top of page
സാധാരണമായിപ്പോകുകയും അതുകൊണ്ടു തന്നെ കാലക്രമേണ എല്ലാവരും മറന്നുപോകു കയും ചെയ്യുന്ന ചലച്ചിത്രങ്ങള്‍ ലോകസിനിമാ ചരിത്രത്തില്‍ ധാരാളമുണ്ട്. സാധാരണ കഥകള്‍ അസാധാരണമാംവിധം ചിത്രീകരിക്കുകയും സിനിമാചരിത്രത്തിന്‍റെ ഭാഗമാകുകയോ സ്വന്തമായി ഒരു ഇരിപ്പിടം സൃഷ്ടിക്കുകയോ ചെയ്യുന്ന സിനിമകളുമുണ്ട്. അത്തരമൊരു ചലച്ചിത്രനിര്‍മ്മിതിയാണ് ചുരുളി. ഇതിനോടകം ഉയര്‍ന്നുവന്നിട്ടുള്ള വിവാദ ങ്ങളും സദാചാരവായനകളും തുടര്‍ന്നുപോകട്ടെ. അതത്രയും മറന്നുകൊണ്ട് ചലച്ചിത്രം എന്ന കലാരൂപത്തിന്‍റെ പക്ഷം ചേര്‍ന്നുള്ള വായനയാണ് ചുരുളി അര്‍ഹിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.
വായനക്കാര്‍ ഒരു സാധാരണ കഥയായി മാത്രം വായിച്ചുപോയ കഥയായിരുന്നു വിനോയ് തോമസിന്‍റെ കളിമിനെഗാറിലെ കുറ്റവാളികള്‍. രഹസ്യമായ ഒരു അന്വേഷണത്തിന്‍റെ ഭാഗമായി കുറ്റവാളിയെ തിരഞ്ഞു രണ്ടു നിയമപാലകര്‍ നടത്തിയ സാഹസികമായ ഒരു യാത്രയുടെ യഥാര്‍ത്ഥ അനുഭവത്തില്‍ നിന്നുമാണ് വിനോയ് തോമസിന്‍റെ കഥ പിറന്നതെങ്കില്‍ ആ കഥയിലേക്ക് ഏറ്റവും മികച്ച ചലച്ചിത്രഭാവവും രൂപവും സന്നിവേശിപ്പിക്കുകയും നാട്ടുതനിമയെയും വാമൊഴി വഴക്കങ്ങളുടെ രൂപശീലങ്ങളേയും കോര്‍ത്തുവെക്കുകയും ചെയ്തു എന്നുള്ളതാണ് ലിജോ ജോസ് പെല്ലിശ്ശേരിയും തിരക്കഥാകൃത്തായ എസ്. ഹരീഷും ചെയ്തിട്ടുള്ളത്.
അതിനിഗൂഢവും വന്യവുമായ ഒളിയിടങ്ങള്‍ ഓരോ മനുഷ്യനിലും ആണ്ടുകിടപ്പുണ്ട്. മനസ്സു കൊണ്ടും ശരീരം കൊണ്ടും അവന്‍ ചെയ്യുന്ന കുറ്റ കൃത്യങ്ങള്‍ക്ക് സത്യത്തില്‍ കയ്യും കണക്കുമില്ല. പക്ഷേ അതൊക്കെ ഏറിയതും കുറഞ്ഞതും പ്രത്യക്ഷവും ഗുപ്തവുമാണെന്നു മാത്രം. അന്യന്‍റെ ഭാര്യയെ മോഹത്തോടെ വീക്ഷിക്കുകയും തൊട്ടടുത്ത നിമിഷം ആ സീന്‍ അവിടെ കട്ട് ചെയ്ത് ആകാശനീലിമയുടെ കാവ്യഭാവത്തെയും കാല്‍പ്പനിക ചിന്തയേയും പുല്‍കുന്നത്ര പിടികിട്ടാത്ത രാവണന്‍ കോട്ടപോലുള്ള മനസുമായിട്ടാണ് നമ്മള്‍ മനുഷ്യര്‍ ഓരോ നിമിഷവും ജീവിക്കുന്നത്.
ചുരുളി തുടങ്ങുന്നതുതന്നെ ഒരു മിത്തിലാണ്. നമ്മുടെ ജീവിതം പോലെ തന്നെയാണത്. മുത്തശ്ശിക്കഥകളുടെ ചൊല്‍ശീലങ്ങളിലും, അറബിക്കഥകളിലും, പഞ്ചതന്ത്രം കഥകളിലും ഇവയൊക്കെ കൂടാതെ രാത്രി സഞ്ചാരികളായ ഗന്ധര്‍വന്മാരുടെയും പേരറിഞ്ഞതും അറിയാത്തതുമായ ദൈവത്താന്‍മാരുടെയുമൊക്കെ മിത്തുകള്‍ നിറം പിടിപ്പിച്ച മലയാളിയുടെ ജീവിതം പോലെ തന്നെ. ഉറക്കംവരാതെ കിടന്ന രാത്രികളില്‍ പഴമക്കാര്‍ പറഞ്ഞുതന്ന ആകാശത്തേരുകളുടെ, പകല്‍ പോലും കണ്ണെത്താത്തത്ര ആഴത്തിലേക്ക് പച്ചയി രുള്‍ കോരിയിട്ടു ഭ്രമിപ്പിച്ച തോട്ടുകുഴികളുടെ ഭീതി പ്പെടുത്തുന്ന നാട്ടുകഥകള്‍. വഴിവിളക്കുകള്‍ അന്യമായിരുന്ന നാട്ടുനടവഴികളുടെ നീണ്ട നെടുനീളന്‍ ദൂരങ്ങളില്‍ ഒളിച്ചിരുന്ന് വെട്ടം തെളിക്കുകയോ കൂകിത്തോല്‍പ്പിക്കുകയോ ചെയ്യുന്ന മാടന്‍-മറുത-ഭൂത-പ്രേത സംഘങ്ങളുടെ ചോരമരവിപ്പിക്കുന്ന കഥകള്‍. യാത്രികരുടെ മാറുപിളര്‍ന്ന് ചോരയൂറ്റുന്ന രക്തദാഹികളുടെ ദംഷ്ട്രകളുടെ പരിഭാഷകള്‍. പിന്നീട് എത്രയധികം അത്തരം കഥകള്‍ നമ്മെ മാനസികമായി കരുത്തരാക്കിയിട്ടുണ്ട് എന്നത് പഠനവിധേയമാക്കേണ്ടതുണ്ട്.
തിരിച്ചറിവുണ്ടാകുമ്പോള്‍ മനുഷ്യന്‍ എപ്പോഴും ശീലിക്കുന്നത് സ്വന്തമായി ഒരു മാനസിക പരിസരം സൃഷ്ടിക്കുകയെന്നതാണ്. ചിലത് ദുര്‍ബ്ബലവും മറ്റുള്ളവ ശക്തവുമാകും എന്നുമാത്രം. ചുരുളിയിലേക്കുള്ള വഴിതന്നെയും വളഞ്ഞുപുളഞ്ഞതാണ്. അവിടുത്തുകാരുടേതുപോലെതന്നെ. പരിചയമൊക്കെ അങ്ങനുണ്ടാകുന്നതല്ലേയെന്ന ഉത്തരവുമായിട്ടാണ് ഷാജീവനേയും, ആന്‍റണിയേയും അവിടത്തുകാര്‍ സ്വീകരിക്കുന്നത്. ചുരുളി ആരെയും സ്വീകരിക്കുന്ന ഒരു സ്വകാര്യയിടമാണ്. യാതൊരു പരിചയ വുമില്ലായെന്നുള്ളത് അവിടത്തുകാര്‍ക്ക് പ്രശ്നമേയല്ല. കാരണം, ചുരുളി അവരുടെ ലോകമാണ്. അവിടേക്കുള്ള പ്രവേശനവും, നിര്‍ഗ്ഗമനവും അവരാണ് തീരുമാനിക്കുന്നത്. അവിടുത്തെ നിയമങ്ങളും പ്രശ്നപരിഹാര മാര്‍ഗ്ഗങ്ങളും അവരുടെ രീതിയില്‍ നിര്‍മ്മിച്ചെടുത്തതാണ്. അവിടെനിന്നും പുറത്തേക്ക് പോകുന്നവര്‍ എന്തിനുപോകുന്നെന്നോ എവിടേക്ക് പോകുന്നെന്നോ കൃത്യമായ വിവരങ്ങള്‍ ആര്‍ക്കു മറിയില്ല. അങ്ങനെയൊരു കീഴ്വഴക്കത്തിന് ആരും ശ്രമിക്കാറുമില്ല. എന്തിന് അവിടെത്തന്നെ ജീവി ക്കുന്ന ആളുകളുടെ ദൈനംദിന രീതികളെക്കുറിച്ചുപോലും അവര്‍ക്കത്ര ധാരണയുമില്ല. അതിലാര്‍ക്കും പരാതിയുമില്ല. എല്ലാവരും ഇത്തരം നിഗൂഢതകളിലാണ് ജീവിക്കുന്നത്. സ്ത്രീയും പുരുഷനും ഒരേപോലെ മാനസികമായി കരുത്തര്‍. തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തരാണ് ഓരോ സ്ത്രീകളും. ഷാജീവനും ആന്‍റണിയും സംശയിക്കപ്പെട്ടു കഴിയുമ്പോള്‍ ഷാപ്പിലെ സ്ത്രീയാണ് അവരെ എങ്ങനെ ഇല്ലാതാക്കണം എന്ന് ഉച്ചത്തില്‍ നിര്‍ദ്ദേശിക്കുന്നത്. ആ ജോലി തീര്‍ത്തിട്ട് ഏതൊരു പണിയും അവസാനിക്കുമ്പോലെ ഭക്ഷണത്തിന് വന്നേക്കണം എന്നാണ് അവര്‍ പറയുന്നത്. ഒന്നു കുളിച്ചാല്‍പോകുന്നത്ര ചോരയേ പറ്റുന്നുള്ളൂ എന്നര്‍ത്ഥം.
ചുരുളി തുറന്നതും നിയന്ത്രണാതീതവുമായ ലോകമാണ്. അവിടെ തപ്തമായ സ്വരത്തില്‍ സംസാരിക്കുന്നത് ഷാജീവനും, ആന്‍റണിയും മാത്രമാണ്. രഹസ്യങ്ങള്‍ സൂക്ഷിക്കേണ്ടത് അവരുടെ മാത്രം ഉത്തരവാദിത്തമാണ്. ചുരുളിക്കാരുടെ സംസാരത്തില്‍ മര്‍മ്മരങ്ങളില്ല, ഉറച്ചതും, തെറി ച്ചതും മുഴങ്ങിയതുമായ സംസാരശൈലിയാണ് അവര്‍ ശീലിച്ചുപോരുന്നത്. ചോദിക്കപ്പെടേണ്ട ചോദ്യങ്ങള്‍പോലും ചുരുളി നിവാസികള്‍ക്ക് കൃത്യമായിട്ടറിയാം. അതിനപ്പുറത്തേക്കുള്ള ചോദ്യങ്ങള്‍ അവര്‍ പ്രോത്സാഹിപ്പിക്കാറില്ല. അത്തരം സംശയ ചോദ്യങ്ങള്‍ക്കുള്ള അവരുടെ പ്രതികരണവും പ്രവചനാതീതമായിരിക്കും. രഹസ്യാത്മക മാനസികപരിസരത്തും ഓരോ മനുഷ്യരും ഇത്തരത്തില്‍ തന്നെയാണ് പ്രതികരിക്കുന്നതും എന്നു നിരീക്ഷി ക്കാവുന്നതാണ്.
സത്യമായ കാടും സാങ്കല്‍പ്പികമായ ചുരുളിയും അതിനിഗൂഢമായ മാനസിക വ്യാപാരങ്ങളും അരങ്ങുതകര്‍ക്കുന്നതും, എത്രയോ അടഞ്ഞതും തഴുതുവീണതുമാണാ ദുര്‍ഗ്രഹ ജീവിതപരിസരങ്ങള്‍ എന്നു കാട്ടിത്തരികയാണ് ചലച്ചിത്രകാരന്‍ ചെയ്യുന്നത്. എന്തും ചെയ്യാമെന്ന നിലയുള്ള ഒരു പ്രദേശത്തും മനസിലും എത്രയോ അരാജകത്വവും അരാഷ്ട്രീയവുമായ ജീവിതങ്ങളാണ് നിലയുറപ്പിച്ചിട്ടുണ്ടാകുക എന്നതും ശ്രദ്ധേയമാണ്. സമയം കടന്നുപോകുന്നതോ, കാടിനുപുറത്തുള്ള ജീവിതം തങ്ങളില്‍ നിന്നും ഭിന്നമാകുന്നതോ അവഗണിച്ചു കൊണ്ട് തങ്ങളുടേതായ ജീവിതക്രമങ്ങള്‍ സ്വയം അടിച്ചേല്‍പ്പിച്ചുകൊണ്ട് വളരെ പരുപരുത്ത ജീവിതം നയിച്ചുകൊണ്ട് തങ്ങളുടെ ഇരുണ്ട ഭൂതകാലങ്ങളെ ഭീതിയോടെ ഒളിച്ചുവെക്കുന്ന മനോനിലകളെയാണ് ചിത്രം വെളിച്ചത്തുകൊണ്ടു വരുന്നത്. ഒരു തരത്തില്‍ ചിത്രം സംവദിക്കുന്നതുതന്നെ ഇത്തരം ജീവിതങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ഭീതിദമായ നവകാലഘട്ടത്തോടുതന്നെയാണ്. പെണ്ണും, മദ്യവും, സാധാരണക്കാരന് അപ്രാപ്യമായ കാടിന്‍റെ സൗഭാഗ്യങ്ങളും ആസ്വദിക്കുകയും നിയമങ്ങള്‍ സ്വയം സൃഷ്ടിച്ചെടുക്കുകയും അത് നടപ്പിലാക്കാന്‍ പല പ്രത്യയശാസ്ത്രങ്ങളേയും കൂട്ടുപിടിക്കാന്‍ ശ്രമിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ഇക്കാലഘട്ടത്തില്‍ ഏറിവരുന്നുണ്ട് എന്നതും ചിത്രനിര്‍മ്മിതിയോട് കൂട്ടിവായിക്കേണ്ടതാണ്.
കഥപറയാന്‍ നിലവില്‍ പ്രചാരത്തിലുള്ളതും താന്‍തന്നെ നിര്‍മ്മിച്ചെടുക്കുന്നതുമായ സങ്കേത ങ്ങളെ ആയുധമാക്കുന്നയാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. പ്രത്യേകമായി ആരെയെങ്കിലും തൃപ്തിപ്പെടുത്താനോ ഏതെങ്കിലും നടപ്പുശീലങ്ങളുമായി സമരസപ്പെടാനോ അദ്ദേഹം തന്‍റെ സൃഷ്ടികളെ യാതൊരു കാരണവശാലും ഉപയോഗിക്കുന്നതായി മുന്‍കാല സിനിമകളും വെളിപ്പെടുത്തുന്നില്ല. ടൈം ലൂപ്പും, ടെമ്പറല്‍ ലൂപ്പും, ഫിക്ഷനും, ശാസ്ത്രപരിചരണവും, നോണ്‍ലീനിയറായിട്ടുള്ള കഥാഖ്യാനവും തനിക്ക് പറയാനുള്ള ഒരു ടൂള്‍ മാത്ര മായിട്ടാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. ടൈംലൂപ്പ് അഥവാ ടെമ്പറല്‍/കാഷ്വല്‍ ലൂപ്പ് എന്നത് മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നമ്മുടെ നാട്ടുകഥാകഥന രീതി തന്നെയോ അതിന്‍റെ വികസിത രൂപമോ ആണെന്നും വിവക്ഷിക്കാവുന്നതാണ്.
ചുരുളിയുടെ കാണല്‍ യഥാര്‍ത്ഥത്തില്‍ ഒരൊറ്റ കാണലും ആഖ്യാനവും അല്ല ആവശ്യപ്പെടുന്നത്. ദീര്‍ഘമായ കാലഘട്ടത്തിലേക്കുള്ള ചുരുളുകളാണ് സിനിമ നിവര്‍ത്തിവെക്കുന്നത്. കഥാപാത്രങ്ങള്‍ കണ്ണടയ്ക്കുമ്പോള്‍ മാറിമറിയുന്ന കാലചക്രങ്ങളുടെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്നത് അതാതു സമയങ്ങളിലെ സംഭവിക്കലുകളാണ്. അവയാകട്ടെ മറ്റൊന്നിന്‍റെ ആവര്‍ത്തനമോ പകര്‍പ്പുകളോ ആകാം. ഊര്‍ജ്ജം മറ്റൊന്നായി കൈമാറ്റം ചെയ്യപ്പെടുകയോ പരിവര്‍ത്തനം ചെയ്യപ്പെടുകയോ ചെയ്യുന്നുവെന്ന കണ്ടെത്തല്‍പോലെ ഒരു ഫിക്ഷന്‍ അനുഭവമാണ്, ചരിത്രം സംഭവിച്ച അതേ രീതിയി ലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ആവര്‍ത്തിക്കുന്നുണ്ടെന്നത്. അതിങ്ങനെ ലൂപ്പുകളായി കറക്കങ്ങളായി ഓരോ കാലത്തിലുമുള്ള മനുഷ്യര്‍ക്ക് അക്കാലത്തിന്‍റെ രൂപഭാവത്തില്‍ അനുഭവവേദ്യമാകുന്നുവെന്നുമാത്രം. ജപ്പാനിലെ അനിമേഷന്‍ ചിത്രങ്ങള്‍ പണ്ടുമുതലേ ഉപയോഗിച്ചിരുന്ന ടൈംലൂപ്പ് സങ്കേതത്തെ കേരളത്തിലെ സിനിമാ കാഴ്ചയുടെ വിശാലതയിലേക്ക് നയിക്കാനായി എന്ന ചരിത്രവും ചുരുളിക്ക് ഭാവിയില്‍ പറയാന്‍ കഴിഞ്ഞേക്കും.
യഥാര്‍ത്ഥത്തില്‍ ചുരുളി ഒരു പൊളിച്ചെഴുത്തും സ്വയം വിമലീകരണവും അതുവഴിയുള്ള നവീകരണവുമാണ് ആവശ്യപ്പെടുന്നത്. അതുപോലെതന്നെ വ്യക്തമായ രാഷ്ട്രീയവും ആത്മീയതയും ചിത്രം ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ചുരുളിയിലെ കള്ളുഷാപ്പിന് രൂപമാറ്റം സംഭവിക്കുന്നതും, കുറ്റകൃത്യങ്ങളുടെ മേല്‍ അന്നാട്ടുകാര്‍ക്കുള്ള അധികാരവും സ്വയംഭര ണവുമെല്ലാം ഈ ചിന്തകള്‍ക്ക് അടിവരയിടുന്നു. ഓരോ മലയാളിയുടെയും ഉള്ളില്‍ പന്തുപോലെ ചുരുട്ടിക്കൂട്ടിയിട്ടിരുന്ന മാടനെയാണ് സംവിധായകനും ചിത്രത്തിന്‍റെ അണിയറക്കാരും പുകച്ചു പുറത്തു ചാടിച്ചിട്ടുള്ളത്. ഉള്ളിലുള്ളത് ഛര്‍ദ്ദിച്ചു കളഞ്ഞാലേ വയര്‍ നന്നാകൂ എന്നതുപോലെയുള്ള ഒരു മറുമരുന്നായി അതിനെ കാണുകയാകും ഉചിതം.
റണ്‍ ലോല റണ്‍ എന്ന ജര്‍മ്മന്‍ ചലച്ചിത്രം വളരെ മനോഹരമായി സമയക്രമത്തിന്‍റെ വിതര ണത്തെ ആവിഷ്കരിച്ച ചിത്രമാണ്. ചിത്രത്തിലെ നായകനായ മാനി തന്‍റെ കാമുകിയായ ലോലയോട് തന്‍റെ മരണത്തിനുശേഷമുള്ള ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നുണ്ട്. കാലാതീതമായ മറുപടിയാണ് ലോല മാനിക്ക് നല്‍കുന്നത്. നീയിപ്പോഴും ജീവനോടെയുണ്ടല്ലോ എന്നാണ് ആ ഉത്തരം. ചുരുളിയെക്കുറിച്ചുള്ള ചര്‍ച്ചകളും വ്യാഖ്യാനങ്ങളും സജീവമായി നിലനില്‍ക്കേണ്ടതാണ്. മറ്റ് ആശങ്കകള്‍ക്ക് വിരാമമിടുന്നതാണ് നല്ലത്. കാരണം ചുരുളി അവസാനിച്ചിട്ടില്ലല്ലോ, ഇല്ലാതായിത്തീര്‍ന്നി ട്ടുമില്ലല്ലോ. സംവിധായകന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ചുരുളി ചുരുളിയാത്തന്നെ നിലനില്‍ക്കട്ടെ. അല്ലാത്തപക്ഷം അതൊരു മാടനായി നമ്മളില്‍ ചിത്തഭ്രമം ഉണര്‍ത്തിയേക്കാം.
Featured Posts
bottom of page