top of page

മരണം: ദൈവശാസ്ത്രവീക്ഷണത്തിൽ -2

May 1, 2007

2 min read

ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി കപ്പൂച്ചിന്‍
fallen leaf

(തുടർച്ച )

പാപത്തിൻ്റെ അനന്തരഫലമായ മരണം

പാപത്തിന്റെ അനന്തരഫലമാണു മരണമെന്ന് ബൈബിളിലെ ഒന്നാമത്തെ പുസ്‌തകമായ ഉല്പ‌ത്തിയുടെ രണ്ടും മൂന്നും അധ്യായങ്ങളിലും, അതിനെ ആസ്‌പദമാക്കി എഴുതപ്പെട്ടിട്ടുള്ള മറ്റു ബൈബിൾ ഭാഗങ്ങളിലും നാം വായിക്കുന്നുണ്ട് (ഉല്പ‌. 2:17; 3:19; റോമ 5:12; 1 കൊറി. 15:22). അക്ഷരാർത്ഥത്തിൽ എടുക്കേണ്ട ഒന്നല്ല ബൈബിളിലെ ഈ പ്രസ്‌താവന. ഉല്പത്തി പുസ്ത‌കത്തിലെ ആദ്യത്തെ മൂന്ന് അധ്യായങ്ങൾ ചരിത്രം കുറിക്കുകയല്ല, പിന്നെയോ ദൈവനിവേശിതമായ കഥകളിലൂടെ സുപ്രധാനമായ രക്ഷയുടെ സന്ദേശം നമുക്കു നല്‌കുകയാണു ചെയ്യുന്നത്. തിന്മയുടെയും പാപത്തിൻ്റെയും ഉത്ഭവത്തെപ്പറ്റി അങ്ങനെയുള്ള ഒരു കഥയാണ് മൂന്നാമധ്യായം. ഈ കഥയിലാണ് മരണത്തെ പാപത്തിന്റെ അനന്തരഫലമായി ചിത്രീകരിച്ചിരിക്കുന്നത്. "ഈറ്റിയലോജിക്കൽ" (aetiological) എന്നു ബൈബിൾ പണ്ഡിതന്മാർ വിശേഷിപ്പിക്കുന്ന ഒരു ചിത്രീകരണമാണ്. ഇത് (അതായത്, ഇന്നു നമുക്ക് അനുഭവപ്പെടുന്ന ഒരു കാര്യത്തിന് അഥവാ സംഭവത്തിന് ഹേതുഭൂതമായെന്നും പണ്ടു പണ്ടു നടന്നെന്നും കല്പിക്കപ്പെടുന്ന ഒരു കഥ). വാസ്‌തവത്തിൽ ഇന്നു നമുക്കനുഭവപ്പെടുന്ന മരണത്തിന്റെ യാഥാർത്ഥ്യത്തെ വെളിപ്പെടുത്തുന്ന ഒരു പ്രസ്‌താവനയാണ്, 'മരണം പാപത്തിന്റെ അനന്തരഫലമാണെന്നത്.' മരണം അതിൽ തന്നെ എന്താണെന്നു പറയുകയല്ല, പ്രത്യുത നമുക്ക് എങ്ങനെയാണ് ഇന്ന് അത് അനുഭവപ്പെടുന്നത് എന്നു പറയുകയാണ് വി. ഗ്രന്ഥകാരൻ ചെയ്യുന്നത്. ഇന്ന് മനുഷ്യർ പലപ്പോഴും അഭിമുഖീകരിക്കുന്നതു പാപത്തിന്റെ അനന്തര ഫലമായ മരണത്തെയാണ് എന്ന വസ്‌തുതയാണ് വി. ഗ്രന്ഥകാരൻ അർത്ഥമാക്കുന്നത്.


ഭൗമിക പറുദീസായെപ്പറ്റിയുള്ള ഉല്പ്‌പത്തിപുസ്‌തകത്തിലെ പ്രസ്‌താവനകൾ ആത്യന്തികമായി യുഗാന്തോന്മുഖ പ്രസ്‌താവനകളാണ്. യുഗാന്ത്യത്തിൽ മനുഷ്യനുവേണ്ടി ദൈവം ആവിഷ്ക്കരിച്ചിരിക്കുന്ന സൗഭാഗ്യത്തെയാണ് ഭൗമിക പറുദീസാ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ, ഈ ലക്ഷ്യത്തിലെത്താൻ പാപം മൂലം മനുഷ്യൻ പരാജയപ്പെട്ടു. മാത്രമല്ല. പാപത്തിൻറെ ഫലമായി പലതരം തിന്മകളും ദുരന്തങ്ങളും ലോകത്തിലേക്കു കടന്നുവന്നു. ഈ തിന്മകളും ദുരന്തങ്ങളും ദൈവത്തിൽനിന്നു വന്നവയല്ല. ജീവിക്കുന്നവനും ജീവന്റെയും നന്മയുടെയും ഉറവിടവുമായ ദൈവത്തിൽ നിന്നു, തിന്മകളും ദുരന്തങ്ങളും മരണവുമൊന്നും വരികയില്ലെന്നു വ്യക്തമാണല്ലോ. നാശോന്മുഖവും മൃത്യുഭയം നിറഞ്ഞതുമായ ഈ ലോകം ദൈവ തിരുമനസ്സിന് അനുസൃതമല്ലെന്ന സന്ദേശമാണ് ഉല്‌പത്തി പുസ്‌തകത്തിലെ മരണത്തെപ്പറ്റിയുള്ള പരാമർശനങ്ങൾ നമുക്കു നല്‌കുക.


പാപം വഴി മനുഷ്യൻ തൻ്റെ ജീവിതത്തെ വ്യർത്ഥമാക്കി ദൈവത്തിൽ നിന്നുള്ള ദാനമായി ജീവനെ സ്വീകരിക്കുകയും, ദൈവത്തോടും സമസൃഷ്ടികളോടുമുള്ള ഉത്തരവാദിത്വ ബോധത്തോടെ ജീവിക്കുകയും ചെയ്യുന്നതിനു പകരം, തന്നിൽ തന്നെ കേന്ദ്രീകരിച്ച, തനിക്കുവേണ്ടി മാത്രമുള്ള ഒരു ജീവിതമാണ് പാപിയുടേത് (2 കോറി. 5:15). ദൈവത്തെ കൂടാതെയും ദൈവത്തിനു വിരുദ്ധമായും സമ്പൂർണ്ണവും സന്തുഷ്ടവുമായ ഒരു ജീവിതം നയിക്കാനാണു പാപിയുടെ താല്പര്യവും ശ്രമവും. ഈ ശ്രമത്തിൽ ജീവിതം തന്നെ അയാൾ നഷ്‌ടപ്പെടുത്തുന്നു.


സ്വന്തം സാധ്യതകളിലും സ്വയംപര്യാപ്‌തതയിലും ആശ്രയംവെച്ചുള്ളതാണ് അയാളുടെ ജീവിതം. ജീവൻ്റെ സമഗ്രതയും സൗഭാഗ്യവും നേടിത്തരുമെന്ന കണക്കുകൂട്ടലിൽ അയാൾ ആശ്രയംവെച്ച സമ്പത്തിനും സുഖഭോഗാദികൾക്കും അധികാരത്തിനും പ്രതാപത്തിനുമൊന്നും മരണത്തിൻ്റെ അനിവാര്യതയിലും അഗാധഗർത്തത്തിലും നിന്ന് അയാളെ രക്ഷിക്കാൻ കഴിയുന്നില്ല. മരണത്തെ അന്ധകാര നിബിഡമായ, അർത്ഥശൂന്യമായ ഒരു ശിഥിലീകരണ ശക്തിയായി മാത്രമേ അയാൾക്കു കാണാൻ കഴിയുന്നുള്ളു. ജീവിതകാലമത്രയും താൻ പുറത്താക്കി നിർത്തിയിരുന്ന ദൈവത്തെ മരണത്തിൻ്റെ ഇരുളലകൾ ആഞ്ഞടിക്കുമ്പോൾ, ക്രൂരനായ ഒരു വിധിയാളനായിട്ടു മാത്രമേ അയാൾക്കു സങ്കല്പ്‌പിക്കാനാവുന്നുള്ളു; വാത്സല്യം നിറഞ്ഞ പിതാവായി കാണുവാൻ കഴിയുന്നില്ല. പാപിക്കുണ്ടാകുന്ന ഇത്തരത്തിലുള്ള മരണത്തിന്റെ അനുഭവമാണ് പാപത്തിന്റെ അനന്തരഫലമെന്നു പറയുന്നത്. ഭൗതികജീവിതത്തിൻ്റെ അർത്ഥവത്തായ അന്ത്യവും ദൈവത്തോടുകൂടിയുള്ള നിത്യാനന്ദപ്രദമായ ജീവിതത്തിന്റെ പടിവാതിലുമല്ല, പ്രത്യുത ഉൽക്കണ്ഠാകുലവും ഭീതിജനകവുമായ സർവ്വനാശത്തിന്റെ ആരംഭമാണ് അയാളെ സംബന്ധിച്ചിടത്തോളം മരണമെന്ന യാഥാർത്ഥ്യം.


യേശുവിലൂടെ രക്ഷാകരമാക്കപ്പെട്ട മരണം


മരണത്തിനു മറ്റൊരു രൂപവുമുണ്ട്. ദൈവത്തിരുമനസിനോടുള്ള വിധേയത്വത്തിലും അവിടുത്തെ വാഗ്ദാനങ്ങളിലുള്ള പ്രത്യാശയിലും ജീവിതത്തെ ദൈവം നൽകിയ ദാനവും ദൗത്യവുമായി സ്വീകരിച്ചവരുടെ മരണമാണത്. സമസൃഷ്ടികളുടെ സേവനത്തിലാണ് ദൈവത്തിന്റെ തിരുഹിതവും ദൗത്യവും അവർ ദർശിച്ചത്. അതിനാൽ മറ്റുള്ളവർക്കു വേണ്ടി അവർ സ്വയം ചിലവഴിച്ചു. കുരിശിൽ കിടന്നു മരിക്കുന്ന യേശുവിനെപ്പോലെ "പിതാവേ അങ്ങയുടെ കരങ്ങളിലേക്ക് എന്റെ ജീവനെ ഞാൻ സമർപ്പിക്കുന്നു " എന്ന മന്ത്രണത്തോടെയാണ് മരണത്തെ അവർ നേരിടുന്നത്. വി. ഫ്രാൻസിസ് അസ്സീസിക്ക് എന്ന പോലെ മരണം അവർക്ക് "സഹോദരി "മരണമാണ്.


യേശുവിൻ്റെ മരണവും ഉയിർപ്പുമാണ് മരണത്തിന് ഈ രൂപാന്തരമുണ്ടാക്കിയത്. ദൈവതിരുമനസ്സിനോടുള്ള പരിപൂർണ്ണമായ വിധേയത്വത്തിൽ യേശു തൻ്റെ മരണത്തെ അതിൻ്റെ എല്ലാ വേദനയിലും അന്ധകാരത്തിലും അർത്ഥരാഹിത്യത്തിലും സ്വതന്ത്രമായി സ്വീകരിക്കുകയും സഹിക്കുകയും ചെയ്തു. ഈ മരണത്തിൽ പാപത്തിന്റെ ഭയാനകതയും നശീകരണാത്മകതയുമെല്ലാം സ്വന്തം ശരീരത്തിൽ അവിടുന്ന് ഏറ്റുവാങ്ങി. പ്രതിഷേധത്തോടെയല്ല, സ്വതന്ത്രമായ തീരുമാനത്തോടും അനുസരണയോടും കൂടിയാണ് അവിടുന്ന് അങ്ങനെ ചെയ്‌തത്‌. അതുവഴി പാപത്തിന്റെ അനന്തരഫലവും പ്രകടനവുമായി അനുഭവപ്പെട്ടിരുന്ന മരണം ഇപ്പോൾ പിതാവിനോടുള്ള വിധേയത്വത്തിന്റെയും സഹജീവികളോടുള്ള സ്നേഹത്തിന്റെയും പ്രകാശനമായി രൂപാന്തരപ്പെട്ടിരിക്കുന്നു. അങ്ങനെ യേശുവിലൂടെ മരണത്തിനു പുതിയ ഒരർത്ഥവും പുതിയ ഒരു മാനവും കൈവന്നിരിക്കയാണ്. മരണത്തെ സ്വതന്ത്രമായി സ്വീകരിക്കുകയും അനുസരണത്തിൻ്റെയും സ്നേഹത്തിന്റെയും പ്രകാശനമായി അർത്ഥം നല്‌കുകയും ചെയ്‌തുകൊണ്ട്, മനുഷ്യൻ്റെ സ്വാതന്ത്യത്തിന്റെയും മരണത്തിന്റെയും ചരിത്രത്തെത്തന്നെ സമൂലം മാറ്റി എഴുതിയിരിക്കയാണ് യേശു. അവിടുത്തെ ചരിത്രത്തിലേക്ക് ഉൾച്ചേരുന്ന വ്യക്തിക്ക് മരണം ഇനി ഒരിക്കലും പാപത്തിന്റെ ഭീതിജനകമായ അനന്തരഫലവും പ്രകടനവുമല്ല, പ്രത്യുത വിശ്വാസത്തിൻ്റെയും പ്രത്യാശയുടെയും സ്നേഹത്തിന്റെയും അത്യുദാത്തമായ പ്രകാശനമത്രേ.എന്നാൽ സ്വാതന്ത്ര തീരുമാനത്തോടെയുള്ള മരണത്തിന്റെ ഈ സ്വീകരണം സംഭവിക്കുന്നത് മരണനിമിഷത്തിൽ മാത്രമാണെന്നു തെറ്റിദ്ധരിക്കരുത്. ജീവിതകാലം മുഴുവൻ നിലനില്ക്കുന്ന ഒരു മനോഭാവമായിരിക്കണം ഈ തീരുമാനവും മരണത്തിന്റെ സ്വീകരണവും.


ഡോ സിപ്രിയൻ ഇല്ലിക്കമുറി കപ്പൂച്ചിൻ

അസ്സീസി മാസിക മെയ്‌ 2007

Featured Posts

Recent Posts

bottom of page