top of page

മാനസാന്തരം

Oct 16, 2009

1 min read

പദ
Buddha and Angulimala

ഗൗതമ ബുദ്ധന്‍ ജീവിതത്തില്‍ അസാധാരണനായ ഒരു മനുഷ്യനെ കണ്ടുമുട്ടുകയാണ്- അംഗുലീമാലന്‍! അദ്ദേഹം ആയിരംപേരെ കൊലപ്പെടുത്തുമെന്ന് പ്രതിജ്ഞ ചെയ്യുകയും 999 മനുഷ്യരെ വധിക്കുകയും അങ്ങനെ കൊല ചെയ്യപ്പെടാനുള്ള അവസാനത്തെ ആളായി ബുദ്ധനെ തെരഞ്ഞെടുക്കുകയുമാണ്. അങ്ങനെയാണ് അംഗുലീമാലന്‍ ബുദ്ധന്‍റെ മുമ്പിലെത്തിയത്.

കൊലപാതകിയുടെ യഥാര്‍ത്ഥമായ പേര്‍ ആര്‍ക്കുമറിയില്ല. അംഗുലീമാലന്‍ എന്ന പേരിലാണയാള്‍ അറിയപ്പെടുന്നത്. 'വിരലുകള്‍ക്കൊണ്ടുള്ള മാലയണിഞ്ഞവന്‍' എന്നാണ് അതിന്‍റെയര്‍ത്ഥം. അയാള്‍ ഒരുത്തനെ വധിച്ചാല്‍ അപ്പോള്‍ത്തന്നെ അയാളുടെ വിരലുകള്‍ മുറിച്ചുകളയുകയും അതവന്‍റെ കഴുത്തിലെ മാലയില്‍ കോര്‍ത്തിടുകയും ചെയ്യും, താന്‍ കൊന്നവരുടെ എണ്ണം അറിയാന്‍ വേണ്ടി.

ആയിരംപേരെ തികയ്ക്കാന്‍ ഇനി പത്തു വിരലുകള്‍ മാത്രം മതി. മറ്റുതരത്തില്‍ പറഞ്ഞാല്‍ ആയിരത്തിന് ഇനി ഒരാള്‍ കൂടി മതി.

അപ്പോഴാണു ബുദ്ധന്‍ അതുവഴി ഒരു ഇളംകാറ്റുപോലെ വന്നണഞ്ഞത്. അദ്ദേഹം സമീപത്തുള്ള ഒരു ഗ്രാമത്തില്‍നിന്ന് പ്രബോധനം കഴിഞ്ഞ് മടങ്ങുകയായിരുന്നു.

അംഗുലീമാലന്‍ ബുദ്ധനുനേരെ അട്ടഹസിച്ചു: "നില്ക്കൂ, നില്ക്കവിടെ." ബുദ്ധന്‍ പുഞ്ചിരിയോടെ സാഹോദര്യഭാവത്തില്‍ അവിടെ നില്ക്കുകയും അംഗുലീമാലനെ തണുപ്പിക്കുന്ന ഒരു നോട്ടം അയയ്ക്കുകയും ചെയ്തു. ബുദ്ധനെ ഞെട്ടിപ്പിക്കാനായി അയാള്‍ ഒന്നുകൂടി അട്ടഹസിച്ചു. "നില്ക്കവിടെ. ഞാനൊരു കൊലപാതകിയാണ്. അതു നിനക്കു അറിയില്ലെന്നു തോന്നുന്നു. ആയിരം പേരെ കൊല്ലുമെന്നു ഞാന്‍ പ്രതിജ്ഞ എടുത്തിട്ടുണ്ട്. എന്‍റെയമ്മപോലും ഇപ്പോള്‍ എന്‍റെ മുമ്പില്‍ വരാതായി... ഇനിയൊരാള്‍ കൂടി വേണം. അതു നീയാണ്... നിന്നെ ഞാന്‍ കൊല്ലും... പക്ഷേ നീ വളരെ സുന്ദരനായി കാണപ്പെടുന്നു. നിന്‍റെ കണ്ണുകള്‍ എന്നോട് സ്നേഹമുള്ളതായി പറയുന്നു... പക്ഷേ നിന്നെ ഞാന്‍ കൊല്ലും!"

ബുദ്ധന്‍ മൊഴിഞ്ഞു: "താങ്കള്‍ക്ക് തോന്നുന്നതുപോലെ ചെയ്യാം. എന്നെ കൊല്ലുന്നതിനെപ്പറ്റിയാണെങ്കില്‍ താങ്കള്‍ക്ക് അതു ഈ നിമിഷം തന്നെ ചെയ്യാം. പിറന്നതൊക്കെയും മരിക്കും. ഞാന്‍ ഇന്നല്ലെങ്കില്‍ നാളെ മരിക്കേണ്ടവനാണ്. അതു നിന്‍റെ കൈകൊണ്ടാവുന്നതില്‍ എനിക്കു വിരോധമില്ല."

ബുദ്ധന്‍ കണ്ണുകളടച്ച് ശാന്തമായ ഒരു മനസ്സോടെ അംഗുലീമാലന്‍റെ മുമ്പില്‍ തലകുനിച്ചു നിന്നു.

അവിടെ അപ്രതീക്ഷിതമായി ഒന്നു സംഭവിക്കുകയാണ്. അംഗുലീമാലന്‍ യഥാര്‍ത്ഥ ബുദ്ധനെ കണ്ടു! ഭൂമിയില്‍ ഏറ്റവും സുന്ദരനെ, ഒരു പ്രാണിയെപ്പോലും നോവിക്കാത്തവനായ, പൂര്‍ണ്ണ ഭയരഹിതനായ ഒരു യഥാര്‍ത്ഥ മനുഷ്യനെ! അയാള്‍ ബുദ്ധന്‍റെ പാദങ്ങളില്‍ വീണു, പരിവര്‍ത്തിതനായി. അംഗുലീമാലന് ബുദ്ധനെ മാറ്റാനായില്ല. ബുദ്ധന്‍ അംഗുലീമാലനെ മാറ്റി!...

Featured Posts

bottom of page