മനുഷ്യര്‍ നമ്മുടെ മുന്നില്‍ വന്നുപെടുന്നു. അവരില്‍ സന്മനസ്സുള്ളവരും നിര്‍ദ്ദയരും ഉണ്ടാകും. ചിലര്‍ നമ്മെ സഹായിക്കുന്നവരാകാം. മറ്റു ചിലര്‍ ദ്രോഹിച്ചെന്നും വരാം. സാധാരണക്കാരനും ദരിദ്രനുമാണ് യാത്ര ചെയ്യുന്നതെങ്കില്‍ കണ്ടുമുട്ടുന്നവരുടെ പ്രതികരണം തണുത്തതായിരിക്കും. നിരവധി കയ്പേറിയ അനുഭവങ്ങള്‍ യാത്രാമധ്യേ നമുക്ക് ഉണ്ടാകാം. ഷാവോയും നിരവധി  കയ്പേറിയ അനുഭവങ്ങളിലൂടെയാണ് തന്‍റെ സുഹൃത്തിന്‍റെ ജഡവും പേറി കടന്നുപോകുന്നത്. ഒരു പ്രതിസന്ധി ഘട്ടത്തിലും അയാള്‍ തന്‍റെ സുഹൃത്തിന്‍റെ ജഡം ഉപേക്ഷിക്കുന്നില്ല. നിറവേറ്റപ്പെടാത്ത വാഗ്ദാനങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഭൂമിയില്‍ ഇങ്ങനെയും ഒരു സുഹൃത്ത്. ജീവിച്ചിരുന്നപ്പോഴെന്ന പോലെ തന്നെ ഷാവോ ലിജുവിന്‍റെ യുദ്ധത്തോട് സിനിമയിലുടനീളം സംസാരിക്കുന്നുണ്ട്. മറുപടി കിട്ടാത്ത ചോദ്യങ്ങള്‍ക്ക് ഷാവോ സ്വയം ഉത്തരം കണ്ടെത്തുന്നു.  


ലളിതമായ ഒരു സംഭവകഥയുടെ ആവിഷ്കാരത്തിന് ലളിതമായ ആഖ്യാനശൈലിതന്നെയാണ് സംവിധായകന്‍ സ്വീകരിച്ചിരിക്കുന്നത്. ആര്‍ഭാടം നിറഞ്ഞ ഷോട്ടുകളോ, ചടുലമായ എഡിറ്റിങ്ങോ ചിത്രത്തിലില്ല. ഓരോ നിമിഷവും ജീവിതത്തിന്‍റെ വ്യര്‍ത്ഥതയെ നമുക്കനുഭവപ്പെടുത്തിത്തരുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ സിനിമയിലുണ്ട്. 


ആന്‍സന്‍ പി. ജയിംസ്

0

0

Featured Posts

Recent Posts

bottom of page