top of page
നമ്മള്‍ 60+കാര്‍ ഇന്നലെകള്‍ വിട്ട് ഇന്നിലൂടെ കടന്നുപോകുകയാണ്. ജീവിതനിരത്തിലൂടെയുള്ള ഈ പോക്കില്‍ ചിലര്‍ വലതുവശം ചേര്‍ന്നും ചിലര്‍ ഇടതുവശം ചേര്‍ന്നും നടക്കുന്നു. വലതുവശം Positive Side കാണുന്ന ശുഭാപ്തിവിശ്വാസികളാണ്. ഇടതുവശം ചേര്‍ന്നുപോകുന്നവര്‍ Negative Side കാണുന്ന ദോഷൈകദൃക്കുകളാണ്. പകുതിപാനീയമുള്ള ഒരു ഗ്ലാസ് കാണുമ്പോള്‍ പകുതിയുണ്ടല്ലോ എന്ന് പോസിറ്റീവ്കാര്‍ സന്തോഷിക്കുമ്പോള്‍, പകുതി തീര്‍ന്നല്ലോ എന്ന് നെഗറ്റീവ്കാര്‍ സങ്കടപ്പെടുന്നു. നമ്മുടെ തുടര്‍ന്നുള്ള വഴി വലതുവശം ചേര്‍ന്നായിരിക്കുമ്പോള്‍ സഫലമീയാത്ര.
*ഇടംഭാഗക്കാരുടെ 3 തലപ്പെട്ട ദോഷങ്ങളും + വലംഭാഗക്കാരുടെ 3 വിലപ്പെട്ട ഗുണങ്ങളും ഇവിടെ എടുത്തുകാട്ടുകയാണ്. അപ്പഴപ്പോള്‍ നല്ലവശം ചേര്‍ന്നു മുന്നേറാന്‍ ഇത് സഹായിക്കട്ടെ.
* മുമ്പ് അധികാരത്തിലിരുന്ന് ചെയ്തും ചെയ്യിച്ചും തഴക്കമായ സ്വഭാവം അസ്ഥാനത്തും അസമയത്തും തലപൊക്കാം. അരിശപ്പെടുക, കുറ്റംപറയുക, ചോദിക്കാതെ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുക, തിരുത്തുക തുടങ്ങിയവ അഹങ്കാരത്തിന്‍റേയും അധികാരപ്രമത്തതയുടേയും തിരയിളക്കമാണ്.
* ഭൂമിക്ക് ചൂടും പ്രകാശവും നല്‍കാന്‍ ദൈവം ഇന്ന് സൂര്യനെ ഉദിപ്പിച്ചു; എന്നേയും ഉദിപ്പിച്ചത് മറ്റുള്ളവര്‍ക്ക് സ്നേഹത്തിന്‍റെ ഊഷ്മളതയും പ്രകാശവും നല്‍കാനാണ്; അല്ലാതെ അവരെ എന്‍റെ പെരുമാറ്റദോഷംകൊണ്ട് പൊള്ളിക്കാനോ വാക്കുകള്‍കൊണ്ട് വേദനിപ്പിക്കാനോ അല്ല. എല്ലാവരിലും പ്രവര്‍ത്തിക്കുന്ന ദൈവത്തെ ദര്‍ശിച്ച് ഞാന്‍ സന്തോഷിക്കട്ടെ, അവരെ പ്രോത്സാഹിപ്പിക്കുന്നവ മാത്രം ഞാന്‍ പറയട്ടെ.
*ഉത്തരവാദിത്വങ്ങള്‍ ഏല്പിക്കപ്പെട്ടവരുടെ ജോലികളില്‍ ഇടപെടല്‍, അവര്‍ക്കറപ്പുവരുത്തുന്ന അന്വേഷണം, ചോദിക്കാതെ ഉപദേശം നല്‍കല്‍, പക്ഷംചേര്‍ന്ന ഭാഷണം, കുടുംബത്തിലെ അഥവാ സ്ഥാപനത്തിലെ സമാധാനത്തേയും സമൃദ്ധിയേയും കെടുത്തും.
* ഓരോരുത്തരേയും അവരുടേതായ തനിമയില്‍ ദൈവം വളര്‍ത്തുന്നു. അവരിലെ ദൈവപരിപാലനയില്‍ വിശ്വസിച്ച് അവരെ വളര്‍ത്തുന്നവ മാത്രം ഞാന്‍ പറയണം, ചെയ്യണം. അവരെ തളര്‍ത്തുന്ന വാക്കും പ്രവൃത്തിയും എനിക്കു വേണ്ട. പൂപുഞ്ചിരിയും പുകഴ്ത്തലും പ്രോത്സാഹനവും ഇവ മാത്രമായിരിക്കും അവരോടുള്ള എന്‍റെ കടപ്പാട്.
* സ്നേഹിക്കപ്പെടാനുള്ള ജ്വരം ശിശുസഹജമാണ്. ശിശു വളര്‍ന്ന് പ്രായപൂര്‍ത്തിയാകുന്നത് ഈ ജ്വരം മാറി സ്നേഹിക്കുവാനുള്ള ത്വരയാകുമ്പോഴാണ്. എന്നാല്‍ ഈ പക്വത വരാത്തവര്‍ പ്രായമേറിയാലും സ്നേഹിക്കപ്പെടാന്‍, ആദരിക്കപ്പെടാന്‍, നന്ദികിട്ടാന്‍, പ്രശംസിക്കപ്പെടാന്‍, സന്ദര്‍ശിക്കപ്പെടാന്‍, സേവിക്കപ്പെടാന്‍ ഒക്കെ ആര്‍ത്തിയിലായിരിക്കും. അവ കിട്ടാത്തപ്പോള്‍ വിഷാദം, അരിശം, ആവലാതി.
"ഞാന്‍ വന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനാണ്". (യേശു) "നാഥാ! സ്നേഹിക്കപ്പെടുന്നതിനേക്കാള്‍ സ്നേഹിക്കുന്നതിനും, മനസ്സിലാക്കപ്പെടുന്നതിനേക്കാള്‍ മനസ്സിലാക്കുന്നതിനും, ആശ്വസിപ്പിക്കപ്പെടുന്നതിനേക്കാള്‍ ആശ്വസിപ്പിക്കുന്നതിനും എനിക്കു കൃപ നല്‍കണമെ." (ഫ്രാന്‍സീസ്)
Featured Posts
bottom of page