top of page

കൂട്ട്

Sep 1, 2013

4 min read

ഫാ. ബോബി ജോസ് കട്ടിക്കാട്
A lonely man.

നിനയ്ക്കാതെ പെയ്ത മഴയില്‍ ഒരു മാത്ര കേറിനില്‍ക്കാനുള്ള ശീലക്കുടയല്ല ചങ്ങാതി. ഋതുഭേദങ്ങളുടെ നൈരന്തര്യങ്ങളില്‍ വിണ്ടുകീറിയ പാദങ്ങളും വിഴുപ്പ് വസ്ത്രങ്ങളുമായി നിങ്ങളെ അനുഗമിക്കുന്ന പൊടിപുരണ്ട ഒരാത്മാവ്. യാത്രയുടെ ഒടുവില്‍ നിങ്ങളെക്കാള്‍ പരിക്ഷീണിതനായി... അയാളോളം ആരും നിന്ദിക്കപ്പെട്ടിട്ടില്ല. ആത്മനിന്ദയുടെ ചില കാണാക്കയങ്ങളില്‍ പെട്ടുപോകുമ്പോള്‍ സങ്കടത്തെ നിര്‍മ്മമതയുടെ ദുപ്പട്ടകൊണ്ട് മറച്ച് വേണമെങ്കില്‍ യേശുവിനെക്കണക്ക് നിങ്ങള്‍ക്കും അതു ചോദിക്കാം: "നിനക്കും എന്നെ വിട്ടുപോകണമോ?" അപ്പോള്‍ അയാള്‍ ആ വലിയ മുക്കുവനെപ്പോലെ വിവേകിയാകുന്നു: "നിന്നെവിട്ട് ഞാന്‍ എങ്ങോട്ടുപോകാന്‍?"


ജീവിതം ഒരുവനായി കരുതിവയ്ക്കുന്ന അനന്യതയില്ലാത്ത കരുണയുടെ പേരാണ് കൂട്ട്. അതിന്‍റെ അഭാവത്തില്‍ നിങ്ങള്‍ ഈ ഭൂമിക്കുമീതെയുള്ള ആരെക്കാളും ഓട്ടക്കയ്യനാകുന്നു. 'ഷട്ടര്‍' എന്ന ചിത്രം നന്നായിട്ട് തോന്നി. ഒരു രാത്രിയുടെ ഭ്രമങ്ങളിലേയ്ക്ക് ഒറ്റാലിലെന്നോണം കയറിപ്പോയയൊരാള്‍. ആ പ്രതിസന്ധിയെ പരിഹരിക്കേണ്ട ബാധ്യതയുള്ള ആ ചെറുപ്പക്കാരനോട് ഒരു കഥാപാത്രം "വിളിക്ക് നിന്‍റെ ചങ്ങാതിമാരെ ആരെയെങ്കിലു"മെന്ന് പറയുമ്പോള്‍ ഹൃദയഭാരത്തോടെ അയാള്‍ "എനിക്ക് അങ്ങനെയൊരു ചങ്ങാതിയില്ല" എന്ന് നെടുവീര്‍പ്പിടുന്നുണ്ട്.


ധ്യാനാത്മകമെന്നോ, ലാവണ്യമുള്ളതെന്നോ ഒക്കെപ്പറഞ്ഞാലും മരണത്തേക്കാള്‍ തണുത്ത അനുഭവമാണ് ഏകാന്തതയെന്ന് ആര്‍ക്കാണ് അറിയാത്തത്. മഹാഭാരതത്തിലെ ഉപകഥയായ നളോപഖ്യാനത്തില്‍ സാധ്യതകള്‍ പാര്‍ത്തുകിടക്കുന്ന കഥാപാത്രങ്ങളെല്ലം വികസിക്കുന്നത് ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥയിലാണ്. നളദമയന്തിമാരുടെ പ്രണയത്തിന്‍റെ അധീരതകളെയും ആകുലതകളെയും കണ്ടറിയുന്ന ഹംസം എന്ന അമാനുഷിക ദൂതിയില്‍ തെളിയുന്നത് കണ്‍മഷമില്ലാത്ത സൗഹൃദമാണ്. ഒരാളുടെ മനസ്സിന്‍റെ ഇടനാഴിയിലൂടെ യാത്രചെയ്യാന്‍ സാധിക്കുക, തന്‍റേതന്നെ കണ്ണാടിക്കാഴ്ചയാണ് അയാള്‍ എന്ന് തിരിച്ചറിയുക ഇതൊക്കെയാണ് ഹംസം ചെയ്തത്. നളചരിതം രണ്ടാംദിവസം നളദമയന്തിമാരുടെ മധുവിധുകാലത്ത് നളന്‍ കൃതജ്ഞതയോടെ ഓര്‍മ്മിച്ചെടുക്കുന്നത് ഹംസം എന്ന ചങ്ങതിയെയാണ് - സൗവര്‍ണ്ണഹംസം ചെയ്തത് 'സൗഹൃദമായൊരു സൗഹൃദമേ'യെന്ന് ധ്വന്യാത്മകമായി സൗഹൃദത്തെ ആവര്‍ത്തിക്കുന്നുണ്ട്.


ഏകാന്തത എന്ന കൊടിയ ശിക്ഷയെ കുറുകെ കടക്കാനാണ് സൗഹൃദമെന്ന പാലം ഒരാള്‍ പണിയുന്നത്. ഒരു ഡയറിക്കുറിപ്പില്‍പ്പോലും അദൃശ്യനായ ഒരു ചങ്ങാതിയെത്തേടിയുള്ള തിരച്ചിലുണ്ട്. ആന്‍ ഫ്രാങ്ക് ആരെയാണ് അഭിസംബോധന ചെയ്യുന്നത്? പങ്കുവയ്ക്കലുകളും സംവാദങ്ങളുമില്ലാത്ത, തനിച്ചാകുന്ന കാലത്താണ് മനുഷ്യര്‍ ഡയറിയെഴുതി തുടങ്ങുന്നത്. നന്ദിതയുടെ ഡയറിക്കുറിപ്പുകള്‍ ആത്മഹത്യയ്ക്കുശേഷം കണ്ടെടുക്കുമ്പോള്‍ അതിന്‍റെ മുഖമൊഴിയായി കൊടുത്തിരുന്നത് കൂട്ടില്ലാത്തതിന്‍റെ വ്യഥകളായിരുന്നു.

ഒരിക്കലും വരാത്ത ഒരു കൂട്ട് - അതോടെ ഒരാളുടെ ജീവിതത്തിന്‍റെ വിനാഴികകള്‍ അവസാനിച്ച് പോകുകയാണ്. മതിലുകളില്‍ ബഷീര്‍ പറയുന്നു, ആര്‍ക്കുവേണം സ്വാതന്ത്ര്യം? കൂട്ട് നഷ്ടപ്പെടുത്തിക്കൊണ്ട് ജയില്‍ മോചിതനാകുവാന്‍ അയാള്‍ ആഗ്രഹിക്കുന്നില്ല. ആത്മാവിന്‍റെ തടവറയില്‍, കൂട്ടിന്‍റെ കുടുസ്സുമുറിയില്‍ നിത്യകാലം കഴിയുവാന്‍ അയാള്‍ ആഗ്രഹിക്കുന്നു. ആവശ്യത്തിലേറെ അപഹസിക്കപ്പെട്ടവനായി അലയുമ്പോള്‍ പി. കുഞ്ഞിരാമന്‍ നായരെന്ന 'സമസ്തകേരളം' കവി തേടിയത് സങ്കല്പത്തിലെ കൂട്ടായിരുന്നു. നിത്യകന്യക ഒരിക്കലും അയാളുടെ ചാരത്ത് വരാതിരുന്ന നിര്‍മ്മല സൗഹൃദംതന്നെയായിരുന്നു.


നിരന്തരമായ അലച്ചിലുകളില്‍ തനിച്ചാകാന്‍ ആഗ്രഹിക്കുകയും ശൂന്യത സഹിക്കാനാവാതെ ഒരു ചങ്ങാതിയുടെ സാന്നിധ്യത്തിനും സ്നേഹത്തിനുംവേണ്ടി കൊതിക്കുകയും ചെയ്ത ഫ്രാന്‍സ് കാഫ്കെയുടെ ഡയറിക്കുറിപ്പുകളില്‍ ഇങ്ങനെയെഴുതി കാണുന്നു. ഏകാന്തതയ്ക്കും സൗഹൃദത്തിനുമിടയിലുള്ള അതിര്‍ത്തി മുറിച്ചുകടക്കുവാന്‍ എനിക്ക് ഒരിക്കലും ആയിട്ടില്ല. പ്രണയംപോലെ സൗഹൃദവും ഇന്‍റന്‍സ് പാഷന്‍ ഉള്ള അനുഭവമാണ്. ശാരീരികമായ പങ്കുവയ്ക്കലൊഴിച്ച് നിര്‍ത്തിയാല്‍ രണ്ടും ഒന്നുതന്നെയാണ്. ജീവിതത്തോടുള്ള മമതാപൂര്‍ണ്ണമായ അഭിരതിയാണ് പ്രണയമെങ്കില്‍ ജീവിതത്തെ നിലനിര്‍ത്തുന്ന സൗഹൃദത്തിന്‍റെ വഴികളില്‍ തിളച്ചുമറിയുന്ന പ്രണയമുണ്ട്. ഓര്‍മ്മ-സൗഹൃദം- പ്രണയം ഇവ പരസ്പരപൂരകങ്ങളാണ്. മിലന്‍ കുന്തേരയുടെ ഇമ്മോര്‍ട്ടാലിറ്റിയുടെ കഥാപാത്രങ്ങളായ ആഗ്നസ്, ലോറ എന്നിവരെക്കുറിച്ചുള്ള വിവരങ്ങളില്‍ കാണുന്നത് ഇങ്ങനെയാണ്: 'നിങ്ങളുടെ മനസ്സില്‍ ഞാന്‍ ഇല്ലെങ്കില്‍ പിന്നെയെന്തിനാണ് ജീവിതം?' മറ്റൊരാളുടെ ഹൃദയത്തില്‍ വസിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. കേവലമായ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ മാത്രമല്ല സ്വവര്‍ഗ്ഗാനുരാഗത്തില്‍ പ്രണയത്തിലോ ദാമ്പത്യത്തിലോ ഒരാള്‍ അനുഭവിക്കാതെ പോകുന്ന സൗഹൃദമായിരിക്കുമോ അതിന്‍റെ പ്രേരണകളിലൊന്ന്.


ഇതിഹാസങ്ങളിലും മിത്തുകളിലും ദൈവങ്ങള്‍ക്കുപോലും തോഴരെ ആവശ്യമുണ്ടെന്ന് ആര്‍ക്കാണ് അറിയാത്തത്. ഒരുപിടി അവലുമായി തന്നെ തേടിയെത്തിയ കുചേലനെക്കാള്‍ അഗാധമായ സൗഹൃദങ്ങള്‍ ഉണ്ടായിരുന്നു കൃഷ്ണഭഗവാന്. ഉദ്ധവന്‍ അതിലൊരാളാണ്. യാദവകുലത്തിന്‍റെ അന്ത്യമടുക്കാറായി. ദ്വാരക കടലില്‍ മുങ്ങുമെന്ന മുന്നറിയിപ്പ് കൃഷ്ണന്‍ യാദവര്‍ക്ക് നല്കുന്നു. എല്ലാവരോടും രക്ഷപ്പെടാന്‍ പറയുന്നു. എന്നാല്‍ അയാള്‍ എങ്ങോട്ടും പോകുന്നില്ല. അങ്ങില്ലാതെ ഞാനെവിടേയ്ക്കാണ് പോകുന്നത്. ഇരിക്കുമ്പോഴും നടക്കുമ്പോഴും കുളിക്കുമ്പോഴും ഉണ്ണുമ്പോഴും സദാ അവിടുത്തോട് ഒന്നിച്ച് കഴിഞ്ഞുകൊണ്ടിരിക്കുന്നു. എനിക്ക് അങ്ങയെക്കൂടാതെ ഒരു ജീവിതത്തെക്കുറിച്ച് സങ്കല്പിക്കാനേ ആകുന്നില്ല... അതിനാല്‍ അവിടുന്ന് എഴുന്നള്ളുന്ന ലോകത്തിലേക്ക് എന്നെയും കൊണ്ടുപോകാന്‍ കനിയണമേ.


കൂട്ടിനെ ഗൗരവമായെടുത്തൊരാള്‍ നസ്രത്തിലെ ആ തച്ചനായിരുന്നു. ബുദ്ധപാരമ്പര്യങ്ങളിലെ മൈത്രേയന്‍ എന്ന പദം അയാള്‍ക്കു നന്നായി വഴങ്ങും. ഭൂമിയുടെ അതിരുകളിലേക്ക് തന്‍റെ സ്വാര്‍ത്ഥവാഹകസംഘത്തെ അയയ്ക്കുവാന്‍ രണ്ടുപേര്‍ വീതം പോകണമെന്ന് നിഷ്കര്‍ഷിച്ചു. പ്രായോഗികമായി ചിന്തിക്കുമ്പോള്‍ അതങ്ങനെയല്ല വേണ്ടത്. എഴുപതിടങ്ങളിലേക്കു പോകേണ്ടവര്‍ മുപ്പത്തഞ്ചിടങ്ങളിലേക്കു ചുരുങ്ങുകയാണ്. നേട്ടം, വിജയം എന്നിവയെക്കാള്‍ പ്രധാനമാണ് ഒരാള്‍ക്കു കൂട്ടുണ്ടായിരിക്കുകയെന്നത് എന്ന് ആ തച്ചനറിയാം. ജീവിതത്തിന്‍റെ മുഴുവന്‍ ശ്രദ്ധ കൂട്ടില്ലാത്തവരോടൊപ്പമായിരുന്നു. അങ്ങനെയാണ് ചുങ്കക്കാരുടെയും ഗണികകളുടെയും കൂട്ടുകാരനെന്ന ചീത്തപ്പേരുണ്ടായത്. ഓരോരോ അത്ഭുതങ്ങളുടെ തീര്‍ത്ഥപടവുകളില്‍ ഉപേക്ഷിക്കപ്പെട്ടവരുടെ സങ്കടമതാണെന്നും അയാള്‍ക്കറിയാം. ജലമിളകുമ്പോള്‍ എന്നെ തീര്‍ത്ഥത്തിലേക്കു കൂട്ടിക്കൊണ്ടു പോകുവാന്‍ എനിക്കൊരു സുഹൃത്തില്ല. മടങ്ങിപ്പോകുമ്പോള്‍പ്പോലും ശ്രദ്ധിച്ചതതായിരുന്നു. എല്ലാവരുമുണ്ടായിരുന്നിട്ടും ഇനിമുതല്‍ ഒറ്റയാകാന്‍ പോകുന്ന രണ്ടുപേര്‍. മേരിയും ജോണും. അമ്മയും മകനുമായി അവരെ ജ്ഞാനസ്നാനപ്പെടുത്തുക വഴി സനാതനമായൊരു കൂട്ടിനെ രൂപപ്പെടുത്തി. ചങ്ങാത്തത്തെക്കുറിച്ച് എന്തൊക്കെ സൂചനകളാണ് ക്രിസ്തു നമുക്കുവേണ്ടി കരുതിവയ്ക്കുന്നത്.


അമിതവൈകാരികതകൊണ്ട് നിറം പിടിപ്പിക്കേണ്ട ഒന്നല്ല സൗഹൃദമെന്ന് അവിടുന്ന് കരുതി. പന്ത്രണ്ടുപേരില്‍ മൂന്നുപേര്‍ കുറെക്കൂടി അവനോടു ചേര്‍ന്നുനിന്നതായി കരുതപ്പെടുന്നു. യാക്കോബ്, യോഹന്നാന്‍, പീറ്റര്‍! അതില്‍ യാക്കോബിനും യോഹന്നാനും സദാ അവനോടൊപ്പമായിരിക്കാന്‍ തീവ്രമായ അഭിലാഷമുണ്ട്. അതല്ല പ്രധാനകാര്യമെന്ന മട്ടിലുള്ള ശരീരഭാഷയാണ് യേശുവിന്‍റേത്. ഞാന്‍ കുടിക്കുന്ന പാനപാത്രം കുടിക്കാനാവുമോ, ഞാന്‍ സ്വീകരിക്കുന്ന സ്നാനത്തില്‍ പങ്കുകൊള്ളാനാവുമോ എന്ന ചോദ്യംകൊണ്ട് ക്രിസ്തു പരിണയംപോലെ സൗഹൃദത്തെയും ചോരപൊടിയുന്ന ഉത്തരവാദിത്വമാക്കി. കൗതുകങ്ങള്‍ക്കും കുസൃതികള്‍ക്കും ഒരളവില്‍ കന്നത്തരങ്ങള്‍ക്കും കൂട്ടുപോകുന്ന ചങ്ങാതിപ്പറ്റങ്ങള്‍ക്ക് ഭൂമിയില്‍ പഞ്ഞമൊന്നുമില്ല. എന്നാല്‍, ഓടിക്കേറാന്‍ ഒരു വഴിയോ, ഒരു സത്രമോ ഇല്ലാതെ നിസ്സഹായനായി ഞാന്‍ കൊണ്ട മഴയ്ക്ക് തണുത്തുവിറച്ച് ഇടിമിന്നലുകളെ ഭയക്കാതെ എന്നെ ചേര്‍ത്തുപിടിക്കുന്ന ഒരാള്‍. ആ സൗഭാഗ്യം എത്രപേര്‍ക്കുണ്ടാകും? എവിടെ ജോണ്‍ എന്ന കവിയുടെ നിലവിളിക്ക് ഞാനവന്‍റെ കാവലാളല്ല എന്നുപറഞ്ഞ് ഒഴിയുന്ന ഒരാളും ഇനി ചങ്ങാതിയെന്നപേരില്‍ അഭിസംബോധന ചെയ്യപ്പെടേണ്ടയാളല്ല. ഒരേയപ്പം ഭക്ഷിക്കുന്നയാള്‍ എന്ന അര്‍ത്ഥത്തിലാണ് കംപാനിയന്‍ എന്ന പദംപോലും രൂപപ്പെടുന്നത്. ഏതൊരു വിധിയുടെയും കൂട്ടുയാത്രക്കാരന്‍, എത്ര കയ്ക്കുന്ന പാനപാത്രത്തിലും എന്നോടൊപ്പം ഉണര്‍ന്നിരുന്ന് ഒരിറക്കു കുടിക്കുന്നവന്‍. അവനാണു വരാനുള്ള കൂട്ടുകാരന്‍. അവന്‍റെ ചെരുപ്പിന്‍റെ വാറഴിക്കാന്‍പോലും യോഗ്യതയില്ലാത്ത, ആരവങ്ങളായിമാത്രം അവശേഷിക്കുന്ന നമ്മുടെ വര്‍ത്തമാന ലുത്തിനിയകള്‍.


ഒരേയൊരാളെയാണ് അവന്‍റെ സ്നേഹിതനെന്ന നിലയില്‍ സുവിശേഷം അടയാളപ്പെടുത്തുന്നത്. ഇനിമുതല്‍ ഞാന്‍ നിങ്ങളെ ശിഷ്യരെന്നു വിളിക്കയില്ലെന്നു പറഞ്ഞ് സൗഹൃദത്തിന്‍റെ കോണിപ്പടികള്‍ അവര്‍ക്കു കാണിച്ചുകൊടുക്കുമ്പോള്‍പ്പോലും! ലാസറാണത്, അലഞ്ഞുനടന്നയാളുടെ ഗൃഹസ്ഥനായ ചങ്ങാതി. അയാളുടെ സമാധിയിടത്തിലാണ് യേശു നനഞ്ഞ മിഴികളോടെ നിന്നത്. അയാള്‍ മരിച്ചിട്ടില്ല, ഉറങ്ങുകയാണെന്ന് സൗഹൃദത്തിന്‍റെ ചില അടിസ്ഥാനവിശ്വാസങ്ങളെ അവിടുന്ന് അടയാളപ്പെടുത്തി. ചങ്ങാതി മരിച്ചെന്ന് ലോകം മുഴുവന്‍ പറയുമ്പോള്‍ അയാള്‍ക്ക് മരിക്കാനാവില്ലെന്ന് ലോകത്തോട് ധീരമായി പറയാനൊരാള്‍. ചങ്ങാതിയെങ്ങനെയാണ് മരിക്കുക. ഓരോ അണുവിലും അയാളുടെ സ്നേഹസുഗന്ധമുണ്ടാകുമ്പോള്‍. മരിച്ചുപോയ പലരെയും ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നതിന്‍റെ ബഹുമതി അവരുടെ ചങ്ങാതിമാര്‍ക്ക് അവകാശപ്പെട്ടതാണ്. സര്‍ഗ്ഗാത്മകലോകത്തില്‍നിന്നും അനുദിന ജീവിതത്തില്‍നിന്നും നിങ്ങള്‍ക്ക് അതിന്‍റെ എത്ര സാക്ഷ്യങ്ങളാണ്. അരങ്ങു കാണാത്ത ശരിക്കുമുള്ള നടന്മാര്‍ അവരാണ്. ആ പേരില്‍ തിക്കൊടിയന്‍റെ ആത്മകഥയുണ്ട്. ചങ്ങാതിമാരെ കൈപിടിച്ച് വെള്ളിവെളിച്ചത്തിലേക്ക് കൊണ്ടുവന്നിട്ട് കണ്ണുനിറഞ്ഞ് ഇരുട്ടത്ത് ഇരിക്കുന്നവര്‍. അവരില്ലാതെ നിങ്ങളില്ല. അഗാധമായ സൗഹൃദത്തില്‍നിന്നാണ് ഇന്ന് ലോകം വാഴ്ത്തിപ്പാടുന്ന റൂമിയുണ്ടായത്. തിയോയെന്ന സഹോദരന്‍ അപ്പവും വെള്ളവും മാത്രം ഭക്ഷിച്ച് അരപ്പട്ടിണിയായി പണിയെടുത്തതു കൊണ്ടാണ് വാന്‍ഗോഗ് എന്ന ചിത്രകാരന്‍ ഉണ്ടായത്. കാഫ്കെ എന്ന മനുഷ്യനെ ശ്രദ്ധേയനാക്കിയത് മരണാനന്തരം അദ്ദേഹത്തിന്‍റെ കൃതികള്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച മാക്സ്ബ്രോഡ് എന്ന സ്നേഹിതനായിരുന്നു. മോട്ടോര്‍സൈക്കിള്‍ റാലി ഒന്നു കണ്ടുനോക്കൂ. ചെഗ്വേരെയെ രൂപപ്പെടുത്തിയ യാത്രകളെയും അതിനു കൂട്ടുപോയ ഗ്രനേഡോ എന്ന ചങ്ങാതിയെയും പരിചയമില്ലെങ്കില്‍. യേശുവിന്‍റെ കാര്യത്തില്‍ സ്നേഹിതനെ ഉയിര്‍പ്പിച്ചതായിരുന്നു അവന്‍റെ മരണത്തെ ത്വരിതപ്പെടുത്തിയ ഘടകമെന്നു കൂടി ഓര്‍മ്മിച്ചാല്‍ നല്ലതാണ്. യേശുവെന്ന മണവാളനുവേണ്ടി മണവറത്തോഴനെന്ന് സ്വയം വിശേഷിപ്പിച്ച ഒരാള്‍ കളംകാലിയാക്കി മാറുന്നതു കണ്ടില്ലേ. സ്നാപകയോഹന്നാനാണത്.

സൗഹൃദങ്ങളിലൊക്കെ പൊന്‍വര്‍ണ്ണംകൊണ്ട് എഴുതേണ്ട അമൃതമൊഴികള്‍ അവിടുത്തേതാണ് - സ്നേഹിതര്‍ക്കുവേണ്ടി സ്വന്തം ജീവന്‍ നല്കുന്നതിനെക്കാള്‍ വലിയ സ്നേഹമില്ല. പരസഹസ്രം മനുഷ്യരെ ബലപ്പെടുത്തിയ വാക്കാണത്. അതില്‍ മാക്സിമില്യന്‍ കോള്‍ബെയെപ്പോലെ അക്ഷരാര്‍ത്ഥത്തില്‍ ജീവന്‍ കൊടുത്തവരുണ്ട്. പിന്നെ ചങ്ങാതിക്കുവേണ്ടി ശ്രദ്ധയും കരുതലും അലച്ചിലും കൊടുത്ത നമ്മളുമുണ്ട്. അവന്‍ വളരുന്നതനുസരിച്ച് സ്വയം കുറയണമെന്ന് ശഠിക്കുന്ന നമ്മള്‍.


എല്ലാ ബന്ധങ്ങളുടെയും അവസാന വാക്ക് അതാവണമെന്ന് അവിടുന്ന് ആഗ്രഹിച്ചു. അതുകൊണ്ടാണ് തിരുവത്താഴമേശയില്‍ ഇനിമുതല്‍ ഞാന്‍ നിങ്ങളെ ശിഷ്യരെന്ന് വിളിക്കില്ല, സ്നേഹിതരെന്നു മാത്രമേ വിളിക്കൂ എന്ന് പറഞ്ഞത്. ദാമ്പത്യത്തിലും ഗുരുശിഷ്യബന്ധത്തിലും മാതാപിതാക്കന്മാര്‍ക്കും മക്കള്‍ക്കുമിടയിലൊക്കെ അത്തരമൊരു സാധ്യത ഇനിയും പരിശോധിക്കപ്പെടാതെ നിലനില്‍ക്കുന്നുണ്ട്. ഓര്‍ക്കുന്നു, ഒരൊമ്പതാംക്ലാസ്സുകാരന്‍ കുട്ടിയെ. ജോലി കഴിഞ്ഞെത്തിയ അവന്‍റെ അപ്പന്‍ അവനോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു. കുറച്ച് നേരത്തെ നിശ്ശബ്ദതയ്ക്കുശേഷം അയാള്‍ ഇങ്ങനെ പറഞ്ഞു തുടങ്ങി. എനിക്കൊരു പ്രതിസന്ധിയുണ്ട്. അതിനെക്കുറിച്ച് നിന്‍റെ അഭിപ്രായമെന്താണ്? ആ നിമിഷത്തിലാണ് ആ പതിമൂന്ന് വയസ്സുകാരന്‍ കുട്ടി മുതിര്‍ന്നത്. ഇനി മുതല്‍ അവര്‍ക്കിടയില്‍ രഹസ്യങ്ങളില്ല. ആരോടാണോ സ്വന്തം ഹൃദയരഹസ്യങ്ങള്‍ നിങ്ങള്‍ വെളിപ്പെടുത്തുന്നത് അവരാണ് സ്നേഹിതര്‍. യേശു അത്താഴമേശയിലെ ഉടമ്പടിയില്‍നിന്ന് പിന്നോട്ട് പോയില്ല. അവരിലൊരാള്‍ കൊടുംചതിയുടെ ചുംബനവുമായി തിരിഞ്ഞുവന്നപ്പോള്‍ പോലും.


സ്ത്രീപുരുഷ സൗഹൃദങ്ങളെ അനുഭാവമില്ലാതെ കാണുന്ന കെട്ട കാലമാണിത്. നിഷ്കളങ്കവും സുഗന്ധപൂരിതവുമായ അത്തരം സൗഹൃദങ്ങള്‍ ഭൂമിയില്‍ എല്ലായിടത്തുമുണ്ട്. നോക്കണം, നിറയെ വെള്ളപ്പൂക്കള്‍ വിരിഞ്ഞ വഴികളിലൂടെ ഫ്രാന്‍സിസ് ക്ലാരയെ കാണാന്‍ പോകുന്നത്. യേശുവാണ് മാതൃക. തന്‍റെ സ്നേഹിതകളുമൊത്ത് പൊതുവിടങ്ങളില്‍ വ്യാപരിക്കുവാന്‍ ധൈര്യപ്പെട്ടു ആ ചെറുപ്പക്കാരന്‍. ഇന്ദ്രിയങ്ങളുടെ തൊട്ടിയോ ചരടോ ഇല്ലാതെ സ്നേഹിതകളുടെ ജീവിതത്തെ സര്‍ഗ്ഗാത്മകമായി പ്രകാശിപ്പിച്ചവന്‍...


അയാളില്ലാതെ പോകുമ്പോള്‍ പിന്നെ നിങ്ങളില്ല. ഉറ്റചങ്ങാതിമാര്‍ കൈവിട്ട് പോകുമ്പോള്‍ വാദ്യോപകരണങ്ങളുടെ തന്ത്രി പൊട്ടിച്ചുകളയുന്ന ഒരു രീതി ജപ്പാനിലുണ്ട്. അതിനാധാരമായി കുറെ കഥകളുമുണ്ട്. അയാളില്ലെങ്കില്‍ പിന്നെ ഞാന്‍ ആര്‍ക്കുവേണ്ടി, എന്തിനുവേണ്ടി പാടണം? ദാവീദ് ജോനാഥന്‍റെ മരണത്തില്‍ വിലപിച്ചതുപോലെ... സോദരാ, ജോനാഥാ, നിന്നെയൊര്‍ത്ത് ഞാന്‍ ദുഃഖിക്കുന്നു. നീയെനിക്ക് അതീവവത്സലനായിരുന്നു. എന്നോടുള്ള നിന്‍റെ സ്നേഹം സ്ത്രീകളുടെ പ്രേമത്തെക്കാള്‍ അഗാധമായിരുന്നു(2 സാമു. 26).

Featured Posts

bottom of page