top of page

ഒരു മനുഷ്യന്‍ മരിച്ചുപോയി

Dec 1, 2010

1 min read

Image : A dead person

മരണത്തിന്‍റെ മുഖത്തേയ്ക്ക് കാര്‍ക്കിച്ചുതുപ്പി

വശം ചേര്‍ന്നു കിടന്നുറങ്ങിയവന്‍...

അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലും...

ഓവുചാലിലും കുപ്പക്കൂനയിലും..

വാക്കുകള്‍കൊണ്ടു സ്വര്‍ഗം തീര്‍ത്തവന്‍...

ദന്തഗോപുരങ്ങള്‍ക്കുള്ളില്‍ നിന്നും പൊങ്ങിവരുന്ന...

ഉപമകളും, ഉപമാനങ്ങളും,

ആലസ്യത്തിന്‍റെ നെടുവീര്‍പ്പുകളും,

രതിമൂര്‍ച്ഛയുടെ ശീല്‍ക്കാരങ്ങളും...

ദുര്‍മേദസ്സിന്‍റെ ഏമ്പക്കങ്ങളും...

പുസ്തകചന്തയിലെ ക്യൂവും

പുരസ്കാര പീഠങ്ങളും, പൊയ് വായ്ത്താരികളും,

നിരൂപണാഭ്യാസങ്ങളും, 'ഇടപെടലുകളും'...

സര്‍ക്കസ്സുപോലെ കണ്ടു രസിച്ചവന്‍...

ഇവന്‍ മനുഷ്യന്‍...

കള്ളിന്‍റെ ചൂരുള്ള, ചേറിന്‍റെ നിറമുള്ള...

തെരുവിന്‍റെ പുത്രന്‍...

വൃത്തത്തില്‍ വൃത്തിയായ് അഡ്ജസ്റ്റ് ചെയ്യാതെ...

ജീവിതം, കടലാസ്സില്‍ തീയായ് പടര്‍ത്തിയോന്‍....

പട്ടി, കാക്ക, മരം, വെയില്‍, പൂമ്പാറ്റ, തട്ടുകട...

കടലാസ്സില്‍ നിറഞ്ഞു....

മരവിച്ച വാക്കുകളായല്ല...

വര്‍ണനകളായല്ല...

പ്രാസപ്പൊരുത്തങ്ങളായല്ല...

അപ്പാടെ ചേതനയോടെ... മിടിപ്പോടെ....

ജീവിതം = കവിത; കവിത = ജീവിതം

ജീവതം = മരണം; മരണം = ജീവിതം

അതെ, ഏറെനാള്‍കൂടി ഇവിടെ ഒരു മനുഷ്യന്‍ മരിച്ചുപോയി

Featured Posts

bottom of page