
പണ്ട് ഞങ്ങളുടെ നോവിഷ്യേറ്റ് ഗുരുവായിരുന്ന ജ്യേഷ്ട സഹോദരൻ അക്കാലത്ത് പറഞ്ഞിട്ടുള്ള ഒരു ഫലിതകഥ പലപ്പോഴും ഞാൻ ഓർക്കാറുണ്ട്.
ഇന്നിപ്പോൾ അത് പൊളിറ്റിക്കലി കറക്റ്റ് ആവില്ല എന്നറിയാം. എങ്കിലും എഴുതുന്നത് മാപ്പാക്കണം.
ഒരു ബഹുനില കെട്ടിടം. അതിനു മുകളിൽ അല്പം കിറുക്കുള്ള ഒരാൾ കയറിപ്പറ്റിയിട്ടുണ്ട്. നിലത്തേക്ക് ചാടും എന്ന് അയാൾ ഭീഷണിപ്പെടുത്തുകയും ചാടാനായി ഒരുങ്ങുകയും ചെയ്യുന്നു. താഴെ ലൈഫ് നെറ്റ് ഒരുക്കി ഫയർ ഫോഴ്സ്. "ആരും കയറി വരരുത് ഞാൻ ചാടും" - അയാൾ വീണ്ടും ഭീഷണി മുഴക്കുന്നു. കെട്ടിടത്തിന്റെ ഒരരികിൽ അയാൾ വരുമ്പോൾ ഫയർഫോഴ്സുകാർ ആ ഭാഗത്തേക്ക് വരും. അപ്പോൾ അയാൾ മറ്റൊരു വശത്തേക്ക് പോകും. അയാളെ പിന്തുടർന്ന് ഫയർഫോഴ്സുകാരും വശം കെട്ടു. ഈ നാടകം ഇങ്ങനെ കുറച്ചുനേരം നീണ്ടു. അപ്പോൾ അതാ ഒരാൾ വഴിയുടെ മറുഭാഗത്തുനിന്ന് കെട്ടിടത്തിനു മുകളിലുള്ള ആളോട് വിളിച്ചു പറയുന്നു. "നീ ഇറങ്ങി വരുന്നുണ്ടോ ഇല്ലയോ? ഇരുപതുവരെ ഞാൻ എണ്ണും. അതിനിടെ നീ താഴെ വന്നില്ലെങ്കിൽ ഞാനീ കെട്ടിടം കൊത്തിച്ചാടിക്കാൻ (വെട്ടി മറിച്ചിടാൻ) പോവുകയാണ് " എന്നുപറഞ്ഞ് തൻ്റെ കൈയ്യിലുള്ള കോടാലി ഓരോ തവണ നിലത്ത് കുത്തിക്കൊണ്ട് അയാൾ എണ്ണുന്നു.
ഒന്ന് ... രണ്ട് ... മൂന്ന് ...
എണ്ണൽ ഇരുപതിൽ എത്തും മുമ്പ് കെട്ടിടത്തിന് മുകളിൽ ഉണ്ടായിരുന്നയാൾ നിലത്തെത്തിയിരുന്നു !
യുക്തി എല്ലായ്പ്പോഴും ഫലവത്താകണമെന്നില്ല!
__🐌____ ___ __ _