top of page
ഉയരങ്ങളില്‍ നിന്നും ആലോചന സ്വീകരിച്ച് സ്വയം തിരുത്തിയ ജ്ഞാനികളുടെ കഥയറിയാമല്ലോ. കൊട്ടാരം അവരെ പ്രലോഭിപ്പിച്ചില്ല. അതിലും ഉന്നതമായൊരു ബന്ധമാണവര്‍ നിലനിര്‍ത്തിയത്. ഇതു സ്വയം തിരുത്തുന്നതില്‍ നിന്ന് അവരെ തടഞ്ഞില്ല. ഹെറോദേസിന്‍റെ അടുക്കല്‍ മടങ്ങിപ്പോകരുതെന്നു സ്വപ്നത്തില്‍ അരുളപ്പാടുണ്ടായി അവര്‍ വേറെ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി എന്നാണു തിരുവെഴുത്ത്. തിരുത്ത് നമുക്ക് ഏറെ ഇഷ്ടമാണ്. സ്വയം അല്ല. മറ്റുള്ളവരെ! ഇളയിടം മാഷ് പറഞ്ഞ കഥ രസകരമാണ്. കവിയും വിമര്‍ശകനും പത്രാധിപനുമായിരുന്ന എന്‍.വി.കൃഷ്ണവാര്യര്‍ ആരു കവിത അയച്ചാലും തിരുത്തുമായിരുന്നു. ഒരിക്കല്‍ കവി അയ്യപ്പപണിക്കര്‍ അദ്ദേഹത്തിനൊരു കത്തയച്ചു. അതിങ്ങനെയാണ്: കവിത അയയ്ക്കുന്നു. കൂടെ ഫോട്ടോയും. ഒപ്പം അടിയില്‍ ഒരു കുറിപ്പുമുണ്ട്. ദയവായി ഫോട്ടോ തിരുത്തരുത്! സ്വന്തവഴികളെ തിരുത്താന്‍ മറക്കുന്ന നമുക്കു പറ്റിയ കഥയാണിത്.
ഇങ്ങനെ പറഞ്ഞാല്‍കേള്‍ക്കാത്ത മനുഷ്യരായി നാം എത്രകാലം പോകും. മനുഷ്യരെ കേള്‍ക്കാനാകാതെ നീയെങ്ങനെയാണ് ദൈവത്തെ കേള്‍ക്കുക. സ്നേഹം പിറന്നിടത്ത് എത്രയോ സംഭാഷണങ്ങളുണ്ട്. മാലാഖമാരുടെ സദ്വര്‍ത്തമാനങ്ങള്‍. മനുഷ്യരുടെ പരസ്പരമുള്ള സമാശ്വാസങ്ങള്‍. ആലിംഗനങ്ങള്‍, കരം ചേര്‍ത്തുപിടിക്കല്‍. അങ്ങനെയെത്ര സുവിശേഷങ്ങളാണ് പിറവിക്കാലത്തുള്ളത്. മഴക്കാലം തന്നെ മംഗളവാര്‍ത്തയുടേതാണ്.റൂമി പറഞ്ഞ കഥയുണ്ട്. പ്രായാധിക്യം മൂലം കേള്‍വി നഷ്ടപ്പെട്ട ഒരു മനുഷ്യന്‍. എന്നാല്‍ തനിക്കെല്ലാം കേള്‍ക്കാം എന്ന മട്ടിലാണ് അയാള്‍ നടക്കുക. ഒരു ദിവസം തൊട്ടയല്‍വാസി രോഗബാധിതനായ വിവരം അറിഞ്ഞ് അയാളെ സന്ദര്‍ശിക്കാനാഗ്രഹിച്ചു. പക്ഷെ ഒരു ഭയം. രോഗിയായ മനുഷ്യന്‍റെ പതിഞ്ഞ സംസാരം എത്രമാത്രം തനിക്ക് കേള്‍ക്കാനാവും. ഒരു വഴി കണ്ടെത്തി. ചില ചോദ്യങ്ങളും അതിനു സ്വാഭാവികമായി വരാവുന്ന ഉത്തരവും മനസ്സില്‍ കരുതിക്കൊണ്ടു പോവുക. ആദ്യ ചോദ്യം ഇങ്ങനെയാകാം. താങ്കള്‍ക്ക് ഇപ്പോള്‍ എങ്ങനെയുണ്ട്? ദൈവകൃപയാല്‍ സുഖപ്പെട്ടുവരുന്നു എന്നാവും ഉത്തരം. അതു നന്നായി, ദൈവം കാത്തുവെന്നു താന്‍ അതിനു മറുപടി പറയും. പിന്നെ എന്ത് കഴിച്ചുവെന്നു ചോദിക്കാം. ഇത്തിരി സൂപ്പ് കഴിച്ചുവെന്ന് അയാള്‍ പറയുമായിരിക്കും. വളരെ നല്ലത് എന്നു മറുപടി പറയാം. പിന്നെ ആരാണ് ഡോക്ടര്‍ എന്നു ചോദിക്കാം. സമീപത്തുള്ള ഏതെങ്കിലും ഡോക്ടറുടെ പേര് പറയുമായിരിക്കും. ഏറ്റവും നല്ലത് അയാള്‍ ഏറെ കഴിവുള്ള ആളാണെന്നു പറഞ്ഞു തിരികെ പോരുകയും ചെയ്യാം. ഇങ്ങനെ നിശ്ചയിച്ച് ബധിരനായ മനുഷ്യന്‍ തന്‍റെ കുറവ് അറിയിക്കാതെ തികഞ്ഞ നാട്യത്തോടെ അയല്‍ക്കാരന്‍റെ വീട്ടില്‍ എത്തി. രോഗിയായ വൃദ്ധന്‍റെ കട്ടിലിനു സമീപം ഇരുന്ന് അയാള്‍ ചോദ്യങ്ങളാരംഭിച്ചു: "താങ്കള്‍ക്ക് ഇപ്പോള്‍ എങ്ങനെയുണ്ട്?" അസുഖത്തിന്‍റെ കാഠിന്യംകൊണ്ട് രോഗി മറുപടി നല്‍കിയതിങ്ങനെയാണ്: "ഞാന്‍ മരിക്കുകയാണ്." "ദൈവത്തിന് സ്തുതി" എന്ന് ഇദ്ദേഹം മറുപടി പറഞ്ഞു. "പിന്നെ, എന്താണ് കഴിച്ചത്?" ആദ്യത്തെ ഉത്തരം കേട്ട് അസ്വസ്ഥനായ രോഗി ദേഷ്യത്തോടെ പറഞ്ഞു: "കുറച്ച് വിഷം കഴിച്ചു." സന്ദര്‍ശകന്‍ വലിയ കാര്യത്തോടെ പറഞ്ഞു. "വളരെ നല്ലത്." അവസാന ചോദ്യവും വിട്ടില്ല. ഏത് ഡോക്ടറാണ് ഇപ്പോള്‍ നോക്കുന്നത്. "കാലന്‍." "ഓഹോ, അദ്ദേഹം പേര് കേട്ട വൈദ്യനാണ്. അയാള്‍ വന്നാല്‍ എല്ലാം ശരിപ്പെടുത്തിയേ മടങ്ങൂ." ഈ ആശംസയോടെ അയാള്‍ നിര്‍ത്തി. രോഗിയുടെ മാനസികനില താറുമാറാക്കിയിട്ടാണ് താന്‍ മടങ്ങുന്നതെന്നറിയാതെ വലിയ അഭിമാനത്തോടെ അയാള്‍ തിരിച്ചിറങ്ങി. സത്യമായും, പരസ്പരം പറയുന്നത് മനസ്സിലാവാത്തവരുടെ ബാബേല്‍ കണക്ക് ദുരഭിമാനകോട്ടകള്‍ കെട്ടുന്നതായി നമ്മുടെ കാലവും മാറിയിട്ടുണ്ട് സഖേ! അതുകൊണ്ടാവും സുവിശേഷത്തേക്കാള്‍ ഇന്നേറ്റം ഷെയര്‍ ചെയ്യുന്നതത്രയും ദുര്‍വിശേഷങ്ങളാവുന്നത്.
Featured Posts
bottom of page