top of page

മരണാനന്തര പ്രതീക്ഷകൾ വിവിധ ജനപദങ്ങളിൽ

Jun 8, 2007

2 min read

ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി കപ്പൂച്ചിന്‍

ദൈവശാസ്ത്രവേദി



മരണാനന്തര പ്രതീക്ഷകൾ ജനപദങ്ങളിൽ


മരണം എല്ലാവർക്കും അനുഭവവേദ്യമാകുന്ന ജീവിതത്തിലെ അനിഷേധ്യമായ ഒരു യാഥാർത്ഥ്യമാണ്. എന്നാൽ മരണത്തിനപ്പുറത്ത് എന്ത് എന്നത് ജീവിച്ചിരിക്കുന്ന ആർക്കും അനുഭവവേദ്യമാകാത്തതുകൊണ്ട് ഉത്തരം തേടുന്ന ഒരു ചോദ്യമായി എന്നും നിലനില്ക്കും. മരണത്തോടെ എല്ലാം അവസാനിക്കുന്നുവെന്നു കരുതാൻ പൊതുവേ മനുഷ്യരെല്ലാവരും വിസമ്മതിക്കുന്നു. മരണാനന്തര ജീവിതത്തെപ്പറ്റിയുള്ള പ്രതീക്ഷ പൗരാണിക മതങ്ങളിലും സംസ്ക്കാരങ്ങളിലുമെല്ലാം കാണുവാൻ കഴിയും. വിവിധരീതികളിലാണ് ഈ പ്രതീക്ഷ അവർ പ്രകടിപ്പിച്ചിട്ടുള്ളത്.


മരണാനന്തര പ്രതീക്ഷകൾ പുരാതന സംസ്ക്കാരങ്ങളിൽ


ഈ ജീവിതത്തിൻ്റെ തുടർച്ചയായി പുരാതന ശിലായുഗത്തിലെ മനുഷ്യർ മരണാനന്തര ജീവിതത്തിൽ ആവശ്യമായ ഭക്ഷണവും വസ്ത്രവും ഉപകരണങ്ങളുമെല്ലാം മരിച്ചവർക്കു വേണ്ടി സംഭരിച്ചുവെച്ച് അവരെ അടക്കിയിരുന്നതിനുള്ള തെളിവുകൾ കാണാൻ കഴിയും.


സൊരാഷ്ട്രിയൻ മതഗ്രന്ഥങ്ങൾ (അവെസ്ത്) അനുസരിച്ച്, മരണാനന്തരം നല്ലയാളുകളെ ദുഷ്‌ടന്മാരിൽനിന്നും വേർതിരിക്കുന്ന 'വിഭജനത്തിൻ്റെ പാലം' ഉണ്ട്. ഈ പാലത്തിലൂടെ കടക്കുന്ന ദുഷ്‌ടന്മാർ ഞെട്ടി വിറച്ച് നരകത്തിലേക്കു വീഴുകയും നല്ലവർ സുരക്ഷിതരായി പാലം കടന്ന് പ്രകാശത്തിൻ്റെയും ആനന്ദത്തിൻ്റെയും സ്ഥലത്തെത്തി ദൈവദർശനമനുഭവിച്ച് നിർവൃതിയടയുകയും ചെയ്യുന്നു. പോളിനേഷ്യൻ ജനങ്ങളുടെ വിശ്വാസം മരിച്ചവർ ഭൂമിക്ക് അടിയിൽ എവിടെയോ ഉള്ള ഒരു ലോകത്തിൽ അഥവാ ഏതോ ദിവ്യ ദ്വീപിൽ സ്ഥിതിചെയ്യുന്ന സൗഭാഗ്യത്തിൻ്റെ നാട്ടിലേയ്ക്കാണു പോകുന്നതെന്നായിരുന്നു.


പുരാതന ഈജിപ്തതിലെ മരണാനന്തര സങ്കല്പങ്ങളെക്കുറിച്ച് 'മൃത രുടെ പുസ്‌തകം' (The Book of the Dead) വിശദമായ വിവരങ്ങൾ നല്‌കുന്നുണ്ട്. മരിച്ചവർ ആദ്യമായി ഒസിരിസ് ദേവൻ്റെ വിധി മന്ദിരത്തിലെത്തുന്നു. വിധി അനുകൂലമെങ്കിൽ ചില ശുദ്ധീകരണ പ്രക്രിയകൾക്കു ശേഷം ദേവന്മാരോടൊത്ത് ആകാശമണ്‌ഡലത്തിൽ വസിക്കയും നിത്യജീവൻ അവകാശമാക്കുകയും ചെയ്യുന്നു. ശിക്ഷിക്കപ്പെടുന്നവരെ കഠിനമായ പീഡനങ്ങൾക്കു വിധേയരാക്കും. ഈജിപ്‌തിലെ മറ്റൊരു വിശ്വാസം മരിച്ചവരുടെ ദേഹീദേഹങ്ങൾ ഒരിക്കൽ സംഭവിക്കാൻ പോകുന്ന പുനർസംയോജനത്തിനായി ശവകുടീരത്തെ ചുറ്റിപ്പറ്റി കാത്തു കഴിയുന്നുവെന്നായിരുന്നു. അതുകൊണ്ടാണ് മൃതശരീരങ്ങളെ സുഗന്ധദ്രവ്യങ്ങൾ പൂശി അവർ കാത്തുസൂക്ഷിച്ചിരുന്നത്.


പുരാതനഗ്രീസിൽ മരണാനന്തരത്തെപ്പറ്റി വ്യത്യസ്‌തങ്ങളായ വിവിധ കാഴ്‌ചപ്പാടുകളുണ്ടായിരുന്നു. മരിച്ചവർക്കുവേണ്ടിയുള്ള ശേഷക്രിയകളും ബലിയർപ്പണവും നടന്നിരുന്നതിനു സൂചനകളുണ്ട്. പൈത്തഗോറസും കൂട്ടരും ഒരു തരം പുനർജന്മത്തിൽ വിശ്വസിച്ചിരുന്നവരാണ്. സോഫിസ്റ്റുകൾ പദാർത്ഥവാദികളും ആത്മാവിനെയും മരണാനന്തര ജീവിതത്തെയും നിഷേധിക്കുന്നവരുമായിരുന്നു. സോക്രട്ടീസ് എന്ന ചിന്തകനെ സംബന്ധിച്ചിടത്തോളം മനുഷ്യ വ്യക്തിത്വത്തിൻ്റെ അന്തഃസത്തയും ജ്ഞാനത്തിൻ്റെയും ധർമ്മത്തിൻ്റെയും ഇരിപ്പിടവും ആത്മാവാണ്. അദ്ദേഹത്തിൻ്റെ ശിഷ്യനായ പ്ലേറ്റോയ്ക്ക് ആത്മാവും ശരീരവും ഒത്തുചേരുന്ന പ്രതിഭാസമാണു മനുഷ്യൻ. ശരീരം ആത്മാവിൻ്റെ ബന്ധനവും കാരാഗൃഹവുമാണ്. ആത്മാവ് അമർത്യവും ശരീരം നശ്വരവുമാണ്.


ശരീരത്തിൽ നിന്നുള്ള ആത്മാവിൻ്റെ മോചനമത്രേ മരണം. ശരീരത്തിൽനിന്നു മരണത്തിലൂടെ മോചിതമാകുന്ന ആത്മാവ് ഈശ്വരനുമായി ഐക്യപ്പെടുന്നു. പ്ലേറ്റോയുടെ ശിഷ്യനായ അരിസ്റ്റോട്ടലിന് ആത്മാവും ശരീരവും ഏകീഭവിച്ചസത്തയാണ് മനുഷ്യൻ ആത്മാവ് ശരീരത്തിൻ്റെ ഭാവരൂപം (form) ആണ്. അതാണു ശരീരത്തിനു ജീവൻ കൊടുക്കുന്നതും ബുദ്ധി, ചിന്ത, മനസ്സ്, എന്നിവയ്ക്ക് എല്ലാം ആധാരമായിരിക്കുന്നതും. ആത്മാവിൻ്റെ അമർത്യതയെപ്പറ്റി അരിസ്റ്റോട്ടിൽ ഒന്നും പറയുന്നില്ല.


മരണാനന്തര പ്രതീക്ഷകൾ വിവിധ മതങ്ങളിൽ


നിരീശ്വരവാദികൾ, യുക്തിവാദികൾ, പദാർത്ഥവാദികൾ, തുടങ്ങിയ ചുരുക്കം ചിലർ മരണാനന്തര ജീവിതത്തിൽ വിശ്വസിക്കാത്തവരായി ഉണ്ട്. എന്നാൽ ലോകത്തിലെ ബഹു ഭൂരിപക്ഷം വരുന്ന വിവിധ മതാനുയായികളായ മനുഷ്യർ മരണാനന്തരം മറ്റൊരു ജീവിതമുണ്ടെന്നും ഈ ലോക ജീവിതത്തിൻ്റെ അനന്തരഫലങ്ങൾ അപ്പോൾ അനുഭവിക്കേണ്ടി വരുമെന്നും വിശ്വസിക്കുന്നവരാണ്. ഹൈന്ദവ വീക്ഷണത്തിൽ, ഗ്രീക്കു ചിന്തയിലെന്നപോലെ, ദേഹീ- ദേഹങ്ങളോടു കൂടിയവനാണ് മനുഷ്യൻ. ദേഹി (ആത്മാവ്) അനശ്വരവും ദേഹം നശ്വരവുമാണ്. മരണത്തിൻ്റെ ദേഹത്തിൽ നിന്നു വേർപെടുന്ന ദേഹി പുതിയൊരു ദേഹം സ്വീകരിച്ച് പുനർജനിക്കുന്നു.


പുനർജന്മം ഹൈന്ദവദർശനത്തിൻ്റെ മുഖ്യമായ ഒരാശയമാണ്. കർമ്മ സംസാര സിദ്ധാന്തത്തിൻ്റെ വെളിച്ചത്തിൽ വേണം പുനർജന്മത്തെ മനസ്സിലാക്കുവാൻ. ഓരോരുത്തരുടെയും കർമ്മത്തിന് അനുസരിച്ച് പുനർജന്മങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടായേക്കാം. ഹ്രസ്വമായ ഒരു ജീവിതത്തിൽ പൂർണ്ണത പ്രാപിക്കുക ആയാസകരമായതു കൊണ്ട് വീണ്ടും ദൈവം നല്‌കുന്ന ഒരവസരമത്രേ പുനർജന്മം. അവസാനം എല്ലാ മുജ്ജന്മവാസനകളിലും നിന്നു മുക്തി നേടുന്നതോടുകൂടി പുനർജന്മങ്ങൾ അവസാനിക്കുകയും ദൈവവുമായി ഏകീകരിക്കുകയും ചെയ്യുന്നതാണ് നിത്യമായ സായുജ്യം അഥവാ മുക്തി അതു നിത്യമായ ആനന്ദമത്രേ.


ബുദ്ധമത വീക്ഷണത്തിൽ, ശാരീരികവും മാനസികവുമായ ശക്തികളുടെയും കഴിവുകളുടെയും സമ്മേളനമാണ് മനുഷ്യവ്യക്തി. ശരീരം പ്രവർത്തന രഹിതമാകുന്നതാണ് മരണം. മരണത്തിനുമുമ്പുള്ള ശക്തി വിശേഷങ്ങൾ മറ്റൊരു രൂപത്തിൽ വീണ്ടും പ്രവർത്തന നിരതമാകുന്നതിനെയാണ് പുനർജന്മം എന്നു ബുദ്ധ മതം വിശേഷിപ്പിക്കുക.


മരണാനന്തരമുള്ള അവസ്ഥ ഈ ലോകത്തിൽ ഒരുവൻ നയിക്കുന്ന ആത്മീയ ജീവിതത്തിൻ്റെ യഥാർത്ഥമായ പ്രതിഫലനമായിരിക്കും. മരണാനന്തര ജീവിതത്തിൽ ഉദാത്തമായ ഒരു പരിവർത്തനം മനുഷ്യനിൽ സംഭവിക്കും. പിന്നീടുള്ള അനുഭവങ്ങളെ വിഭാവനം ചെയ്യാൻ പോലും മനുഷ്യൻ അശക്തനത്രേ.

ശരീരം നശിച്ചാലും രൂപം, വേദന, സംജ്ഞാ സംസ്ക്കാരം, വിജ്ഞാനം, എന്നീ പഞ്ചസ്‌കന്ധങ്ങളാൽ നിർമ്മിതമായ വ്യക്തിത്വം നശിക്കുന്നില്ല. ഇവയെല്ലാം ഒന്നുചേർന്നു പോകുന്നതു കർമ്മ ഫലമായിട്ടാണ്. നിർവ്വാണമാണ് ബുദ്ധമതത്തിലെ മരണാനന്തര പ്രതീക്ഷയുടെ അന്തിമലക്ഷ്യം. അത് അസ്‌തിത്വത്തിൻ്റെ നിരാസമല്ല, പ്രത്യുത വേദനകളുടെയും ദുഃഖങ്ങളുടെയും പുനർജന്മഹേതുക്കളുടെയും പൂർണ്ണമായ ഉന്മൂലനമത്രേ.


ജൈനമതത്തിലുമുണ്ട് പുനർജന്മ വിശ്വാസവും നിർവ്വാണ ലക്ഷ്യവും. സദുദ്ദേശ്യം, വിജ്ഞാനം, സദ്പ്രവൃ ത്തി, എന്നീ 'ത്രിരത്നങ്ങൾ' നേടി ക്കൊണ്ട് പുനർജന്മത്തിന് അറുതിവരുത്തേണ്ടിയിരിക്കുന്നു. പുനർജന്മത്തെ നിർണ്ണയിക്കുന്നതു കർമ്മഫലമായതിനാൽ, കർമ്മങ്ങളെ നിശ്ശേഷം നിർമാർജ്ജനം ചെയ്യണം. താപസ ജീവിതത്തിലാണ് ഇതു സാധ്യമാകുന്നത്. ക്ഷമാപൂർവ്വം പ്രത്യേകവ്രതങ്ങളും ക്രമാനുഷ്‌ഠാനങ്ങളും പാലിച്ചുകൊണ്ട് ത്രിരത്നങ്ങൾ നേടുന്നവർക്കു മാത്രമേ നിർവ്വാണത്തിലേക്കുവരാൻ കഴിയുകയുള്ളൂ. എല്ലാ കർമ്മക്കറകളും തുടച്ചുനീക്കി പുനർജന്മചക്രത്തിൽ നിന്നു രക്ഷപെട്ടവർ അനുഭവിക്കുന്ന ആനന്ദത്തിൻ്റെ അവസ്ഥയെയാണ് ജൈനമതം നിർവ്വാണമെന്നു പറയുന്നത്.


മരണാനന്തര ജീവിതത്തെക്കുറിച്ച് വളരെ വ്യക്തമായ വിശ്വാസങ്ങളും പഠ നങ്ങളുമാണ് ഇസ്ലാം മതത്തിലുള്ളത്. ഈ വിശ്വാസങ്ങളും പഠനങ്ങളുമാണ് മുസ്ലീം ധാർമ്മിക നിയമങ്ങളുടെ അടിത്തറ. മരിച്ച മനുഷ്യൻ പുനർജ്ജീവിക്കപ്പെടും. മരണാനന്തര ജീവിതം ഈ ലോക ജീവിതത്തിൻ്റെ തുടർച്ചയാണ്. ഇഹലോകജീവിതത്തിൽ മറഞ്ഞു കിടക്കുന്ന യാഥാർത്ഥ്യങ്ങളെ അത് അനാവരണം ചെയ്യും. അങ്ങനെ അന്ത്യവിധിയിലും മരണാനന്തരജീവിതത്തിലും അവാച്യമായ സ്വർഗ്ഗീയാനന്ദത്തിലും ഭയാനകമായ നരകപീഡകളിലും ഉറച്ചു വിശ്വസിക്കുന്നവരാണ് ഇസ്ലാം മതാനുയായികൾ.

തുടരും.

ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി കപ്പൂച്ചിന്‍

0

0

Featured Posts

Recent Posts

bottom of page