top of page

കേന്ദ്രസര്‍ക്കാരിന്‍റെ കൊല്ലം കടലിലെ മണല്‍ ഖനന പദ്ധതി ഭയപ്പാടിന്‍റെയും, ആശങ്കയുടെയും, കരിനിഴല്‍ ആണ് മല്‍സ്യത്തൊഴിലാളികളുടെമേല്‍ വീഴ്ത്തിയിരിക്കുന്നത്. കടലില്‍ മല്‍സ്യം കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തില്‍ കടലമ്മ ചതിക്കുകയില്ല എന്ന ഒരേ ഒരു വിശ്വാസത്തില്‍ ഏറെ നഷ്ടങ്ങളും കഷ്ടതകളും സഹിച്ചു വീണ്ടും വീണ്ടും കടലിലേക്ക് പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഇത് വലിയ ഒരു ഭീഷണിയായി മാറിയിരിക്കുകയാണ്. കടലിന്‍റെ ഉടമസ്ഥാവകാശം മല്‍സ്യത്തൊഴിലാളികളില്‍ നിന്നും വന്‍കിട കുത്തക മുതലാളിമാരിലേക്കും കുത്തക കമ്പനികളിലേക്കും ചങ്ങാത്ത മുതലാളിത്വത്തിനു വേണ്ടി മാറ്റപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. കടല്‍ തീര്‍ എഴുതികൊടുക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാര്‍ ആയി നില്‍ക്കുകയാണ്.
മത്സ്യത്തൊഴിലാളികളുടെ ഭീതിക്ക് കാരണം ഏറെയാണ്. 2023 ല്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ പുറം കടല്‍ ഖനന നിയമം പരിഷ്കരിച്ചത്. അതോടെ തീരക്കടലിന്‍റെയും, പുറം കടലിന്‍റയും. ആഴക്കടലിന്‍റെയും മേലുള്ള അവകാശം കേന്ദ്രസര്‍ക്കാരില്‍ നിഷിപ്തമാക്കി. അങ്ങനെ സംസ്ഥാന സര്‍ക്കാരിന്‍റെ കടല്‍ പരിധി അവകാശത്തിന്‍മേല്‍ കടന്നു കയറുകയും ചെയ്തു. നീല സമ്പത്തു (Blue Economy)നയവും അതിന്‍റെ ഭാഗമാക്കി മാറ്റി. അങ്ങനെ തീര മേഖല ഒന്നാകെ കോര്‍പറേറ്റുകളുടെ കയ്യില്‍ ആകുന്ന സ്ഥിത ിവിശേഷമാണ് സംഭവിക്കാന്‍ പോകുന്നത്.
കമ്പനികളെ തിരഞ്ഞെടുക്കുന്നതു തന്നെ പരസ്യലേലത്തിലൂടെയാണ്. സാങ്കേതിക സാമ്പത്തിക ശേഷിയുള്ള സ്വകാര്യ കമ്പനികളാണ് ഈ പരസ്യ ലേലത്തില്‍ പങ്കെടുക്കുക.
കേരളത്തില്‍ 745 ദശ ലക്ഷം ടണ്‍ കടല്‍ മണല്‍ നിക്ഷേപം ഉണ്ട് എന്നതാണ് ജിയോളോജിക്കല്‍ വകുപ്പിന്‍റെ കണ്ടെത്തല്‍. അതായതു കോടികളുടെ മണല്‍ നിക്ഷേപം. അതില്‍ കണ്ണ് വച്ചുകൊണ്ടു കൊല്ലത്താണ് ആദ്യത്തെ ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത് . കൊല്ലം പരപ്പ് എന്നറിയപ്പെടുന്ന ഭാഗത്താണ് പ്രധാനമായും ഖനനം നടക്കുക . വര്‍ക്കല മുതല്‍ അമ്പലപ്പുഴ വരെ 85 കിലോമീറ്റര്‍ നീളത്തിലും 3300 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലും പരന്നു കിടക്കുന്ന കൊല്ലം പരപ്പ് എന്നറിയപ്പെടുന്ന Quilon bank ഉള്‍പ്പെടെയാണ് ഖനനം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉല്‍പ്പാദന ക്ഷമതയുള്ള മേഖലയാണ് കൊല്ലം പരപ്പ്.
കടലിന്‍റെ ആവാസ വ്യവസ്ഥയും സന്തുലിതാ വസ്ഥയും പൂര്‍ണമായും തകിടം മറിയും എന്നതില്‍ യാതൊരു സംശയവും വേണ്ട. കടലിന്‍റെ മേല്‍ത്തട്ടിലെ ചെളി ഇളക്കി മാറ്റുമ്പോള്‍ മല്‍സ്യം മുട്ട ഇടുന്ന പാരുകള്‍ പൂര്‍ണമായും നഷ്ടപ്പെടും, കുഞ്ഞും മുട്ടയും എല്ലാം നശിക്കും. ജലജീവികളാല്‍ സമ്പന്നമായ ഒരു പ്രദേശമാണ് കൊല്ലം ബാങ്ക് അതിന്‍റെ 1 .5 മീറ്റര്‍ ആഴത്തിലുള്ള ചെളി ജൈവവൈവിധ്യമാര്‍ന്നതാണ്. ഭാരിച്ച യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള ഖനനം സമുദ്രത്തിന്‍റെ ആവാസ വ്യവസ്ഥയെ തന്നെ തകര്‍ക്കും. സമുദ്ര ജല ഊഷ്മാവിന്‍റെ വര്‍ദ്ധനവ് ആഗോള താപനില ഉയര്‍ത്തുന്ന വെല്ലുവിളികള്‍ വകവയ്ക്കാതെയുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ തീരപ്രദേശത്തിന് മാത്രമല്ല കേരളത്തിനും ഇന്ത്യന്‍ ഭൂഖണ്ഡത്തിനു തന്നെയും വന്‍ദുരന്തമാണ് കാഴ്ചവയ്ക്കാന്‍ പോകുന്നത്. കേരള തീരത്തിന്‍റെ ദുര്‍ബലാവസ്ഥ ഏറെ ഗൗരവമാണെന്നു ഓഖിയും സുനാമിയും തെളിയിച്ചതാണ്. കടല്‍ ക്ഷോഭത്തിനും തീര ശോഷണത്തിനും അതിരൂക്ഷമായ നാശത്തിനും ഈ പദ്ധതി കാരണമാകും.
നമുക്കെല്ലാവര്‍ക്കും അറിയാവുന്ന ഒരു യാഥാര്‍ഥ്യമാണ് മനുഷ്യനിര്‍മ്മിതമായ, ഖനനം മൂലം ഉണ്ടാക്കുന്ന കുഴികള്‍ പ്രകൃതിയ തന്നെ ഭൂമി കുലുക്കത്തിലൂടെയും, മണ്ണിടിച്ചിലൂടെയും, നികത്തും എന്നത്. ചൂരല്‍ മലയില്‍ സംഭവിച്ചതും അതു തന്നെയാണ്. കടലും അതിന്‍റെതായ പ്രക്രിയ തുടരും എന്നത് തീര്‍ച്ചയാണ്. വിഴിഞ്ഞം ഹാര്‍ബറിന്‍റെയും മുതലപ്പൊഴി ഹര്‍ബറിന്‍റെയും ദുരന്ത ഫലങ്ങള്‍ ആനുഭവിച്ചു കൊണ്ടിരിക്കുന്നവരാണ് തിരുവന്തപുരത്തെയും പ്രത്യേകിച്ച് അഞ്ചുതെങ്ങിലെയും മല്‍സ്യത്തൊഴിലാളികള്‍. അഗാധമായ ഒരു ഗര്‍ത്തം ആയിരിക്കും മണല്‍ ഖനനത്തിലൂടെ കൊല്ലം കടലില്‍ ഉണ്ടാകാന്‍ പോകുന്നത്. ആ വലിയ കുഴി നികത്താന്‍ തീര്‍ച്ചയായും കടല്‍ ശ്രമിക്കും, അത് ഭയാനകവും ആയിരിക്കും. തീരവും തീരത്തെ വീടു കളും കെട്ടിടങ്ങളും മാത്രമല്ല തീരദേശവാസിക ളുടെ ജീവന്‍ കൂടി കടലില്‍ നിലംപതിക്കുന്ന ഒരു അവസ്ഥാവിശേഷം ഉണ്ടാകാന്‍ സാധ്യത ഉണ്ട്. തീരദേശ ജനത തന്നെ ഇല്ലാതാകുകയും ചെയ്യും.

മറ്റൊരു യാഥാര്‍ത്ഥ്യം, കടല്‍ മണല്‍ ഖനന പദ്ധതി മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമല്ല അനുബന്ധ തൊഴിലാളികളുടെ ഉപജീവനമാര്‍ഗം കൂടി ഇല്ലാതാക്കുന്നതാണ്. ലക്ഷങ്ങളാണ് ഓരോ ബോട്ട് ഉടമകളും മുടക്കിയിരിക്കുന്നതു. ഓട്ടോ റിക്ഷ മുതല്‍ ഐസ് പ്ലാന്‍റ് വരെയും... ഏറെപ്പേരും കടക്കെണിയിലും ആണ്. മല്‍സ്യത്തൊഴിലാളികള്‍ മാത്രമല്ല അനുബന്ധതൊഴിലാളികള്‍ക്കും ഇതൊരു വലിയ അടി ആയിത്തീരും. മല്‍സ്യം വാങ്ങുന്നവര്‍, മല്‍സ്യം കയറ്റിക്കൊണ്ടുപോകുന്നവര്‍, ചന്തയില്‍ വില്‍ക്കുന്നവര്‍, മല്‍സ്യം സംസ്കരിക്കുന്നവര്‍, മല്‍സ്യം ഭക്ഷിക്കുന്നവര്‍, എല്ലാവരും ചതിക്കപ്പെടും. ഇവയെല്ലാം നിലച്ചു പോയാല്‍ ഉണ്ടാകാന്‍ പോകുന്ന സാമൂഹിക സമ്പത്തിക ആഘാതം എത്ര രൂക്ഷമായിരിക്കും എന്ന് ചിന്തിക്കാന്‍ പോലും കഴിയുകയില്ല. ഇവകളെ കുറിച്ചുള്ള ശരിയായ ശാസ്ത്രീയ പഠനമോ ഇതുമായി ബന്ധപ്പെട്ട വരുമായുള്ള യാതൊരു തരത്തിലുമുള്ള ചര്‍ച്ചയും ഇല്ലാതെയാണ് Blue Economy എന്ന ഓമനപ്പേരില്‍ കുത്തക കമ്പനികളുമായുള്ള മുതലാളിത്ത ചങ്ങാത്തവുമായി കേന്ദ്രസര്‍ക്കാര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
കടല്‍ അക്ഷയപാത്രമെന്നു വിശ്വസിച്ചിരുന്ന മല്‍സ്യ തൊഴിലാളികളെ എഴുപതുകളിലും എണ്‍പതുകളിലും ട്രോളിങ്മൂലം മല്‍സ്യ സമ്പത്തു നശിക്കും, തീരം പട്ടിണിയാകും എന്നു പറഞ്ഞു മനസ്സിലാക്കി അതിനെതിരായി സമര രംഗത്തു കൊണ്ടുവരാന്‍ പെട്ടപാട് കുറച്ചൊന്നുമല്ലായിരുന്നു. ഇന്നു നീല സമ്പത്തു എന്നപേരില്‍ കേന്രസര്‍ക്കാര്‍ ഖനന പദ്ധതിയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നതിന്‍റെ വിപത്ത് പാവപ്പെട്ട മല്‍സ്യത്തൊഴിലാളികള്‍ മനസ്സിലാക്കി വരുമ്പോളേക്കും തീരവും തീരക്കടലും മാത്രമല്ല മല്‍സ്യത്തൊഴിലാളികള്‍ തന്നെ കേരള തീരത്തുനിന്നു ഇല്ലാതാകും. ചൂരമലയില്‍ സംഭവിച്ചതിലും വലിയൊരു വിപത്ത് ആയിരിക്കും മത്സ്യത്തൊഴിലാളികളെ വിഴുങ്ങാന്‍ കാത്തിരിക്കുന്നത്.
പണത്തിന്‍റെയും അധികാരത്തിന്‍റെയും കിരാത ശക്തിക്കു പാവപ്പെട്ടവന്‍റെ പിച്ചച്ചട്ടിയില്‍ മണ്ണുവാരിയിടുന്നതിനു യാതൊരു മടിയും ഉണ്ടാകില്ല. കടല്‍ ഒരു പൊതു സമ്പത്താണ്. അതിനെ ആണ് സ്വകാര്യ സ്വത്താക്കി മാറ്റി സ്വകാര്യ കമ്പനികള്‍ക്ക് കൊടുക്കുകയെന്നത് തന്നെ അംഗീകരിക്കാന്‍ കഴിയാത്ത ഒരു വസ്തുതയാണ്. കാരണം കടല്‍ ഒരു സര്‍ക്കാരിന്‍റെയും സ്വത്തല്ല. പൊതു ജനത്തിന്‍റേതാണ് പ്രത്യേകിച്ചു കടലിന്‍റെ മക്കളുടേതാണ്. ആദിവാസി ഗോത്രവര്ഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കി 2008 ല്‍ വനാവകാശ നിയമം നടപ്പാക്കിയതു പോലെ കടല്‍ അവകാശ നിയമവും നടപ്പിലാക്കേണ്ടതാണ് . കാടു കാടിന്‍റെ മക്കള്‍ക്കെന്നപോലെ കടല്‍ കടലിന്‍റെ മക്കള്‍ക്കും.
കഴിഞ്ഞ ഫെബ്രുവരി ഇരുപത്തേഴിനു സംസ്ഥാന വ്യാപകമായി ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തുറമുടക്കി മല്‍സ്യത്തൊഴിലാളികള്‍ ഹര്‍ത്താല്‍ ആചരിച്ചു. അഞ്ചുതെങ്ങിലെ ഒരൊറ്റ മല്‍സ്യത്തൊഴിലാളി പോലും കടലില്‍ പോകുകയോ മല്‍സ്യകച്ചവടം നടത്തുകയോ ചെയ്തില്ല. ഒരൊറ്റ ഓട്ടോറിക്ഷ പോലും സ്റ്റാന്‍ഡ് വിട്ടുപോകാതെ ജാതി മത രാഷ്ട്രീയ ഭേദമെന്യേ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് ചെയ്തു ധര്‍ണയും നടത്തി. എന്നാല്‍ കേരളത്തിന്‍റെ പ്രതിഷേധം കണ്ടു തീരുമാനത്തില്‍നിന്നും പിന്നോട്ടില്ലെന്നും പദ്ധതി നടപ്പിലാക്കുമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പാരിസ്ഥിതിക പഠനം നടത്താമെന്നു പറഞ്ഞു മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ചിരിക്കുകയാണ്. കാരണം ടെന്‍ഡര്‍ ലഭിക്കുന്ന കമ്പനിതന്നെ നടത്തുന്ന പഠനം മത്സ്യത്തൊഴിലാളികളെ വിഡ്ഡികളാക്കാന്‍ ശ്രമിക്കുക എന്നല്ലാതെ മറ്റെന്താണ്?
കടലിനെ ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യരുടെ പ്രയാസങ്ങള്‍ മനസിലാക്കാതെ അവരുടെ ജീവനു പോലും വില കല്‍പ്പിക്കാതെ കുത്തക കമ്പനികള്‍ക്കായി കടല്‍ തുറന്നു കൊടുക്കുവാന്‍ സര്‍ക്കാര്‍ തിടുക്കം കൂട്ടുകയാണ്. കടലാക്രമണം ഉള്‍പ്പെടെ നിരവധി ഭീഷണിയുടെ നടുവില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികളെ വേട്ടയാടുന്ന സമീപനമാ ണ് കേന്ദ്ര സര്‍ക്കാരിന്‍റേതു. രാജ്യത്തെ സര്‍വ നാശത്തിലേക്കു നയിക്കുന്ന പദ്ധതികളാണ് സ്വീകരിച്ചിരിക്കുന്നത്. കേരളത്തിന്‍റെ പരിസ്ഥിതി, ആവാസ വ്യവസ്ഥ, കേരള ജനതയുടെ ഭക്ഷ്യ സുരക്ഷ, കേരളത്തിന്‍റെ സമ്പത്ഘടന, എന്നിവകളുടെമേല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ജനദ്രോഹ പദ്ധതികള്‍ ആരെ ഊട്ടി വളര്‍ത്താന്‍ വേണ്ടിയാണ്? ഇതൊക്കെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളല്ല അടിച്ചമര്‍ത്തും എന്ന ബോധ്യം ഉണ്ടായിരുന്നിട്ടും കേരളം ജനത ജാതി മത രാഷ്ട്രീയ ഭേദമന്യേ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ത്തന്നെ മാര്‍ച്ച് 12 നു ദല്‍ഹിയിലെത്തി പാര്‍ലമെന്‍റ് മാര്‍ച്ചു നടത്തി. കേരളത്തില്‍നിന്നുള്ള പ്രതിപക്ഷ എംപിമാരെല്ലാം മത്സ്യത്തൊഴിലാളികളുടെ പ്രതിക്ഷേധ പാര്‍ലമെന്‍റ് മാര്‍ച്ചിനെ അഭിസംബോധന ചെയ്തു സംസാരിച്ചു എന്നത് അല്പമെങ്കിലും പ്രതീക്ഷയ്ക്കു വക നല്‍കുന്നു.

കൊല്ലത്തെ മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത് ഇനി പട്ടിണി കിടന്നു മരിക്കാന്‍ തയ്യാറായിക്കൊള്ളുക എന്നാണ്. താങ്ങാനാവുന്നതിലും വലിയ ചതികുഴിയാണ് ഈ ഖനന പദ്ധതി എന്നും അവര്‍ പറയുന്നു. ഭാവി തലമുറയ്ക്ക് നമ്മുടെ കടല്‍ വെറും ഒരു കാഴ്ച വസ്തുവായി മാറുന്ന ഒരു കാലം അധികം വിദൂരത്തിലല്ല. തീരക്കടലും, വലയും, വള്ളവും, മത്സ്യവും, കടലാളുകളും, ഇല്ലാതാകുന്ന ഒരു കടല്‍ത്തീരമായിമാറിയേക്കാം.
സ്വകാര്യ കോര്‍പറേറ്റുകളുടെ ലാഭ താല്പര്യം മാത്രം കണക്കിലെടുത്തും ലക്ഷ്യം വച്ചുമുള്ള ഈ ഖനന പദ്ധതി കേരളത്തിലെ ലക്ഷക്കണക്കിനുള്ള മല്‍സ്യത്തൊഴിലാളികളെയും അനുബന്ധ തൊഴിലാളികളെയും തൊഴില്‍ രഹിതരും ഭാവനരഹിതരും ആക്കി തീര്‍ക്കും. തീരദേശ വാസികളെ മാത്രമല്ല, മല്‍സ്യം ഭക്ഷിക്കുന്ന കേരളം ജനതയെ മുഴുവന്‍ ബാധിക്കുന്ന ഒരു പ്രശനമായി ഇതിനെ കണ്ടു കൊണ്ടു ജാതിമത രാഷ്ട്രീയ ഭേദമന്യേ ജനം ഒന്നിച്ചു നിന്ന് ഈ പദ്ധതിയെ ചെറുത്തു തോല്പിക്കേണ്ടതുണ്ട്. കേരളജനത ഒറ്റക്കെട്ടായ് ഉറച്ചുനിന്നു കൊണ്ടു കടലിനെയും കടല്‍സമ്പത്തിനേയും കടലിനെ ആശ്രയിച്ചു ജീവിക്കുന്നവരുടെ ഉപജീവന മാര്‍ഗ്ഗത്തെയും ജീവനെത്തന്നെയും സംരക്ഷിക്കുക എന്ന് ഉറക്കെ പ്രഖ്യാപിക്കാം കാരണം ഇതൊരു ജീവന്‍ മരണ പോരാട്ടമാണ്.
Featured Posts
bottom of page