top of page

കളേഴ്സ് ഓഫ് ദ മൗണ്ടന്‍'

Mar 15, 2017

3 min read

മജ

movie poster colors of the mountain

യുദ്ധം, പ്രകൃതിദുരന്തം തുടങ്ങി ഏതു വിധത്തിലുള്ള സാമൂഹ്യവിപത്തും ഏറ്റവുമധികം ബാധിക്കുന്നത് സ്ത്രീകളെയും കുട്ടികളെയും ആണെന്ന് പറയാറുണ്ട്. അതില്‍ തന്നെ 'മുതിര്‍ന്നവര്‍' എന്ന കണക്കില്‍, സ്ത്രീകളെയും ന്യായപൂര്‍വ്വം ഉള്‍പ്പെടുത്തുമ്പോള്‍, കുട്ടികള്‍ എന്നൊരു വിഭാഗം ബാക്കിയാകുന്നു. 'മുതിര്‍ന്ന' കാഴ്ചപ്പാടുകളോടു പൊരുത്തപ്പെടാനോ ചുറ്റും നടക്കുന്നതിനെയൊക്കെ നേരിടാനോ കഴിയാതെ പോകുന്ന ഒരു വിഭാഗം. ആഭ്യന്തരയുദ്ധത്തിന്‍റെ വക്കോളമെത്തി നില്‍ക്കുന്ന ഒരു രാജ്യവും അവിടുത്തെ സംഭവവികാസങ്ങളും ഒരു കൂട്ടം കുഞ്ഞുങ്ങളുടെ കാഴ്ചയിലൂടെ അവതരിപ്പിക്കുന്ന ചലച്ചിത്രമാണ് സേസര്‍ അര്‍ബേലയുടെ "കളേഴ്സ് ഓഫ് ദ് മൗണ്ടന്‍" (Colors of the Mountain). 2010 ല്‍ പുറത്തിറങ്ങിയ ഈ കൊളംബിയന്‍ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതും, ഏറ്റവും ലളിതമായി, എന്നാല്‍ ഹൃദയസ്പര്‍ശിയായി ഗൗരവമേറിയ ഒരു വിഷയം കൈകാര്യം ചെയ്യുന്നു എന്ന കാരണം കൊണ്ടാണ്.

കൊളംബിയയില്‍, മനോഹരമായ ഒരുള്‍ഗ്രാമത്തില്‍ ജീവിക്കുന്ന മാനുവല്‍ എന്ന ഒന്‍പതുവയസ്സുകാരനാണ്, സിനിമയിലെ കേന്ദ്രകഥാപാത്രം. തന്‍റെ വീട്ടില്‍ നിന്നും, ഒരു സോക്കര്‍ബോളും കൈയ്യില്‍ ചേര്‍ത്തു പിടിച്ച് കൂട്ടുകാരനായ ജൂലിയാനെ കാണാനോടുന്ന മാനുവലാണ് ചിത്രത്തിന്‍റെ ആദ്യ ദൃശ്യം. മലയോര ഗ്രാമത്തിന്‍റെ സൗന്ദര്യമെടുത്തു കാട്ടുന്ന ഫ്രെയിമുകള്‍, തുടക്കം മുതല്‍, സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. കുന്നുകള്‍ക്കിടയിലെ ചെറിയ നിരപ്പില്‍, മാനുവലും ജൂലിയനും മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നു. അവര്‍ക്കൊപ്പം പോക്കാലൂ എന്ന ആല്‍ബിനോ കുട്ടിയുമുണ്ട്. മാനുവലും ജൂലിയാനും പോക്കാലൂവുമാണ് തുടര്‍ന്ന് കഥ മുന്നോട്ടു കൊണ്ടുപോകുന്നത്. ബാല്യത്തിന്‍റെ ആഘോഷങ്ങളും നിഷ്കളങ്കതയും നഷ്ടങ്ങളും എല്ലാം ഏറ്റവും സ്വാഭാവികതയോടെ അഭിനയിച്ചു ഫലിപ്പിക്കുന്ന, ഈ മൂന്നു കുട്ടികളുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. പോക്കാലൂവിനെ ഒറ്റപ്പെടുത്തുന്ന മറ്റു കുട്ടികള്‍ക്കിടയില്‍, മാനുവലും ജൂലിയാനും അവനെ സംരക്ഷിക്കുന്നവരായാണ്, നില്‍ക്കുന്നത് - ബാല്യത്തിന്‍റെ ഹൃദയവിശാലതയുടെ പ്രതീകങ്ങള്‍ പോലെ.

ഗ്രാമത്തിലെ ഒറ്റമുറി സ്കൂളില്‍ പുതിയ ടീച്ചറെത്തുന്നതാണ്, സിനിമയിലെ അടുത്ത വഴിത്തിരിവ്. ടീച്ചറെ പിന്തുടര്‍ന്ന്, സ്കൂളിനരികെ മാനുവല്‍ നില്‍ക്കുന്ന ദൃശ്യത്തില്‍, സ്കൂള്‍ കെട്ടിടത്തിന്‍റെ ചുവരിലെ ചുവന്ന അക്ഷരങ്ങള്‍, ഒരു മുന്നറിയിപ്പായി നമുക്കു മുന്നില്‍ തെളിയുന്നു -' Arm the  People! Victory or Death'  എന്ന ഈ മുദ്രാവാക്യം ഗ്രാമത്തിലെ ആശങ്കാജനകമായ അവസ്ഥയെ സൂചിപ്പിക്കുകയും സ്കൂള്‍ ചുവരിലാണ് ആ വാക്കുകള്‍ കാണുന്നത് എന്നത്, കഥയില്‍ വരാനിരിക്കുന്ന വിപത്തുകളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു. തുടര്‍ന്ന് മാനുവലിന്‍റെ വീട്ടില്‍, അച്ഛനെ തിരഞ്ഞെത്തുന്ന അപരിചിതര്‍, തങ്ങളുടെ അടുത്ത മീറ്റിംഗില്‍ എണെസ്റ്റോ നിര്‍ബന്ധമായും പങ്കെടുത്തിരിക്കണം, എന്ന് ഓര്‍മ്മിപ്പിച്ച് മടങ്ങുന്നു. അവരുടെ കണ്ണില്‍ പെടാതെ മകനെയും ചേര്‍ത്തുപിടിച്ച് ഒളിച്ചിരിക്കുന്ന ഏണസ്റ്റോയും മാനുവലിന്‍റെ മുഖത്തെ ഒരായിരം ചോദ്യങ്ങളും കാഴ്ചക്കാരന് കഥയുടെ പുതിയ മാനങ്ങള്‍ സമ്മാനിക്കുന്നുണ്ട്.

മിടുക്കിയായ പുതിയ ടീച്ചറുടെ ക്ലാസ്സില്‍, കണക്കു പുസ്തകത്തില്‍ ചിത്രം വരച്ചുകൊണ്ടിരിക്കുന്ന മാനുവലിന്, അടുത്തിരിക്കുന്ന പെണ്‍കുട്ടി ഒരു മഞ്ഞക്കളര്‍ പെന്‍സില്‍ നല്‍കി  സഹായിക്കുന്നുണ്ട്. ഇതിനിടയില്‍ ജൂലിയാന്‍റെ ചേട്ടന്‍  വീടുവിട്ടു പോയെന്നും അയാള്‍ മലമുകളില്‍ ഗറില്ലകളോടൊപ്പം ചേരാനാണ് പോയതെന്നുമുള്ള രഹസ്യം ജൂലിയാന്‍ അറിയിക്കുന്നു. അച്ഛനോടൊപ്പം ചന്തയിലെത്തുന്ന മാനുവല്‍ ഏണസ്റ്റോ ഓരോ നിമിഷവും ഭയപ്പെട്ടാണ് ജീവിക്കുന്നത് എന്നു മനസ്സിലാക്കുന്നുണ്ട്. തുടര്‍ന്ന്, രാത്രി മാനുവലിന്‍റെ വീട്ടില്‍, ലളിതമായ ഒരു പിറന്നാളാഘോഷം നടക്കുന്നു. അച്ഛനുമമ്മയ്ക്കും കുഞ്ഞനിയനുമൊപ്പം, എത്ര സന്തോഷമായ ഒരു ജീവിതമാണിത്, എന്ന കാഴ്ച, ഏണസ്റ്റോയും മിറിയവും തമ്മിലുള്ള ഒരു വാഗ്വാദത്തിലാണ് അവസാനിക്കുന്നത്. മാനുവലാകട്ടെ, പിറന്നാള്‍ സമ്മാനമായി അച്ഛന്‍ നല്‍കിയ സോക്കര്‍ബോളിന്‍റെയും ഗ്ലൗസിന്‍റെയും സന്തോഷത്തിലാണ്. പ്രശ്നങ്ങള്‍ വഷളാകും മുന്‍പ് മറ്റുള്ളവരെ പോലെ ഗ്രാമം വിട്ടു പോകാമെന്ന് മിറിയം നിര്‍ദ്ദേശിക്കുമ്പോള്‍, തന്‍റെ ഗ്രാമം വിട്ടെങ്ങോട്ടുമില്ല എന്ന് എണസ്റ്റോ ഉറപ്പിച്ചു പറയുന്നു.

സ്കൂള്‍ രജിസ്റ്ററിലെ നീളത്തില്‍ പേരു വെട്ടിയ കുട്ടികളോടൊപ്പം മഞ്ഞപ്പെന്‍സിലിന്‍റെ ഓര്‍മ്മ നല്‍കിയ മാനുവലിന്‍റെ കൂട്ടുകാരിയും ചേരുന്നു. ഇത്തരം സംഭവങ്ങളിലൂടെ പ്രേക്ഷകനു മുന്നില്‍, കഥാഗതി വെളിപ്പെടുത്തുകയാണ് സംവിധായകന്‍. മലമുകളില്‍ ഗറില്ലകള്‍ സായുധ വിപ്ലവത്തിനുള്ള പടയൊരുക്കത്തിലാണ്. ഗ്രാമത്തിലുള്ളവരെ ഭീഷണിപ്പെടുത്തി തങ്ങളോടൊപ്പം ചേര്‍ക്കാന്‍ അവര്‍ ശ്രമിക്കുന്നു. മറുവശത്ത്, മിലിട്ടറിയാകട്ടെ ഗറില്ലകളോട് അനുഭാവം കാണിക്കുന്നു എന്നു സംശയിക്കപ്പെടുന്നവരെ പോലും കൊന്നൊടുക്കുന്നു. ഇതിനിടയില്‍, രണ്ടു മാരണങ്ങള്‍ക്കിടയില്‍ പെട്ടുപോയ ജീവിതങ്ങളായി മാറുകയാണ് ഗ്രാമത്തിലെ സാധാരണ മനുഷ്യര്‍.

മാനുവലിന്‍റെയും ചങ്ങാതിമാരുടെയും കളിസ്ഥലം ഗറില്ലകള്‍ കൈയ്യേറി, മൈനുകള്‍ കുഴിച്ചിടുന്നു. കളിയ്ക്കിടയില്‍ അവിടെ നഷ്ടപ്പെട്ടു പോയ പുതിയ സോക്കര്‍സോള്‍, തിരിച്ചെടുക്കുകയാണ് മാനുവലിന്‍റെ ലക്ഷ്യം. എന്നാല്‍, പഴയ കളിസ്ഥലത്തേക്ക് പോകരുത്, എന്ന് കുട്ടികള്‍ക്ക് കര്‍ശനമായ വിലക്കുണ്ട്. ഗ്രാമത്തില്‍ നിന്നും, കുടുംബങ്ങള്‍ ഒഴിഞ്ഞു പൊയ്ക്കൊണ്ടേയിരിക്കുന്നു. ഇതിനിടയില്‍ മക്കളെയും കൊണ്ട് രക്ഷപ്പെടാന്‍ മിറിയം ശ്രമിക്കുന്നുണ്ടെങ്കിലും അമ്മയോടൊപ്പം ബസില്‍ കയറാതെ മാനുവല്‍ തിരികെ ഗ്രാമത്തിലേക്കോടി പോകുന്നു. സാധാരണക്കാരായ മനുഷ്യര്‍ എങ്ങനെ, അവര്‍ കാരണക്കാരല്ലാത്ത, ഭാഗമല്ലാത്ത രാഷ്ട്രീയസംഘര്‍ഷങ്ങളുടെ ഇരകളാകുന്നു എന്ന് പ്രതിപാദിക്കുകയാണ് സിനിമ.

ജൂലിയാന്‍ തന്‍റെ ചങ്ങതിക്ക് കാട്ടിക്കൊടുക്കുന്ന ഒരു വലിയ അത്ഭുതം, പല വിധത്തിലുള്ള ബുള്ളറ്റുകളാണ്. വിജനമായ ഒരു വഴിയോരത്തെ വീട്ടിലിരുന്ന്, പല വലിപ്പത്തിലുള്ള ബുള്ളറ്റുകള്‍ തങ്ങള്‍ക്കിടയില്‍ വെച്ച് അവയെക്കുറിച്ചു സംസാരിക്കുന്ന മാനുവലും ജൂലിയാനും സിനിമയിലെ ഏറെ അര്‍ത്ഥമുള്ള ഒരു കാഴ്ചയാണ്. ചെറിയ മനസുകളിലെ നിഷ്കളങ്കത, മരണത്തെ വായിച്ചെടുക്കാന്‍ കഴിയാതെ, ആയുധങ്ങളെ കളിക്കോപ്പുകളായി കാണുന്ന, കാഴ്ച. കളിസ്ഥലവും കളിപ്പാട്ടങ്ങളും കൂട്ടുകാരുമൊക്കെ, തങ്ങളില്‍ നിന്ന് തട്ടിയെടുത്തത്, ഇതേ ആയുധങ്ങളാണ് എന്ന് കുട്ടികള്‍ വായിച്ചെടുക്കുന്നില്ല. എന്നാല്‍ അത്തരം തിരിച്ചറിവുകള്‍ക്ക് പ്രാപ്തിയുള്ള കാഴ്ചക്കാരന് ഈ ദൃശ്യം വലിയ വേദനയാകുന്നു.

ഒരു യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ടീച്ചര്‍ മാനുവലിന്, ഒരു കളര്‍പെന്‍സില്‍ കിറ്റ് സമ്മാനിക്കുന്നു. അത് തന്‍റെ വീട്ടിലെ ഒരു കുട്ടിയുടേതാണ്, ഇപ്പോള്‍ അവനത് ഉപയോഗിക്കുന്നില്ല എന്നു പറയുന്ന ടീച്ചറുടെ മുഖത്തെ ദു:ഖത്തില്‍ നിന്നും യുദ്ധത്തില്‍ നഷ്ടമായ മറ്റൊരു കുഞ്ഞിന്‍റെ കഥ വായിച്ചെടുത്ത് പ്രേക്ഷകന്‍ വേദനിക്കുന്നു. മാനുവലാകട്ടെ അടക്കാന്‍ കഴിയാത്ത സന്തോഷത്തോടെ വീട്ടിലെത്തി ഗ്രാമത്തിന്‍റെ ചിത്രം വരയ്ക്കുകയാണ്. സിനിമയില്‍ മുഴുനീള പശ്ചാത്തലമായ, മലനിരകള്‍ നിഗൂഢതയുടെ മരണത്തിന്‍റെ തയ്യാറെടുപ്പുകള്‍ നടക്കുന്നയിടമാണെങ്കിലും മാനുവലിന്‍റെ ചിത്രത്തില്‍ അവ, നീലാകാശം തൊട്ടുനില്ക്കുന്ന പച്ചമലകളാണ്. (തന്‍റെ ചിത്രം വരച്ചുതീര്‍ത്ത് കൈയില്‍ ഒരു കറുപ്പ് കളര്‍ പെന്‍സിലുമായി അവന്‍ എന്തോ ആലോചിച്ചിരിക്കുന്നുണ്ടെങ്കിലും.)

scene from the movie colors of the mountain

മൈനുകള്‍ നിറഞ്ഞ പഴയ കളിസ്ഥലത്തുനിന്നും സോക്കര്‍ ബോള്‍ വീണ്ടെടുക്കാന്‍ മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് സാഹസികമായി ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. രാത്രി വീടിനു മുകളില്‍ റോന്തു ചുറ്റുന്ന ഹെലികോപ്ടര്‍ മാനുവലിനെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. ഇതിനിടയില്‍ സ്കൂള്‍ ചുവരിലെ യുദ്ധത്തിന്‍റെ അക്ഷരങ്ങള്‍ മായിച്ച്, ടീച്ചറും കുട്ടികളും അവിടെ ഗ്രാമത്തിന്‍റെ ചിത്രം പെയിന്‍റ് ചെയ്യുന്നു. പച്ചമലകള്‍ നിറഞ്ഞ ചിത്രം മിലിട്ടറിയുടെ കൈയില്‍ പെടുന്ന ജൂലിയാന്‍റെ അച്ഛനും കാണാതാകുന്ന കുടുംബവും. കഥയില്‍ ഞെട്ടിക്കുന്ന നിമിഷങ്ങളാണ്. തകര്‍ന്ന വീട്ടില്‍ ജൂലിയാനെ തിരയുന്ന മാനുവലിന് ഓര്‍മ്മയ്ക്കായി കിട്ടുന്നത്, അവന്‍റെ ഒരു ഷൂസ് മാത്രമാണ്. ഭയത്തിന്‍റെ ഇരുട്ടില്‍ കിടക്കുന്ന ഒരു ഗ്രാമത്തിലെ കുട്ടികള്‍ക്ക് പ്രതീക്ഷയുടെ വെളിച്ചം നല്കിയ ടീച്ചര്‍ക്കും ജീവനില്‍ പേടിച്ച് അവിടെ നിന്നും രക്ഷപെടേണ്ടിവരുന്നു. സ്കൂള്‍ ചുവരിലെ മനോഹരമായ ഗ്രാമത്തിന്‍റെ പെയിന്‍റിംഗും നിറങ്ങളും ബാക്കിവെച്ചുകൊണ്ട് മാനുവലിനോട് യാത്ര പറഞ്ഞ് ഗ്രാമം വിടുകയാണ്. സോക്കര്‍ബോള്‍ വീണ്ടെടുക്കാന്‍ തങ്ങള്‍ നടത്തിയ രസഹ്യ ശ്രമങ്ങള്‍ ആരുമറിയിച്ചില്ല എന്നു വാക്കു കൊടുത്തുകൊണ്ട്.

ഒടുവില്‍ ഇനിയും ഗറില്ലകളുടെയോ മിലിട്ടറിയുടെയോ പിടിയില്‍പെടാനാകില്ല എന്നുറപ്പിച്ച് എണസ്റ്റോയും നാടുവിടാനൊരുങ്ങുന്നു. പക്ഷേ അയാള്‍ പിടിക്കപ്പെടുന്നു. തകര്‍ന്ന വീട്ടില്‍ അച്ഛനെ തിരയുന്ന മാനുവലിന് അമ്മയുടെ കരച്ചിലാണ് മറുപടി. ഗ്രാമത്തില്‍ നിന്നും പോകും മുമ്പേ മാനുവല്‍ തന്‍റെ ബോള്‍ വീണ്ടെടുക്കുന്നു. അച്ഛന്‍റെ ഓര്‍മ്മയ്ക്കെന്ന പോലെ ഇവിടെ മുതല്‍ മാനുവല്‍ എന്ന കുട്ടി വല്ലാത്ത ഒരു വളര്‍ച്ച മോഹിക്കുകയാണ്. സോക്കര്‍ ബോളിനോടൊപ്പം അവന്‍ തന്‍റെ ധൈര്യവും വീണ്ടെടുത്ത പോലെ. തുടര്‍ന്ന് അച്ഛന്‍റെ സ്ഥാനം ശേഷിപ്പിക്കുന്ന ശൂന്യതയില്‍ - അവന്‍ നിറയുകയാണ്. വീടു പൂട്ടിയിറങ്ങുന്ന അമ്മയ്ക്ക് ധൈര്യമാവുകയാണ് ഗ്രാമത്തില്‍ നിന്നും പലായനം ചെയ്തു പോകുന്ന കുടുംബങ്ങള്‍ക്കൊപ്പം വണ്ടിയില്‍ കാണുന്ന മാനുവല്‍ തന്‍റെ ബോള്‍ ചേര്‍ത്തു പിടിച്ചിട്ടുണ്ട്. കഴുത്തിലെദൈവരൂപത്തില്‍ തൊട്ടു പ്രാര്‍ത്ഥനയുടെ ശക്തി തേടുന്നുണ്ട്. മാനുവലിന്‍റെ യാത്ര മരണത്തിലേക്കല്ല, ജീവിതത്തലേക്കാണ് എന്ന പ്രതീക്ഷ തരുന്നുണ്ട്.

യുദ്ധത്തിനു മേല്‍ ജയിക്കുന്ന, മനുഷ്യത്വത്തിന്‍റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുകയും രാഷ്ട്രീയ അരക്ഷിതാവസ്ഥകള്‍ കുട്ടികളുടെ വീക്ഷണകോണില്‍ നിന്നവതരിപ്പിച്ച് അതിന്‍റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്യുന്ന സിനിമയാണ്, കളേഴ്സ് ഓഫ് ദ മൗണ്ടന്‍. അതുകൊണ്ട് തന്നെയാണ് നിരവധി ചലച്ചിത്ര മേളകളില്‍ പ്രേക്ഷകപ്രീതിയുള്ള ചിത്രമായി മനുവലിന്‍റെ കഥ തിരഞ്ഞെടുക്കപ്പെട്ടതും. 


മജ

0

0

Featured Posts

bottom of page