top of page

അനുഗ്രഹം പ്രാപിക്കാനുള്ള വ്യവസ്ഥകള്‍

Aug 1, 2023

2 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jesus

ദൈവത്തില്‍നിന്നും അനുഗ്രഹം പ്രാപിക്കാന്‍ വ്യവസ്ഥകളുണ്ടോ? ഭൗതികമായ സമൃദ്ധിയാണോ അനുഗ്രഹം? സമ്പല്‍സമൃദ്ധിയും സൗഹൃദബന്ധങ്ങളുമെല്ലാം അനുഗ്രഹത്തിന്‍റെ അടയാളങ്ങളായി നാം കാണാറുണ്ട്. പക്ഷേ അതിനെല്ലാം അപ്പുറത്താണ് ദൈവം അനുഗ്രഹിക്കുന്ന വഴികള്‍, നിതാന്തജാഗ്രതയോടെ അനുഗ്രഹത്തിന്‍റെ വഴികള്‍ നാം അന്വേഷിക്കണം. മാനവചരിത്രത്തില്‍ അനുഗ്രഹത്തിന്‍റെ ആദ്യ അടയാളമായി നില്‍ക്കുന്ന അബ്രാഹത്തിന്‍റെ ജീവിതത്തെ നാം ധ്യാനവിഷയമാക്കണം. മറ്റുള്ളവര്‍ക്ക് അനുഗ്രഹമായിത്തീരുവാന്‍ ഒരുവനെ തിരഞ്ഞെടുക്കുന്നത് അവന്‍റെ യോഗ്യതകൊണ്ടല്ല. തനിക്കിഷ്ടമുള്ളവരെ ദൈവം തിരഞ്ഞെടുക്കുന്നു. ദൈവത്തില്‍നിന്നുള്ള അനുഗഹം നേടുന്ന മനുഷ്യന്‍ അവന്‍റെ ജീവിതത്തില്‍ ചില വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്.


ത്യജിക്കേണ്ടതിനെ ത്യജിക്കുകയെന്നതാണ് ഒന്നാമത്തെ വ്യവസ്ഥ. സ്വന്തം ദേശത്തെയും പിതൃഭവനത്തെയും ദൈവസങ്കല്പത്തെയും അബ്രാഹം ത്യജിക്കേണ്ടി വന്ന കാനാന്‍ദേശത്തിന്‍റെ സമ്പല്‍സമൃദ്ധിയും ധനസമ്പാദനത്തിനുള്ള മാര്‍ഗ്ഗങ്ങളും അദ്ദേഹം വെടിഞ്ഞു. സഹോദരപുത്രന്‍ ലോത്ത് ഏറ്റവും ഫലഭൂഷ്ഠിയുള്ള ഭാഗം തിരഞ്ഞെടുത്തപ്പോള്‍ അബ്രാഹം ഉണങ്ങിയ മണ്ണും പാറയുമുള്ള സ്ഥലത്തേക്കു പിന്‍വാങ്ങി. പക്ഷേ കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ലോത്തിന്‍റെ പുത്രന്‍ സ്വാര്‍ത്ഥതയോടെ തിരഞ്ഞെടുത്ത ഭൂപ്രദേശം സോദോമും ഗോമോറായുമായി പരിണമിച്ചു. അബ്രാഹം പിന്‍വാങ്ങി താമസമുറപ്പിച്ച വരണ്ട ഭൂമി തേനും പാലുമൊഴുകുന്ന കാനാന്‍ദേശമായി. രക്ഷകപ്പിറവിക്കു സാക്ഷ്യംവഹിച്ച പുണ്യഭൂമിയായി അതു രൂപാന്തരപ്പെട്ടു. ഭൗതികവസ്തുക്കളോടുള്ള മമത ഉപേക്ഷിച്ചാല്‍ ദൈവാനുഗ്രഹം കൈവരും. ഒരുവന്‍ തനിക്കുള്ളതെല്ലാം ത്യജിച്ചാല്‍ അവന്‍ കര്‍ത്താവിന്‍റെ ശിഷ്യനായിത്തീരുമെന്നുളഅള ക്രിസ്തുവിന്‍റെ വചനം എത്രയോ അര്‍ത്ഥവത്താണ്.


രണ്ടാമതായി അവകാശങ്ങളെ സന്തോഷത്തോടുകൂടെ വിട്ടുകൊടുക്കാനുള്ള സന്നദ്ധത അനുഗ്രഹപ്രാപ്തിക്കുള്ള വഴിയാണ്. നാം ആവശ്യപ്പെടാതെ ലഭിക്കുന്നതെല്ലാം വാങ്ങിക്കുന്നതില്‍ തെറ്റില്ല എന്നു ചിന്തിക്കുകയും ഏതു കര്‍മ്മത്തിലൂടെ ധനം ലഭിച്ചാലും അതു ദൈവത്തില്‍നിന്നു ലഭിക്കുന്നതാണെന്നു തെറ്റിദ്ധരിക്കുകയും ചെയ്യുന്നത് അനുഗ്രഹം പ്രാപിക്കുന്നതിന് തടസ്സമാണ്. സോദോമില്‍ നിന്നു ലഭിക്കേണ്ടിയിരുന്ന സമ്പത്ത് അബ്രാഹം ഉപേക്ഷിച്ചു. ഇന്നു മനുഷ്യര്‍ പണസംബന്ധമായ കാര്യങ്ങളില്‍ കള്ളത്തരങ്ങള്‍ കാണിക്കാറുണ്ട്. അല്പം പണത്തിനുവേണ്ടി കൊലപാതകം വരെ നടത്തുന്ന ലോകത്തിലാണ് നാം ജീവിക്കുന്നത്. ദൈവത്തെയും പണത്തെയും ഒന്നിച്ചു സേവിക്കുവാന്‍ സാധ്യമല്ലെന്ന് യേശു പറഞ്ഞ വചനങ്ങള്‍ എത്രയോ സത്യമാണ്.


മൂന്നാമതായി അബ്രാഹത്തെ ദൈവം അനുഗ്രഹിച്ചതിന്‍റെ ഒരു പ്രധാന കാരണം അദ്ദേഹത്തിന്‍റെ അനുസരണമാണ്. ദൈവം പറഞ്ഞതെല്ലാം അക്ഷരം പ്രതി അബ്രാഹം അനുസരിച്ചു. ഉപേക്ഷയും പുറപ്പാടും നടത്തുവാന്‍ ദൈവം കല്പിച്ചപ്പോള്‍ അപ്രകാരം പ്രവര്‍ത്തിച്ചു. ചോദ്യം ചെയ്യാത്ത വിശ്വാസത്തിന്‍റെയും അനുസരണത്തിന്‍റെയും പ്രതീകമാണ് അബ്രാഹം. മാനുഷികമായ ബുദ്ധിയിലാശ്രയിക്കാതെ വാദപ്രതിവാദങ്ങള്‍ നടത്താതെ മുന്നേറിയ ജീവിതം. ദാസിയില്‍നിന്നു ലഭിച്ച ഇസ്മായേലിനെ ഉപേക്ഷിക്കുവാന്‍ ദൈവം കല്പിച്ചപ്പോള്‍ അപ്രകാരം ചെയ്തു. അബ്രാഹത്തിനും സാറായ്ക്കും ചിരി സമ്മാനിച്ച ഇസഹാക്കിനെ മോറിയാമലയില്‍ ബലിയര്‍പ്പിക്കാനുള്ള കല്പന ലഭിച്ചപ്പോള്‍ അതിനും അബ്രാഹം സന്നദ്ധനായി. ദൈവത്തെ അനുസരിച്ച അബ്രാഹം മകനെയുംകൊണ്ടു മലകയറിയപ്പോള്‍ കേവലം അപ്പന്‍ മാത്രമായിരുന്നു. എന്നാല്‍ മലയില്‍ നിന്നും ഇറങ്ങിവന്നപ്പോള്‍ വിശ്വാസികളുടെ പിതാവായി രൂപാന്തരപ്പെട്ടിരുന്നു. മല കയറിയപ്പോള്‍ അബ്രാഹത്തിന്‍റെ പുത്രനായിരുന്ന ഇസഹാക്ക് മലയിറങ്ങിവന്നപ്പോള്‍ ദൈവത്തിന്‍റെ സൗജന്യദാനമായ വ്യക്തിയായി മാറ്റപ്പെട്ടിരുന്നു. നിന്‍റെ സന്തതിയാല്‍ ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടുമെന്ന് വാഗ്ദാനം ചെയ്യുകയും അതേ സമയത്തുതന്നെ ആ സന്തതിയെ ഹോമയാഗം കഴിക്കണമെന്ന് കല്പിക്കുകയും ചെയ്യുന്നത് ബുദ്ധിക്ക് അഗ്രാഹ്യമാണ്. എന്നാല്‍ അബ്രാഹം യുക്തിവാദത്തിന് ഒരുങ്ങിയില്ല. അതിനാല്‍ ദൈവം അബ്രാഹത്തെ അനുഗ്രഹിച്ചു. ആദിമാതാപിതാക്കള്‍ അനുസരണക്കേടുമൂലം പറുദീസായില്‍ നിന്നും പുറത്തായി. അബ്രാഹത്തിന്‍റെ അനുസരണം മനുഷ്യവംശത്തെ വീണ്ടും ആദിമ അനുഗ്രഹത്തിലേക്ക് തിരിച്ചുനടത്തി. ദൈവത്തിന്‍റെ ആത്മാവു നേരിട്ടും ദൈവവചനം വഴിയായും നമ്മോടു നിര്‍ദ്ദേശിക്കുന്ന കാര്യങ്ങളെ അനുസരിക്കാതെയിരുന്നാല്‍ നമുക്കു ലഭിക്കേണ്ട അനേകം അനുഗ്രഹങ്ങള്‍ നഷ്ടമാകും.


നാലാമതായി അബ്രാഹം അനുഗ്രഹം പ്രാപിച്ചതിന്‍റെ മറ്റൊരു കാരണം അദ്ദേഹത്തിന്‍റെ സമര്‍പ്പണമാണ്. സമര്‍പ്പണത്തിന്‍റെ ആഴം എത്രമാത്രമാണെന്ന് നമ്മെ പഠിപ്പിച്ചത് അബ്രാഹമാണ്. ദൈവത്തിന്‍റെ ഹിതമനുസരിച്ച് നടക്കുവാനും തനിക്കുള്ളതെല്ലാം ദൈവഹിതപ്രകാരം ഉപയോഗിക്കാനും അദ്ദേഹം സമ്മതം മൂളി. സമര്‍പ്പിച്ച വ്യക്തിയില്‍ എന്തു സംഭവിക്കണമെന്ന് സമര്‍പ്പണം സ്വീകരിക്കുന്നവന്‍ തീരുമാനിക്കും. 'ഇതാ കര്‍ത്താവിന്‍റെ ദാസി' എന്നു മറിയം പറഞ്ഞപ്പോള്‍ അതൊരു സമര്‍പ്പണമായിരുന്നു. അടിയില്‍ ഒപ്പിട്ടു കൊടുത്ത ഒരു വെള്ളക്കടലാസായിരുന്നു അബ്രാഹം. ആ ഒപ്പിനു മുകളില്‍ ദൈവത്തിന് ഇഷ്ടമുള്ളതെല്ലാം എഴുതുവാന്‍ അനുവാദം നല്കി. സ്വന്തമായുള്ളതെല്ലാം ഉപേക്ഷിക്കാതെ ഒരുവന് ദൈവാനുഗ്രഹം പ്രാപിക്കാന്‍ സാധ്യമല്ലെന്ന് പൂര്‍വ്വപിതാവായ അബ്രാഹം നമ്മെ പഠിപ്പിക്കുന്നു.

�ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

0

1

Featured Posts

Recent Posts

bottom of page