
"ഞാൻ പുതിയൊരു കൽപ്പന നിങ്ങൾക്ക് നൽകുന്നു. നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ. നിങ്ങൾക്ക് പരസ്പരം സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യരാണെന്ന് അതുമൂലം എല്ലാവരും അറിയും." യോഹ. 13: 34-35
ക്രിസ്തു ശിഷ്യരുടെ ഏറ്റവും സ്ഥായിയായ പ്രത്യേകത സ്നേഹമായിരിക്കണം എന്നാണ് സുവിശേഷം പറയുന്നത്. യേശു ഒത്തിരി കൽപ്പനകൾ ഒന്നും നൽകിയിട്ടില്ല. പുതിയ ഒരു കൽപ്പന എന്ന് വിശേഷണത്തോടെ യേശു നൽകിയ കൽപ്പന "ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിക്കുക" എന്നതാണ്. ആദിമസഭ മാലാഖമാരെക്കൊണ്ട് ഉണ്ടാക്കിയ സഭയൊന്നും ആയിരുന്നില്ല. അവരെല്ലാം മനുഷ്യർ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ചിലരിൽ ദ്രവ്യാഗ്രഹവും ചിലരിൽ വ്യഭിചാരവും ചിലരിൽ അസൂയയും ചിലരിൽ വംശീയതയും ഒക്കെ ഉണ്ടായിരുന്നു. ഒട്ടേറെ മതപീഡനം അവർ സഹിച്ചിരുന്നു. എങ്കിലും, പുതുതായി രൂപപ്പെട്ട വരുന്ന ഒരു സമൂഹം എന്ന നിലയിൽ അവർ പരസ്പരം സ്നേഹിക്കുകയും മറ്റുള്ളവർക്ക് വേണ്ടി സഹനങ്ങൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. "നോക്കൂ, അവർ എങ്ങനെ പരസ്പരം സ്നേഹിക്കുന്നുവെന്ന്!" - എന്ന് വിജാതീയർ പരസ്പരം അടക്കംപറഞ്ഞതായി തെർത്തുല്യൻ എഴുതുന്നുണ്ട്. "പരസ്പരം സ്നേഹിക്കുക എന്നതിൽ ഒഴികെ നിങ്ങൾക്ക് ആരോടും ഒരു കടപ്പാടും ഉണ്ടാകരുത്" (റോമ. 13:8) എന്നാണ് പൗലോസ് ഒറ്റവാക്യത്തിൽ പറയുന്നത്.
എന്തിനാണ് ഈ ബൈബിൾ വചനങ്ങളൊക്കെ ഇങ്ങനെ ഉദ്ധരിക്കുന്നത് എന്നല്ലേ? ക്രിസ്തു ശിഷ്യരുടെ ഏറ്റവും സാരവത്തായ ദർശനത്തെയും ജീവിത സമീപനത്തെയും കുറിച്ച് ഓർമ്മപ്പെടുത്താൻ മാത്രം. തിയോളജിക്കും ലിറ്റർജിക്കും മറ്റെല്ലാ 'ഓളജി'കൾക്കും അന്തർദേശീയ സിമ്പോസിയങ്ങൾക്കും സെമിനാറുകൾക്കും സഭയിൽ എന്നെങ്കിലും പഞ്ഞം ഉണ്ടായിരുന്നിട്ടുണ്ടോ? നേരത്തേ പറഞ്ഞ പുതിയ കൽപ്പന എന്ന സാധനം സഭയിൽ നേതൃത്വം നല്കുന്നവരുടെയെങ്കിലും ജീവിതത്തിൽ ഉണ്ടാവാൻ സെമിനാരികളും ഫോർമേഷൻ ഭവനങ്ങളും എന്നാണ് എന്തെങ്കിലും ചെയ്യുക? മുഴങ്ങുന്ന ചേങ്ങിലക്കും ചിലമ്പുന്ന കൈത്താളത്തിനും എത്രനാൾ ഇങ്ങനെ മുന്നോട്ടു പോകാൻ കഴിയും?