top of page

വാട്സാപ്പില്‍ കിട്ടിയ ഒരു കഥ ഏകദേശം ഇങ്ങനെയാണ്: ഒരാള്‍ പള്ളിയില്‍ പോകുന്നു. കുര്‍ബാനക്കിടയില്‍ അയാളുടെ ഫോണ്‍ ശബ്ദിക്കുന്നു. തുടര്‍ന്ന് അയാള്‍ പള്ളിയില്‍ നിന്നു പുറത്താക്കപ്പെടുന്നു. അയാള്‍ അപ്പോള്‍ കള്ളുഷാപ്പിലേക്കു ചെല്ലുന്നു. അവിടെവച്ച് അയാളുടെ കൈയില്‍നിന്നു ഗ്ലാസ് വീണു പൊട്ടുന്നു. ഉടനെ ഷാപ്പു ജോലിക്കാര്‍ വന്ന് അയാളെ ആശ്വസിപ്പിക്കുകയും മറ്റൊരു ഗ്ലാസ് മേശയിലെത്തിക്കുകയും ചെയ്യുന്നു. അന്നുമുതല്‍ അയാള്‍ പള്ളിയില്‍ പോക്ക് നിര്‍ത്തിയിട്ട് ഷാപ്പില്‍ പോക്കു തുടങ്ങുന്നു.
കഥയുടെ സന്ദേശം വ്യക്തമാണ്: കരുണയുടെ ഇടങ്ങളാകണം എല്ലായിടവും. മനുഷ്യന്‍ അടിമുടി മാറുന്നത് ഉപദേശം കൊണ്ടല്ല, അലിവുള്ള സ്പര്‍ശം കൊണ്ടാണ്. പക്ഷേ, പള്ളിയില്‍ പോകുന്ന എല്ലാവരും കല്ലു മനസ്സുള്ളവരാണെന്നും ഷാപ്പില്‍ പോകുന്ന എല്ലാവരും നല്ല മനസ്സുള്ളവരാണെന്നും, അതുകൊണ്ട് പള്ളിയില്‍ പോകുന്നതു നിര്‍ത്തിയിട്ട് ഷാപ്പിലേക്കാണ് ഇനി ആളുകള്‍ പോകേണ്ടതെന്നും, പള്ളിക്കു പകരം നാട്ടില്‍ വേണ്ടത് ഷാപ്പാണെന്നും കഥ പഠിപ്പിക്കുന്നു എന്നു കരുതാനാകില്ലല്ലോ. അത്തരം നിഗമനങ്ങള്‍ കഥയുടെ സന്ദേശത്തെ വെറുതെ വലിച്ചുനീട്ടലാണ്. കഥാകൃത്തിനേക്കാള്‍ അറിവ് വ്യാഖ്യാതാവിനുണ്ടെന്ന് സ്വയമങ്ങു വിചാരിക്കുന്നതുകൊണ്ട് സംഭവിക്കുന്നതാണ് അത ്.
നാമിവിടെ പരിഗണിക്കുന്ന മുന്തിരിത്തോട്ടത്തിലെ ജോലിക്കാരുടെ ഉപമയ്ക്കും (മത്തായി 20:1-16) മേല്‍പറഞ്ഞത് ബാധകമാണ്. അലസതയെ പ്രോത്സാഹിപ്പിക്കണമെന്നോ പണിയെടുത്തില്ലെങ്കിലും കൂലി കൊടുക്കണമെന്നോ അല്ല ഈ ഉപമ പറയാന്‍ ശ്രമിക്കുന്നത്. കഥ പറഞ്ഞവന്‍ കഥയ്ക്കു ചുറ്റും കെട്ടിവച്ച വേലി പൊളിച്ചു നീക്കുന്നത് കഥയോടും കഥാകൃത്തിനോടും ചെയ്യുന്ന അനീതിയാണ്.
അക്കാലത്തെ പല നടപ്പുരീതികളും ഈ ഉപമയില്‍ പ്രതിഫലിക്കുന്നുണ്ട്. അന്നാട്ടില്‍ അക്കാലത്ത് തൊഴില്‍സമയം പന്ത്രണ്ടു മണിക്കൂറാണ്. ("സൂര്യനുദിക്കുമ്പോള്‍ മനുഷ്യന്‍ വേലയ്ക്കിറങ്ങുന്നു; സന്ധ്യയോളം അവന്‍ അധ്വാനിക്കുന്നു" എന്ന് സങ്കീ. 104:23.) പണിക്കാരൊക്കെ അങ്ങേയറ്റം ദരിദ്രരായതുകൊണ്ട് അന്നന്നത്തെ കൂലി അന്നന്നു തന്നെ കൊടുക്കണമെന്നതു കര്‍ക്കശമായ നിയമമായിരുന്നു. ("കൂലിക്കാരനു വേതനം നല്‍കാന്‍ പിറ്റേന്നു രാവിലെവരെ കാത്തിരിക്കരുതെ"ന്നു ലേവ്യര്‍ 19:13. "കൂലിക്കാരന്‍റെ കൂലി അന്നന്നു സൂര്യനസ്തമിക്കുന്നതിനുമുമ്പ് കൊടുക്കണ"മെന്നു നിയമാവര്‍ത്തനം 24:15.) ചന്തയില്‍നിന്ന് പണിക്കാരെ പണിക്കു വിളിക്കുന്ന രീതി ഇന്നുള്ളതു പോലെ അന്നുമുണ്ടായിരുന്നു. ഇത്തരം കാര്യങ്ങളൊക്കെ യേശുവിന്‍റെ ഉപമയുടെ ചേരുവകളാണ്. എന്നാല്‍, ഉപമയിലെ വീട്ടുടമസ്ഥന്‍ ദിവസത്തില്‍ പല സമയത്ത് കൂലിക്കാരെ വിളിച്ചുകൊണ്ടു വരുന്നത് (ഉപമയിലെ സമയങ്ങള്‍ പുലര്‍കാലം, മൂന്ന്, ആറ്, ഒന്‍പത്, പതിനൊന്ന് മണിക്കൂറുകളാണല്ലോ. അതു നമ്മുടെ സമയക്രമത്തില്‍ പറഞ്ഞാല്‍ യഥാക്രമം പുലര്‍കാലം, രാവിലെ ഒന്‍പതുമണി, ഉച്ചനേരം, ഉച്ചകഴിഞ്ഞ് മൂന്നുമണി, വൈകിട്ട് അഞ്ചുമണി എന്നിവയാണ്) അങ്ങേയറ്റം അയഥാര്‍ത്ഥമാണ്; അതേസമയം കഥയിലെ ഉദ്വേഗം നിലനിര്‍ത്താന്‍ അവശ്യം വേണ്ടതുമാണ്. വീട്ടുടമസ്ഥന്‍ ചന്തസ്ഥലത്തുനിന്ന് പിന്നീടു വിളിച്ചുകൊണ്ടുവന്നവരെ എന്തുകൊണ്ട് ആദ്യമേതന്നെ കണ്ടില്ല എന്ന ചോദ്യം ഉപമയെ ഒരു യഥാര്‍ത്ഥ സംഭവമായി പരിഗ ണിക്കുന്നതുകൊണ്ടുമാത്രം ഉന്നയിക്കപ്പെടുന്നതാണ്. മത്താ. 20:1-16 - ലുള്ളത് യേശു പറഞ്ഞ കഥയാണ്; ഏതോ വീട്ടുടമസ്ഥന്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച് യേശു നടത്തിയ ദൃക്സാക്ഷിവിവരണമല്ല.
സെന്‍റ് ഇറനേവുസിന്‍റെ വ്യാഖ്യാനപ്രകാരം, ഉടമസ്ഥന്‍ കൂലിക്കാരെ അഞ്ചു തവണ വിളിക്കാന്‍ പോയതു സൂചിപ്പിക്കുന്നത് രക്ഷാകരചരിത്രത്തില്‍ ദൈവം ഇടപെട്ട അഞ്ചു കാലങ്ങളെയാണ്: ആദാം മുതല്‍ നോഹ വരെ, നോഹ മുതല്‍ അബ്രാഹം വരെ, അബ്രാഹം മുതല്‍ മോശ വരെ, മോശ മുതല്‍ യേശുവരെ, യേശു മുതല്‍ വര്‍ത്തമാനകാലം വരെ. മുന്തിരിത്തോട്ടത്തിലേക്കുള്ള അഞ്ചു ക്ഷണങ്ങള്‍ മാനസാന്തരപ്പെട്ട് തിരിച്ചുവരാനുള്ള മനുഷ്യജീവിതത്തിലെ അഞ്ചുഘട്ടങ്ങളെ സൂചിപ്പി ക്കുന്നു എന്ന രീതിയിലും ഈയുപമ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ശൈശവം, കൗമാരം, യൗവനം, വാര്‍ദ്ധക്യം, മരണസമയം എന്നിവയാണ് ആ ഘട്ടങ്ങള്‍. നല്ല കള്ളന്‍റെ കാര്യത്തില്‍ സംഭവിച്ചതുപോലെ അവസാന നിമിഷത്തില്‍ സംഭവിക്കുന്ന മാനസാ ന്തരംകൊണ്ടുപോലും രക്ഷ പ്രാപിക്കാനാകുമെന്നതാണ് ഉപമയുടെ പാഠമെന്നു സമര്‍ത്ഥിക്കപ്പെട്ടു. നാം കണ്ട ഈ രണ്ടു വ്യാഖ്യാനങ്ങളിലും ഉപമയിലെ ദനാറ നിത്യജീവന്‍റെ പ്രതീകമാണ്. ഉപമ (parable) എന്ന സാഹിത്യ രൂപത്തെ അന്തരാര്‍ത്ഥ കഥയായി (allegory) തെറ്റിദ്ധരിച്ചതു കൊണ്ടു സംഭവിച്ചതാണ് ഇത്തരം വ്യാഖ്യാനങ്ങള്‍. കേള്‍വിക്കാരില്‍ ഉദ്വേഗം നിലനിര്‍ത്താന്‍ വേണ്ടി മാത്രമാണ് യേശു ഉടമസ്ഥനെക്കൊണ്ട് അഞ്ചു തവണയായി കൂലിക്കാരെ വിളിപ്പിക്കുന്നത്. (അതു നാലോ മൂന്നോ രണ്ടോ തവണയായി ചുരുക്കിയാലും കഥയുടെ സന്ദേശത്തിന് ഒരു കോട്ടവും തട്ടില്ലെന്നു സാരം.)
ദൈവത്തിന്‍റെ കരുണയെക്കുറിച്ചും കൃപയെക്കുറിച്ചും പഠിപ്പിക്കുക എന്നതാണ് ഉപമയുടെ ലക്ഷ്യമെന്ന രീതിയിലുള്ള വ്യാഖ്യാനങ്ങളും ഇവിടെ ഉണ്ടായി. അതായിരുന്നു ഉപമയുടെ ഉദ്ദേശ്യമെങ്കില്‍ ഉടമസ്ഥന്‍ കൊടുക്കേണ്ട കൂലി, കൊടുത്ത കൂലിയുടെ നൂറുമടങ്ങെങ്കിലും ആക്കാമായിരുന്നു യേശുവിന്. (മത്തായി 18-ല്‍ പതിനായിരം താലന്ത് എഴുതിത്തള്ളിയ രാജാവിന്‍റെ കഥയുണ്ട്. എന്നുവച്ചാല്‍ ആറുകോടി ദനാറ. ദൈവത്തിന്‍റെ കരുണയെ കാണിക്കാന്‍ അതിശയോക്തിയില്‍ സംസാരിക്കുന്ന ശീലമുള്ളയാളാണ് യേശു. എന്നിട്ടും നമ്മുടെ കഥയില്‍ ഒരു ദനാറയുടെ കണക്കാണ് കാണുന്നത്.) ഒരു ദനാറയെന്നത് അക്കാലത്തെ ഏറ്റവും കുറവ് ദിവസക്കൂലിയാണെന്ന് അക്കാലത്തെ റോമന്‍ ചരിത്രകാരന്‍ റ്റാസിറ്റസ് തന്‍റെ 'അനല്‍സി'ല്‍ കുറിച്ചിട്ടുണ്ട്. ഒരു ദിവസം പട്ടിണിയില്ലാതെ ഒരാള്‍ക്കു ജീവിക്കാന്‍ വേണ്ടിയിരുന്നത് അര ദനാറയാണ്. ഇരു നൂറു ദനാറയ്ക്കു താഴെ വാര്‍ഷിക വരുമാനമു ള്ളവരെയാണ് അക്കാലത്ത് ദരിദ്രരായി പരിഗണി ച്ചിരുന്നത്. അതിനര്‍ത്ഥം, ഉപമയിലെ ഉടമസ്ഥന്‍ അക്കാലത്തെ ഏറ്റവും ചെറിയ കൂലിക്കാണ് തൊഴിലാളികളെ പണിയിപ്പിച്ചത് എന്നാണല്ലോ. കണക്കുവയ്ക്കാതെ കരുണ കാണിക്കുന്ന ദൈവത്തെ അത്തരമൊരു കഥാപാത്രം പ്രതിനിധീരിക്കുന്നു എന്നു കരുതുന്നതില്‍ അനൗചിത്യമുണ്ട്.
ഏതു പശ്ചാത്തലത്തിലാണ് ഉപമ പറയപ്പെട്ടത് എന്നതു ശ്രദ്ധിച്ചാലേ ഉപമയുടെ മര്‍മത്തെ നമുക്കു തൊടാനാകൂ. മത്താ.19:13 മുതലുള്ള വചനഭാഗം പഠിപ്പിക്കുന്നത്, ദൈവരാജ്യം ശിശുതുല്യര്‍ക്കുള്ളതാണെന്നാണ്. 19:16 മുതലുള്ള ഭാഗം പഠിപ്പിക്കുന്നത്, ദൈവരാജ്യത്തില്‍ പ്രവേശിക്കാന്‍ സമ്പന്നര്‍ നന്നായിട്ട് ക്ലേശിക്കുമെന്നാണ്. ഇതിനെ തുടര്‍ ന്നാണ് നമ്മുടെ ഉപമ വരുന്നത്. തൊട്ടടുത്ത വചന ഭാഗം (20:20 മുതലുള്ളത്) അധികാരവും ശിഷ്യ ത്വവും വിപരീത ധ്രുവങ്ങളിലാണെന്ന് പ്രഖ്യാപിക്കുന്നു. അതായത്, മത്താ.19:13-20:34 ല്‍ യേശുവിന്‍റെ പഠിപ്പിക്കലുകളും ചെയ്തികളും ചേര്‍ത്തു വച്ച് സുവിശേഷകന്‍ സ്ഥാപിക്കുന്നത്, ലോകത്തിന്‍റെ മൂല്യക്രമത്തെ ദൈവരാജ്യത്തിന്‍റെ മൂല്യക്രമം കീഴ്മേല്‍ മറിക്കുന്നുവെന്നാണല്ലോ.
ഉപമയുടെ തൊട്ടുമുമ്പും തൊട്ടുപിമ്പും കാണുന്ന, ഉപമയെ ബ്രാക്കറ്റു ചെയ്ത് വേര്‍തിരിച്ചു നിര്‍ത്തുന്ന വാക്യവും ദൈവരാജ്യത്തിലെ കീഴ്മേല്‍ മറിച്ചിലിനെക്കുറിച്ചുള്ളതാണ് ("മുമ്പന്മാര്‍ പിമ്പന്മാരും പിമ്പന്മാര്‍ മുമ്പന്മാരുമാകും" മത്താ. 19:30 & 20:26). ഉപമയുടെ കേന്ദ്രപ്രമേയം ദൈവരാജ്യമാ ണെന്ന് ഉപമയുടെ ആരംഭത്തില്‍തന്നെ സുവിശേഷകന്‍ പറയുന്നുമുണ്ട് (മത്താ. 20:1). അപ്പോള്‍ ഉപമയിലൂടെ യേശു ഉന്നംവയ്ക്കുന്നത് ദൈവരാജ്യത്തില്‍ സംഭവിക്കുന്ന തകിടം മറിക്കലിനെയാണ്.
മത്തായി 19:23, 20:17 എന്നീ വാക്യങ്ങളില്‍നിന്ന് യേശുവിന്‍റെ ശ്രോതാക്കള്‍ ശിഷ്യന്മാരാണെന്നു വ്യക്തമാണ്. ഈ ശിഷ്യന്മാരെക്കുറിച്ചുള്ള ഒരേക ദേശ ധാരണ, നമ്മുടെ ഉപമയുടെ സമീപത്തുള്ള വചനഭാഗങ്ങളില്‍നിന്നു നമുക്കു കിട്ടുന്നുണ്ട്. മത്താ. 18:1-ല്‍ സ്വര്‍ഗരാജ്യത്തിലെ വലിയവന്‍ ആരാണെന്ന് ശിഷ്യന്മാര്‍ ചോദിക്കുന്നുണ്ട്. മത്താ. 20:20-28 ല്‍ സ്വര്‍ഗരാജ്യത്തിലെ കസേരകള്‍ക്കു വേണ്ടി മോഹിക്കുന്ന ശിഷ്യന്മാരെ നമുക്കു കാണാം. മത്താ. 23 - ല്‍ നെറ്റിപ്പട്ടകള്‍ക്കു വീതിയും അങ്കിക ള്‍ക്കു തൊങ്ങലുകളും വയ്ക്കുന്ന ഫരിസേയരുടെ നേര്‍വിപരീതമാകണം ക്രിസ്തുശിഷ്യരെന്നും അവരുടെ ഒരേയൊരു വിളിപ്പേര് നേതാവോ ഗുരുവോ പിതാവോ എന്നല്ല, ശുശ്രൂഷകനെന്നായിരിക്കണം എന്നുമാണ് ശിഷ്യര്‍ക്കുള്ള അവന്‍റെ പാഠം. ഇവയില്‍നിന്നൊക്കെ നമുക്കു മനസ്സിലാകു ന്നത് പരസ്പരം താരതമ്യങ്ങളും മത്സരങ്ങളും ഉള്ള ഒരു കൂട്ടമായിരുന്നിരിക്കണം ശിഷ്യസമൂഹം എന്നാണല്ലോ. ഈ ശിഷ്യസമൂഹത്തിനുള്ള പാഠമാണ് ഉപമയുടെ ഫോക്കസ്.
മത്തായി 19:27-ല്‍ ശിഷ്യന്മാര്‍ക്ക് യേശു ദൈവ രാജ്യം വാഗ്ദാനം ചെയ്യുന്നുണ്ട്. അതു പക്ഷേ, ഏതെങ്കിലും പ്രത്യേക പദവിയോ മേലാളമനോഭാവമോ അവര്‍ക്ക് അനുവദിച്ചുകൊടുക്കു ന്നുണ്ടോ? ഇല്ലെന്നുതന്നെയാണ് നമ്മുടെ ഉപമ ശിഷ്യന്മാരെ (ഒപ്പം നമ്മെയും) പഠിപ്പിക്കുന്നത്. എത്ര മണിക്കൂര്‍, എത്ര നന്നായി പണിയെടുത്തു എന്നതിനെ അടിസ്ഥാനമാക്കിയുളള റാങ്കിംഗ് പരിപാടി ദൈവരാജ്യത്തില്‍ ഉണ്ടാകില്ല. പന്ത്രണ്ടു മണിക്കൂര്‍ പണിയെടുത്തവനും അയാളുടെ പന്ത്രണ്ടിലൊന്നുമാത്രം പണിയെടുത്തവനും ഒരേപോലെ പരിഗണിക്കപ്പെടുന്ന ദൈവരാജ്യത്തില്‍ താരതമ്യത്തിന്‍റെ, സ്ട്രാറ്റിഫിക്കേഷന്‍റെ എല്ലാ പ്രസക്തിയും റദ്ദു ചെയ്യപ്പെടുകയാണ്.
ഉപമയിലെ 15-ാം വാക്യത്തിന്‍റെ മൂലഭാഷാ വിവര്‍ത്തനം ഇങ്ങനെയാണ്: "ഞാന്‍ നല്ലവനായതു കൊണ്ട് നിന്‍റെ കണ്ണ് എന്തിനു ദുഷിച്ചതാകുന്നു?" 'ദുഷിച്ച കണ്ണ്' എന്ന പ്രയോഗം അസൂയയെക്കുറിക്കാനാണു പൊതുവേ ഉപയോഗിക്കുന്നത്. "അസൂയാലുവിന്‍റെ കണ്ണ് കുടിലമാണ്; അവന്‍ മറ്റുള്ളവരെ അവഗണിച്ച് മുഖം തിരിച്ചുകളയുന്നു" (പ്രഭാഷകന്‍ 14:8). "ദയാദൃഷ്ടിയുള്ളവന്‍ അനുഗൃഹീതനാകും; എന്തെന്നാല്‍ അവന്‍ തന്‍റെ ആഹാരം ദരിദ്രരുമായി പങ്കുവയ്ക്കുന്നു" (സുഭാഷിതം 22:9). അപരനെതിരേ തിരിക്കുന്ന കണ്ണുകള്‍ കുടിലതയു ള്ളതും അല്ലാത്തത് ദയയുള്ളതുമാണ് എന്നത് ഈ രണ്ടു വാക്യങ്ങളില്‍നിന്നു വ്യക്തമാണല്ലോ. അവസാനം വന്ന കൂലിക്കാര്‍ക്കു കൊടുത്ത വേതനത്തില്‍ പ്രശ്നം കാണുന്നത് കുടിലത നിറഞ്ഞ കണ്ണും അസൂയയും മത്സരവും നിറഞ്ഞ മനസ്സും ഉള്ളവരാണ്. അവര്‍ക്കിടയിലെ താരതമ്യം കൊണ്ടുമാത്രം സംഭവിക്കുന്ന പ്രശ്നമാണിത്. ഇവയെയൊക്കെ ഉപമ അപ്പാടെ തള്ളിക്കളയുന്നു.
നല്ലവനായ ഒരു മനുഷ്യന്‍, തന്‍റെ കാരുണ്യം കൊണ്ട്, ഒരു ദരിദ്രന് നീതിയുടെ അതിര്‍വരയ്ക്കപ്പു റത്ത് എന്തെങ്കിലും ചെയ്തുകൊടുത്താല്‍, അതിനെ ചോദ്യംചെയ്യാന്‍ നമുക്ക് അവകാശമില്ലാത്തതു പോലെതന്നെ, ദൈവത്തിന്‍റെ കരുണയെ നമ്മുടെ കണക്കുകൂട്ടലുകള്‍ കൊണ്ടോ, മത്സരബുദ്ധിയുള്ള മനസ്സുകൊണ്ടോ, അസൂയ നിറഞ്ഞ കണ്ണുകള്‍ കൊണ്ടോ വിലയിരുത്തുന്നതിനെ ഉപമ വിമര്‍ശിച്ചു തള്ളുകയാണ്. 'സ്നേഹിതാ' എന്ന ഉടമസ്ഥന്‍റെ പ്രയോഗം (20:13) അതാണു സൂചിപ്പിക്കുന്നത്. മത്താ. 22:12-ലും 26:50-ലും 'സ്നേഹിതാ' എന്നത് നെഗറ്റീവ് അര്‍ത്ഥത്തിലാണ് പ്രയോഗിക്കപ്പെട്ടിരിക്കു ന്നത്. (വിവാഹവസ്ത്രം ധരിക്കാത്തതിന്‍റെ പേരില്‍ വിവാഹവിരുന്നില്‍നിന്ന് പുറത്താക്കപ്പെടുന്നവനെ രാജാവ് അഭിസംബോധന ചെയ്യുന്നത് 'സ്നേഹിതാ' എന്നാണ്. ചുംബിച്ചു വഞ്ചിച്ച യൂദാസിനെ യേശു വിളിക്കുന്നതും 'സ്നേഹിതാ' എന്നാണ്.)
താരതമ്യങ്ങളും അതില്‍ നിന്നുളവാകുന്ന മത്സരങ്ങളും യേശു ഉപമയിലൂടെ അടിമുടി നിരാകരിക്കുകയാണ്. യഹൂദനും ഗ്രീക്കുകാരനും അവന്‍റെ രാജ്യത്തില്‍ തുല്യരാണ്. നസ്രാണി ക്രിസ്ത്യാനിക്കും പുതുക്രിസ്ത്യാനിക്കും അവന്‍റെ തീന്‍മേശയില്‍ ഒരേ സ്ഥാനമാണുള്ളത്. കുടിലത നിറഞ്ഞ കണ്ണുകളുള്ള, പരസ്പര താരതമ്യത്തി ലൂടെ അസ്വസ്ഥത മെനയുന്ന വ്യക്തികള്‍ക്ക് അവന്‍റെ രാജ്യത്തില്‍ ഇടമുണ്ടാകില്ല. അബ്രാഹത്തിന്‍റെയും ഇസഹാക്കിന്‍റെയും യാക്കോബിന്‍റെയും ഒപ്പം ഒരു കള്ളനും ക്രിസ്തുവിന്‍റെ രാജ്യത്തില്‍ വിരുന്നിനിരിക്കുന്നുണ്ടെന്ന് സത്യമായും നമുക്കു വിശ്വസിക്കാന്‍ പറ്റുമോ?
Featured Posts
Recent Posts
bottom of page