top of page

പൂ.ദ.വി

Jan 13, 2020

5 min read

ഫാ. ജോസ് വെട്ടിക്കാട്ട്

a bird is flying from the nest

ഒരു ശവസംസ്ക്കാര ശുശ്രൂഷയുടെ സിമിത്തേരിയിലെ കര്‍മ്മങ്ങളുടെ അവസാനഭാഗമായപ്പോളേയ്ക്കും മഴചാറിത്തുടങ്ങിയിരുന്നു. കുട കരുതാഞ്ഞതുകൊണ്ടു നനഞ്ഞാണു പള്ളിമുറിയിലെത്തിയത്. ഒരുകപ്പു കാപ്പിയുംകുടിച്ചു വണ്ടിക്കടുത്തേയ്ക്കു പോകാനൊരുങ്ങിയപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ കുടയുമായിട്ട് ഓടിവന്നു. കണ്ടിട്ടു ചെറിയൊരു മുഖപരിചയം.

"അച്ചന്‍ ഭരണങ്ങാനത്തുണ്ടായിരുന്നപ്പോള്‍ ഞാന്‍ സെമിനാരീലുണ്ടായിരുന്നതാ. ഫിലോസഫി കഴിഞ്ഞു ഞാന്‍ തിരിച്ചുപോന്നു."

"ഓ, എനിക്കിയാളെ എനിക്കോര്‍മ്മവരുന്നുണ്ട്. ഇതാണോ തന്‍റെ ഇടവക?"

"അല്ലച്ചാ, വൈഫിന്‍റെ റ്റീച്ചറായിരുന്നു ഈ മരിച്ച അമ്മച്ചി. അച്ചനെന്നെ ശരിക്കും ഓര്‍ക്കുന്നില്ലെങ്കില്‍ ഒരു സംഭവംപറഞ്ഞാല്‍ അച്ചനെന്നെ ഓര്‍മ്മവരും. ഒരിക്കല്‍ ഒരു കുരുത്തക്കേടു കാണിച്ചതിന് അച്ചനെനിക്കിട്ടുവടിയില്ലാതെതന്ന അടി, അതോടെയാ ഞാന്‍ നന്നാകാന്‍ തീരുമാനിച്ചത്. അതുകൊണ്ട് ഒരിക്കലും എനിക്കതു മറക്കാന്‍ പറ്റത്തില്ല. അച്ചനാ സംഭവം മറന്നുകാണും. ഒരുദിവസം ആശ്രമത്തിന്‍റെ വരാന്ത അടിച്ചു വൃത്തിയാക്കാനുള്ള ഡ്യൂട്ടി കിട്ടിയത് എനിക്കാരുന്നു. വരാന്തയിലെ പൊടിമാത്രം അടിച്ചു മുറ്റത്തുകളയാം, ബാക്കിയെല്ലാം തൂത്തുകൂട്ടി വാരിക്കളയണം എന്നായിരുന്നു ഓര്‍ഡര്‍. നീണ്ട വരാന്തയില്‍ ഏതാണ്ടെല്ലാം കിടപ്പുണ്ടായിരുന്നു. അവിടെയെങ്ങും ആരുമില്ലായിരുന്നു. ആരുംകാണുന്നില്ലെന്നുറപ്പായിരുന്നതുകൊണ്ട് ഓരോമുറീടേം വാതില്‍ക്കലുണ്ടായിരുന്ന കയറ്റുപായ പൊക്കി അതിനടിയിലേയ്ക്കു ചുറ്റുമുണ്ടായിരുന്നതൊക്കെ ഞാനടിച്ചുകയറ്റി, പെട്ടെന്നു പണിതീര്‍ത്തു. പോകാന്‍ തിരിഞ്ഞപ്പോള്‍ എവിടെന്നെത്തിയെന്നറിയില്ല, അച്ചനുണ്ടു പുറകില്‍. എന്‍റെ കൈയ്യില്‍ ചൂലും, വെറും കാലിപ്ലാസ്റ്റിക് കുട്ടയും. എന്‍റെ അഭ്യാസം അച്ചനു മനസ്സിലായി. അടുത്തുകിടന്ന കയറ്റുപായ പൊക്കാന്‍ അച്ചനെന്നോടു പറഞ്ഞു. മടിച്ചുമടിച്ചു ഞാനതുപൊക്കി, അടുത്തതും പൊക്കാന്‍പറഞ്ഞു അതുംപൊക്കി. നാണംകെട്ടുനിന്ന എന്നോട് അച്ചനന്നു പറഞ്ഞതു മറക്കത്തില്ല:

'ഇവിടെ ഇതുകൊണ്ടൊക്കെ നീ രക്ഷപെടും. പക്ഷേ, എങ്ങാനും നീ കപ്പൂച്ചിന്‍സഭേന്നു ചാടിപ്പോയി വല്ല പെണ്ണുംകെട്ടാനിടയായാല്‍, ആ പെണ്ണിന്‍റെ കാര്യമായിരിക്കും കഷ്ടം. ആ ചൂലും കൊട്ടയും അവിടെവച്ചിട്ടു നീ പൊയ്ക്കോ.'

അന്നു ഞാന്‍ സോറി പറഞ്ഞ് വീണ്ടും അടിച്ചുവാരാമെന്നു പലപ്രാവശ്യം പറഞ്ഞിട്ടും അച്ചന്‍ എന്നെക്കൊണ്ടതു ചെയ്യിച്ചില്ല. എന്നോടു പൊയ്ക്കോളാന്‍ പറഞ്ഞിട്ട്, അച്ചന്‍തന്നെ ഒരറ്റംമുതല്‍ ഓരോ കയറ്റുപായും എടുത്തുമാറ്റി, വരാന്തമുഴുവന്‍ അടിച്ചുവാരി. അതില്‍പിന്നെ അച്ചന്‍റെ മുമ്പില്‍ നേരെനില്‍ക്കുന്നത് ഇന്നാണ്. കഴിഞ്ഞവര്‍ഷത്തെ ഇടവകദിനത്തിന്, എന്‍റെ ഇടവകയിലെ മാതൃകാ കുടുംബനാഥനായിട്ടു വികാരിയച്ചന്‍ ആദരിച്ചത് എന്നെയാ. അതിനുകാരണം അച്ചന്‍റെ അന്നത്തെ ആ പ്രയോഗമായിരുന്നു."

ആ സംഭവം ഓര്‍മ്മയിലുണ്ടായിരുന്നെങ്കിലും, ഇവനായിരുന്നു അന്നത്തെ പ്രതി എന്നുള്ളത് പാടെ മറന്നുപോയിരുന്നു.

"സത്യത്തില്‍ അതു നിന്നെ കൊണംപിടിപ്പിക്കാനൊന്നും ചെയ്തതൊന്നുമല്ലായിരുന്നു. എന്‍റെ അരിശംതീര്‍ത്തതായിരുന്നു. എന്തായാലും ആ മരുന്നു ഫലിച്ചൂന്നു പറയാന്‍ കണ്ടപ്പോള്‍ ഓടി വന്നതില്‍ സന്തോഷം. കൈയ്യില്‍ കുടയുണ്ടല്ലോ, എന്നെ വണ്ടിയുടെ അടുത്തൊന്നെത്തിച്ചാല്‍ ഉപകാരമായി."

"അച്ചാ, ഒരു സംശയം ചോദിക്കാനുംകൂടിയാണു ഞാനോടിവന്നത്. രോഗപീഡനങ്ങള്‍ യാതൊരു പരാതികളുമില്ലാതെ സഹിച്ച ഈ അമ്മച്ചിക്ക് ഇനിയും ദോഷപൊറുതീം ദണ്ഡവിമോചനവും ഒന്നും കാത്തിരിക്കേണ്ടിവരത്തില്ല, കര്‍ത്താവിന്‍റെയടുത്തെത്തി എന്നുതന്നെ നമുക്കുവിശ്വസിക്കാം എന്നച്ചന്‍ പ്രസംഗത്തില്‍ പറഞ്ഞില്ലേ. ഞാനെന്‍റെ ഇടവകയിലെ സണ്‍ഡേസ്കൂള്‍ ഹെഡ്മാസ്റ്ററാണ്. 'ദണ്ഡവിമോചനം' എന്താണെന്നു പത്താംക്ലാസ്സിലെ ഒരുകുട്ടി ചോദിച്ചസംശയവുമായി ആ ക്ലാസ്സില്‍ പഠിപ്പിക്കുന്ന റ്റീച്ചര്‍ എന്‍റടുത്തിന്നാളുവന്നു. ആ കുട്ടിയുടെ വീട്ടില്‍ ഒരുപാടു പ്രായമുളള അവളുടെ വല്യമ്മച്ചിയുണ്ട്. അവരുടെ കൈയ്യിലിപ്പോഴും ഒരുകെട്ടു പഴയ പ്രാര്‍ത്ഥനാ പുസ്തകങ്ങളുമുണ്ട്. കുടുംബപ്രാര്‍ത്ഥന കഴിഞ്ഞ് എല്ലാദിവസവും അതിനകത്തുള്ള മൂന്നുനാലു നൊവേനകളും പ്രാര്‍ത്ഥനകളും ചൊല്ലണമെന്ന് അമ്മൂമ്മയ്ക്കു നിര്‍ബ്ബന്ധമാണ്. അതിനെല്ലാം ദണ്ഡവിമോചനം കിട്ടുന്നതാണെന്നാണ് അവരുടെ വാദം. ദണ്ഡവിമോചനത്തെപ്പറ്റിയൊന്നും ഇപ്പളത്തെ അച്ചന്മാരാരും പിള്ളേര്‍ക്കു പറഞ്ഞുകൊടുക്കാത്തതിന് അമ്മൂമ്മയ്ക്ക് ഭയങ്കര അരിശമാണ്. അവരു പുസ്തകത്തില്‍ കാണിച്ചുകൊടുക്കും, ഓരോ പ്രാര്‍ത്ഥനയുടെയും അടിയില്‍ പൂ.ദ.വി. എന്നെഴുതിയിരിക്കുന്നത്. പൂ.ദ.വി. കിട്ടിയില്ലെങ്കില്‍ നൂറ്റാണ്ടുകളു ശുദ്ധീകരണസ്ഥലത്തു കിടന്നു നരകിക്കേണ്ടി വരുമെന്നും പറഞ്ഞാണ് അമ്മൂമ്മയ്ക്കു ദണ്ഡം!

പൂ.ദ.വി. എന്നുപറഞ്ഞാല്‍ പൂര്‍ണ്ണ ദണ്ഡ വിമോചനം എന്നാണെന്നു കേട്ടിട്ടുള്ളതല്ലാതെ, അതെന്താണെന്നറിയില്ലെന്നു പറഞ്ഞപ്പോള്‍, സെമിനാരീലിതൊക്കെ പഠിച്ചിട്ടല്ലേ ഇങ്ങുപോന്നതെന്നായിരുന്നു റ്റീച്ചറിന്‍റെ ന്യായം. സംശയവുമായിട്ടു വികാരിയച്ചന്‍റെയടുത്തു ചെന്നു. അച്ചന്‍ പറഞ്ഞു അതൊക്കെ വിശദീകരിക്കാന്‍ നിന്നാല്‍ പിള്ളേര്‍ക്കു പിന്നേം ഏച്ചുകെട്ടി ഏച്ചുകെട്ടി സംശയങ്ങളായിരിക്കും, അതുകൊണ്ട് എന്തെങ്കിലും വിശദീകരണംകൊടുത്ത് തല്‍ക്കാലം കേസുകെട്ട് ഒതുക്കാന്‍. അങ്ങനെതന്നെ ഒതുക്കുകേംചെയ്തു. എന്നാലും എന്‍റെ മനസ്സില്‍ ആ പ്രശ്നം കിടപ്പുണ്ടായിരുന്നു. ഇന്നിപ്പോള്‍ അച്ചന്‍ പ്രസംഗത്തില്‍ ദണ്ഡവിമോചനത്തിന്‍റെ കാര്യം പറഞ്ഞപ്പളാണ് അച്ചനെ കാണുകയുംചെയ്യാം ഇതൊന്നു ചോദിക്കുകയും ചെയ്യാമല്ലോന്നോര്‍ത്തത്. സെമിനാരീന്നു എന്നെ പറഞ്ഞുവിട്ടപ്പോള്‍ അതിനു പല കാരണങ്ങള്‍ പറഞ്ഞതില്‍ പ്രധാനപ്പെട്ടത് 'റ്റൂ ക്യൂറിയസ് എബൗട്ട് അണ്‍നെസ്സസ്സറി തിംങ്സ്' എന്നായിരുന്നു. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ അമിതമായ ജിജ്ഞാസയാണെന്ന്. അതുകൊണ്ട് ഇതും കൂടുതല്‍ ചികയേണ്ടെന്നുകരുതിയിരുന്നപ്പളാണ്, ഇന്ന് അച്ചന്‍ ദണ്ഡവിമോചനത്തെപ്പറ്റിപ്പറഞ്ഞത്.""ഇതിപ്പം പുലിവാലായല്ലോടോ, പറഞ്ഞുവന്നവഴി അങ്ങുപറഞ്ഞുപോയെന്നല്ലാതെ ദണ്ഡവിമോചനത്തിന്‍റെ കാര്യമോര്‍ത്തോണ്ടൊന്നും ഞാന്‍ പറഞ്ഞതല്ലാരുന്നെന്നേ. സത്യത്തില്‍ എനിക്കും തന്നോടു വികാരിയച്ചന്‍ പറഞ്ഞ മറുപടിതന്നെ പറയാനാണിഷ്ടം. കാരണം, ഈ നേരംവൈകിയനേരത്ത് കുടയുംചൂടിനിന്നു പറഞ്ഞുതീര്‍ക്കാവുന്ന കാര്യമല്ലല്ലോ ഇതൊന്നും."

"എങ്കില്‍ നമുക്ക് എന്‍റെ വീട്ടിലേയ്ക്കുപോകാം. അച്ചനെയും കൂട്ടിക്കൊണ്ടു വീട്ടില്‍ പോകാമെന്നും പറഞ്ഞു വൈഫും കുട്ടികളും വണ്ടിക്കടുത്തുനില്പുണ്ട്. അച്ചനു പോകാനുള്ള റൂട്ടില്‍തന്നെയാണ് എന്‍റെവീടും. ഞാനച്ചന്‍റെ കൂടെ കയറാം. ഞങ്ങളുടെ കാറുമായിട്ട് വൈഫ് പൊയ്ക്കൊള്ളും."

അരമണിക്കൂര്‍കൊണ്ട് വീട്ടിലെത്താമെന്നും, ജസ്റ്റൊന്നു കയറുകയല്ലാതെ താമസിപ്പിക്കുകയില്ലെന്നുമുള്ള ഉറപ്പില്‍ ഞാന്‍ ചെല്ലാമെന്നു സമ്മതിച്ചു. അയാള്‍ വൈഫിനെ മൊബൈലില്‍ വിളിച്ച്, വണ്ടിയുമെടുത്ത് ഉടനെ പൊയ്ക്കൊള്ളാനും ഞങ്ങളു പിന്നാലെ ഉണ്ടെന്നും അറിയിച്ചു. വണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു:

"സംശയങ്ങള്‍ കൂടുകയല്ലാതെ തീരുകയില്ലെന്നറിയാവുന്നതുകൊണ്ടു തന്നെയാണ് ദണ്ഡവിമോചനം പോലെയുള്ള വിഷയങ്ങളില്‍ വിശദീകരണംതരാന്‍ അച്ചന്മാരു മടിക്കുന്നത്. എത്രവിശദീകരിച്ചാലും കേള്‍ക്കുന്നവന്‍റെ തലമണ്ടയ്ക്കകത്തിരിക്കുന്ന ധാരണകളോട് അതു യോജിക്കുന്നില്ലെങ്കില്‍ പിന്നെയും സംശയങ്ങളായിരിക്കും ബാക്കി. മരണത്തിനു ശേഷമുള്ള അവസ്ഥയെപ്പറ്റി നമുക്കുള്ള അവ്യക്തതയാണ് ഇതിനൊക്കെ കാരണം. നിരീശ്വരവാദികള്‍ക്കിതൊന്നും പ്രശ്നമല്ല, കന്നുകാലികളെപ്പോലെ ചത്താല്‍ മണ്ണാകും, അതോടെ എല്ലാം തീര്‍ന്നു. പക്ഷേ ദൈവവിശ്വാസിക്കങ്ങനെയല്ലല്ലോ. മരണം കഴിഞ്ഞ് എന്ത് എന്നുള്ള ചോദ്യത്തിന് അവനുത്തരം വേണം. ഹിന്ദുവാണെങ്കില്‍ പുനര്‍ ജന്മമോ, നിര്‍വ്വാണമോ ഉറപ്പാണ്. ഇസ്ലാമിനും മരണശേഷം എന്ത് എന്നുള്ളതിനു കൃത്യമായ ഉത്തരമുണ്ട്. അതുപോലെ ഓരോ മതത്തിനും അതതിന്‍റെതായ ഉത്തരങ്ങളുണ്ട്. എന്നാല്‍ നമ്മുടെ വിശ്വാസത്തില്‍, മരണശേഷം സ്വര്‍ഗ്ഗമോ നരകമോ എന്നും, സ്വര്‍ഗ്ഗമെങ്കില്‍ ഉടനെയോ പിന്നാലെയോ എന്നും, പിന്നാലെയെങ്കില്‍ എത്രകാലത്തിനുശേഷം എന്നുമൊക്കെയുള്ള സംശയങ്ങള്‍ക്ക് കൃത്യമായ ഉത്തരംതരാന്‍ ആര്‍ക്കും കഴിയാതെവരുന്നു. ഞാനീ പറഞ്ഞതു ശരിയല്ലേ?"

"ശരിയാ അച്ചാ, എന്‍റെ വല്യപ്പന്‍ മരിച്ചിട്ട് അമ്പതുകൊല്ലത്തിനു മേലായി. എന്നാലും അപ്പന്‍റെ നിര്‍ബ്ബന്ധംകൊണ്ട് ഇപ്പോഴും വല്യപ്പനുവേണ്ടി മുടങ്ങാതെ കുര്‍ബ്ബാന ചൊല്ലിക്കുമ്പോള്‍, വല്യപ്പനിപ്പോഴും ശുദ്ധീകരണസ്ഥലത്തുതന്നെ ആയിരിക്കുമോ അതോ രക്ഷപെട്ടോന്നു ഞാനും ചിന്തിക്കാറുണ്ട്."

"ഈ 'ദണ്ഡവിമോചനം' എന്ന ആശയമുണ്ടല്ലോ അതിന്‍റെ തുടക്കം ആദിമക്രൈസ്തവരുടെ ഇടയിലായിരുന്നു. അന്ന് അതിന് ഇന്നുള്ള അര്‍ത്ഥമൊന്നുമല്ലായിരുന്നുതാനും. കര്‍ത്താവ് ഉടനെ വീണ്ടും വരുമെന്നും, അതുകൊണ്ട് എല്ലാവരും എപ്പോഴും ഒരുങ്ങിയിരിക്കണം എന്നുമായിരുന്നു അന്നത്തെ വിശ്വാസം. അതുകൊണ്ട് ചെറിയ ഒരു പാപത്തിനുപോലും കഠിനമായ ഉപവാസവും, ജാഗരണപ്രാര്‍ത്ഥനയും, മറ്റുവിശ്വാസികളുടെ കാലുകഴുകുന്നതുപോലെയുള്ള പരിഹാരകര്‍മ്മങ്ങളുമൊക്കെ അടങ്ങിയ വലിയ ശിക്ഷയായിരുന്നു സഭാമൂപ്പന്മാരു കല്പിച്ചിരുന്നത്. മതപീഡനകാലമായിരുന്നതുകൊണ്ട് കൊല്ലപ്പെടാതിരിക്കാന്‍വേണ്ടി ക്രിസ്ത്യാനികളില്‍ പലരും വിഗ്രഹങ്ങളെ ആരാധിക്കുന്നതിനും, വിശ്വാസം ഉപേക്ഷിക്കുന്നതിനുമൊക്കെ ഇടയാകാറുണ്ടായിരുന്നു. അങ്ങനെയുള്ള വലിയ പാപംചെയ്തവര്‍ പശ്ചാത്തപിച്ചു തിരിച്ചുവരാനിടയായാല്‍ അവര്‍ക്കു കൊടുത്തിരുന്നത്, വര്‍ഷങ്ങള്‍ നീളുന്നതും മുമ്പുപറഞ്ഞതിനേക്കാളും കഠിനവുമായ പ്രായശ്ചിത്തങ്ങളോടുകൂടിയ ശിക്ഷകളായിരുന്നു. ഇങ്ങനെ ശിക്ഷയനുഭവിച്ചിരുന്ന കാലയളവിനെ 'ദണ്ഡനകാലം' എന്നാണു വിളിച്ചിരുന്നത്.

ഈ കുറ്റവാളികളൊക്കെ സ്വര്‍ഗ്ഗത്തിലെത്തണമെന്ന തീവ്രമായ ആഗ്രഹമുള്ളവരായിരുന്നതിനാല്‍, കിട്ടിയിരുന്ന ശിക്ഷയും അതിനേക്കാളും കൂടുതലും ചെയ്യാനും അവര്‍ തയ്യാറായിരുന്നുതാനും. അങ്ങനെയുള്ളവരുടെ ആത്മാര്‍ത്ഥതയും തീക്ഷ്ണതയും കണക്കിലെടുത്ത്, പ്രായശ്ചിത്തത്തിന്‍റെ കാഠിന്യത്തിനോ, അതിനു കല്പിച്ചിരുന്ന ദിവസങ്ങളുടെ എണ്ണത്തിലോ ഒക്കെ ചില ഇളവുകള്‍ സഭാമൂപ്പന്മാര്‍ പിന്നീടു നല്‍കിത്തുടങ്ങി. ഈ ഇളവുകളെയായിരുന്നു 'ദണ്ഡവിമോചനം' എന്നു പറഞ്ഞിരുന്നത്."

"ഓ, അതുശരി, അപ്പോള്‍ നല്ല നടപ്പിനു ജീവപര്യന്തം തടവുകാര്‍ക്കു പരോളു കിട്ടുന്നതുപോലെ."

"അതു തന്‍റെ വ്യാഖ്യാനം. തീര്‍ന്നില്ല, ഒന്നൂടെയുണ്ട്. രക്തസാക്ഷികളുടെ റെക്കമന്‍റേഷന്‍വഴി ഇങ്ങനെ ശിക്ഷയനുഭവിച്ചിരുന്നവര്‍ക്ക് ഇളവുകൊടുക്കുന്ന മറ്റൊരു കീഴ്വഴക്കവുംകൂടി സഭയില്‍ വന്നുചേര്‍ന്നു. അതായത്, യേശുവിലുള്ള വിശ്വാസത്തിന്‍റെ പേരില്‍ പിടികൂടപ്പെട്ട്, വധശിക്ഷകാത്ത് ജയിലില്‍കിടന്നിരുന്നവര്‍, തങ്ങളുടെ ആ വലിയത്യാഗം പരിഗണിച്ച്, പ്രായശ്ചിത്തശിക്ഷ അനുഭവിച്ചിരുന്ന ചിലരുടെയൊക്കെ 'ദണ്ഡനങ്ങള്‍ക്ക്' ഇളവു കൊടുക്കണമെന്നു സമര്‍പ്പിച്ചിരുന്ന അപേക്ഷ, സഭാശ്രേഷ്ഠന്മാര്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാന്‍ തുടങ്ങിയെന്നര്‍ത്ഥം. ആഴ്ചയില്‍ നാലുദിവസമായിരുന്ന ഉപവാസം രണ്ടുദിവസമായും, ഒരുവര്‍ഷക്കാലത്തേയ്ക്ക് എന്നുള്ളത് അരവര്‍ഷമായുമൊക്കെ കൊടുത്തിരുന്ന ആ ഇളവുകളേയും 'ദണ്ഡവിമോചനം' എന്നുതന്നെയായിരുന്നു അന്നു വിളിച്ചിരുന്നത്. വാസ്തവത്തില്‍ ഇതായിരുന്നു ദണ്ഡവിമോചനത്തിന്‍റെ തുടക്കവും ശരിക്കുള്ള അര്‍ത്ഥവും.

മുന്നൂറ്റി പതിമൂന്നാമാണ്ടില്‍ കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി ക്രിസ്തുമതത്തിനു സ്വാതന്ത്ര്യം കൊടുത്തതോടെ മതപീഡനം പൊതുവെ അവസാനിച്ചു. അന്തരീക്ഷമാകെ മാറി. ക്രൈസ്തവസഭ സ്വതന്ത്രമാവുകയും ശക്തിയാര്‍ജ്ജിക്കുകയും അതിവേഗം പ്രചരിക്കുകയും ചെയ്തതോടെ ദണ്ഡവിമോചനത്തെപ്പറ്റിയുള്ള കാഴ്ചപ്പാടിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചു. പാപങ്ങള്‍ക്കുള്ള ശിക്ഷകളുടെ കാഠിന്യംതന്നെ കുറഞ്ഞുകുറഞ്ഞുവന്നു എന്നുമാത്രമല്ല, കുമ്പസാരമെന്ന കൂദാശ പ്രചാരത്തിലായതോടെ, പാപങ്ങള്‍ക്കുള്ള ശിക്ഷ, കഠിനമായ ശാരീരിക പരിത്യാഗപ്രവര്‍ത്തികള്‍ക്കു പകരം, ചില പ്രാര്‍ത്ഥനകളുടെ ആവര്‍ത്തനം, നൊവേനകള്‍, തീര്‍ത്ഥാടനങ്ങള്‍, ദാനധര്‍മ്മം തുടങ്ങിയവയുടെ അനുഷ്ഠാനങ്ങളിലേയ്ക്കു മാറുകയും ചയ്തു."

"ഓ, അതായിരിക്കും ഇപ്പോളും കുമ്പസാരിക്കുമ്പോള്‍ കിട്ടുന്ന പ്രായശ്ചിത്തം."

"കറക്റ്റ്. തനിക്കു കാര്യങ്ങള്‍ മനസ്സിലാകുന്നുണ്ട്. കാലം പുരോഗമിച്ചപ്പോള്‍, സഭയുടെ ദൈവശാസ്ത്രമൊക്കെ സാവകാശം രൂപപ്പെട്ടുവന്നപ്പോള്‍, കത്തോലിക്കാസഭയുടെ മതബോധനത്തില്‍, മാമ്മോദീസായിലൂടെ എല്ലാ പാപങ്ങളും പാപങ്ങളുടെ എല്ലാകളങ്കങ്ങളും പൂര്‍ണ്ണമായും ശുദ്ധീകരിക്കപ്പെടുന്നു എന്നും, എന്നാല്‍ കുമ്പസാരത്തില്‍ അങ്ങനെയല്ല, പഴയനിയമത്തിലെ സാമുവലിന്‍റെ രണ്ടാം പുസ്തകം പന്ത്രണ്ടാമദ്ധ്യായത്തില്‍ നാഥാന്‍പ്രവാചകന്‍, പശ്ചാത്തപിച്ച ദാവീദിനോട് 'ദൈവം നിന്നോടു ക്ഷമിച്ചിരിക്കുന്നു എങ്കിലും നീ ഈ പ്രവൃത്തികൊണ്ട് ദൈവത്തെ അവഹേളിച്ചതിനാല്‍ നിന്‍റെകുഞ്ഞു മരിച്ചുപോകും' (13,14) എന്നു ശിക്ഷ വിധിച്ചതുപോലെ, കുമ്പസാരത്തില്‍ പാപങ്ങളെല്ലാം ദൈവം ക്ഷമിക്കുമെങ്കിലും, സഭ ഏകശരീരവും ഓരോ വിശ്വാസിയും ആ ശരീരത്തിലെ അവയവങ്ങളുമെന്നനിലയ്ക്ക്, ഒരുവിശ്വാസിയുടെ പാപത്തിലൂടെ സഭാശരീരത്തിനുണ്ടാകുന്ന കളങ്കത്തിനുള്ള ശിക്ഷ, അതായത് 'ഇഹത്തിലെ ശിക്ഷ' (ഠലാുീൃമഹ ുൗിശവൊലിേ) അവശേഷിക്കുന്നു എന്നവിശ്വാസം, സഭയില്‍ രൂപപ്പെട്ടു. സൂനഹദോസുകളിലൂടെ അതു വിശ്വാസസത്യമായി അംഗീകരിക്കപ്പെടുകയുംചെയ്തു. ഈ 'ഇഹത്തിലെ ശിക്ഷ'യില്‍നിന്നുള്ള മോചനമാണ് പിന്നീട് 'ദണ്ഡവിമോചനം' എന്നു നിര്‍വചിക്കപ്പെട്ടത്.

സ്വര്‍ഗ്ഗത്തിലെത്തുവാന്‍ ഐഹീകമായ ഈ ശിക്ഷയില്‍നിന്നുമുള്ള മോചനവുംകൂടി അനിവാര്യമായതുകൊണ്ട്, ജീവിച്ചിരിക്കുമ്പോള്‍തന്നെ ഓരോരുത്തരും പരിഹാരപ്രവൃത്തികള്‍വഴി ഈ മോചനം നേടണമെന്നും, അതിനു സാധിക്കാതെവന്നാല്‍, മരണശേഷമായാലും ഈ ശിക്ഷ അനുഭവിക്കണമെന്നും, അതിനുള്ള സ്ഥലമാണ് 'ശുദ്ധീകരണസ്ഥലം' എന്നും, അവിടെയുള്ള ശുദ്ധീകരണകാലത്തെ 'ദണ്ഡനകാലമെന്നും' സഭ പ്രബോധിപ്പിച്ചുതുടങ്ങി. ഈ ശുദ്ധീകരണപ്രക്രിയയെ എരിയുന്നതീയും നിലവിളിയുമൊക്കെയായും, മനുഷ്യരു കണക്കുകൂട്ടുന്നതുപോലെ തമ്പുരാനും ദിവസങ്ങളും വര്‍ഷങ്ങളും കണക്കാക്കിയാണു ശുദ്ധീകരണസ്ഥലത്തില്‍ ശിക്ഷിച്ചിടുന്നത് എന്ന അന്ധവിശ്വാസവും, വിശ്വാസത്തിന്‍റെ ഭാഗമായി. അതായത്, ആദിമസഭയില്‍ പാപത്തിനുള്ള ശിക്ഷകള്‍ കഠിനവും ദീര്‍ഘനാളത്തേയ്ക്ക് അനുഭവിക്കേണ്ടിയുമിരുന്നതുപോലെ, മരിക്കുന്നവരൊക്കെ ശുദ്ധീകരണസ്ഥലത്ത് പീഡകളനുഭവിക്കണമെന്നും, തെറ്റിന്‍റെ ഗൗരവമനുസരിച്ച് അതിന്‍റെ ശിക്ഷയുടെ ദൈര്‍ഘ്യം ഏറിയും കുറഞ്ഞുമിരിക്കുമെന്നും, ഈ ശിക്ഷാകാലഘട്ടത്തില്‍ പീഡിതര്‍ക്ക് ആ കാലാവധി അവിടെക്കിടന്ന് അനുഭവിച്ചുതീര്‍ക്കുകയല്ലാതെ സ്വയമായി യാതോരു പ്രതിവിധിയും ചെയ്യുവാന്‍ ആവുകയില്ലെന്നുമുള്ള വിശ്വാസം സഭ പഠിപ്പിച്ചു."

"ആദിമസഭയില്‍, ജീവിച്ചിരുന്നപ്പോള്‍ ചെയ്തുതീര്‍ക്കേണ്ടിയിരുന്ന 'ദണ്ഡനങ്ങള്‍', പിന്നെപ്പിന്നെ മരണശേഷം ശുദ്ധീകരണസ്ഥലത്ത് അനുഭവിച്ചുതീര്‍ക്കണം എന്നായി മാറിയെന്നല്ലേ അച്ചന്‍ പറഞ്ഞതിനര്‍ത്ഥം?"

"കറക്റ്റ്. മാത്രമല്ല, ആദിമസഭയില്‍ രക്തസാക്ഷികളുടെ യോഗ്യതകണക്കിലെടുത്ത് ദണ്ഡവിമോചനം അനുവദിച്ചിരുന്നതുപോലെ, ജീവിച്ചിരുക്കുന്നവര്‍ക്ക് അവരുടെ പുണ്യകര്‍മ്മങ്ങളും പരിഹാരപ്രവര്‍ത്തികളുംവഴി ശുദ്ധീകരണത്തില്‍ പീഡകളനുഭവിക്കുന്നവരുടെ പീഡനതീവ്രതയും അതിന്‍റെ കാലാവധിയും കുറയ്ക്കുവാന്‍ സാധിക്കുമെന്നതും സഭയുടെ വിശ്വാസമായി പഠിപ്പിച്ചുതുടങ്ങി. അങ്ങനെയാണ് മരിച്ചവര്‍ക്കുവേണ്ടിയുള്ള കര്‍മ്മങ്ങള്‍ക്കു പ്രാധാന്യം കിട്ടിത്തുടങ്ങിയത്.

ഇതുകൂടാതെ വി. യോഹന്നാന്‍റെ ഒന്നാമത്തെ ലേഖനത്തില്‍ 'അവന്‍ നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയാണ്; നമ്മുടെ മാത്രമല്ല ലോകം മുഴുവന്‍റെയും പാപങ്ങള്‍ക്ക്' (2:2), എന്നു പറഞ്ഞിരിക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍, ഈശോയുടെ കുരിശുമരണത്തിന്‍റെ അളവില്ലാത്ത യോഗ്യതയുടെ സംഭരണിയും, പരിശുദ്ധ അമ്മയുടെയും സഭയിലെ സര്‍വ്വവിശുദ്ധരുടെയും യോഗ്യതകളുടെയും ഭണ്ഡാരവുമാണ് സഭ, എന്ന സിദ്ധാന്തവും സഭ പഠിപ്പിച്ചുതുടങ്ങി. സഭയുടെ താക്കോല്‍ സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്ക്, ഈ ഭണ്ഡാരം ആവശ്യാനുസൃതം തുറക്കുവാനും, അര്‍ഹതപ്പെട്ടവരിലേയ്ക്ക് ആ സംഭരണിയില്‍നിന്നും ചൊരിഞ്ഞുകൊടുക്കുവാനും അധികാരമുണ്ട് എന്ന ദൈവശാസ്ത്ര കാഴ്ചപ്പാട് അംഗീകരിക്കപ്പെടുകകൂടി ചെയ്തതോടെ, ദണ്ഡവിമോചനങ്ങള്‍ അനുവദിക്കുന്നതിന് മാര്‍പ്പാപ്പാമാരും മെത്രാന്മാരും അര്‍ഹരാണെന്നുള്ളതും സ്ഥാപിക്കപ്പെട്ടു. പശ്ചാത്തപിച്ചു കുമ്പസാരിച്ചു പാപമോചനം നേടിയതിനുശേഷം, ഉരുവിടുന്ന നമസ്ക്കാരങ്ങളും ആവര്‍ത്തിച്ചുള്ള പ്രാര്‍ത്ഥനകളും, ചില ആദ്ധ്യാത്മിക കര്‍മ്മങ്ങളുടെ അനുഷ്ഠാനങ്ങളും, തീര്‍ത്ഥാടനവും ദാനധര്‍മ്മങ്ങളുംപോലെ ചില ഭക്തകൃത്യങ്ങളുടെ ആചരണവും, ഉപവാസവും മാംസവര്‍ജ്ജനവുംപോലെ ചില താപസകര്‍മ്മങ്ങളുടെ നിര്‍വ്വഹണവുമൊക്കെ ദണ്ഡവിമോചന ലബ്ധിക്കു നിബന്ധനകളായി നിര്‍ണ്ണയിക്കുകയുംചെയ്തു. ഈ ദണ്ഡവിമോചനങ്ങളുടെയെല്ലാം ഉദ്ദേശ്യം അവനവന്‍റെ പാപങ്ങള്‍ക്ക് ശുദ്ധീകരണസ്ഥലത്തു കിട്ടാന്‍ സാദ്ധ്യതയുള്ള നാളുകളുടെ എണ്ണവും, മരിച്ചു ശുദ്ധീകരണസ്ഥലത്തായിരിക്കുന്നവരുടെ പീഡനകാലത്തിന്‍റെ നീളവും കുറയ്ക്കുക എന്നുള്ളതായിരുന്നതുകൊണ്ടാണ് ഇത്രദിവസത്തെ അല്ലെങ്കില്‍ ഇത്ര വര്‍ഷത്തെ ദണ്ഡവിമോചനം എന്നൊക്കെ കാലഗണന നടത്തി പൂ.ദ.വി. തുടങ്ങിയത്.

പതിനൊന്നു, പന്ത്രണ്ടു നൂറ്റാണ്ടുകളിലേയ്ക്കെത്തിയപ്പോള്‍, മാര്‍പ്പാപ്പാമാര്‍ പ്രഖ്യാപിച്ച കുരിശുയുദ്ധങ്ങളില്‍ പങ്കെടുക്കുന്നതും, സഭയുടെ ആവശ്യത്തിനായി സഭയുടെ പൊതുഖജനാവിലേയ്ക്ക് സംഭാവനകള്‍ നല്കുന്നതുംവരെ ദണ്ഡവിമോചനത്തിന് യോഗ്യതകളായി പ്രഖ്യാപിക്കപ്പെട്ടതോടുകൂടിയാണ് വിവാദങ്ങള്‍ക്കു കാരണമായതും സഭയില്‍ ഭിന്നിപ്പുണ്ടായതുമൊക്കെ. ഇറ്റലിയിലെ ത്രെന്തോസില്‍ സമ്മേളിച്ച സുപ്രസിദ്ധമായ തെത്രന്തോസ് സുനഹദോസില്‍വച്ച് ദണ്ഡവിമോചനവുമായി ബന്ധപ്പെട്ട എല്ലാ ദുരാചാരങ്ങളും ഉച്ചാടനം ചെയ്യപ്പെട്ടു. 'ദണ്ഡവിമോചനം' എന്നുപറഞ്ഞാല്‍ എന്താണെന്നു താന്‍ ചോദിച്ചതിനുള്ള ഉത്തരം ഞാന്‍ പറഞ്ഞുകഴിഞ്ഞു. നമ്മളെത്താറായോ?"

"അടുത്ത ജംങ്ഷനീന്നു തിരിഞ്ഞ് ഒരഞ്ചുമിനിറ്റൂടെ മതിയച്ചാ."

"ഇന്നിപ്പോള്‍ ദണ്ഡവിമോചനമൊന്നും അത്ര വലിയ വിഷയമായി ആരും കണക്കാക്കുന്നില്ല, കാരണം ദൈവവചനത്തിന്‍റെ അടിസ്ഥാനത്തില്‍ ദൈവത്തിന്‍റെ ക്ഷമയും സ്നേഹവും മനസ്സിലാക്കാനുംമാത്രം വിശ്വാസികള്‍ വളര്‍ന്നു. താന്‍ ക്യാറ്റിക്കിസം ഹെഡ്മാസ്റ്ററല്ലേ, അതുകൊണ്ട് ദണ്ഡവിമോചനത്തെപ്പറ്റി ഇന്നു നാം മനസ്സിലാക്കേണ്ടതെന്താണെന്നു പറഞ്ഞവസാനിപ്പിക്കാം. നമ്മളോടുള്ള ദൈവത്തിന്‍റെ ക്ഷമയും, ശുദ്ധീകരണവും എന്നുള്ളത്, അതായത് ദണ്ഡവിമോചനം, രണ്ടായിട്ടു വേറെവേറെ നടക്കുന്ന സംഭവങ്ങളല്ല. അതിന് ഏറ്റവും നല്ല ഉദാഹരണം സുവിശേഷത്തിലുണ്ട്. അവസാനനിമിഷം മാനസാന്തരപ്പെട്ട്, അവനെക്കൂടി ഓര്‍മ്മിക്കുമോ എന്നു, കുരിശില്‍ കിടന്ന ഈശോയോടു ചോദിച്ച കള്ളന് ഈശോകൊടുത്ത മറുപടിയാണത്. 'ഇന്നു നീ എന്നോടു കൂടെ സ്വര്‍ഗ്ഗത്തിലായിരിക്കും' എന്ന്. അതായത്, അത്രമാത്രം നീചനായി ജീവിതം മുഴുവന്‍ നശിപ്പിച്ചിട്ടും, സമ്പൂര്‍ണ്ണമായി അനുരഞ്ജനപ്പെട്ട ആ നിമിഷംതന്നെ അവനു പാപമോചനവുമായി, ദണ്ഡവിമോചനവുമായി, ശുദ്ധീകരണവുമായി, അവന്‍ സ്വര്‍ഗ്ഗത്തിന് അര്‍ഹനുമായി എന്നുറപ്പുകൊടുത്തു. പക്ഷേ നമുക്കു പറ്റിയിരിക്കുന്നത്, നമ്മില്‍നിന്നും വേര്‍പിരിയുന്നവര്‍ അത്രമാത്രം സമ്പൂര്‍ണ്ണമായി അനുരഞ്ജനപ്പെട്ടിട്ടുണ്ടോ എന്നു നമുക്ക് അജ്ഞാതമായതുകൊണ്ടും, മാനുഷിക പരിമിതികള്‍മൂലം ഈ അനുരഞ്ജനം സാധിച്ചിട്ടില്ലായിരിക്കാം എന്ന സംശയം നമ്മില്‍ നിലനില്ക്കുന്നതുകൊണ്ടും, മരണമടയുന്നവരൊക്കെ ശുദ്ധീകരണസ്ഥലത്ത് ആയിരിക്കാം എന്ന ധാരണ നമ്മുടെ തലയില്‍ കയറിക്കൂടിയിരിക്കുന്നു എന്നുള്ളതാണ്. ഞാനിനി എത്ര വിശദീകരിച്ചാലും താന്‍ 'റ്റൂ ക്യൂരിയസ് എബൗട്ട് അണ്‍നെസ്സസ്സറി തിംങ്സ്' ആയതുകൊണ്ട് തന്‍റെയുള്ളിലും ശുദ്ധീകരണസ്ഥലമുണ്ടോ, ദണ്ഡവിമോചനമുണ്ടോ, മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമോ തുടങ്ങി പഴയതിലും കൂടുതല്‍ സംശയങ്ങളിപ്പോള്‍ ഉണ്ടായിക്കാണും. അതാണു വികാരിയച്ചനും പറഞ്ഞത് വിശദീകരിക്കാന്‍ പോയാല്‍ ഏച്ചുകെട്ടി സംശയങ്ങളുണ്ടാകുമെന്ന്."

"ചിന്തിക്കാന്‍ തുടങ്ങിയാല്‍ ഒരന്തോമില്ല, ചിന്തിക്കാതിരുന്നാല്‍ ഒരു കുന്തോമില്ലെന്നങ്ങു ചിന്തിച്ചു സമാധാനപ്പെടാം. വീടെത്താറായച്ചാ."


ഫാ. ജോസ് വെട്ട�ിക്കാട്ട്

0

1

Featured Posts

Recent Posts

bottom of page