top of page

പുതിയ തരംഗങ്ങള്‍ സൃഷ്ടിക്കുക

Jan 1, 2010

2 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

റോമാ ലേഖനത്തിന്‍റെ 12-ാമദ്ധ്യായത്തില്‍ ക്രിസ്തുവിലുള്ള നവജീവിതത്തെക്കുറിച്ചു നാം വായിക്കുന്നു. പുതിയ ഒരു വര്‍ഷത്തിലേയ്ക്ക് നാം പ്രവേശിക്കുമ്പോള്‍ നവമായ ഒരു ജീവിതത്തെക്കുറിച്ചു ചിന്തിക്കുന്നത് തികച്ചും അവസരോചിതമാണ്. ഒരുപിടി പുതിയ കാര്യങ്ങള്‍ ചെയ്യുവാനുള്ള പ്രവണത നമുക്കെല്ലാവർക്കുമുണ്ട്. അങ്ങനെയുള്ള ഒരുപിടി കാര്യങ്ങളെക്കുറിച്ചു ചിന്തിച്ചുതന്നെ ഒരു വര്‍ഷം കൂടി കടന്നുപോയേക്കാം. ഈ പുതിയ വര്‍ഷത്തില്‍ ഒരു കാര്യം മാത്രം ചെയ്യുവാന്‍ നമുക്കു ശ്രമിക്കാം. നമ്മുടെയുള്ളില്‍ നന്മ സൂക്ഷിക്കുവാനും നന്മ കാണുവാനും, നന്മ സംസാരിക്കുവാനും കഴിഞ്ഞാല്‍ നവവത്സരം അര്‍ത്ഥപൂര്‍ണ്ണമാകും. ചുറ്റുപാടുകളില്‍ മുഴുവന്‍ തിന്മയുടെ അതിപ്രസരമാണെന്നു പറയുവാനാര്‍ക്കും കഴിയും. മറ്റുള്ളവരുടെ പ്രവൃത്തികളെക്കുറിച്ച് ആലോചിച്ച് മനസ്സു മുറിക്കുവാനും കഴിയും. എനിക്കെന്തു ചെയ്യുവാന്‍ കഴിയുമെന്ന് നമ്മിലെത്ര പേര്‍ ഓര്‍ക്കാറുണ്ട്. ഞാനെന്ന വ്യക്തിയുടെയുള്ളില്‍ നന്മയുടെ നാമ്പുകള്‍ മൊട്ടിട്ടു തുടങ്ങിയാല്‍ എന്‍റെ സമൂഹത്തില്‍ അതു പടരും. ആരെങ്കിലുമൊക്കെ നല്ലവരായി എവിടെയെങ്കിലും ജീവിച്ചാല്‍ അതിന്‍റെ തരംഗങ്ങള്‍ നമ്മുടെ ചുറ്റുപാടുകളിലേയ്ക്കു പടരും. ലോകത്തിന്‍റെ വിവിധ കോണുകളില്‍ അങ്ങനെ കുറെയേറെപ്പേര്‍ ജീവിക്കുമ്പോള്‍ ഈ ലോകം തന്നെ നന്മ കൊണ്ടു നിറയും.

ജലപ്രളയം കൊണ്ടു ഭൂമുഖത്തെ തുടച്ചനീക്കുവാന്‍ ദൈവം നിശ്ചയിച്ചപ്പോള്‍ നന്മയുടെ തരംഗമുയര്‍ത്തിയ നോഹിനെ കണ്ടു. തീയും ഗന്ധവുമിറക്കി സോദോമിനെയും ഗൊമോറായേയും ദഹിപ്പിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ ലോത്തിനെയും കുടുംബത്തെയും കണ്ടു. നന്മയുടെ തരംഗംസൃഷ്ടിക്കുന്ന 10 നീതിമാന്മാരെ പ്രതി ലോകത്തെ നശിപ്പിക്കില്ലെന്ന വാഗ്ദാനം അബ്രാഹത്തിനു ലഭിക്കുന്നു. സഹസ്രാബ്ദങ്ങളുടെ ചരിത്രമെടുത്താല്‍ സ്നേഹത്തിന്‍റെയും നന്മയുടെയും തരംഗങ്ങള്‍ സൃഷ്ടിച്ചു കടന്നുപോയവരെക്കാണാം. ആ കാലഘട്ടത്തില്‍ നന്മയുടെ ഓളങ്ങള്‍ ചുറ്റുപാടുകളിലും നിറഞ്ഞുനിന്നിരുന്നു, അബ്രാഹം, ഇസഹാക്ക്, യാക്കോബ് യൗസേപ്പ് എന്ന പൂര്‍വ്വപിതാക്കന്മാരുടെ കാലത്ത് ദൈവത്തിന്‍റെ ഇടപെടലുകളും അരുളപ്പാടുകളും ഉണ്ടായിരുന്നതായി കാണുന്നു. നീതിമാന്മാരായ രാജാക്കന്മാരുടെയും പ്രവാചകന്മാരുടെയും കാലത്തിലും വിശുദ്ധരായ പുരോഹിതരുടെ കാലത്തിലും ഇതേ അന്തരീക്ഷം നിലനിന്നതായി കാണാം. യേശുവിന്‍റെ ഐഹിക ജീവിത കാലത്ത് പാലസ്തീനായിലും പരിസരങ്ങളിലും ഈ തരംഗം നിറഞ്ഞുനിന്നു. ഓരോ വിശുദ്ധരുടെയും ജീവിതകാലഘട്ടത്തിലും ഈ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതായി കാണാം. ഫ്രാന്‍സിസ് അസ്സീസിയും ജോണ്‍ മേരി വിയാനിയുമെല്ലാം നല്ല  തരംഗങ്ങള്‍ സൃഷ്ടിച്ചു കടന്നു പോയവരാണ്. ആ കാലഘട്ടത്തില്‍ അവരെ ചുറ്റിപ്പറ്റി ധാരാളം നല്ല മനുഷ്യര്‍ വളര്‍ന്നുവന്നു.

മഹാത്മാഗാന്ധിയെപ്പോലുള്ള നല്ല രാഷ്ട്രീയ നേതാക്കളുടെ കാലഘട്ടത്തില്‍ രാഷ്ട്രീയത്തില്‍ നല്ല തരംഗങ്ങളുയര്‍ന്നിരുന്നു. ഉള്ളില്‍ നന്മ സൂക്ഷിക്കുന്നവര്‍ എവിടെയെല്ലാം പോയാലും നന്മയുടെ ചിറ്റോളങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കും. മാലിന്യം കൂടിക്കിടക്കുന്ന കുഴിയില്‍നിന്ന് ദുര്‍ഗന്ധം ഉയരുമെങ്കില്‍ നന്മ സൂക്ഷിക്കുന്ന ഹൃദയങ്ങളില്‍നിന്ന് വിശുദ്ധിയുടെ സുഗന്ധം ഉയര്‍ന്നുകൊണ്ടിരിക്കും. മറ്റുള്ളവരിലേയ്ക്ക് അതു പടരുകയും ചെയ്യും. നമ്മുടെ ചുറ്റുപാടുകളിലെല്ലാം തിന്മയുടെ തരംഗങ്ങള്‍ വര്‍ദ്ധിക്കുന്ന കാലമാണിത്. ധ്യാനങ്ങളും കണ്‍വെന്‍ഷനുകളുമെല്ലാം ധാരാളം നടക്കുമ്പോഴും തിന്മയുടെ വലിയ സ്വാധീനം സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്നു. വിമര്‍ശിച്ചു മാറി നില്‍ക്കാതെയും, വിഷമിച്ചു പിന്തിരിയാതെയും നമ്മള്‍ നല്ലവരാകുവാന്‍ ശ്രമിക്കുക. ലോകത്തിന്‍റെ നവീകരണം നടക്കേണ്ടത് എന്‍റെ സ്വയം നവീകരണത്തിലൂടെയാവണം.

കുടുംബജീവിതത്തില്‍ അസ്വസ്ഥതകളുണ്ടാകുമ്പോള്‍ ശാന്തമായി പ്രതികരിക്കുന്ന ഒരു വ്യക്തിയായി ഞാന്‍ മാറണം. സമൂഹത്തില്‍ വിമര്‍ശനങ്ങളുയരുമ്പോള്‍ തളരാതെ പ്രതികരിക്കുന്ന ഒരു വ്യക്തിയായി മാറുക. ഒരു പുതുവര്‍ഷം കൂടി ദൈവം നമുക്കു നല്‍കുമ്പോള്‍ നമുക്കു ചെയ്തു തീര്‍ക്കുവാന്‍ ഒരു പിടികാര്യങ്ങള്‍ ദൈവം നമ്മെ ഏല്പിക്കുന്നുണ്ട്. മനസ്സിനെ അസ്വസ്ഥമാക്കുന്ന ഏത് അനുഭവങ്ങളുണ്ടാകുമ്പോഴും അതില്‍ എനിക്കെന്തെങ്കിലും പങ്കുണ്ടോ എന്ന് ആത്മശോധന ചെയ്യാം. അന്താരാഷ്ട്ര കാര്യങ്ങളെയൊക്കെ വെറുതെ വിമര്‍ശിക്കാതെ എന്‍റെ കൊച്ചു ജീവിതത്തെയും ലോകത്തെയും വിമര്‍ശിക്കാം. അവിടെയുള്ള പാളിച്ചകള്‍ പരിഹരിച്ച് നന്മയില്‍ മുന്നേറാം. നമ്മുടെ പരിസരങ്ങളില്‍ നന്മയുടെ കിരണങ്ങള്‍ പകര്‍ന്നു കടന്നുപോകുവാന്‍ നല്ല ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

0

0

Featured Posts

bottom of page