top of page

സമര്‍പ്പണം

Apr 8, 2022

1 min read

ഫാ. ബോബി ജോസ് കട്ടിക്കാട്
a light shaped cross placed in front of the sun

എന്തായിരുന്നു 33 സംവത്സരം ഭൂമിയോടൊപ്പം പാര്‍ത്ത് ഒറ്റ മുറിവായി ഒടുവില്‍ മടങ്ങിപ്പോകുമ്പോള്‍ ആ ചെറുപ്പക്കാരന്‍ മന്ത്രിച്ചത്: 'അച്ഛാ, അങ്ങേ കരങ്ങളില്‍ എന്‍റെ പ്രാണനെ ഞാന്‍ അര്‍പ്പിക്കുന്നു.'

പഴയ നിയമത്തിലെ ഇയോബിന്‍റെ നിഴല്‍ വീണ ഭാഗമാണിത്. നിഴലെന്നും (shadow) പൊരുളെന്നും (substance)രണ്ടായി വേദപുസ്തകത്തെ സമീപിക്കുന്ന രീതിയുണ്ട്. സൂര്യനെ മുഖാമുഖം കണ്ടിരുന്ന ഒരാളെന്ന നിലയില്‍ അയാളിലേക്ക് കുറേ അധികം പഴയ നിയമ സൂചനകളുടെ നിഴല്‍ പതിയുന്നു. പ്രശ്നം നല്ലവരുടെ സഹനം തന്നെയാണ്. ഇയോബിനെ ചില കിളുന്ത് കുസൃതിചോദ്യങ്ങള്‍ കൊണ്ടാണ് ദൈവം നേരിട്ടത്. സംഭാഷണം അവസാനിച്ചത് ഇങ്ങനെയാണ്: 'ഒരിക്കല്‍ ഞാന്‍ മിണ്ടി. ഇനി ഞാന്‍ മിണ്ടുകയില്ല.' അത് അക്ഷരാര്‍ത്ഥത്തിലുള്ള കീഴടങ്ങലായിരുന്നു. ചെറുചോദ്യങ്ങള്‍ക്കു പോലും ഉത്തരമില്ലാത്ത ഒരാളെന്ന നിലയില്‍ ഭൂമിയുടെ നിഗൂഢതകളും സമസ്യകളും തിരയാന്‍ ഞാനാര്!

ഇയോബ് എത്തിയ പ്രകാശത്തെ ഒരു ഗ്രന്ഥകാരന്‍ ഭംഗിയായി സംഗ്രഹിക്കുന്നുണ്ട്.


ഒന്ന്, ദൈവത്തിന് അവകാശമുണ്ട്-right.

രണ്ട്, അവിടുത്തേക്ക് കൃത്യമായ ലക്ഷ്യമുണ്ട്-purpose.

മൂന്ന്, നമുക്കു വേണ്ടി ഒടുവില്‍ ചില ഉപഹാരങ്ങള്‍ കരുതിവച്ചിട്ടുണ്ട്-reward.

അത്രയെളുപ്പമല്ല അക്കര വരെ നീന്തിച്ചെല്ലുവാന്‍. എന്നിട്ടും കുറച്ചൊന്നു ശാന്തമാകുമ്പോള്‍, ഇരുട്ടു പിഴിഞ്ഞാലും വെളിച്ച മുണ്ടാകും എന്ന മട്ടില്‍ ഏതോ ചില മിന്നാമിന്നികള്‍ പറക്കുന്നുണ്ട്. ഉപഹാരമെന്നാല്‍ ഉപയോഗിക്കുന്ന കാറിന്‍റെ ബ്രാന്‍ഡോ വസിക്കുന്ന വീടിന്‍റെ വ്യാപ്തിയോ അല്ല. അത് നെഞ്ചകമെന്ന ഇത്തിരിയിടത്തില്‍ പരക്കുന്ന വെളിച്ചമാണ്. ആത്യന്തികമായി അതിലേക്കു തന്നെയാവും മാനവരാശി തുഴഞ്ഞെത്തുന്നത്. സംഭവിക്കുന്നതെല്ലാം നല്ലതാണെന്നു പറയണമെങ്കില്‍ മുകളിലത്തെ മുറിയില്‍ ആള്‍പ്പാര്‍പ്പു പാടില്ല. എന്നിട്ടും ചിലതൊക്കെ നന്മയായി പരിണമിക്കുന്നുണ്ടെന്നാണ് വേദപുസ്തകം പറയാന്‍ ശ്രമിക്കുന്ന സുവിശേഷം - evolving status is goodness.

ഇയോബിനോടു കാണിച്ച അനുഭാവം പോലും ദൈവമകനെന്ന് അഹങ്കരിച്ച അവനോട് ആ പരാശക്തി കാട്ടിയില്ല എന്നതാണ് യേശുവിന്‍റെ ചരിത്രത്തെ കൂടുതല്‍ കഠിനമാക്കുന്നത്. അപ്പന്‍ സ്കൂള്‍ മാസ്റ്ററായിരുന്നതുകൊണ്ട് നടന്നിരുന്ന ഒരു ചെറിയ കാര്യമുണ്ട്. ഏതെങ്കിലുമൊരു കുട്ടിയെ ചെവിക്കു പിടിച്ച് മടങ്ങിവരുമ്പോള്‍ വെറുതെയിരിക്കുന്ന നമ്മുടെ ചെവിക്കും ഒരു കിഴുക്കു തന്നു പോവുക. നല്ല അധ്യാപകര്‍ നല്ല അപ്പന്മാരല്ല!

'എന്‍റെ ദൈവമേ, എന്‍റെ ദൈവമേ എന്തിനെന്നെ കൈവിട്ടു' എന്ന വിലാപത്തിനു ശേഷം നിലനില്‍ക്കുന്ന മൗനത്തെ  the most aggressive silence എന്നാണ് വേദപണ്ഡിതന്മാര്‍ വിളിക്കുന്നത്. എന്നാല്‍, ഉത്തരം ഇയോബിന്‍റേതു തന്നെ. അങ്ങേ കരങ്ങളില്‍ എന്‍റെ പ്രാണനെ ഞാന്‍ അര്‍പ്പിക്കുന്നു. എന്‍റെ ഭാവിയും വര്‍ത്തമാനവും എന്‍റെ കൈരേഖയിലല്ല, നിന്‍റെ കൈവെള്ളയിലാണ്. നിനക്ക് സ്തുതിയായിരിക്കട്ടെ.

കളിയോടത്തില്‍ മധുവിധുയാത്രയിലായിരുന്നു ഒരു സമുറായിയും വധുവും. ചുഴലിക്കാറ്റ് വീശി. അവള്‍ വാവിട്ടു കരയാന്‍ തുടങ്ങി. അപ്രതീക്ഷിതമായി അയാള്‍ വാളൂരി അവളുടെ തൊണ്ടക്കുഴിയില്‍ കുത്തി. നിലവിളിമാറി, ചിരിയായി.

'നിനക്ക് ഈ വാളിനെ ഭയമില്ലേ?'

'ഇല്ല. കാരണം, അത് അങ്ങയുടെ കരങ്ങളിലാണല്ലോ.'


ഫാ. ബോബി ജോസ് കട്ടിക്കാട്

0

0

Featured Posts

bottom of page