ദൈവശാസ്ത്രവേദി

ഹൈഡഗ്ഗറിന്റെ തത്ത്വശാസ്ത്രചിന്തകളെ പിന്തുടർന്നുകൊണ്ട് ദൈവശാസ്ത്രപരമായി മരണത്തെ മനസ്സിലാക്കുവാൻ ശ്രമിച്ച പണ്ഡിതരാണ് കാൾറാനറും (Karl Rahner, The Theology of Death) ലഡിസ്ലാവൂസ് ബോറോസും (Ladislavus Boros, Mysterium Mortis - Mystery of Death), മനുഷ്യാസ്തിത്വത്തിൻ്റെ സാകല്യതയുടെ പൂർത്തീകരണമായിട്ടാണ് അവരിരുവരും മരണത്തെ കാണുന്നത്. മരണം ബാഹ്യമായി അടിച്ചേല്‌പിക്കപ്പെടുന്ന ഒരു നിർബന്ധിത സംഭവമല്ല, പ്രത്യുത മനുഷ്യസ്വാതന്ത്ര്യത്തിൻ്റെ ഏറ്റവും ഉദാത്തമായ സാധ്യതയും പ്രവൃത്തിയുമാണ്. ജീവിതത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് മരണത്തിൻ്റെ മുമ്പിൽ സ്വന്തം അസ്‌തിത്വത്തിന്റെ അർത്ഥമോ അർത്ഥരാഹിത്യമോ സ്വയം തീരുമാനിക്കാനുള്ള സാധ്യതയാണ് മരണം. സ്വന്തം പരിമിതിയുടെയും മരണത്തിന്റെയും മൂമ്പിൽ എന്തു നിലപാടാണ് എടുക്കേണ്ടതെന്ന് ഓരോ മനുഷ്യനും സ്വയം തീരുമാനിക്കണം. വിധേയത്വത്തോടെ ഈ പരിമിതിയെയും മരണത്തെയും സ്വീകരിക്കണമോ, അതോ അതിനെ നിഷേധിക്കയും ചെറുക്കുകയും ചെയ്യണമോ എന്ന തീരുമാനം അവന്റേതു തന്നെയാണ്. അങ്ങനെ മരണത്തിൻ്റെ മുമ്പിൽ വിശ്വാസമോ അവിശ്വാസമോ മനുഷ്യൻ സ്വതന്ത്രമായി തിരഞ്ഞെടുക്കുന്നു.
അസ്തിത്വത്തെ മരണോന്മുഖമായ അസ്തിത്വമായി അംഗീകരിക്കുകയും സ്വീകരിക്കയും ചെയ്യുന്നതിനെപ്പറ്റിയാണ് ഹൈഡഗർ പറഞ്ഞത്. എന്നാൽ, ഈ ദൈവശാസ്ത്രജ്ഞന്മാരെ സംബന്ധിച്ചിടത്തോളം വെറും ശിഥിലീകരണം മാത്രമല്ല മരണത്തിലുള്ളത്, അതിനപ്പുറം നിലനില്ക്കുന്നതും നിർണ്ണായകവുമായ മറ്റൊന്നുണ്ട് മരണത്തിൽ അതായത് ജീവൻ സ്വീകരിക്കാനുള്ള സാധ്യത. എന്നാൽ, പ്രകൃതിയെയും വ്യക്തിസ്വാതന്ത്ര്യത്തെയും സംരക്ഷിച്ചു നില നിർത്തുന്ന ദൈവികവും സൃഷ്ടിപരവുമായ ഒരു സ്വാതന്ത്യത്തിന്റെ അസ്‌തിത്വത്തെ അംഗീകരിക്കുന്നവർക്കു മാത്രമേ ഈ സാധ്യത തെളിയൂ എന്നു വ്യക്തമാണല്ലോ.
മനുഷ്യൻ്റെ തീർത്ഥാടനാവസ്ഥയ്ക്കു മരണം അന്ത്യം കുറിക്കുന്നു. അതുപോലെതന്നെ, യോഗ്യതയോ അയോഗ്യതയോ നേടാനുള്ള അവസരത്തിനും അത് വിരാമമിടുന്നു. സഭാപിതാവായ ഓരിജെന്റെ സാർവ്വത്രികാനുരഞ്ജനം (apocatastasis) എന്ന വാദവും (യുഗാന്ത്യത്തിൽ ആത്യന്തികമായി ദൈവവും എല്ലാ സൃഷ്ടികളുമായി സാർവ്വത്രികമായ അനുരഞ്ജനമുണ്ടാകുമെന്ന വാദം) ചില മതങ്ങളും സിദ്ധാന്തങ്ങളും പഠി പ്പിക്കുന്ന പുനർജന്മവാദവും ഈ ചിന്തയോട് ഒത്തുപോകുന്നതല്ലെന്നു വ്യക്തമാണല്ലോ. കാരണം ഈ വാദങ്ങളും സിദ്ധാന്തങ്ങളും ചരിത്രത്തെ ഗൗരവമായി എടുക്കുന്നില്ല. ചരിത്രത്തിന്റെ അലംഘ്യസ്വഭാവമാണല്ലോ ഒരു സംഭവവും പുനരാവർത്തനക്ഷമമല്ലെന്നത്. ചരിത്രത്തിലൂടെ സാക്ഷാത്ക്കരിക്കപ്പെടുന്ന അന്തിമസത്തയിലേക്ക് മരണത്തിൽ മനുഷ്യൻ പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നുവെന്നതിനാൽ ഒരു തിരിച്ചുവരവും പുനരാവർത്തനവും സാധ്യമല്ല. സാധ്യമായിരുന്നെങ്കിൽ ജീവിതം തന്നെ അത്ര ഗൗരവമായി എടുക്കേണ്ടയാവശ്യമില്ലാത്ത ഒരാവർത്തന പ്രക്രിയയായി മാറിയേനെ.
മരണം നിഷ്ക്രിയമായ വെറും ഒരനുഭവമല്ല, പ്രത്യുത ക്രിയാത്മകമായി ഏറ്റെടുക്കേണ്ട ഒരു പ്രവൃത്തിയാണ്. മരണാഭിമുഖമായി നില്‌ക്കുമ്പോളാണ് മനുഷ്യന് ആദ്യമായി സ്വയം സമ്പൂർണ്ണമായി ഏറ്റെടുക്കാനും തന്നോടുതന്നെയുള്ള നിർണ്ണായകമായ നിലപാടെടുക്കാനും കഴിയുക. ഇവിടെയാണ് തൻ്റെ അസ്‌തിത്വം അതിൻ്റെ സമഗ്രതയിൽ വെളിപ്പെടുന്നതും തന്നെപ്പറ്റിത്തന്നെ ഒരു തീരുമാനമെടുക്കാൻ മനുഷ്യനു കഴിയുന്ന തും.
ലഡിസ്ലാവൂസ് ബോറോസ് (Ladislaus Boros), R.W. ഗ്ലീസൻ (R.W. Gleason), ജോസഫ് പീപ്പർ (Josef Pieper), പീറ്റ് സ്‌കൂണൻബർഗ് (Piet Schoonenberg), ആർ. ട്രൂ വാ ഫോൻതേൻ (R. Troisontain) തുടങ്ങിയ കത്തോലിക്കാ തത്ത്വശാസ്ത്ര ജ്ഞന്മാരുടെയും ദൈവശാസ്ത്രജ്ഞ ന്മാരുടെയും അഭിപ്രായത്തിൽ, മരണത്തിൻ്റെ നിമിഷത്തിൽ ദൈവത്തിന് അനുകൂലമായോ പ്രതികൂലമായോ സ്വതന്ത്രവും നിർണ്ണായകവും അന്തി മവുമായ തീരുമാനമെടുക്കാനുള്ള അവസരം ഓരോ വ്യക്തിക്കും ലഭിക്കുന്നുണ്ടത്രേ.
ഈ തീരുമാനത്തിലൂടെയാണ് മനുഷ്യൻ ഒരു വ്യക്തിയെന്ന നിലയിൽ നിർണ്ണായകമായി സ്വയം ഏറ്റെടുക്കുന്നതും പൂർത്തീകരണത്തി ലെത്തുന്നതും. കുഞ്ഞുങ്ങളുടെയും, മാനസികരോഗികളുടെയും, സുവിശേഷം ഒരിക്കലും കേട്ടിട്ടില്ലാത്തവരുടേയുമൊക്കെ രക്ഷയുടെ സാധ്യത വിശദീകരിക്കാൻ സഹായകമാണെതിനാൽ ഈ സിദ്ധാന്തത്തെ അനുകൂലിക്കാൻ പലരുമുണ്ടായി. എന്നാൽ സങ്കീർണ്ണമായ പലപ്രശ്‌നങ്ങളും ഈ സിദ്ധാന്തം ഉൾക്കൊള്ളുന്നുണ്ട്. ഒന്നാമതായി, മനുഷ്യർക്ക് ആർക്കും അനുഭവവേദ്യമാകാത്ത ഒരു കാര്യമായതിനാൽ, അടിസ്ഥാനമില്ലാത്ത ഒരു സങ്കല്പം എന്നതിൽ കൂടുതലായി ഇതിനെ കാണാനാവില്ല. രണ്ടാമതായി, ഇവിടെ മനുഷ്യൻ്റെ വ്യക്തിപരവും സ്വതന്ത്രവും നിർണ്ണായകവുമായ തീരുമാനം അവൻ്റെ ചരിത്രപരമായ അസ്തിത്വത്തിൽ നിന്നും സ്വാഭാവികമായ പ്രവർത്തനരീതിയിൽ നിന്നും വേർപെടുത്തി ഒരു സങ്കല്പ്‌പ മേഖലയിലേക്കു മാറ്റി നിർത്തുന്നു. മൂന്നാമതായി, ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ തീരുമാനവും പ്രവൃത്തിയും മരണനിമിഷത്തിലാകുമ്പോൾ, ചരിത്രവും ചരിത്രത്തിലെ പ്രവൃത്തികളുമെല്ലാം അപ്രധാനവും ഗൗരവശൂന്യവുമായിത്തീരുമല്ലോ. നാലാമതായി, മനുഷ്യന് ആത്യന്തികമായി സ്വത്വവും അർത്ഥവും ലഭിക്കുന്നത് ദൈവ ത്തിൻ്റെ ദാനമായിട്ടാണ്, അവന്റെ സ്വന്തം നേട്ടമായിട്ടല്ല എന്ന വസ്‌തുതയെ ഈ സിദ്ധാന്തം തമസ്ക്കരിക്കുന്നു. ശിശുക്കളുടെയും മാനസികരോഗികളുടെയും മറ്റും രക്ഷമാത്രമല്ല, നമ്മുടെ സ്വന്തം രക്ഷതന്നെ ദൈവത്തിൻ്റെ കൃപയും ദാനവുമാണ്. അതിന്റെ ആധാരം കാണേണ്ടത് സാങ്കല്‌പിക സിദ്ധാന്തങ്ങളിലല്ല, പ്രത്യുത സുവിശേഷത്തിന്റെ വാഗ്‌ദാനങ്ങളിലാണ്. അതിനാൽ മരണത്തിലല്ല, പ്രത്യുത ജീവിതത്തിലാണ് നാം വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും പക്വതയിലേക്കു വളരേണ്ടത്. (തുടരും)
ഡോ. സിപ്രിയൻ ഇല്ലിക്കമുറി
അസ്സീസി മാസിക ഏപ്രിൽ 2007