top of page

തൊട്ടില്‍ക്കാലം

Dec 12, 2022

3 min read

ഫാ. ഷാജി CMI
The situation when the Jesus born

ക്രിസ്തു എന്ന പാഠപുസ്തകത്തിലെ ഒന്നാംപാഠമാണ് ക്രിസ്തുമസ്. രാത്രികളുടെ രാത്രിയായ ക്രിസ്തുമസ് രാത്രി. ധനുമാസക്കുളിരില്‍ മണ്ണിലും വിണ്ണിലും നക്ഷത്രങ്ങള്‍ പൂത്തിറങ്ങുന്ന രാത്രി. എല്ലാ രാത്രികളും ഈ രാത്രിയുടെ മുമ്പില്‍ കൈകൂപ്പി നില്‍ക്കുന്നു. ഈ രാത്രിയില്‍ ദൈവം പാല്‍മണമുള്ള കുഞ്ഞായി ഒരു ആട്ടുതൊട്ടിലില്‍ ശയിക്കുന്നു. ഡിസംബറിലെ തണുത്ത കാറ്റ്. അമ്മയുടെ ചാരെ ശയിക്കുന്ന കുഞ്ഞുപോലെ വിസ്മയം തരുന്ന എന്തുണ്ട്. അമ്മയ്ക്കും കുഞ്ഞിനും ഒരേ മനസ്സ്. അമ്മയുടെ ഉദരത്തിലായിരുന്നപ്പോള്‍ പൊക്കിള്‍കൊടിയിലൂടെ ഒരു മനസ്സായിരുന്ന അമ്മയും കുഞ്ഞും ഇപ്പോള്‍ അമ്മയുടെ ആലിംഗനത്തില്‍ ഒരു മനസ്സായി മാറുന്നു.

ഗര്‍ഭകാലത്തിന്‍റെ സുഖശീതളിമ തേടുന്നുണ്ട് പിറവിക്കുശേഷം ഓരോ ജീവനും. അതുകൊണ്ടാണ് ഒന്നു കാലുതട്ടിവീണാല്‍ പോലും ഓടി അമ്മയുടെ അടുത്തേക്കു വരുന്നതും അവളുടെ മടിയില്‍ അല്പനേരം വിശ്രമിക്കുന്നതും. കങ്കാരുവിനെ ഓര്‍ത്തുപോകുന്നു. വളരെ ചെറിയ ഗര്‍ഭകാലം ആവശ്യമുള്ള ജീവി - കേവലം 32 ദിവസങ്ങളെന്ന് ഗൂഗിള്‍. പ്രസവശേഷം തന്‍റെ കുഞ്ഞിനെ കുറെക്കാലം തന്‍റെ സഞ്ചിയില്‍ സൂക്ഷിക്കുന്നു. അമ്മയുടെ ഉദരത്തിനകത്തെന്നപോലെ സുരക്ഷിതത്വം വയറിനു പുറത്തും തേടുന്നു.

അമ്മയുടെ ഉദരത്തില്‍ വീണ്ടും പ്രവേശിക്കാനാകുമോ എന്നൊക്കെ നിക്കദേമൂസ് ചോദിക്കുന്നതും ഇതുകൊണ്ടുതന്നെ. തള്ളപക്ഷി തന്‍റെ ചിറകുകള്‍ക്കു കീഴില്‍ അതിന്‍റെ കുഞ്ഞുങ്ങളെ ചേര്‍ത്തുവയ്ക്കാന്‍ കൊതിക്കുന്നതുപോലെ ഓരോ അമ്മയും തന്‍റെ മക്കളെ അവളുടെ നെഞ്ചില്‍ ചേര്‍ത്തുപിടിക്കാന്‍ കൊതിക്കുന്നുണ്ട്. എന്നാല്‍ മക്കള്‍ അവരുടെ ഇത്തിരിപോന്ന അഹന്തകൊണ്ട്  ഓടിയകലുകയാണ്.

'പുല്‍ത്തൊട്ടിയില്‍ പിളളക്കച്ചയില്‍ പൊതിഞ്ഞ ശിശു' എന്നാണ് ഉണ്ണിയേശുവിന്‍റെ തൊട്ടില്‍കാലത്തെ സുവിശേഷകന്‍ എഴുതുന്നത്. പിള്ളക്കച്ചയില്‍ പൊതിഞ്ഞ് തൊട്ടിലില്‍ കിടക്കുന്ന ശിശു എത്ര നിസ്സഹായനാണ്! എന്തിനും ഏതിനും അപരന്‍റെ സഹായം വേണം. അതീവശ്രദ്ധയോടെയുള്ള പരിചരണം ആവശ്യമാണ്. പാലും കുറുക്കുമൊക്കെ എത്ര ശ്രദ്ധയോടെയാണ് കുഞ്ഞിന് അമ്മമാര്‍ കോരികൊടുക്കുന്നത്!

ശൈശവം അവസാനിച്ചാലും ചിലരൊക്കെ ജീവിതകാലം മുഴുവനും പിള്ളക്കച്ചകൊണ്ട് പൊതിയപ്പെട്ടവരായി  കൂടെയുണ്ടാകും. അതില്‍ ആദ്യം ഓര്‍മ്മയിലെത്തുക നമ്മള്‍ 'സ്പെഷ്യല്‍ ചൈല്‍ഡ്' എന്നു വിളിക്കുന്ന വിഭാഗത്തിലെ കുട്ടികള്‍തന്നെ. അവരുടെ സങ്കടങ്ങള്‍ നമുക്ക് ഫലിതങ്ങളാകുന്നു. അവരുടെ ഭാഷ നമുക്കു മനസ്സിലാകുന്നില്ല. അവരുടെ ശിക്ഷണത്തെക്കുറിച്ച് ഒരു ബുദ്ധഗുരു പറഞ്ഞതുപോലെ ഒഴുക്കിലെ ഒരിലപോലെ കുഞ്ഞുങ്ങള്‍. ഒരു ചെടിയുടെ തണ്ടുകൊണ്ട് മെല്ലെ അവരെ തൊട്ടാല്‍ പോലും അവരുടെ ദിശ മാറുന്നതു കാണാം. എത്ര സൗമ്യവും മൃദുവുമായി അവരെ തൊടാനാകുമോ അത്രയും പതുക്കെ വേണം.

'അവന്‍ അവരുടെ ശിരസ്സില്‍ കൈകള്‍ വച്ചനുഗ്രഹിച്ചു.' കുട്ടികള്‍ക്കൊഴികെ ബാക്കിയെല്ലാവര്‍ക്കും അവന്‍ തൊട്ടപ്പോഴും അവനെ തൊട്ടപ്പോഴും വലിയ അത്ഭുതമായിരുന്നു. എന്നാല്‍ യേശു ശിശുക്കളുടെമേല്‍ കൈവച്ചനുഗ്രഹിച്ചപ്പോള്‍ മാത്രം ഒരത്ഭുതവും കണ്ടില്ല. ഈ സ്പര്‍ശം അവന്‍റെ അനുഗ്രഹമായിരുന്നു. "You touched me and I have grown'എന്ന കവിതപോലെ.

രണ്ടാമത്തെ കൂട്ടര്‍ വയോധികരാണ്. വീടിന്‍റെ ഒരു മൂലയില്‍ രോഗശയ്യയില്‍, പിള്ളക്കച്ചകൊണ്ട് പൊതിയപ്പെട്ടവരായി അവര്‍ കിടക്കുന്നുണ്ടാകും. അഡള്‍ട്ട് ഡയപ്പറൊക്കെ ചുറ്റി ശിശുക്കളെപ്പോലെ. വയോധികരുടെ സര്‍ഗസാന്നിധ്യമാണ് ഒരു സമൂഹത്തിന്‍റെ ഏറ്റവും ശ്രേഷ്ഠമായ മൂലധനം. ആര്‍ക്കും വേലചെയ്യാനാവാത്ത രാത്രികാലം എന്നൊക്കെയാണ് ബൈബിള്‍ ഇതിനെ വിളിക്കുന്നത്. സിദ്ധാര്‍ത്ഥനെ ബുദ്ധനാക്കുന്ന ചില നിമിത്തങ്ങള്‍!

പിള്ളക്കച്ചയില്‍ പൊതിയാനും കുളിരുമാറ്റാനും വിശപ്പകറ്റാനും മനുഷ്യരുടെ സഹായം തേടി ദൈവം പൈതലായി ഭൂമിയില്‍ പിറന്നു. നമ്മെ സഹായിക്കുന്നതിനു മുമ്പ് അവന് നമ്മുടെ സഹായം ആവശ്യമായി വന്നു. മനുഷ്യന്‍റെ സഹായത്തോടെ മനുഷ്യപുത്രനായ യേശുവിന്‍റെ പിറവിയിലേക്കുള്ള യാത്ര ആരംഭിക്കുന്നു. ഓരോ യാത്രയും ആത്മാവബോധത്തിലേക്കുള്ള ഒരു വിശുദ്ധ തീര്‍ത്ഥാടനമായി വളര്‍ന്നുപോകുന്നു. ഓരോ തീര്‍ത്ഥാടകനും ഒരു ദേവദാരുവിനെപ്പോലെ വലിപ്പമുള്ളവനായും മാറുന്നു. യാത്രകളിലെ കുന്നുകളും മലകളും പ്രതിസന്ധികളും വെറും സാഹസികതയല്ലാതെയാകുന്നു. മറിച്ച് ആസക്തികള്‍ വേട്ടയാടുന്ന മര്‍ത്യബോധത്തിലെ അന്ധകാരങ്ങളെ പിഴുതെടുത്ത് വെളിച്ചമുണ്ടാക്കുന്ന ഒരു മഹായജ്ഞമാണ് ഓരോ തീര്‍ത്ഥാടനവും. യാഗശാലയില്‍ അരണി കടഞ്ഞ് അഗ്നിയുണ്ടാക്കുന്നപോലെ. ഒഴുകുന്ന നദികളും പാതയോരത്ത് പൂത്തുനില്‍ക്കുന്ന ചെടികളും സര്‍ഗ്ഗഹൃദയത്തിലേക്കുള്ള വാതിലാകുന്നുണ്ട് അപ്പോള്‍.

ക്രിസ്മസ് കാലം നമ്മെ ഒരു തീര്‍ത്ഥാടനത്തെ അനുസ്മരിപ്പിക്കുന്നു. ക്രിസ്മസ് യാത്രകളുടെ ആഘോഷമാണ്. സ്വര്‍ഗ്ഗം അതിന്‍റെ വിശുദ്ധ കവാടങ്ങള്‍ തുറന്നു ഭൂമിയിലേക്ക് യാത്രയാകുന്നത് ക്രിസ്മസ് കാലത്ത് പ്രത്യേകം ഓര്‍ക്കുന്നു. ഗബ്രിയേല്‍ മാലാഖ മറിയത്തിന്‍റെ വീടുതേടിയെത്തി മംഗളവാര്‍ത്തയറിയിച്ചു. തന്‍റെ ഇളയമ്മയ്ക്ക് ഗര്‍ഭകാല ശുശ്രൂഷ ചെയ്യാനും തന്നെ ഏറ്റവും നന്നായി മനസ്സിലാക്കുന്നവളുമായ ഏലീശ്വായുടെ അടുത്തേക്ക് മറിയം യാത്ര പുറപ്പെട്ടു. മറിയത്തിന്‍റെ ഗര്‍ഭകാലത്തിന്‍റെ ഏറ്റവും ക്ലേശകരമായ സമയത്ത്, മറിയവും ജോസഫും നസ്രത്തില്‍ നിന്ന് ബെത്ലഹേമിലേക്ക് അതിക്ലേശകരമായ യാത്ര നടത്തി. മാലാഖമാര്‍ വിണ്ണില്‍നിന്നും മണ്ണിലേക്ക് പറന്നിറങ്ങി. ഗ്ലോറിയാ ഗീതങ്ങള്‍ പാടിക്കൊണ്ട് അവര്‍ ഇടയന്മാര്‍ക്ക് ശാന്തിദൂത് കൈമാറി. 'നമുക്ക് ബെത്ലഹേമില്‍ പോയി കര്‍ത്താവു നമ്മെ അറിയിച്ച ഈ സംഭവം  കാണാം' എന്നു പറഞ്ഞുകൊണ്ട് തോളില്‍ ആടുമാടുകളുമായി ഇടയന്മാര്‍ പുല്‍മേടുകളില്‍ നിന്ന് പുല്‍ക്കൂട്ടിലേക്ക് യാത്രയായി.

'യഹൂദരുടെ രാജാവായി ജനിച്ചവന്‍ എവിടെ?' ഞങ്ങള്‍ കിഴക്ക് അവന്‍റെ നക്ഷത്രം കണ്ടു. അവനെ ആരാധിക്കാന്‍ വന്നിരിക്കുന്നു' എന്നു പറഞ്ഞ് പൗരസ്ത്യദേശത്തുനിന്നും വിദ്വാന്മാര്‍ പുല്‍ക്കൂടു തേടിവന്നു. ആരാധനയ്ക്കുശേഷം അവര്‍ മറ്റൊരു മാര്‍ഗ്ഗത്തിലൂടെ സ്വദേശത്തേക്കു മടങ്ങുന്നു. ജ്ഞാനികളുടെ സന്ദര്‍ശനത്തെ ജിബ്രാന്‍ ഇങ്ങനെ എഴുതുന്നു; അവര്‍ മറിയത്തെയും അവരുടെ മകനെയും കണ്ടു, സന്തോഷിച്ചു. അവരുടെ ഭാണ്ഡത്തില്‍നിന്നും അവര്‍ പൊന്നും വെള്ളിയും എടുത്ത് കാഴ്ചവെച്ചു. അവര്‍ കുന്തിരിക്കവും മീറയും അവന്‍റെ കാല്‍ക്കല്‍വച്ച് നമസ്കരിച്ചു. പിന്നെ അവര്‍ ഞങ്ങള്‍ക്ക് പരിചിതമായ ഭാഷയില്‍ പ്രാര്‍ത്ഥിച്ചു. പ്രഭാതമായപ്പോള്‍ അവര്‍ യാത്രപറഞ്ഞ് ഈജിപ്തിലേക്കു പോയി. അവര്‍ യാത്രപറഞ്ഞ് പോകുമ്പോള്‍ ഇങ്ങനെ പറഞ്ഞു: "ആ കുട്ടിക്ക് ഒരു ദിവസമേ പ്രായമായിട്ടുള്ളൂ. എന്നിട്ടും തങ്ങളുടെ ദൈവത്തിന്‍റെ പ്രകാശം ആ മിഴികളില്‍ ഞങ്ങള്‍ കണ്ടിരിക്കുന്നു. അവന്‍റെ ചുണ്ടുകളില്‍ വിരിയുന്ന മന്ദഹാസവും ദൈവത്തിന്‍റേതാണ്. നിങ്ങള്‍ അവനെ സംരക്ഷിക്കുക. എങ്കില്‍ അവന്‍ നമുക്കെല്ലാവര്‍ക്കും രക്ഷകനായി വരും." ഇങ്ങനെ പറഞ്ഞുകൊണ്ട് അവര്‍ അവരുടെ ഒട്ടകങ്ങളില്‍ കയറിപ്പോയി.

വിദ്വാന്മാര്‍ പോയ ഉടനെ ജോസഫും മേരിയും ഉണ്ണിയും പ്രാണനെ രക്ഷിക്കുന്നതിന് ഈജിപ്തിലേക്ക് ഓടി രക്ഷപെടുന്നു. 'ഞാന്‍ എന്‍റെ പുത്രനെ ഈജിപ്തില്‍നിന്നും തിരികെ വിളിച്ചു' എന്ന തിരുവെഴുത്ത് പൂര്‍ത്തിയാകാന്‍ ഈജിപ്തില്‍ നിന്നും തിരിച്ച് നസ്രത്തിലേക്ക് ഒരു മടക്കയാത്ര. തെല്ല് മുതിര്‍ന്നപ്പോള്‍ ജറൂസലേം ദൈവാലയത്തിലേക്ക് പളളിപ്പെരുന്നാള്‍ കൂടാന്‍ മാതാപിതാക്കളോടൊപ്പം ഒരു തീര്‍ത്ഥയാത്ര. അവിടെവച്ച് മാതാപിതാക്കള്‍ക്ക് മകനെ നഷ്ടമാകുന്നു. രണ്ടു ദിവസത്തെ യാത്രയ്ക്കു ശേഷമാണ് മകന്‍ കൂടെയില്ലെന്ന് അവര്‍ തിരിച്ചറിയുന്നത്. സങ്കടം പറഞ്ഞ മാതാപിതാക്കളോട് ഞാന്‍ എന്‍റെ പിതാവിന്‍റെ വീട്ടില്‍ ഇരിക്കേണ്ടവനല്ലെ എന്ന് തഗ്ലൈനില്‍ ഒരു കമന്‍റും. പിന്നീട് നല്ല അനുസരണയുള്ള കുട്ടിയായി അപ്പന്‍റെയും അമ്മയുടെയും കൂടെ തിരിച്ച് വീട്ടിലേക്ക്.

മുപ്പതാം വയസ്സില്‍ 12 പേരുടെ സംഘവുമായി നാടുനീളെ അലച്ചില്‍. അവസാനം സ്വര്‍ഗ്ഗത്തിലേക്കുള്ള തിരിച്ചുപോക്കിനു മുമ്പ് 'ഭൂമിയുടെ അതിര്‍ത്തികളിലേക്ക് പോകുവിന്‍' എന്ന് ശിഷ്യന്മാര്‍ക്കൊരു സ്നേഹദൂതും.

ഒരിക്കലും അവസാനിക്കാത്ത ഒരു യാത്രയാണ് ക്രിസ്തു. യാത്ര തന്നെയാണ് പാര്‍പ്പിടം. 'എമ്മാനുവേല്‍!' 


Featured Posts

Recent Posts

bottom of page