top of page

ശോഷണം

Mar 27

1 min read

ജോര്‍ജ് വലിയപാടത്ത്

കറുത്തവനും തെക്കു-വടക്കൻ അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ ആദിവാസിക്കും ആത്മാവില്ല എന്ന് വാദിക്കുന്ന ചരിത്ര മുഹൂർത്തങ്ങൾ ഉള്ള എത്രയോ ചലച്ചിത്രങ്ങൾ നാം കണ്ടിരിക്കുന്നു!

മതത്തിന്റെ പശ്ചാത്തലത്തിലാണ് അത്തരം പ്രസ്താവനകൾ ചരിത്രത്തിൽ നടന്നിട്ടുള്ളതെങ്കിലും, മതത്തെക്കാൾ സംസ്കാരത്തിനും രാഷ്ട്രീയത്തിനും മേൽക്കാേയ്മ ഉണ്ടായപ്പോൾ ആണ് അത്തരം നിലപാടുകളിലേക്ക് പല ജനസമൂഹങ്ങളും എത്തിപ്പോയിട്ടുള്ളത് എന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടില്ല. അപരത്വത്തെ വെറുക്കാനും എതിർക്കാനും മാത്രമല്ല, നീചവൽക്കരിക്കാനും മനുഷ്യർ എല്ലായിടത്തും എല്ലാക്കാലത്തും തത്രപ്പെട്ടിട്ടും താല്പര്യപ്പെട്ടിട്ടുമുണ്ട്. കൂടുതൽ നടന്നവർ കൂടുതൽ പാദമുദ്രകൾ ഉണ്ടാക്കിയിട്ടുള്ളപ്പോൾ കുറച്ച് നടന്നവർ കുറച്ച് പാദമുദ്രകളേ അവശേഷിപ്പിച്ചിട്ടുള്ളൂ എന്ന വ്യത്യാസം മാത്രം.


ഉത്തരാധുനികതയുടെയും നിർമ്മിതബുദ്ധിയുടെയും കാലത്തിൽ ജീവിക്കുമ്പോഴും മനുഷ്യർ വർണ്ണ വിവേചനത്തിന്റെയും ഉച്ച നീചത്വത്തിന്റെയും ഗുഹാമുഖങ്ങളിൽനിന്ന് പുറപ്പെട്ടുപോരാൻ താല്പര്യം കാട്ടാത്തതാണോ?


വിലപിടിപ്പുള്ള പത്രാസുകളും പൊങ്ങച്ചങ്ങളും ആഘോഷിക്കപ്പെടുമ്പോൾ തറപ്പിച്ചു പറയണം, അതെല്ലാം വെറും മാലിന്യങ്ങളാണെന്ന്.

അധികാരങ്ങളുടെയോ സ്വാധീനങ്ങളുടെയോ ദുർമേദസ്സ് കാണുമ്പോഴും പറയണം, അതെല്ലാം വെറും ചണ്ടിയാണെന്ന്.

തൊലിവെളുപ്പുകളും ശരീരവടിവുകളും ആഘോഷിക്കപ്പെടുമ്പോഴും പറയണം, അതെല്ലാം വെറും ദുർഗന്ധങ്ങളാണെന്ന്.

വാക്കിന്റേതാവട്ടെ, പേശിയുടേതാകട്ടെ, ബുദ്ധിയുടേതാകട്ടെ - മിടുക്കത്തരങ്ങൾ കാണുമ്പോഴും പറയണം, അതെല്ലാം വെറും പുകയാണെന്ന്.


മുതലാളിയിലും തൊഴിലാളിയിലും രാജാവിലും ഊരുതെണ്ടിയിലും വ്യവസായിയിലും വ്യാപാരിയിലും കറുത്തവളിലും വെളുത്തവളിലും മെഗാസ്റ്റാറിലും ഇതിഹാസകളിക്കാരനിലും വിജ്ഞാനിയിലും പാമരനിലും അഴകളവുകൾ ഉള്ളവളിലും പൊണ്ണത്തടി ഉള്ളവനിലും സുന്ദരിയിലും വിരൂപയിലും ബുദ്ധിജീവിയിലും മന്ദബുദ്ധിയിലും - മേൽപ്പറഞ്ഞ ഉടയാടകൾക്കുള്ളിലുള്ള നഗ്നമായ ആ ആത്മാവ് മാത്രമാണ് ഉണ്മ. അതിനെ മാത്രമേ ഞാൻ വന്ദിക്കൂ എന്ന് പറയണം.

അതാകട്ടെ, എല്ലാ വൈജാത്യങ്ങൾക്കുമുപരി എല്ലാവരിലും ഒരുപോലെ!

എല്ലാ ജീവനെയും ഒരുപോലെ ആദരിക്കാൻ ശീലിക്കുമ്പോഴേ ആത്മീയതയുണ്ടാകൂ. ജനാധിപത്യവും.

വീരാരാധനയുടെ ലോകത്ത് ഇവ രണ്ടും ശോഷിക്കും.

ജോര്‍ജ് വലിയപാടത്ത�്

0

62

Featured Posts

Recent Posts

bottom of page